28/01/2026
ഇൻവോൾവ് ദശവാർഷികത്തോടനുബന്ധിച്ച് വടകര മേഖലയിലെ തെരഞ്ഞെടുത്ത യു പി സ്‌കൂളുകളിൽ നടപ്പിലാക്കുന്ന "സ്മാർട്ട് ലേണിംഗ്" സിഗ്നേച്ചർ പ്രോജക്ടിന് തുടക്കമായി. 2026 ജനുവരി 26 : ഇൻവോൾവ് പത്താം വാർഷിക ദിനത്തിൽ തിരുവള്ളൂർ ഗവണ്മെന്റ് മാപ്പിള യു പി സ്‌കൂളിൽ നടന്ന ചടങ്ങിൽ വെച്ച് ബഹു. കുറ്റ്യാടി എം എൽ എ ശ്രീ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ പ്രോജക്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഇൻവോൾവിൻറെ പത്താം വർഷം എന്ന നാഴികക്കല്ലിനെ സമുചിതമായി അടയാളപ്പെടുത്തുന്ന തരത്തിൽ, വിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരണത്തിന് ഇൻവോൾവിനാൽ കഴിയാവുന്ന ഇടപെടലുകൾ ഒരുക്കുന്നതിനായാണ് ഈയൊരു പ്രോജക്ട് ഇൻവോൾവ് വിഭാവനം ചെയ്തിട്ടുള്ളത്. നൂതന വിവര-വിനിമയ സാങ്കേതികവിദ്യകൾ പഠനപ്രവർത്തനങ്ങളിൽ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിക്കൊണ്ട്, കുട്ടികൾക്ക് മികച്ച അനുഭവം പ്രദാനം ചെയ്യുന്ന തരത്തിൽ, ഉപയോക്തൃ സൗഹൃദമായ ഡിജിറ്റൽ സങ്കേതങ്ങളിലൂടെ ഒരു ഇന്ററാക്ടീവ് ലേണിംഗ് അന്തരീക്ഷം, വടകര മേഖലയിലെ തിരഞ്ഞെടുത്ത യു.പി. സ്കൂളുകളിൽ 'ഇൻവോൾവ്' ഒരുക്കി സമ്മാനിക്കുകയാണ്.
വടകര, ചോമ്പാല, തോടന്നൂർ ഉപജില്ലകളുടെ പരിധിയിൽ വരുന്ന ഗവണ്മെന്റ് / എയ്ഡഡ് യു പി സ്‌കൂളുകളെയാണ് പ്രോജക്ട് നിർവഹണത്തിനായി പരിഗണിച്ചത്. ഇൻവോൾവ് എഡ്യു സെല്ലിന്റെ നേതൃത്വത്തിൽ, ഈ വിദ്യാലയങ്ങളിലെ അക്കാദമിക്, ഭൗതിക സൗകര്യങ്ങളെക്കുറിച്ച് വിവരശേഖരണം നടത്തിയും ഷോർട്ട് ലിസ്റ്റ് ചെയ്ത സ്കൂളുകളുമായി വിശദമായ ആശയ വിനിമയങ്ങൾ നടത്തിക്കൊണ്ടും പ്രോജക്ടിന്റെ ആദ്യഘട്ടത്തിൽ തട്ടോളിക്കര യു പി, വൈക്കിലശ്ശേരി യു പി, പുതുപ്പണം എസ് ബി, ചീനംവീട് യു പി, മുതുവന യു പി, തിരുവള്ളൂർ ഗവ. മാപ്പിള യു. പി എന്നീ ആറ് സ്‌കൂളുകളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
അംഗങ്ങളുടെയും സഹയാത്രികരുടെയും അകമഴിഞ്ഞ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും ഈ ആറ് സ്‌കൂളുകളിലും സ്മാർട്ട് ടി വി കൾ ഉൾപ്പെടെയുള്ള ഇന്ററാക്ടിവ് ലേണിംഗ് ഫെസിലിറ്റി സജ്ജീകരിച്ചു. കൂടാതെ, ക്ലാസ് മുറിയിൽ കാര്യങ്ങൾ കണ്ടു മനസ്സിലാക്കി പഠിക്കുന്ന രീതിയിൽ സ്മാർട്ട് ടി വികൾ ഉപയോഗപ്പെടുത്തുന്നതിനായി Information & Communication Technology (ICT) അധിഷ്ഠിത സേവനങ്ങൾ കൂടെ ഇൻവോൾവ് പ്രദാനം ചെയ്യുന്നുണ്ട്. ഉദ്ഘാടനത്തിന് മുന്നോടിയായി, ഇൻവോൾവ് പ്രതിനിധികൾ ആറ് സ്‌കൂളുകളും സന്ദർശിച്ച് സ്മാർട്ട് ലേണിംഗ് ഉപകരണങ്ങൾ സ്‌കൂൾ അധികൃതർക്ക് കൈമാറുകയും ഐ സി ടി ടൂളുകൾ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.