28/10/2026
പരിശുദ്ധതയുടെ പരിമളം വീശുന്ന മീററ്റ് ദേവാലയത്തിന്റെ പെരുന്നാൾ മഹാമഹം
മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല കൊച്ചുതിരുമേനിയുടെ പാവന തിരുശേഷിപ്പ് സ്ഥാപിതമായിരിക്കുന്ന, ഡൽഹി ഭദ്രാസനത്തിലെ ഉത്തരേന്ത്യയിലെ ഏക ദേവാലയമാണ് മീററ്റ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക.
പരിശുദ്ധ പിതാവിന്റെ ധന്യമായ ഓർമ്മപ്പെരുന്നാളും ഇടവകയുടെ 44-ാം ഇടവകപ്പെരുന്നാളും ഈ വരുന്ന നവംബർ 13, 14, 15 തീയതികളിൽ ഭക്തിനിർഭരമായി ആചരിക്കുന്നു.
ഈ വർഷത്തെ പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുന്നത് അങ്കമാലി ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ പോളിക്കാർപ്പസ് മെത്രാപ്പോലീത്തയാണ്.
ഈ ദേവാലയത്തിന്റെ ചരിത്രം : തുടങ്ങുന്നത് ഡൽഹി ഭദ്രാസനത്തിന്റെ ദീർഘദർശിയായ മുൻ അധിപൻ അഭിവന്ദ്യ ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ പ്രവാചകതുല്യമായ ദർശനത്തിൽ നിന്നാണ്. പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ ഉത്തരേന്ത്യയിൽ ഒരു ദേവാലയം ഉദയം ചെയ്യണമെന്ന തീവ്രമായ ആഗ്രഹത്താൽ, 1982-83 കാലഘട്ടത്തിൽ ഗാസിയാബാദ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ വികാരിയായിരുന്ന ഫാ. പി. എസ്. യോഹന്നാൻ അച്ചനെ - ഇന്നത്തെ അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പസ് തിരുമേനിയെ - തന്നെ ആ ദൗത്യത്തിനായി നിയോഗിക്കുകയായിരുന്നു.
ഉത്തരേന്ത്യയുടെ വിശാല ഭൂപ്രദേശങ്ങളിൽ ചിതറിക്കിടന്ന ഓർത്തഡോക്സ് വിശ്വാസികളെ ഒരൊറ്റ ആത്മീയ കുടക്കീഴിൽ അണിനിരത്തി, ആരാധനാക്രമത്തിൽ അടിയുറപ്പിച്ച് മുന്നോട്ട് നയിച്ച ഈ ദേവാലയത്തിന്റെ ചരിത്രത്തിൽ, അന്ന് ആ ദൗത്യം ഏറ്റെടുത്ത യുവ വൈദികൻ ഇന്ന് മെത്രാപ്പോലീത്തയായി, താൻ പാകിയ വിത്ത് വളർന്നു പന്തലിച്ച തന്റെ ഇടവക മക്കളുടെ പെരുന്നാളിന് മുഖ്യകാർമ്മികനായി തിരിച്ചെത്തുന്നു എന്നത് ദൈവിക നിയോഗത്തിന്റെ മനോഹരമായ പൂർത്തീകരണമാണ്.
#പെരുന്നാൾ #ക്രമീകരണങ്ങൾ:
നവംബർ 8 -തിയതി ഞാറാഴ്ച രാവിലെ 7:30-ന് പ്രഭാത നമസ്കാരം, 8:00 മണിക്ക് വിശുദ്ധ കുർബാന, തുടർന്ന് പെരുന്നാൾ കൊടിയേറ്റ്. തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 6:30-ന് സന്ധ്യാ നമസ്കാരം ഉണ്ടായിരിക്കും.
*നവംബർ 13 വെള്ളി - ഭക്തിദിനം:* വൈകിട്ട് 6:30-ന് സന്ധ്യാ നമസ്കാരവും ഭക്തിനിർഭരമായ ഗാനശുശ്രൂഷയും. തുടർന്ന് ഡൽഹി തുഗ്ലക്കാബാദ് സെന്റ് ജോസഫ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. എബിൻ പി. ജേക്കബ് നയിക്കുന്ന ധ്യാനപ്രസംഗം.
*നവംബർ 14 ശനി:* വൈകിട്ട് 6:30-ന് അഭിവന്ദ്യ യൂഹാനോൻ മാർ പോളിക്കാർപ്പസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ സന്ധ്യാ നമസ്കാരം, ധ്യാനപ്രസംഗം, തുടർന്ന് കുരിശടിയിലേക്ക് ഭക്തിപൂർവ്വമായ പ്രദക്ഷിണം, ആശീർവാദം, സ്നേഹവിരുന്ന്.
*നവംബർ 15 ഞായർ - പെരുന്നാൾ ദിനം:* രാവിലെ 8:00 മണിക്ക് പ്രഭാത നമസ്കാരം, 8:30-ന് ഗാസിയാബാദ് സെന്റ് തോമസ് ഇടവകയുടെ നേതൃത്വത്തിലും ഭദ്രാസനത്തിലെ വിവിധ ഇടവകകളുടെയും ആത്മീയ സംഘടനകളുടെയും സഹകരണത്തോടെയുള്ള പദയാത്രയ്ക്ക് സ്വീകരണം, 9:00 മണിക്ക് പെരുന്നാൾ വിശുദ്ധ കുർബാന, തുടർന്ന് ആദരവ് ചടങ്ങുകൾ, കൊടിയിറക്ക്, ഉച്ചഭക്ഷണത്തോടെ പെരുന്നാൾ സമാപനം.
ഉത്തരേന്ത്യയുടെയും തലസ്ഥാന നഗരിയുടെയും വിവിധ കോണുകളിൽ നിന്ന് നിരവധി തീർത്ഥാടകർ ഈ പുണ്യദിനങ്ങളിൽ മീററ്റിലേക്ക് ഒഴുകിയെത്തും. പെരുന്നാൾ ഒരുക്കങ്ങൾക്ക് ഇടവക വികാരി ഫാ. ജോൺസൺ ഐപ്പ്, ട്രസ്റ്റി വി. ഐ. ജെയിംസ്, സെക്രട്ടറി മറിയാമ്മ വർഗീസ്, വൈസ് ചെയർമാൻ ഐപ്പ് ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ സജീവമായി പ്രവർത്തിച്ചുവരുന്നു.