കേരളത്തിന്റെ വടക്കേ അറ്റത്തുനിന്ന് രണ്ടാമതായി സ്ഥിതി ചെയ്യുന്ന ജില്ല, ക്രിസ്തുവിന് ശേഷം രണ്ടാംനൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമി എന്ന ഗ്രീക്ക് ചിന്തകൻ രേഖപ്പെടുത്തിയ കനൌറ, അഥവാ നൌറ, മഹാശിലായുഗങ്ങൾക്കപ്പുറത്തേക്കും വേരുകൾ പടർന്നു നിൽക്കുന്ന കണ്ണന്റെ ഊര്, കാനാമ്പുഴ ഒഴുകിയിരുന്ന കാനത്തൂർ ഗ്രാമം, യവനന്മാരുടേയും മറ്റും തിരക്കേറിയ തുറമുഖ നഗരം, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് , ഏഷ്യയിലെ ഏറ്റവു
ം വലീയ നേവൽ അക്കാഡമി സ്ഥിതി ചെയ്യുന്ന സ്ഥലം, സർക്കസ്, ക്രിക്കറ്റ്, ബേക്കറി തുടങ്ങിയവയുടെ കേരളത്തിലെ ഉത്ഭവഭൂമി, കലാ സാഹിത്യരംഗത്ത് സംഭാവനകൾ നൽകിയ വേങ്ങയിൽ കുഞ്ഞിരാമൻ നായർ, സഞ്ജയൻ, എസ്. കെ പൊറ്റക്കാട്, മൂർക്കോത്ത് കുമാരൻ, മലയാളത്തിന് ആദ്യനിഘണ്ടു സമ്മാനിച്ച ഡോക്ടർ ഹെർമ്മൻ ഗുണ്ടർട്ടിനെ മലയാളം പഠിപ്പിച്ച ഊരാച്ചേരി ഗുരുനാഥന്മാർ തുടങ്ങിയ ഒട്ടനേകം പ്രഗൽഭമതികൾ, മഹാത്മാഗാന്ധിയുടെ ഉപ്പു സത്യാഗ്രഹങ്ങൾക്ക് പയ്യന്നൂരിൽ നേത്രുത്വം നൽകിയ സ്വാതന്ത്ര്യസമര നായകർ, പാവങ്ങളുടെ പടത്തലവൻ എന്ന് അറിയപ്പെട്ട ഇന്ത്യൻ ലോകസഭയിലെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രതിപക്ഷ നേതാവുമായ എ. കെ.ജി, ടി സുബ്രഹ്മണ്യൻ തിരുമുമ്പ്, ഇ കെ.നായനാർ, കെ. കരുണാകരൻ തുടങ്ങിയ വിലമതിക്കാനാകാത്ത സാമൂഹിക, രാഷ്ട്രീയ വിപ്ലവ നേതാക്കൾ, പയ്യന്നൂരിൽ വെച്ചു നടന്ന ദേശീയ കോൺഗ്രസ്സ് സമ്പൂർണ്ണ സമ്മേളനത്തിൽ ജവഹർലാൽ നെഹ്രു നടത്തിയ പൂണ്ണ സ്വരാജ് പ്രഖ്യാപനം, മഹാത്മജിയുടെ കൈകളാൽ നട്ട ഗാന്ധിമാവ്, ലോക പ്രശസ്തമായ കൈത്തറി വസ്ത്രങ്ങളുടെ ഇറ്റില്ലം തുടങ്ങിയ ഒട്ടനേകം സ്മൃതികളുണർത്തുന്ന നാട്. തെയ്യങ്ങളുടെ , ആരാധനാലയങ്ങളുടെ, മതസൌഹാർദ്ദത്തിന്റെ , കലാ, രാഷ്ട്രീയ സംസ്ക്കാര വൈവിധ്യങ്ങളുടെ വൈഡൂര്യ നഗരം കണ്ണൂർ.
ആ മഹാപൌരാണിക, കലാ, സാഹിത്യ, സാംസ്ക്കാരിക, രാഷ്ട്രീയ നഗരത്തിൽ നിന്നും മരുഭൂവിന്റെ മാറിലേക്ക് ജീവിതത്തിന്റെ നൌക തുഴഞ്ഞെത്തിയവർ, അവർ രൂപംകൊടുത്ത മത, രാഷ്ട്രീയ ചിന്തകൾക്കതീതമായ സ്നേഹ സൌഹൃദ പ്രസ്ഥാനമായ ഫ്രെണ്ട്സ് ഓഫ് കണ്ണൂർ (ഫോക്ക് ) സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, സാന്ത്വനത്തിന്റെ, കലാ, സാഹിത്യ സാംസ്ക്കാരിക സ്പർശമായി ഈ കുവൈറ്റിൽ എന്നും എന്നെന്നും നിങ്ങളോടൊപ്പം.