General Secretary KGKYS

General Secretary KGKYS community organization group

KGKS ജനറൽ സെക്രട്ടറി ശ്രീ ബാലൻ മാസ്റ്ററുടെ വിയോഗം സമുദായത്തിന് ഒരു തീരാ നഷ്ടമാണ് ....ആദരാജലികൾ അർപ്പിക്കുന്നു 🌹🌹🌹🌹
01/12/2025

KGKS ജനറൽ സെക്രട്ടറി ശ്രീ ബാലൻ മാസ്റ്ററുടെ വിയോഗം സമുദായത്തിന് ഒരു തീരാ നഷ്ടമാണ് ....
ആദരാജലികൾ അർപ്പിക്കുന്നു 🌹🌹🌹🌹

04/11/2025

#ഗണകർ
************

കേരളത്തിലെ കണിയാന്മാരുടെ പുരാതന ആചാരമര്യാദകളും, ജീവിതരീതിയും, സാമൂഹിക പ്രാധാന്യവും.
*******************************************
പുരാതനകേരളത്തിലെ അവർണ്ണസമുദായങ്ങൾ നിരക്ഷരായിരുന്നു എന്നു വിചാരിക്കുന്ന കുറച്ചുപേരെങ്കിലും നമ്മുടെ ഇടയിലുണ്ട്.എന്നാൽ സത്യാവസ്ഥ അതല്ല. നിരക്ഷരരും സാക്ഷരരുമായ ആളുകൾ പണ്ട് സവർണ്ണർക്കിടയിലും അവർണ്ണർക്കിടയിലും ധാരാളമായുണ്ടായിരുന്നു.കേരളത്തിലെ അബ്രാഹ്മണസമുദായങ്ങൾക്ക് അക്ഷരജ്ഞാനവും ,കായികാഭ്യാസവിജ്ഞാനവും പകർന്നു നല്കുകയും കൃഷിക്കും,കച്ചവടത്തിനും,കടൽയാത്രയ്ക്കും, ആര്, എപ്പോൾ ,എങ്ങനെ സാമൂഹിക ജീവിതത്തിലെ കാര്യങ്ങൾ നിർവ്വഹിക്കണം എന്നൊക്കെ നിർദ്ദേശിച്ച് ,സമൂഹത്തിൽ അടിത്തട്ട് മുതൽ അധികാരകേന്ദ്രങ്ങൾ വരെയുള്ളവർക്ക് ഉപദേശനിർദ്ദേശങ്ങൾ നല്കി ജീവിതവൃത്തി കഴിച്ചുവന്നിരുന്ന ഒരു സമുദായമുണ്ടായിരുന്നു.അതാണ് കണിയാന്മാർ.പഴയകാല കേരളത്തിൽ ജനങ്ങളുടെ ദൈനംദിനജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയിരുന്ന സമുദായമായിരുന്നു കളരിപ്പണിക്കന്മാരെന്നും,ഗണകരെന്നും,കണിശ്ശരെന്നും,ബല്യായരെന്നും,എഴുത്തച്ഛരെന്നും,ആശാന്മാരെന്നു(ആചാര്യന്മാർ) എന്നൊക്കെയുള്ള പേരുകളിൽ അറിയപ്പെട്ടിരുന്ന ജ്യോതിശാസ്ത്രത്തിലും,ജ്യോതിഷത്തിലും കേമന്മാരായ കണിയാന്മാർ.അതുകൊണ്ട് തന്നെ മലയാളഭാഷയുടെ പിതാവ് എഴുത്തച്ഛനായതിൽ അത്ഭുതപ്പെടാനൊന്നുമില്ല.

ഗണകൻ(ഗണിക്കുന്ന ജ്യോതിഷി) എന്ന സംസ്കൃതപദത്തിന്റെ മലയാളരൂപമാണത്രേ 'കണിയാൻ.'കണിക്കുക' എന്നതിന് ഓലക്കുടയുടെ ചട്ടമുണ്ടാക്കുക എന്ന അർത്ഥവുമുണ്ട്(കണിയാന്മാരിൽ തിന്ത എന്നൊരു വിഭാഗം ഓലക്കുടനിർമ്മാണം തൊഴിലായി സ്വീകരിച്ചിരുന്നു.മനക്കുട,മറക്കുട,നെടിയകുട,വട്ടക്കുട,കന്നികുട,കുണ്ടൻകുട,തലക്കുട.. ഇങ്ങനെ പലതരം കുടകൾ ഇവർ നിർമ്മിച്ചിരുന്നു).കണിയാർ വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ കണിയാട്ടികളെന്നും വിളിച്ചിരുന്നു.പൊട്ടുവൻ അഥവാ കണികുറുപ്പന്മാരാണ് ഇവർക്കിടയിലെ ക്ഷുരകന്മാർ.

പഴയകാലഗ്രാമവ്യവസ്ഥിതിയിൽ അദ്ധ്യാപനത്തിനും(ആശാൻ പള്ളിക്കൂടങ്ങൾ), ജ്യോതിഷസംബന്ധമായ സംശയനിവാരണത്തിനുമായി ഒന്നോ.രണ്ടോ കണിയാൻകുടുംബങ്ങൾ ഗ്രാമത്തിൽ ഉണ്ടാവേണ്ടത് അത്യാവശ്യമായിരുന്നു.രാജ്യഭരണകാര്യങ്ങളിൽ കാലപ്പിഴയും,ഗ്രഹപ്പിഴയും മറ്റും അറിയാൻ നാടുവാഴിക്കും,വിത്തുവിതയ്ക്കാനും,നെല്ലുകൊയ്യാനുള്ള കാലം അറിയാനായി കർഷകനും, വിവാഹങ്ങൾക്ക് ജാതകം നോക്കാനും ,ചടങ്ങുകൾക്ക് നല്ലസമയം കുറിക്കാനും,കച്ചവടത്തിനായി പുറപ്പെട്ടു പോകും മുൻപ് ഭാവികാര്യം അറിയാനായി വ്യാപാരികൾക്കും,പടയ്ക്കുപുറപ്പെടും മുൻപ് നല്ലതും കെട്ടതുമായ കാലം അറിയാനായി പടയാളിക്കും കണിയാനെ ആവശ്യമായിരുന്നു.അഹിന്ദുക്കളും ഉപദേശങ്ങൾക്കായി കണിയാന്മാരെ സമീപിച്ചിരുന്നു. അടുത്തകാലംവരെ സുറിയാനിക്രിസ്ത്യാനികൾ തങ്ങളുടെ കുട്ടികളുടെ ജാതകം കണിയാന്മാരെക്കൊണ്ടെഴുതിച്ചിരുന്നു.

ജ്യോതിഷത്തിൽ അതീവപ്രഗത്ഭരായ കണിയാന്മാർ ഭ്രഷ്ടരാക്കപ്പെട്ട ബ്രാഹ്മണരാണെന്ന് ചിലപുരാവൃത്തങ്ങൾ അടിസ്ഥാനമാക്കി അവകാശവാദങ്ങളുണ്ട് .തലക്കുളത്ത് ഭട്ടതിരി എന്ന ബ്രാഹ്ണൻ പാഴൂർ കുടുംബത്തിലുള്ള കണിയാട്ടിയുമായുള്ള ബന്ധത്തിൽ നിന്നാണ് പ്രശസ്തമായ പാഴൂർകണിയാന്മാരുടെ ഉദയം എന്നാണ് പറയപ്പെടുന്നത്.

കണിയാന്മാർ തങ്ങളുടെ ഗോത്രങ്ങളെ ഇല്ലങ്ങളെന്നും ,കിരിയങ്ങളെന്നും പറയുന്നുണ്ട്.പാമ്പരില്ലം,തച്ചാരില്ലം,തിരുവെള്ളൂരില്ലം,തോന്നിക്കലില്ലം,മുടപുരയില്ലം,വെമ്പായയില്ലം,ചെമ്പഴന്തിയില്ലം,അണ്ണായക്കണ്ണയില്ലം.....Etc ഇങ്ങനെപോകുന്നു ഇവരുടെ ഇല്ലങ്ങളുടെ നാമങ്ങൾ.നന്ന,അണവിക്കാണം,കരിവെട്ടം,പെരുമാൻ,വെളമ്പര്.....etc ഇങ്ങനെയാണ് കിരിയങ്ങളുടെ നാമങ്ങൾ.മുൻകാലങ്ങളിൽ ഒരേ കിരിയങ്ങളിലോ,ഇല്ലങ്ങളിലോ ഉള്ളവർ പരസ്പരം വിവാഹം ചെയ്തിരുന്നില്ല. 'പുര'കളെന്നാണ് ഇവരുടെ ഭവനങ്ങളെ സാധാരണ വിളിച്ചുവന്നത്.
അനന്തകൃഷ്ണ അയ്യരുടെ അഭിപ്രായത്തിൽ വിഷ്ണുവിനെ കൈവിടാത്ത ശൈവവിശ്വാസികളാണ് കണിയാന്മാർ.കളരികളുടെ നീളം നാല്പത്തിരണ്ടടിയാണ് .നാല്പ്പത്തി രണ്ട് ദേവതകളെ കളരികളിൽ ഉപാസിക്കുന്നുണ്ടത്രേ.സുബ്രഹ്മണ്യൻ, ശാസ്താവ്,വീരഭദ്രൻ,അഷ്ടഭൈരവന്മാർ,ഭദ്രകാളി,നരസിംഹം, ഹനുമാൻ തുടങ്ങിയവരാണ് അതിൽ പ്രധാനികൾ.മണ്ഡലകാലത്ത് (40 ദിവസം) കളരികളിൽ പ്രത്യേക പൂജാദികർമ്മങ്ങൾ പണിക്കർമാർ നടത്താറുണ്ട്.

കണിയാന്മാരിൽ തന്നെയുള്ള കളരപ്പണിക്കന്മാർ കൂടുതലായി.കാണപ്പെടുന്നത് വടക്കേമലബാറിലാണ്.ഇവർ തങ്ങളുടെ സഹജാതിക്കാരെക്കാൾ ഉന്നതമായ സാമൂഹിക സ്ഥാനമുള്ളതായി അവകാശപ്പെടുന്നു.കേരളോൽപ്പത്തിപ്രകാരം ഇവരാണത്രേ യഥാർത്ഥ കളരിഗുരുക്കന്മാരും കളരികളുടെ അവകാശികളും.ഇവരിൽ നിന്നാണത്രേ നായന്മാരും,തീയ്യരും ,ഈഴവരും മറ്റും കളരിവിദ്യ കൈവശമാക്കിയത്.മുൻകാലങ്ങളിൽ വടക്കേമലബാറിലെ നായന്മാർ കളരിപ്പണിക്കന്മാരോട് ഗുരുസ്ഥാനീയരെന്ന നിലയിൽ വലിയ ബഹുമാനം കാണിച്ചിരുന്നതായി "ട്രൈബ്സ് ആൻഡ് കാസ്റ്റസ് ഓഫ് കൊച്ചിനി"ൽ അനന്തകൃഷ്ണ അയ്യർ രേഖപെടുത്തുന്നു.

കണിയാന്മാർക്കിടയിൽ പഴയകാലത്ത് ബഹുഭർത്തൃത്വം ഉണ്ടായിരുന്നതായി കാസ്റ്റസ് ആൻഡ് ട്രൈബ്സ് ഓഫ് സൗത്തിൻന്ത്യ എന്ന പുസ്തകത്തിൽ രേഖപെടുത്തിയിരിക്കുന്നു.ആദ്യകാലത്ത് മരുമക്കത്തായമായിരുന്നു ദായക്രമമെങ്കിലും പിൽക്കാലത്ത് മക്കത്തായം ഇവർ സ്വീകരിച്ചു.ഇവരുടെ ഇടയിലുണ്ടായിരുന്ന ഗർഭകാലച്ചടങ്ങായിരുന്നു പുളികുടി അഥവാ പുളിയൂണ്.ഗർഭകാലത്തിന്റെ അഞ്ചാം മാസമോ ഏഴാം മാസമോ ആണ് ഈ ചടങ്ങു നടത്തുന്നത്. നവജാതശിശുവിനെ ആദ്യമായി പേറ്റച്ചികൾ കുളിപ്പിക്കുമ്പോൾ പാട്ട് പാടുന്ന ഒരു ചടങ്ങുണ്ട് ഇതിനെ 'കലശമാടൽ' എന്നാണ് പറഞ്ഞിരുന്നത്.

പ്രസവത്തോടനുബന്ധിച്ച് അശുദ്ധയാകുന്ന സ്ത്രീയെ ശുദ്ധമാക്കാനുള്ള.ചടങ്ങുകളാണ് 'കുടയൽ' ,' ഇരുപത്തിയെട്ടുകുളി , 'കലംതൊടീക്കൽ' ,എന്നിവ.
കുട്ടികളുടെ കാതുകുത്തുന്ന ചടങ്ങാണ് 'കാതുകുത്തുമംഗലം '. ജ്യോതിഷം കുലത്തൊഴിലായതിനാൽ ഇവരുടെ വിദ്യാരംഭച്ചടങ്ങിനെ 'കവടിയിടൽ' എന്നാണ് പറയുക. പെൺകുട്ടികൾ തിരളുന്നതിനോടനുബന്ധിച്ചുള്ള ചടങ്ങാണ് 'പന്തൽകല്യാണം'(കെട്ടുകല്യാണം).കൂടാതെ പെൺകുട്ടി ഋതുമതിയായി അഞ്ചാംദിനമോ,ഏഴാംദിനമോ നടത്തുന്ന 'തെരണ്ടുമംഗല'ത്തിൽ തെരണ്ടുപാട്ടുകൾ എന്ന പതിവ്രത പ്രകീർത്തനഗാനങ്ങൾ ആലപിക്കാറുണ്ട്.വിവാഹം ഉറപ്പിക്കുന്ന ചടങ്ങുകളാണ് 'ജാതകംവാങ്ങലും ' , 'വീടുകാഴ്ച'യും .വധുഗൃഹത്തിൽ വെച്ചു നടത്തുന്ന.പുടമുറികല്യാണമാണ് ഇവരുടെ വിവാഹരീതി.കളരിപ്പണിക്കന്മാർ വിവാഹച്ചടങ്ങുകൾ കളരിയിൽ വെച്ച് നടത്താറുണ്ട്.

അനുഷ്ഠാനങ്ങൾ
~~~~~~~~~~
പൂമാലക്കാവുകളിൽ പൂമാലഭഗവതിയെ പ്രീണിപ്പിക്കാനായി കണിയാന്മാർ നടത്തുന്ന അനുഷ്ഠാനച്ചടങ്ങാണ് 'പാട്ടുത്സവം അഥവാ കളത്തിലരിയും പാട്ടും' .തിരുവിതാംകൂറിലെ ഊരുട്ടമ്പലങ്ങളിൽ പരേതരായ മഹാത്മാക്കളെ പുരസ്‌കരിച്ചു കണിയാന്മാർ നടത്തുന്ന അനുഷ്ഠാനമാണ് 'തമ്പുരാനൂട്ട്'.പത്തനംതിട്ടയിലെ മണ്ണടിക്കാവിലും സമീപപ്രദേശങ്ങളിലും ഗണകന്മാർ നടത്തുന്ന ചടങ്ങാണ് 'മുടിപ്പേച്ച് '.സന്താനലാഭത്തിനായി നടത്തുന്ന കളത്തിനും പാട്ടിനും പ്രാധാന്യമുള്ള ചടങ്ങാണ് 'കളംപാട്ട്'.ഹൈന്ദവഗൃഹങ്ങളിൽ ബാധയൊഴിപ്പിക്കാനായി കണിയാന്മാരെ വരുത്തി നടത്തുന്ന മാന്ത്രികാനുഷ്ഠാനമാണ് 'കോലംതുള്ളൽ' .ഗന്ധർവ്വന്മാരെ പ്രീതിപ്പെടുത്താനുള്ള കണിയാന്മാരുടെ ചടങ്ങാണ് 'ഗന്ധർവ്വൻ തുള്ളൽ'. ഗർഭിണികളിലെ ബാധയൊഴിപ്പിക്കാനായി അവർ നടത്തുന്ന അനുഷ്ഠാനമാണ് 'പൂപ്പടപ്പാട്ട് '.മാർക്കണ്ഡേയ കഥ നാടകീയമായി പറയുന്ന അനുഷ്ഠാനകലയാണ് 'കാലൻതുള്ളൽ'.കണിയാന്മാരുടെ കലാരൂപമാണ് കണിയാട്ടം അഥവാ കണിയാൻ കൂത്ത് .മകുടവും കുഴിത്താളവുമാണ് വാദ്യങ്ങൾ.

"കൂകിത്തെളിഞ്ഞുള്ള പൂവൻകോഴി
കരളെയറുത്തു ഞാൻ ബലിതരുവേൻ
ബലിപൂജാകർമ്മങ്ങൾ ഞാൻ തരുമ്പോൾ
പൂത്തിര സമ്പത്ത് നീ നല്കേണം
ഇവരുടെ മെയ്മേലെ ബാധ തീർന്നാൽ
സന്തതിഫലത്തോടെ സുഖം വരിക".

ഉത്തരകേരളത്തിലെ കണിശന്മാരുടെ കളമിറക്കു പാട്ടിലെ വരികളാണിവ.

വിവരശേഖരണം
~~~~~~~~~~
നാട്ടറിവും നാമപഠനവും - ഡോ.എം.വി.വിഷ്ണുനമ്പൂതിരി.

ജീവിതവും സംസ്കാരവും - കേരള ഫോക്ലോർ അക്കാദമി.

Castes and Tribes of South India - Edgar Thurston.

Tribes and Castes of Cochin - L.K.Ananthakrishna Aiyyar .

Pranavamlive '

Address

Wandoor

Telephone

9544494504

Alerts

Be the first to know and let us send you an email when General Secretary KGKYS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share