ആർ.എസ്സ്.എസ്സ്. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന രാഷ്ട്രീയ സ്വയംസേവക സംഘം വിവാദപരമായ നിലപാടുകളുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഹൈന്ദവ സന്നദ്ധ സംഘടനയാണ് 1925ൽ നാഗ്പൂരിലാണ് ആർ.എസ്സ്.എസ്സ്‌സ്ഥാപിക്കപ്പെട്ടത്. കേശവ ബലിറാം ഹെഡ്ഗേവാർ എന്ന നാഗ്പൂർ സ്വദേശിയായ ഡോക്ടറാണ് ആർ.എസ്സ്.എസ്സിന്റെ സ്ഥാപകൻ. ഭാരതമൊട്ടുക്ക് പ്രവർത്തിക്കുന്ന ആർ.എസ്സ്.എസ്സ്, ഹിന്ദു സ്വയം സേവക സംഘം എന്ന പേരിൽ വിദേശത്തും പ്രവർത്തി
ക്കുന്നു. ഭാരതത്തെയും അതിലെ ജനങ്ങളേയും ദേവീരൂപത്തിൽ(ഭാരതാംബ) കണ്ട് സേവനം ചെയ്യുകയും ഭാരതത്തിന്റെ ആത്മീയ,ധാർമ്മിക മൂല്യങ്ങളെ സംരക്ഷിക്കുകയും ഭാരതത്തിലെ ഹിന്ദുക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും ആണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. 'വസുധൈവ കുടുംബകം' അല്ലെങ്കിൽ ലോകമേ തറവാട് എന്ന ഹൈന്ദവ സംസ്കാര മൂല്യം വഴി ഇന്ത്യയെ, മറ്റു രാജ്യങ്ങൾക്ക് മാതൃകയാകുന്ന രീതിയിൽ, ശക്തമായ രാജ്യമാക്കി മാറ്റുക എന്നതാണ് മുഖ്യ ലക്‌ഷ്യം. സാമൂഹിക പരിവർത്തനം, ഹിന്ദുക്കളിലുള്ള ഉച്ചനീതത്വങ്ങൾ ഇല്ലായ്മ ചെയ്തു താഴെക്കിടയിലുള്ള ജനങ്ങളെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ. ആർ.എസ്സ്.എസ്സിന്റെ തത്ത്വ ശാസ്ത്രപരമായ വീക്ഷണഗതികൾ, സാംസ്കാരിക ദേശീയതയും(Cultural nationalism) ഇന്റഗ്രൽ ഹ്യുമാനിസവുമാണ്(Integral Humanism). ആർ.എസ്സ്.എസ്സിന്റെ അഭിപ്രായമനുസരിച്ച് ഒരു ഹിന്ദു എന്നത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ താമസിക്കുന്ന ഏതൊരു വ്യക്തിയുമാവാം. ക്രിസ്ത്യാനികളേയും മുസ്ലീമുകളേയും ഉൾപ്പെടുത്തിയാണ് ഹിന്ദു എന്ന ആർ.എസ്സ്.എസ്സിന്റെ നിർവ്വചനം നിലകൊള്ളുന്നത്. ഹൈന്ദവം എന്നത് ഒരു മതമല്ല മറിച്ച് ഒരു ജീവിതരീതിയാണ് എന്ന് ആർ.എസ്സ്.എസ്സ് വിശ്വസിക്കുന്നു
ശാഖ എന്നത് ശിഖരം(branch) എന്ന അർഥം വരുന്ന ഹിന്ദി പദമാണ്. ആർ.എസ്.എസിന്റെ സംഘടനാപരമായ പ്രവൃത്തികൾ നടത്തുന്നത് ശാഖകൾ മുഖേനയാണ്. പൊതു സ്ഥലത്ത് ഒരു മണിക്കൂർ നടത്തപ്പെടുന്ന കൂടിച്ചേരലാണ് ശാഖ. 2004-ൽ 60,000 ശാഖകൾ ഇന്ത്യയിൽ ഒട്ടുക്ക് നടന്നിരുന്നു.] അതേസമയം 2004-ലെ ബി.ജെ.പ്പി കേന്ദ്ര സർക്കാർ വീണതിന് ശേഷം ശാഖകൾ 10,000 ആയി ചുരുങ്ങി. 2010 ജനുവരിയിലെ ഡൽഹിയിലെ ആർ.എസ്.എസ് മാധ്യമവിഭാഗത്തിന്റെ കണക്കുകൾ പ്രകാരം ശാഖകളുടെ എണ്ണം 39,823 എന്നാണ്.] ബഹുജൻ സമാജ് പാർട്ടിയുടെയും സമാജ് വാദി പാർട്ടിയുടെയും ജാതിരാഷ്ട്രീയമാണ് ഇതിനു കാരണമായി ആർ.എസ്.എസ് കാണുന്നത്.
യോഗ, വ്യായാമങ്ങൾ, കളികൾ തുടങ്ങിയ കായികപരമായ പരിപാടികളും ദേശസ്നേഹ പ്രാർഥനകൾ, സുഭാഷിതം, കഥകൾ തുടങ്ങിയവയും കൂടിച്ചേർന്നതാണ് ശാഖ. സാമൂഹികസേവനം, സാമൂഹികാവബോധം വളർത്തൽ, ദേശസ്നേഹം വളർത്തൽ തുടങ്ങിയവും മറ്റു പ്രവർത്തനങ്ങളാണ്. പ്രവർത്തകർ പ്രാഥമിക ശുശ്രൂഷ, ദുരിതാശ്വസ പ്രവർത്തനം പുനരധിവാസ പ്രവർത്തനം തുടങ്ങിയവയിൽ പരിചയം നേടുകയും ഗ്രാമങ്ങളിലെ അടിസ്ഥാനാവശ്യ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുകയും ചെയ്യുന്നു.