29/07/2026
ഭാരതീയ സംസ്‌കാരത്തിലെ, സനാതനധര്‍മ്മത്തിലെ അനാദിയും ഏറ്റവും പ്രധാനപ്പെട്ടതുമായ, വ്യക്തിയാണ്, ബിംബമാണ്, മാതൃകയാണ് ഗുരു. ഏതെങ്കിലും ഒരു മേഖലയില്‍ വൈദഗ്ദ്ധ്യമുള്ള, മാര്‍ഗ്ഗദര്‍ശിയായ, ഒരാളെക്കുറിക്കാനാണ് സംസ്‌കൃതത്തില്‍ ഈ പദം ഉപയോഗിക്കുന്നത്. ഗുരു എന്ന വാക്കിന്റെ ശുദ്ധമായ അര്‍ത്ഥം പരിഗണിക്കുമ്പോള്‍ ആദ്ധ്യാത്മിക രംഗത്തെ പ്രാമാണികനായ, ആധികാരികമായ, അനുഭവജ്ഞാനമുള്ള ഒരു വ്യക്തി എന്നാണര്‍ത്ഥം.
സാമൂഹികവും മതപരവുമായ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ ആത്മീയമായ ജീവിതരീതി തുടര്‍ന്നുകൊണ്ടിരിക്കുന്നത് ഒരു ഗുരുവിലൂടെയാണ്. സാധാരണക്കാരായ ആളുകളുടെ ലോകത്ത് ആത്മീയ വെളിച്ചത്തിന്റെ ദീപസ്തംഭമായി വര്‍ത്തിച്ച്, എല്ലാ മതങ്ങളുടേയും സംസ്‌കാരങ്ങളുടെയും അടിസ്ഥാനമായി നിലകൊള്ളുന്ന ആദ്ധ്യാത്മിക മൂല്യങ്ങളെക്കുറിച്ച് നമ്മെ പഠിപ്പിക്കുന്നത് ഗുരുവാണ്. എല്ലാ സംഘടിത മതങ്ങള്‍ക്കും അതീതനാണ് ഗുരു. അതുകൊണ്ട് മനുഷ്യരാശിയെ മുഴുവന്‍ ഒന്നായിക്കാണാന്‍ അദ്ദേഹത്തിനാകുന്നു. ലിംഗം, ദേശം, വംശം തുടങ്ങിയ ഒന്നിനും അദ്ദേഹത്തില്‍ വിവേചനം സൃഷ്ടിക്കാനാവില്ല.
ഗുരുവിനോടുള്ള ഭക്തിക്ക് എണ്ണമറ്റ ഭാവതലങ്ങളും വര്‍ണ്ണാഭമായ ആരാധനാരീതികളുമുണ്ട്. പക്ഷേ ഭാരതീയ സംസ്‌കാരത്തില്‍ ഒരിക്കലും ബാഹ്യലോകത്തെ ഒരു ഈശ്വരന്റെ സന്ദേശവാഹകനോ, പ്രവാചകനോ ആയി ഒരു ഗുരുവിനെ കണക്കാക്കുന്നില്ല. കാരണം ഈശ്വരന്‍ ബാഹ്യലോകത്തുള്ള, പുറമെയുള്ള ഒരു വ്യക്തിയല്ല. അപരിമിതമായ ബോധമാണ് ഈശ്വരന്‍. പരിമിതമായ നമ്മുടെ വ്യക്തിബോധത്തില്‍ നിന്ന് അതീതനായി അപരിമിതമായ സമഷ്ടിബോധമായി പരിണമിക്കുന്ന പ്രക്രിയയാണ് ഈശ്വരീയബോധം കൈവരിക്കല്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. അങ്ങനെ ഈശ്വരീയബോധം കൈവരിച്ച വ്യക്തിയാണ് ഗുരു. അതുകൊണ്ട് തന്നെ ഒരു ശരീരത്തില്‍ ഈശ്വരന്‍ വസിക്കുന്ന ആളാണ് ഗുരു. ഈശ്വരീയബോധം എങ്ങനെ കൈവരിക്കാം, കടലിലെ ഒരു നീര്‍പ്പോളക്ക് അതും കടലുതന്നെയാണെന്ന് എങ്ങനെ മനസ്സിലാക്കാം, എന്നാണ് ഗുരു കാണിച്ചുതരുന്നത്. ദിവ്യത്വത്തിലേക്ക്, അനന്തതയിലേക്ക്, എല്ലാം ഈശ്വരന്‍ മാത്രമാണെന്ന ബോധത്തിലേക്ക്, പരമമായ ശാന്തിയിലേക്ക് നമ്മെ കൈപിടിച്ചുയര്‍ത്തലാണ് ഗുരു ചെയ്യുന്നത്.
ലോകത്തിലെ ആത്മീയ അന്ധകാരം നീക്കുന്നത് ഗുരുവാണ്. ലോകത്തിന് അനുഭവത്തില്‍ അധിഷ്ഠിതമായ ആത്മജ്ഞാനം ഗുരു നല്‍കുന്നു. എണ്ണിയാലൊടുങ്ങാത്ത വഴികളിലൂടെയും രീതികളിലുടെയും ഗുരു പ്രവര്‍ത്തിക്കുന്നു. നമ്മുടെ മാനസിക സംഘര്‍ഷത്തെ ഇല്ലാതാക്കാന്‍ പോന്നതാണ് അവയോരോന്നും. ഈ മാനസിക സംഘര്‍ഷങ്ങളാണ് സത്യത്തിന്റെ വെളിച്ചത്തെ മറച്ച് നമ്മില്‍ അന്ധകാരം നിറക്കുന്നത്. ഈ അന്ധകാരത്തെ, ആവര ണത്തെ, നമ്മുടെ മുന്‍വിധികളെ, പാടെ നീക്കി നമ്മുടെ ഉള്ളില്‍ നിരന്തരം പ്രകാശിക്കുന്ന ആ വെളിച്ചത്തെ നമുക്ക് കാട്ടിത്തരുന്നത് ഗുരുവാണ്.
വാക്കിലൂടെയും മൗനത്തിലൂടെയും സംസാരിക്കാന്‍ കഴിയുന്ന ഒരാളാണ് ഗുരു. ശിഷ്യന്റെ ചോദ്യത്തിന്റെ ആഴത്തെ കൃത്യമായി മനസ്സിലാക്കാന്‍ കഴിവുള്ള ആളാണദ്ദേഹം. പ്രശാന്തമായ മനസ്സാണദ്ദേഹത്തിന്റേത്. ആത്മസംയമനം, കാരുണ്യം, മറ്റുള്ളവരെ സഹായിക്കാനുള്ള ആഗ്രഹം ഇതെല്ലാം അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. അസൂയ, അഹംബോധം, മമത, അഹങ്കാരം, അഭിമാനം ഇതൊന്നും അദ്ദേഹത്തില്‍ തെല്ലുപോലും കാണാനാകില്ല. മറ്റുള്ളവരെ സഹായിക്കലും തന്റെ അഗാധമായ അനുഭവജ്ഞാനം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കലുമാണ് അദ്ദേഹത്തിന്റെ ജീവിതലക്ഷ്യംതന്നെ. ആദ്യം തന്നെ ഗുരു ശിഷ്യന് ദീക്ഷ നല്‍കുന്നു. അതിനു ശേഷം ആത്മവിദ്യയുടെ പ്രായോഗിക വശമായ സങ്കേതങ്ങള്‍ പഠിപ്പിക്കുന്നു, നിരന്തരമായ മാര്‍ഗ്ഗദര്‍ശനത്തിന്റെ കാലമാണ് പിന്നീട്. ജ്ഞാനം പകര്‍ന്നു നല്‍കിയും, ശിഷ്യന്റെ ചിന്തകളെ ഉദ്ദീപിപ്പിച്ചും തെറ്റുകളെ തിരുത്തിയും ശിഷ്യനെ ഗുരു ആത്മജ്ഞാനത്തിലേക്ക് നയിക്കുന്നു. ഒരു ശിഷ്യനെ മറ്റൊരു ഗുരുവാക്കി മാറ്റുന്ന അത്ഭുതപ്രതിഭാസമാണ് ഗുരു.