08/02/2026
പ്രിയ എമു മിത്രങ്ങളേ..
അങ്ങനെ കഷ്ടപ്പെട്ട് പാടുപെട്ട് സയൻസ് പറയാനുള്ള നമ്മുടെ ശ്രമം വിജയം കാണുകയാണ്..!
മാസങ്ങൾ നീണ്ടു നിൽക്കുന്ന ഗവേഷണ നിരീക്ഷണങ്ങൾക്കൊടുവിൽ നാം കണ്ടെത്തിയ ഒരു വലിയ കണ്ടുപിടിത്തമാണ് ഈ വീഡിയോയിൽ വിശദീകരിക്കുന്നത്.. നൈട്രജൻ ആഗിരണം നേരിട്ട് നടക്കാത്തത് കൊണ്ട് ദൈവമില്ല എന്നതാണത്!
മാത്രമല്ല, കേവലം കുറച്ചു ഓക്സിജൻ തന്മാത്രകൾക്ക് വേണ്ടി ഇക്കണ്ട വായു മൊത്തത്തിൽ മൂക്കിലൂടെ വലിച്ചു കേറ്റി ശ്വാസ കോശത്തിൽ എത്തിക്കേണ്ട ഗതികേട് നമുക്കുണ്ട്. മൂക്കിൽ വെച്ച് തന്നെ ഓക്സിജൻ മാത്രം കടത്തി വിടുന്ന വല്ല ഗ്രന്ഥിയും വേണമായിരുന്നു എന്നാണ് എന്റെ ഒരിത്..
ഹീമോ ഗ്ലോബിൻ വരുന്നു.. ഓക്സിജനെ കൊണ്ട് പോകുന്നു..കാർബൻ ഡൈ ഓക്സൈഡ് തിരിച്ചു തരുന്നു..
ഓക്സിഡയ്‌സുകൾ, Cooperative binding.. മണ്ണാങ്കട്ട.. എന്തൊക്കെ ബഹങ്ങളാണ്! ഇതൊന്നും ശരിയായ നടപടിയായി എനിക്ക് തോന്നുന്നില്ല.. ഞാൻ ഒരു ഓക്സിജൻ അങ്ങോട്ട് നൽകുന്നു കോശം ഒരു CO2 ഇങ്ങോട്ട് നൽകുന്നു. വേറെ ചടങ്ങുകൾ ഒന്നും പാടില്ല.
മാത്രമല്ല സസ്യങ്ങൾക്ക് വേണ്ടി നൈട്രജൻ തോറ്റുകൊടുക്കരുത് എന്നാണ് എന്റെ ആഗ്രഹം. ഒരു സസ്യം ഒരു നേരം രണ്ട് വീതം തോതിൽ നൈട്രജനെ വിഴുങ്ങട്ടെ.. അതല്ലേ ഹീറോയിസം.
സത്യത്തിൽ നൈട്രജൻ മറ്റുള്ളവരുമായി ബന്ധപ്പെടുന്നത് തന്നെ എനിക്ക് ദഹിച്ചിട്ടില്ല. ഐ ലവ് നൈട്രജൻ the pure N2. നൈട്രെറ്റുകളും അമോണിയകളും തുലഞ്ഞു പോകട്ടെ..
നൈട്രജൻ തന്മാത്രയെ പൊട്ടിക്കുന്ന എല്ലാവരെയും ഞാൻ വെറുക്കുന്നു.. അതേത് മിന്നലായാലും ബാക്ടീരിയ ആയാലും ശരി.. ബന്ധങ്ങൾ അറ്റു പോകാതെ നോക്കണം എന്നാണ് ശാഖയിൽ നിന്നും സോറി, സേറിന്റെ ക്‌ളാസിൽ നിന്നും ഞാൻ പഠിച്ചത്..
ക്ളോറോഫില്ലിൽ എന്തിനാണ് 4 പൈറോൾ റിങ്ങുകൾ എന്ന് ഞാൻ ഉറക്കെ ചോദിക്കാൻ ആഗ്രഹിക്കുകയാണ് സൂർത്തുക്കളെ.. ഇവിടെ ഒരു റിങ് പോലും സ്വപ്നം കാണുന്നവർക്കിടയിൽ ഇതൊക്കെ ഒരു അർഭാടമല്ലേ? ഇവിടെ ചോദിക്കാനും പറയാനും ആളില്ലേ??
ഇവിടെ എന്തിനാണ് ശ്വസന ദഹന പ്രവർത്തനങ്ങൾ എന്ന് വരെ ചോദിക്കണം എന്നെനിക്കുണ്ട്.. ഒരു സ്വിച്ചിട്ടാൽ ശ്വസനം മറ്റൊന്നിട്ടാൽ ദഹനം ഇതാണ് ഞാൻ കാണുന്ന കിണാശേരി.. വിസർജന വ്യവസ്ഥ യൊക്കെ ഈ ആധുനിക കാലത്തിനു യോജിച്ചതാണോ? നിങ്ങൾ ആലോചിക്കുക.
ഇങ്ങനെ ഒരു പാട് ന്യൂനതകൾ എനിക്ക് നിങ്ങളുടെ മുന്നിൽ ചൂണ്ടിക്കാട്ടാൻ ഉണ്ട്.. മറ്റൊരിക്കലാവാം.. നന്ദി നമസ്കാരം
- ശാസ്ത്രം കുഞ്ഞാപ്പു,
എമു അണ്ടിമുക്ക് യൂണിറ്റ്