17/04/2026
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ മഹോത്സവത്തിന് കൊടിയേറിയിരിക്കയാണ്. നമ്മളാണ് നമ്മളെ ഭരിക്കുന്നതെന്ന് സാധാരണക്കാരെല്ലാം ഓർക്കുന്നത്, ഒരുപക്ഷേ ഈ ഉത്സവ ദിനങ്ങളിൽ മാത്രം ആയിരിക്കും.
പത്ത് പതിനഞ്ചു കൊല്ലം മുൻപുള്ളൊരു തെരഞ്ഞെടുപ്പ് ദിവസം. ഒരു അവധി ദിവസത്തിന്റെ എല്ലാ ആലസ്യത്തോടും കൂടി തന്നെ ആണ് നേരം പുലർന്നത്. ഉച്ചയൂണിന് ശേഷം വോട്ട് ചെയ്യാൻ പോകാമെന്നും , തിരക്കുള്ളവർക്കും , വെയില് കൊള്ളാൻ താല്പര്യം ഇല്ലാത്തവർക്കുമായി അതുവരെ ഉള്ള സമയം ഒഴിഞ്ഞു കൊടുത്തേക്കാമെന്നും നേരത്തേ തന്നെ തീരുമാനം എടുത്തിരുന്നു .
തീയിൽ കുരുത്ത നമ്മൾ ഈ വെയിലിൽ ഒന്നും വാടില്ലെന്നുള്ള അഹങ്കാരം കൊണ്ടൊന്നും അല്ല , ജോലിക്ക് പോവേണ്ടാത്ത ദിവസങ്ങളിൽ എഞ്ചിന് സ്വാഭാവികമായും ഇത്തിരി വേഗത കുറയുമല്ലോ .
പോളിംഗ് ബൂത്ത് നമ്മുടെ സ്വന്തം സ്കൂളാണ്. സ്കൂൾ ബൂത്ത് ആവുന്നു എന്നത് തന്നെ ആണ് തെരഞ്ഞെടുപ്പിനോടുള്ള ഏറ്റവും വലിയ മമതയും. ബൂത്ത് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഒരു ദിവസം കൂടുതൽ അവധി കിട്ടുമല്ലോ. അല്ലാതെ ഓരോ തവണയും ഭരണം മാറി വരുമ്പോൾ, മാവേലി ഭരിച്ച സുവർണ്ണ കാലം ഇനി ഈ നാട്ടിൽ പുനരാവിഷ്കരിക്കപ്പെടും എന്ന് സ്വപ്നം കാണാനുള്ള മണ്ടത്തരം ഒന്നും ഇപ്പോൾ നമുക്കില്ല.
ഉച്ചയോടെ, കത്തി ജ്വലിക്കുന്ന സൂര്യനെ മനസ്സിൽ നന്നായി സ്മരിച്ചു കൊണ്ട് സ്കൂളിന് മുന്നിലെ റോഡിൽ എത്തിയപ്പോൾ എതിരേറ്റത് വോട്ട് ചെയ്യാൻ നിൽക്കുന്നവരുടെ നീണ്ട നിരയാണ്. സ്വന്തമായി ഒരു പാർട്ടി തുടങ്ങാൻ മാത്രം തീയിൽ കുരുത്തവർ നമ്മുടെ ചുറ്റുവട്ടത്ത് തന്നെ ഉണ്ടെന്നത് ഒരു പുതിയ തിരിച്ചറിവ് ആയിരുന്നു. രാവിലെ തിരക്കാവും, ഉച്ചയാണ് നല്ലത് എന്ന് ചിന്തിപ്പിച്ച ഒറ്റ ബുദ്ധിക്ക് പ്രണാമം. എല്ലാവരിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്നു എന്ന് നമ്മൾ വിശ്വസിക്കുമ്പോൾ, എല്ലാവരുടെ ചിന്തയും അതേ ദിശയിൽ തന്നെ ആവുന്നതിനെ നാനാത്വത്തിൽ ഏകത്വം ആയി കണക്കാക്കണോ ആവോ?
ഇഴഞ്ഞു നീങ്ങുന്ന വരിയിൽ നിന്ന്കൊണ്ട്, കാണുന്ന പരിചയക്കാരോടെല്ലാം പുഞ്ചിരിച്ചു, സ്കൂളിന്റെ മതിലും മുറ്റവുമെല്ലാം കടന്ന് പതിയെ വരാന്തയിൽ എത്തിയപ്പോഴാണ്, മുന്നിൽ ഉണ്ടായിരുന്നവരെല്ലാം ധൃതിയിൽ തിരിച്ചു വരുന്നത് കണ്ടത്. വോട്ടിംഗ് നടക്കുന്ന ഏതോ ക്ലാസ്സിൽ നിന്നും ഉറക്കെ യുള്ള സംസാരം കേട്ട് തുടങ്ങിയപ്പോൾ രംഗം പന്തിയല്ലെന്ന് മനസ്സിലായി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർ സുരക്ഷിതരായി പുറത്തേക്കിറങ്ങാൻ പറയുക കൂടി ചെയ്തപ്പോൾ, അകത്തെ അവസ്ഥ ഊഹിച്ചു കൊണ്ട് നമ്മളും തിരിച്ചു നടന്നു. അംഗ സംഖ്യയിലും കായിക ബലത്തിലും രണ്ട് പ്രധാന പാർട്ടികളും ഒപ്പത്തിനൊപ്പം നിൽക്കുന്ന മണ്ഡലം ആണ് നമ്മുടേത്. അതുകൊണ്ട് തന്നെ ചില്ലറ ഉന്തും തള്ളുമൊക്കെ ഉണ്ടാവുന്നു എന്നതിൽ അതിശയിക്കത്തക്കതായി ഒന്നും ഇല്ല. അകത്തുള്ള നിർദോഷികളായ വോട്ടർമാർക്കൊപ്പം ക്ലാസ്സ് റൂമിൽ കിടക്കുന്ന സ്കൂളിന്റെ സാധന സാമഗ്രികളെക്കൂടി കാത്തുകൊള്ളണമേ ദൈവമേ എന്നൊരു പ്രാർത്ഥന മാത്രം ബാക്കിയായി .
എള്ള് ഉണങ്ങുന്നത് എണ്ണയ്ക്കാണ്, നമ്മള് ആ വെയില് കൊണ്ട് ഉണങ്ങിയത് വെറും വെറുതേ ആയിപ്പോയല്ലോ എന്ന് കരുതി, അവിടെ എന്താണ് പ്രശ്നം എന്ന് അന്വേഷിക്കാനോ പോയി ഇടപെടാനോ ഒന്നും തോന്നിയില്ല.
പണ്ട് കോളേജിൽ വെച്ചാണ് ഒരു അടി ലൈവ് ആയി കണ്ടത്. അതും കോളേജ് ഇലക്ഷന്റെ ബാക്കിപത്രം ആയിരുന്നു. ഒരു ക്ലാസ്സ് കഴിഞ്ഞു പുറത്ത് ഇറങ്ങുമ്പോളാണ് മഴ ഇരമ്പി വരും പോലൊരു ശബ്ദം. തിരിച്ചു ക്ലാസ്സിലേക്ക് ഓടിക്കയറും മുൻപ് ആരോ പാഞ്ഞു വന്നു മുന്നിൽ പോയവനെ ചവിട്ടി വീഴ്ത്തുന്നതും പിന്നെ രണ്ടു പേരും കയ്യിൽ കിട്ടിയത് വച്ച് തലങ്ങും വിലങ്ങും തല്ലുന്നതും കണ്ടു. ജീവിതത്തിൽ ആദ്യമായി ആവും അങ്ങനെ ഒരു കാഴ്ച, അതും അസ്സഹനീയമാം വിധം ക്ലോസപ്പിൽ. അടിച്ചവരെയും അടി കൊണ്ടവരെയുമൊന്നും അന്നും ഇന്നും അറിയില്ല, പക്ഷേ അന്നുണ്ടായ നടുക്കത്തിനും വിറയലിനും ഇന്നും പുതുമ നഷ്ടപ്പെട്ടിട്ടില്ല. അടികൂടിയ കുട്ടി രാഷ്ട്രീയക്കാരൊക്കെ അടുത്ത ദിവസം കുളിച്ചൊരുങ്ങി കോളേജിൽ എത്തി തോളിൽ കയ്യിട്ട് നടന്നു കാണുമെങ്കിലും നമുക്ക് പിന്നെയും മൂന്ന് നാല് ദിവസം എടുത്തു ഒന്ന് കോളേജിൽ എത്താൻ. പനിയൊക്കെ ശരിക്കും മാറാതെ കോളേജിൽ പോവാൻ അച്ഛനും അമ്മയും സമ്മതിച്ചില്ലെന്നേ.
ആ ഓർമ്മ ഇപ്പോഴും മങ്ങാതെ കൊണ്ട് നടക്കുന്ന, ഇടയ്ക്ക് ഓർത്ത് വെറുതേ ഒന്ന് വിറയ്ക്കുന്ന ഞാനാണ്,
ഒരു തെരഞ്ഞെടുപ്പ് സമയമായാൽ രണ്ട് പാർട്ടിക്കാരും ആജന്മ ശത്രുക്കളെ പോലെ പെരുമാറുന്ന സ്ഥലത്തു പോയി കുശലാന്വേഷണം നടത്തുന്നത്. എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം. അതിനുള്ള ധൈര്യമൊക്കെ ആർജ്ജിക്കാൻ ഇനിയും ഏറെ ജന്മങ്ങൾ ജനിക്കേണ്ടി വരും.
മാവിലെറിഞ്ഞ കല്ല് പോലെ തിരിയെ പോകുമ്പോൾ നിരാശ തോന്നിയത് മൗലികാവകാശം നഷ്ടപ്പെട്ടത്കൊണ്ട് അല്ലായിരുന്നു. ടീച്ചർ എന്തേ വോട്ട് ചെയ്യാതിരുന്നത് എന്ന് ചോദിക്കുന്ന വിദ്യാർത്ഥികൾക്ക് മുന്നിൽ, ജനങ്ങളിൽ ചിലരുടെ ആധിപത്യം മൂലം മറ്റുചിലരുടെ അവകാശം ഹനിക്കപ്പെട്ടു എന്ന ഈ വീര കഥ പറയാൻ കഴിയില്ലല്ലോ എന്നോർത്തായിരുന്നു.