AKGCT General Secretary

AKGCT General Secretary A service organization striving for professional, academic and social uplift of Teachers working in Govt. Colleges across Kerala, founded in 1958.

*പ്രസിദ്ധീകരണത്തിന്* *മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സെനറ്റ് നാമനിർദ്ദേശം  അക്കാദമിക സമൂഹത്തെ അപഹസിക്കുന്നത്  - എ.കെ.ജി.സ...
08/06/2026

*പ്രസിദ്ധീകരണത്തിന്*

*മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സെനറ്റ് നാമനിർദ്ദേശം അക്കാദമിക സമൂഹത്തെ അപഹസിക്കുന്നത് - എ.കെ.ജി.സി.ടി*

സർവ്വകലാശാലാ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് എംജി സർവ്വകലാശാലയിൽ ചാൻസലർ നടത്തിയ സെനറ്റ് നാമനിർദ്ദേശങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വർഗ്ഗീയവത്ക്കരണത്തിന് ആക്കം കൂട്ടുന്നതാണെന്ന് എ കെ ജി സി ടി സംസ്ഥാന പ്രവർത്തക സമിതി അഭിപ്രായപ്പെട്ടു. സംഘപരിവാരത്തിനോട് സന്ധി ചെയ്തു എന്ന് നിസ്സംശയം ബോധ്യപ്പെടുന്ന വിധത്തിൽ
യു.ഡി.എഫ് സർക്കാറും ഉന്നത വിദ്യാഭ്യാസ വകുപ്പും സ്വീകരിച്ചിരിക്കുന്ന വിധേയത്വ സമീപനം അപകടരമാണ്. വിദ്യാഭ്യാസ മേഖലയിലും ഉന്നതവിദ്യാഭ്യാസരംഗത്ത് സവിശേഷമായും ചാൻസലർ മുഖേന കടന്നു കയറാനുള്ള വർഗ്ഗീയശക്തികളുടെ ശ്രമങ്ങളെ ഭരണപരമായും, നിയമപരമായും പ്രതിരോധിച്ച പത്തു വർഷങ്ങൾക്കു ശേഷം യാതൊരെതിർപ്പും കൂടാതെ സ്വാധീനമുറപ്പിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ മതേതര കേരളം തുടർന്നും പ്രതിരോധിക്കേണ്ടതുണ്ട്.
സംസ്ഥാന സർക്കാർ നല്കുന്ന പട്ടികയിൽ നിന്നും തയ്യാറാക്കേണ്ടുന്ന സർവ്വകലാശാലാ സംബന്ധിയായ നിയമനങ്ങളും, നാമനിർദ്ദേശങ്ങളും മറികടന്ന് ഏകപക്ഷീയമായ തീരുമാനങ്ങൾ ചാൻസലറായ ഗവർണ്ണർ സ്വീകരിക്കുമ്പോൾ അതിനോട് സന്ധിചെയ്യുന്ന വലതു പക്ഷ സർക്കാർ നയം പ്രതിഷേധാർഹമാണ് .

മുതിർന്ന പ്രൊഫസ്സർമാരുടെ പട്ടിക സർക്കാർ നൽകുന്നതിനു മുമ്പു തന്നെ എംജി സർവ്വകലാശാലയുടെ താല്കാലിക വൈസ് ചാൻസലറായി സംഘപരിവാർ അനുകൂല അധ്യാപക സംഘടനാ നേതാവായ ഡോ .മാവൂത്തിനെ ചാൻസലർ തന്നിഷ്ട പ്രകാരം നിയമിച്ചിരിക്കുന്നു.

അക്കാദമിക - കലാ -കായിക -വാണിജ്യ- സംസ്കാരിക മണ്ഡലങ്ങളിൽ വൈദഗ്ധ്യം പുലർത്തുന്ന വ്യക്തികളെയാണ് സാധാരണയായി സെനറ്റിലേയ്ക്ക് നാമനിർദ്ദേശം ചെയ്യാറുള്ളത് എങ്കിലും നിലവിൽ
എം ജി സർവ്വകലാശാലയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായി 30 അംഗ സെനറ്റിൽ ബിജെപി ദേശീയസമിതി അംഗം ഉൾപ്പെടെ 19 സംഘപരിവാർ പ്രതിനിധികളെയാണ് ചാൻസലർ ഏകപക്ഷീയമായി നിയമിച്ചിട്ടുള്ളത്. ഈ നടപടിയെ പക്ഷെ മുഖ്യമന്ത്രിയോ ഉന്നതവിദ്യാഭ്യാസ മന്ത്രിയോ യാതൊരു വിധത്തിലും പ്രതിരോധിക്കുകയോ ഇതിനെതിരെ പ്രതിഷേധിക്കുകയോ പോലും ചെയ്തിട്ടില്ല എന്നത് കേരളം ഗൗരവമായി പരിശോധിക്കേണ്ടതാണ്.

ഈ സാഹചര്യത്തിൽ, അക്കാദമിക മേഖലയെ അപഹസിക്കും വിധം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ
ചാൻസലർ നടത്തിയ സെനറ്റ് നാമനിർദ്ദേശത്തിനെതിരെ സമൂഹത്തിൻ്റെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന്
എ.കെ.ജി.സി.ടി സംസ്ഥാന പ്രസിഡൻ്റ് ഡോ എൻ.മനോജ്, ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് റഫീഖ് ടി എന്നിവർ ആവശ്യപ്പെട്ടു

*പ്രസിദ്ധീകരണത്തിന്**കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം റദ്ദാക്കിയ വി സി യുടെ നടപടി പ്രതിഷേധാർഹം - എ.കെ.ജി.സി.ടി* കേരളത്ത...
26/05/2026

*പ്രസിദ്ധീകരണത്തിന്*

*കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം റദ്ദാക്കിയ വി സി യുടെ നടപടി പ്രതിഷേധാർഹം - എ.കെ.ജി.സി.ടി*

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ സംഘപരിവാരത്തിൻ്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് തകർക്കാൻ കൂട്ടുനില്ക്കുന്ന കേരള സർവ്വകലാശാല വൈസ് ചാൻസലർ അക്കാദമിക വിരുദ്ധ നിലപാട് ആവർത്തിക്കുകയാണ്. നിരവധി വിഷയങ്ങൾ പരിശോധിക്കാൻ ബാധ്യതപ്പെട്ട സിൻഡിക്കേറ്റിൻ്റെ യോഗം വി.സി റദ്ദാക്കിയിരിക്കുന്നു. പുതിയ അക്കാദമിക വർഷം ആരംഭിക്കുമ്പോഴും ഉന്നത വിദ്യാഭ്യാസമേഖലയെ അനിശ്ചിതാവസ്ഥയിലേക്ക് തള്ളിവിടുന്ന സമീപനമാണ് ചാൻസലരുടെ ഒത്താശയോടെ
വിസി ചെയ്തുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് മാസമായി റെഗുലർ സിൻഡിക്കേറ്റ് യഥാസമയം ചേരാതിരിക്കുകയും ചേർന്ന യോഗത്തിൽ നിന്ന് വി സി ഇറങ്ങിപ്പോവുകയും ചെയ്യുകയാണുണ്ടായിട്ടുള്ളത്. യോഗ്യരായവരെ മറികടന്നു സംഘപരിവാറുകാരെ വിവിധ കമ്മിറ്റികളിലും സ്ഥാനങ്ങളിലും വി സി കുത്തിനിറക്കുകയും അടിയന്തരമായി സിൻഡിക്കേറ്റ് തീരുമാനമെടുക്കേണ്ട വിദ്യാർത്ഥികളുടെ വിഷയങ്ങൾ പരിഗണിക്കാതിരിക്കുകയും ചെയ്യുന്നു. ഗവേഷകരുടെയും അധ്യാപകരുടെയും പ്രശ്നങ്ങൾ, യഥാസമയം നടത്തിത്തീർക്കേണ്ടുന്ന പരീക്ഷകൾ എന്നിവയെല്ലാം താറുമാറായ സ്ഥിതിയിലേക്ക് വി സി കേരള സർവ്വകലാശാലയെ എത്തിച്ചിരിക്കുന്നു.അഫിലിയേറ്റഡ് കോളേജുകളിലെ അഡ്മിഷൻ മോണിറ്ററിങ് കമ്മിറ്റിയിലേക്ക് സിൻഡിക്കേറ്റ് പ്രതിനിധികളായ അധ്യാപകരെ ബോധപൂർവം ഒഴിവാക്കി വിസി സ്വന്തം ഇഷ്ടക്കാരെ തിരുകിക്കയറ്റിയിരിക്കുകയാണ്. സർവ്വകലാശാലയെ തകർക്കുന്ന ഇത്തരം സ്വേച്ഛാധിപത്യ നടപടികളിൽ നിന്ന് ഇനിയെങ്കിലും വി സി പിന്തിരിഞ്ഞില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ ഉണ്ടാകുമെന്നു എ.കെ.ജി.സി.ടി സംസ്ഥാന പ്രസിഡന്റ് ഡോ. എൻ മനോജ്‌, ജനറൽ സെക്രട്ടറി ഡോ മുഹമ്മദ്‌ റഫീഖ് ടി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

12/05/2026

*പ്രസിദ്ധീകരണത്തിന്*

*വീണ്ടും നീറ്റ് പരീക്ഷാ ക്രമക്കേട് - സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരിക -എ.കെ.ജി.സി.ടി*

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ദേശീയതലത്തിലെ മത്സരപ്പരീക്ഷകൾ നടത്തുന്ന ദേശീയ ടെസ്റ്റിംഗ് ഏജൻസി വീണ്ടും പരാജയപ്പെട്ടിരിക്കുന്നു .നീറ്റ്, യു.ജി.സി, നെറ്റ് തുടങ്ങിയ അതീവ മത്സരസ്വഭാവമുള്ള പരീക്ഷകൾ കാര്യക്ഷമമായും സുരക്ഷിതമായും നടത്തുന്നതിൽ എൻ.ടി.എ ഒരു പരാജയമാണെന്ന് മുൻവർഷങ്ങളിൽ തെളിഞ്ഞതാണ് . അതിൻ്റെ തുടർച്ചയെന്നോണം , ഈ മാസം നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യങ്ങൾ ചോർന്ന് വ്യാപകമായി പ്രചരിക്കപ്പെട്ടു എന്ന് വ്യക്തമായതിൻ്റെ അടിസ്ഥാനത്തിൽ പ്രസ്തുത പരീക്ഷ എൻ.ടി.എ റദ്ദാക്കിയിരിക്കുന്നു.
രാജ്യത്തെ 23 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും പ്രതീക്ഷകൾ തകർക്കുന്ന നടപടികളാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി യുടെ ഭാഗത്തു നിന്നും തുടർച്ചയായി ഉണ്ടാകുന്നത്. സമവർത്തി പട്ടികയിൽപ്പെട്ട വിദ്യാഭ്യാസവും, ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങളും, പ്രവേശന നടപടികളും യൂണിയൻ സർക്കാരിന്റെ നിയന്ത്രണത്തിൽ കൊണ്ടു വരാനുള്ള ലക്ഷ്യത്തോടെ രൂപീകരിച്ച ഏജൻസിയാണ് എൻ.ടി.എ . ഇതിൻ്റെ ഗൂഢ ലക്ഷ്യത്തെപ്പറ്റി നേരത്തേ തന്നെ ആശങ്കകൾ ഉയർന്നുവന്നിട്ടുണ്ട് . കാര്യക്ഷമത ഇല്ലാതെയും വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാതെയും നടത്തിയ പരീക്ഷകൾ റദ്ദാക്കപ്പെടുന്നത് തുടർക്കഥയാവുകയാണ് . കഠിനമായ തയ്യാറെടുപ്പുകൾക്കു ശേഷം പരീക്ഷയെഴുതുന്ന സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് കടുത്ത മാനസിക സംഘർഷമാണ് എൻ.ടി.എ യുടെ അലംഭാവം മൂലം സംഭവിക്കുന്നത്. ഇഷ്ടക്കാർക്ക് ചോദ്യങ്ങൾ നേരത്തേ തന്നെ ലഭിക്കുന്നത് വലിയ രീതിയുള്ള ഇടപെടലിൻ്റെ ഫലമായിട്ടാണ്. നീറ്റ് ഫലം വൈകുന്നത് മൂലം രാജ്യത്തെ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനം വൈകുന്നതും പ്രധാന വിഷയമാണ് . കാര്യപ്രാപ്തിയില്ലാത്ത ദേശീയ ടെസ്റ്റിംഗ് ഏജൻസി സംവിധാനത്തിനെതിരെ നടപടി സ്വീകരിക്കുകയും കുറ്റക്കാരെ നിയമപരമായി ശിക്ഷിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ചുകൊണ്ട് മത്സര പരീക്ഷകളുടെ രഹസ്യാത്മകത ഉറപ്പാക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും എ.കെ.ജി.സി.ടി സംസ്ഥാന പ്രസിഡൻ്റ് ഡോ. എൻ മനോജും ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് റഫീഖ് ടിയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

07/05/2026

*പ്രസിദ്ധീകരണത്തിന്*

*കായംകുളം എം.എസ്.എം കോളജ് അധ്യാപകർക്കെതിരായ കെ.എസ്.യു നേതാവിൻ്റെ ഭീഷണിയിൽ പ്രതിഷേധിക്കുക-എ.കെ.ജി.സി.ടി*

വാട്സാപ്പ് സന്ദേശം വഴി കായംകുളം എംഎസ് എം കോളജ് ഫിസിക്സ് വിഭാഗം അധ്യാപകൻ ഡോ. കെ.എം.അനിൽ കുമാർ, അറബിക് വിഭാഗം അധ്യാപകരായ ഡോ.എസ്. ഫാറൂഖ്, അൻവർ ഹുസൈൻ എന്നിവർക്കെതിരെ കോളജിലെ ബിരുദ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് സുഹൈൽ എന്ന കെ.എസ്‌. യു ജില്ലാ നേതാവ് വാട്സാപ്പ് സന്ദേശം വഴി ഭീഷണി മുഴക്കിയ സംഭവത്തിൽ എ.കെ.ജി.സി.ടി പ്രതിഷേധിക്കുന്നു.

മതിയായ ഹാജർ ഇല്ലാത്തതിനാൽ സ്വാഭാവികമായും കോളജിൽ നിന്ന് പുറത്ത് പോകേണ്ടി വന്ന സുഹൈൽ , രാഷ്ട്രീയമായി പകപോക്കും എന്ന ധ്വനിയോടെ അധ്യാപകരെ അവരുടെ
എ.കെ.പി.സി.ടി.എ സംഘടനാ അംഗത്വം കൂടി എടുത്തു പറഞ്ഞു കൊണ്ടാണ് ആക്ഷേപവും അധിക്ഷേപവും ഭീഷണിയായി നടത്തിയിട്ടുള്ളത്.
ജനാധിപത്യ രീതിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് ഈ സംഭവങ്ങൾ ഉണ്ടായത്. പ്രതികാരം ചെയ്യാനുള്ള അവകാശമാണ് ജനവിധി എന്ന് തെറ്റിദ്ധരിക്കുന്ന തരത്തിൽ, തെരഞ്ഞെടുപ്പിനു മുന്നേ കേട്ട നേതാക്കന്മാരുടെ ശബ്ദമാണ് ഇപ്പോൾ കെ.എസ്.യു ജില്ലാ സെക്രട്ടറിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയും, സവിശേഷമായി
ഉന്നത വിദ്യാഭ്യാസ രംഗവും വളരെയേറെ മുന്നേറുന്ന സാഹചര്യത്തിൽ അക്കാദമിക മികവിനെ തകർക്കാനും വിദ്വേഷം പടർത്തി നാം കൈവരിച്ച നേട്ടങ്ങളെയും അതിനു പിന്തുണ നല്കുന്ന അധ്യാപക സമൂഹത്തെയും ഭീഷണിയിലൂടെ ഇല്ലാതാക്കാനും ആഗ്രഹിക്കുന്നത് പ്രതിഷേധാർഹമാണ്. കയ്യൂക്കിൻ്റെയും, ഭീഷണിയുടെയും ഭാഷ മാറ്റിവെക്കുകയും ജനാധിപത്യ രീതിയിലുള്ള മാർഗ്ഗം സ്വീകരിച്ച് കലാലയങ്ങളെ വിജ്ഞാന കേന്ദ്രങ്ങളായി തന്നെ മുന്നോട്ടു കൊണ്ടു പോകാൻ വിദ്യാർത്ഥി സംഘടനകൾ സഹകരിക്കേണ്ടതുണ്ട്.
അധ്യാപകർക്ക് നേരെയുണ്ടായ സഭ്യേതരമായ ഭാഷയിലെ ഭീഷണിയെ തള്ളിക്കളയണമെന്നും അധ്യാപകർക്കെതിരെ ഇത്തരത്തിലുള്ള അധിക്ഷേപങ്ങളും വധ ഭീഷണിയും ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ഗവ. സ്വീകരിക്കുകയും ചെയ്യണമെന്ന് എ.കെ.ജി.സി.ടി സംസ്ഥാന പ്രസിഡൻ്റ് ഡോ.എൻ മനോജും ജനറൽ സെകട്ടറി ഡോ. മുഹമ്മദ് റഫീഖ് ടിയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

*പ്രസിദ്ധീകരണത്തിന്* *അഞ്ചരക്കണ്ടി ദന്തൽ കോളേജ് ബി.ഡി.എസ് വിദ്യാർത്ഥിയുടെ മരണം - കുറ്റവാളികൾക്ക് മാതൃകാപരമായ  ശിക്ഷ ഉറപ്...
13/04/2026

*പ്രസിദ്ധീകരണത്തിന്*

*അഞ്ചരക്കണ്ടി ദന്തൽ കോളേജ് ബി.ഡി.എസ് വിദ്യാർത്ഥിയുടെ മരണം - കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുക: എ.കെ.ജി.സി ടി*

കണ്ണൂർ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ് ബി.ഡി.എസ് വിദ്യാർത്ഥിയായ നിതിൻ രാജിൻ്റെ ആത്മഹത്യയ്ക്കിടയാക്കിയ സാഹചര്യം അത്യന്തം ഖേദകരവും അപലപനീയവുമാണ്. ഇതിൽ അടിയന്തിരമായി അന്വേഷണം നടത്തി കോളേജ് അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും എ.കെ.ജി.സി.ടി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
വർത്തമാനകാല കേരളീയ സമൂഹം ജാതിവിവേചനം എന്ന പ്രാകൃതമായ സങ്കല്പത്തെ അതിജീവിച്ചുവെന്നുള്ള ധാരണകളെ തകിടം മറിക്കുന്ന സംഭവങ്ങളാണ് സർവ്വകലാശാലകളിലും, കാമ്പസുകളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിതിൻ രാജ് എന്ന വിദ്യാർത്ഥി ജീവനൊടുക്കാനിടയായ സാഹചര്യം അധ്യാപകരിൽ നിന്ന് നിരന്തരം നേരിട്ട ജാതീയമായ അധിക്ഷേപമാണെന്ന വാർത്ത നമ്മളിൽ നടുക്കമുണ്ടാക്കുന്നതാണ്. കേരളം പോലെയുള്ള ഒരു പുരോഗമന സമൂഹത്തിൽ പോലും ഇത്തരം ആരോപണങ്ങൾ ഉയരുമ്പോൾ, ജാതി വിവേചനം തടയാൻ ലക്ഷ്യമിട്ട് യു.ജി.സി കൊണ്ടു വന്ന റഗുലേഷനുകൾ പിൻവലിച്ച കേന്ദ്ര സർക്കാർ നടപടി പുന:പരിശോധിക്കേണ്ടുന്നതിൻ്റെ ആവശ്യകത എത്രത്തോളമെന്ന് നമുക്ക് ബോധ്യപ്പെടും.

നിരന്തരമായ പ്രക്ഷോഭങ്ങളിലൂടെയും,ജനാധിപത്യ സമരങ്ങളിലൂടെയും നാം പുറന്തള്ളിയ ജാതി വിദ്വേഷത്തെ പുന:സ്ഥാപനം ചെയ്യുക എന്ന സവർണ്ണ ഫാസിസ്റ്റ് അജണ്ട സർവ്വകലാശാലകളുടെ അകത്തളങ്ങളിൽ എത്തിക്കഴിഞ്ഞു. ഇത്തരം പ്രവണതകളെ പ്രതിരോധിക്കാൻ കൊണ്ടുവന്ന റഗുലേഷനുകൾ സുപ്രീംകോടതി തന്നെ മരവിപ്പിച്ചിരിക്കുന്നത് ഏറെ ഗൗരവകരമാണ്.സുപ്രീം കോടതിയുടെ അനുമതിയോടെ, ജാതിവിവേചനത്തിനെതിരായ രോഹിത്ത് ആക്ടും യു.ജി.സി റഗുലേഷനുകളും ഉടൻ നടപ്പിലാക്കുകയും,നിതിൻ രാജിൻ്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി കോളജ് അധികൃതർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും , കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുകയും വേണമെന്ന് എ.കെ.ജി.സി.ടി സംസ്ഥാന പ്രസിഡൻ്റ് ഡോ.എൻ.മനോജും, ജനറൽ സെക്രട്ടറി ഡോ.മുഹമ്മദ് റഫീഖ്.ടിയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

*പ്രസിദ്ധീകരണത്തിന്**സംസ്ഥാനത്തെ മുഴുവൻ സർക്കാർ/എയിഡഡ് കോളേജുകളിൽ പുതുതായി രണ്ട് കോഴ്സുകൾ വീതം അനുവദിച്ച ജനകീയ സർക്കാരിന...
15/03/2026

*പ്രസിദ്ധീകരണത്തിന്*

*സംസ്ഥാനത്തെ മുഴുവൻ സർക്കാർ/എയിഡഡ് കോളേജുകളിൽ പുതുതായി രണ്ട് കോഴ്സുകൾ വീതം അനുവദിച്ച ജനകീയ സർക്കാരിന് അഭിവാദ്യങ്ങൾ - എ.കെ.ജി.സി.ടി*

കഴിഞ്ഞ പത്ത് വർഷമായി നമ്മുടെ നാട് ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ സമസ്ത മേഖലകളിലും സമാനതകളില്ലാത്ത മാറ്റവും പുരോഗതിയുമാണ് സാധ്യമാക്കിയത്.ഉന്നത വിദ്യാഭ്യാസ മേഖലയും ഇതിൽ നിന്നും വിഭിന്നമല്ല. എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ ഏറ്റവും മുൻപന്തിയിലാണ് സംസ്ഥാനത്തെ സർവ്വകലാശാലകളും നമ്മുടെ സർക്കാർ കോളേജുകളും. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നമ്മുടെ കോളേജുകളുടെ ഭൗതിക സൗകര്യ വികസനത്തിൽ അഭൂതപൂർവ്വമായ മാറ്റമാണ് നാം നേടിയത്. വിശപ്പ് രഹിത കാമ്പസ്, സിഗ്രി വരെ സൗജന്യ വിദ്യാഭ്യാസം, ഗവേഷണ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ഇങ്ങനെ ഒട്ടനവധി മാറ്റങ്ങളാണ് ഈ മേഖലയിൽ നടപ്പാക്കിയത്. ഇങ്ങനെ
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര മുന്നേറ്റം ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന വിവിധ പരിപാടികളിൽ ഏറ്റവും സുപ്രധാനമായ ഒരു തീരുമാനം കൂടി വന്നിരിക്കുന്നു . ഉന്നതവിദ്യാഭ്യാസരംഗത്ത് സ്വീകരിക്കേണ്ടുന്ന കാലോചിതമായ മാറ്റങ്ങൾക്ക് അനുസൃതമായി എല്ലാ സർക്കാർ എയ്ഡഡ് കോളേജുകളിലും രണ്ടു വീതം പുതിയ ബിരുദ / ബിരുദാനന്തര കോഴ്സുകൾ ആരംഭിക്കാൻ എടുത്ത സർക്കാർ തീരുമാനം ഏറെ അഭിനന്ദനാർഹവും മാതൃകാപരവുമെന്ന് എ.കെ.ജി.സി.ടി സംസ്ഥാന പ്രസിഡൻ്റ് ഡോ.എൻ.മനോജും, ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് ടി യും പ്രസ്താവനയിൽ അറിയിച്ചു.

സുഹൃത്തുക്കളെ,കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര മുന്നേറ്റം ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന വിവിധ പരിപാടികളിൽ...
15/03/2026

സുഹൃത്തുക്കളെ,

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര മുന്നേറ്റം ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന വിവിധ പരിപാടികളിൽ ഏറ്റവും സുപ്രധാനമായ ഒരു തീരുമാനം കൂടി വന്നിരിക്കുന്നു . ഉന്നതവിദ്യാഭ്യാസരംഗത്ത് സ്വീകരിക്കേണ്ടുന്ന കാലോചിതമായ മാറ്റങ്ങൾക്ക് അനുസൃതമായി എല്ലാ സർക്കാർ എയ്ഡഡ് കോളേജുകളിലും രണ്ടു വീതം പുതിയ ബിരുദ / ബിരുദാനന്തര കോഴ്സുകൾ ആരംഭിക്കാൻ ഗവ.തീരുമാനിച്ചിരിക്കുന്നു . സർക്കാർ കോളേജുകളിൽ കൂടുതൽ പുതിയ കോഴ്സുകൾ ആരംഭിക്കണമെന്ന സംഘടനയുടെ എല്ലാക്കാലത്തുമുള്ള ആവശ്യം പരിഗണിച്ചുകൊണ്ട് ഉത്തരവായിരിക്കുന്നതിൽ എ കെ ജി സി ടി സർക്കാറിനെയും ഉന്നതവിദ്യാഭ്യാസ വകുപ്പിനെയും അഭിനന്ദിക്കുന്നു.
നാലു വർഷ ബിരുദ പദ്ധതി, പാഠ്യ വിഷയങ്ങളുടെ വൈവിധ്യത്തെ ആവശ്യപ്പെടുന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ അഭിരുചിക്കിണങ്ങിയ വ്യത്യസ്ഥ പഠനവിഷയങ്ങൾ തെരഞ്ഞെടുക്കുന്നതിലെ നിലവിലെ പരിമിതി മറികടക്കാനുദ്ദേശിച്ചു കൊണ്ടാണ് ഈ തീരുമാനം സർക്കാർ കൈകൊണ്ടിട്ടുള്ളത്.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ നൂതന പഠനമേഖലകൾ സാധാരണക്കാരുടെ കുട്ടികൾക്കു കൂടി അനുഭവവേദ്യമാക്കുന്നതാണ് ഈ തീരുമാനം. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കരുത്തേകുന്ന ഇടതുപക്ഷ സർക്കാരിൻ്റെ ഈ ജനകീയ ഇടപെടലിന് എ.കെ.ജി.സി.ടി സംസ്ഥാന സമിതിയുടെ അഭിവാദ്യങ്ങൾ.

ഡോ. എൻ മനോജ്
പ്രസിഡൻ്റ്

ഡോ.മുഹമ്മദ് റഫീഖ് ടി
ജനറൽ സെക്രട്ടറി

സുഹൃത്തുക്കളെ,  സംഗീത കോളേജ് അധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ കാലോചിതമായി പരിഷ്കരിക്കുക, അർഹരായ മുഴുവൻ അധ്യാപകർക്കും യു.ജ...
13/03/2026

സുഹൃത്തുക്കളെ,

സംഗീത കോളേജ് അധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ കാലോചിതമായി പരിഷ്കരിക്കുക, അർഹരായ മുഴുവൻ അധ്യാപകർക്കും യു.ജി.സി ശമ്പള പരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യം ഉന്നയിച്ചുകൊണ്ട് സംഘടന കഴിഞ്ഞ മുപ്പത് വർഷങ്ങളായി സമരമുഖത്തായിരുന്നു. നിരവധി സമരങ്ങൾ, സെക്രട്ടറിയേറ്റ് ധർണ്ണ , സെക്രട്ടറിയേറ്റ് മാർച്ച്, ജില്ലാതല പ്രക്ഷോഭങ്ങൾ, നിരവധിയായ നിവേദനങ്ങൾ എന്നിങ്ങനെ വിവിധ മാർഗ്ഗങ്ങളിലൂടെ പ്രശ്നപരിഹാരത്തിന് സംഘടന ശ്രമിച്ചു കൊണ്ടിരുന്നു.ഇതേ തുടർന്ന് സർക്കാർ ഡോ.ഓമനക്കുട്ടിയമ്മ അധ്യക്ഷയായ സമിതിയെ മേൽ വിഷയങ്ങൾ വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതായി നിയോഗിക്കുകയുണ്ടായി. പ്രസ്തുത സമിതി വിശദമായ പഠന റിപ്പോർട്ട് 2025 ഡിസംബർ 31 ന് സർക്കാരിന് സമർപ്പിച്ചു. സർക്കാർ പ്രസ്തുത റിപ്പോർട്ട് പരിശോധിക്കുകയും നിർദ്ദേശങ്ങൾ തത്വത്തിൽ അംഗീകരിക്കുകയും ചെയ്തു. ഇവ പ്രായോഗികമായി നടപ്പിലാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുവാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.ഇത് നാളുകളായി നാം നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിൻ്റെ ഫലമാണ്.ഈ നിർദ്ദേശങ്ങൾ യാഥാർത്ഥ്യമാവും വരെ സംഘടന ഈ വിഷയത്തോടൊപ്പം ഉണ്ടാവും. ഇക്കാലമത്രയും സംഘടനയിൽ വിശ്വാസം അർപ്പിച്ച് കൂടെ നിന്ന സംഗീത കോളേജുകളിലെ മുഴുവൻ അധ്യാപകരേയും ,പ്രക്ഷോഭ പാതയിൽ സംഘടനയോടൊപ്പം നിന്ന മുഴുവൻ പ്രവർത്തകരേയും സംസ്ഥാന സമിതിക്കുവേണ്ടി അഭിവാദ്യം ചെയ്യുന്നു.

അഭിവാദനങ്ങളോടെ,

ഡോ.എൻ.മനോജ്
പ്രസിഡൻ്റ്

ഡോ.മുഹമ്മദ് റഫീഖ്.ടി
ജനറൽ സെക്രട്ടറി

പ്രിയ സഖാവേ വിട......
11/03/2026

പ്രിയ സഖാവേ വിട......

അസ്സോസിയേഷൻ ഓഫ് കേരളാ ഗവ. കോളേജ് ടീച്ചേഴ്സ് (AKGCT ) ൻ്റെ  68-ാം സംസ്ഥാന സമ്മേളനം  2026 മാർച്ച് 6, 7, 8 തീയ്യതികളിൽ കൊല്...
09/03/2026

അസ്സോസിയേഷൻ ഓഫ് കേരളാ ഗവ. കോളേജ് ടീച്ചേഴ്സ് (AKGCT ) ൻ്റെ 68-ാം സംസ്ഥാന സമ്മേളനം 2026 മാർച്ച് 6, 7, 8 തീയ്യതികളിൽ കൊല്ലത്തുവെച്ചു നടന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ വലതു പക്ഷ വർഗ്ഗീയ കോർപ്പറേറ്റ് ഭീഷണികളെ നേരിട്ടു കൊണ്ട് ഉന്നതവിദ്യാഭ്യാസത്തിൻ്റെ ഗുണമേന്മ, മതനിരപേക്ഷത , ഫെഡറൽ ആശയങ്ങളുടെ സംരക്ഷണം എന്നിവ ഉറപ്പാക്കാനുമുള്ള തീരുമാനങ്ങൾ സമ്മേളനം കൈക്കൊണ്ടു. കേരളത്തിൻ്റെ വിവിധ മേഖലയിലെ കുതിച്ചു ചാട്ടത്തിന് കരുത്തുപകരാനും ജനാധിപത്യം, ഫെഡറലിസം , മതനിരപേക്ഷ വിദ്യാഭ്യാസം എന്നിവ ശക്തിപ്പെടുത്താനുമുള്ള ചർച്ചകളും സംവാദങ്ങളും ഉയർത്തിക്കൊണ്ടു വരാനും സമ്മേളനം തീരുമാനിച്ചു. ബഹു .ധനകാര്യമന്ത്രി ശ്രീ.കെ.എൻ ബാലഗോപാൽ, മുൻ മന്ത്രി ശ്രീമതി ജെ മേഴ്സിക്കുട്ടിയമ്മ, മുൻ പാർലമെൻ്റംഗങ്ങളായ ഡോ. പി കെ ബിജു, അഡ്വ.സി.എസ് സുജാത, ഡോ. ടി.എൻ സീമ എന്നിവരും വിവിധ സമ്മേളനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കേന്ദ്ര വിദ്യാഭ്യാസ നയങ്ങൾ - ആശങ്കകളും വെല്ലുവിളികളും എന്ന വിഷയത്തെ അധികരിച്ച് ദൽഹി സർവ്വകലാശാല പ്രൊഫസറും ഡമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട് അധ്യക്ഷന്യമായ ഡോ. രാജീബ് റേ മുഖ്യപ്രഭാഷണം നടത്തി.
സമ്മേളനത്തിൻ്റെ ഭാഗമായി, സാമൂഹ്യ പ്രതിബദ്ധതയുടെ തുടർ പ്രവർത്തനമെന്ന നിലക്ക് ഈ വർഷം നിർദ്ധധനരായ ഒരു കുടുംബത്തിന് വീട് വെച്ചു നല്കാനും തീരുമാനിച്ചു.

പുതിയ ഭാരവാഹികൾ -
പ്രസിഡൻ്റ് : ഡോ. എൻ. മനോജ്
(ഗവ. കോളേജ്, മാനന്തവാടി )
വൈസ് പ്രസിഡൻ്റ് : ഡോ.വിനു ഭാസ്കർ
( ഗവ. മെഡിക്കൽ കോളേജ്, ആലപ്പുഴ )
ഡോ.രജിത സി. ആർ. (എസ് എൻ.ജി.എസ്. കോളേജ്, പട്ടാമ്പി )

ജനറൽ സെക്രട്ടറി : ഡോ. മുഹമ്മദ് റഫീക്ക് ടി
(യൂണിവേഴ്സിറ്റി കോളേജ് , തിരുവനന്തപുരം )
ട്രഷറർ : ഡോ. മഞ്ജുള കെ.വി.
( ഗവ. ബ്രണ്ണൻ കോളേജ്, തലശ്ശേരി )

സംസ്ഥാന സെക്രട്ടറിമാർ:
ഡോ. പ്രിൻസ് പി. ആർ.
(കേരള സർവ്വകലാശാല, യൂണിവേഴ്സിറ്റി കോളേജ് , തിരുവനന്തപുരം )
ഡോ. എം.എസ്. മുരളി
(എം ജി സർവ്വകലാശാല ,മഹാരാജാസ് കോളേജ്, എറണാകുളം )
ശ്രീ. രഘുദാസ് പി.വി.
( കോഴിക്കോട് സർവ്വകലാശാല, ഗവ. ആർട്സ് & സയൻസ് കോളേജ്
കുന്ദമംഗലം )
ഡോ. ഷാനവാസ് പി. എച്ച് ( കണ്ണൂർ സർവ്വകലാശാല, വനിതാ ഗവ കോളേജ് കണ്ണൂർ )

പ്രവർത്തക സമിതി അംഗങ്ങൾ
1.ഡോ. ഷജില ബീവി എസ് ( മഹാരാജാസ് കോളേജ് എറണാകുളം )
2 .ഡോ. എസ്. സഞ്ജയ് കുമാർ
( ഗവ. കോളേജ് നിലമ്പൂർ )
3.ഡോ. ജയരാജ് ജെ
( ബി ജെ എം ഗവ. കോളേജ് ചവറ )
4.ശ്രീ. സോബിൻ വർഗീസ് എം.വി.
( ഗവ. കോളേജ് , കൽപ്പറ്റ )
5.ഡോ. രഞ്ജിത്ത് മോഹൻ പി
( ഗവ. കോളേജ് ,അമ്പലപ്പുഴ )
6.ഡോ. ആസിഫ് ഇക്ബാൽ കാക്കശ്ശേരി, (ഗവ. കോളേജ്, കാസർഗോഡ്)
7.ഡോ. രശ്മി ( ഗവ. വിക്ടോറിയ കോളേജ് പാലക്കാട് )
8.ഡോ ആൽബർട്ട് ആൻ്റണി ടി (പി.എം ഗവ. കോളേജ് , ചാലക്കുടി )
9 .ഡോ. ഉദയകുമാർ (ഗവ. കോളേജ് മങ്കട )
10.ഡോ. ശരത് എസ്
( യൂണിവേഴ്സിറ്റി കോളേജ് , തിരുവനന്തപുരം )

11 .ശ്രീമതി ദീപ എ കെ
( ഗവ. കോളേജ് മടപ്പള്ളി )
12 .പ്രൊഫ. ( ഡോ. ) സിമി സെബാസ്റ്റ്യൻ
( ഗവ. കോളേജ് കട്ടപ്പന )
13.ഡോ. റിജുലാൽ ജി
( ഗവ. കോളേജ് ചിറ്റൂർ )
14.ഡോ. വിനീത പി.
( ഗവ. വനിത കോളേജ്, തിരുവനന്തപുരം )
15.ഡോ. ദിനേഷ് പി.കെ. ( ഗവ. കോളേജ് കൊടുവള്ളി )

സംഘശബ്ദം എഡിറ്റർ:
ഡോ എം എ അസ്ക്കർ( യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം )
അക്കാദമിക് കമ്മറ്റി ചെയർമാൻ :
ഡോ. വിഷ്ണു വി എസ് ( ഗവ. ആർട്സ് ആൻ്റ് സയൻസ് കോളേജ്, തിരുവനന്തപുരം)
വനിതാ സബ് കമ്മറ്റി കൺവീനർ :
ഡോ. ഗായത്രീദേവി ജി ( ഗവ. സംസ്കൃത കോളേജ്, തിരുവനന്തപുരം )
എ കെ ജി സി ടി പഠനഗവേഷണകേന്ദ്രം അക്കാദമിക് ഡയറക്ടർ:
ഡോ. രാഹുൽ കെ ( ഗവ. കോളേജ്, കൽപ്പറ്റ)
ഡയറക്ടർ :
ഡോ. രാഹുൽ വി.ആർ (ഗവ .ട്രെയിനിംഗ് കോളേജ്, തിരുവനന്തപുരം)

മ്യൂച്വൽ ബെനഫിറ്റ് ട്രസ്റ്റ് സെക്രട്ടറി : ഡോ. അജി പി എൽ ( ഗവ. ആർട്സ് കോളേജ്, തിരുവനന്തപുരം)

Address

Thiruvananthapuram
695014

Alerts

Be the first to know and let us send you an email when AKGCT General Secretary posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AKGCT General Secretary:

Share

Category