29/04/2025
രണ്ടാം ലോക മഹായുദ്ധ കാലയളവിൽ രാജ്യം കടുത്ത ഭക്ഷ്യ ക്ഷാമം നേരിട്ടു. പട്ടിണിയും പകർച്ചവ്യാധിയും പിടിപെട്ട് ജനസംഖ്യയുടെ ഒരു ശതമാനത്തിലധികം ആളുകളാണ് മരണപ്പെട്ടത്. ജന്മിമാരുടെ ധാന്യപ്പുരകളിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങൾ സർക്കാർ പിടിച്ചെടുത്ത് ന്യായവിലയ്ക്ക് ജനങ്ങൾക്ക് വിതരണം ചെയ്യണമെന്ന് തൊഴിലാളികളും സ്ത്രീകളും കുട്ടികളും പങ്കെടുത്തു നടത്തിയ ജനകീയ പ്രക്ഷോഭത്തിന് ഫലമായിട്ടാണ് പൊതുവിതരണ സമ്പ്രദായം രൂപം കൊള്ളുന്നത്. രാജ്യത്ത് നവ ഉദാരവൽക്കരണ നയങ്ങൾ നടപ്പാക്കിയതിനു ശേഷം ഭക്ഷ്യവിതരണമെന്നത് ലക്ഷ്യാധിഷ്ഠിത ഭക്ഷ്യ വിതരണ സമ്പ്രദായമാക്കി മാറ്റി. ഭക്ഷ്യവിതരണ ശൃംഖലയിലുള്ള ഉപഭോക്താക്കളെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെന്നും മുകളിലുള്ളവരെന്നും രണ്ടായി തിരിച്ചു. രണ്ടായിരത്തിൽ ബിജെപി സർക്കാർ ബിപിഎൽ വിഭാഗത്തിലെ തന്നെ 10 ശതമാനം അതി ദാരിദ്ര ജനവിഭാഗങ്ങൾക്ക് മാത്രമായി പൊതുവിതരണ സമ്പ്രദായത്തെ പരിമിതപ്പെടുത്തി. ഇതിന്റെ ഫലമായി 70% കുടുംബങ്ങൾ ഏതാണ്ട് പൂർണമായും ഭക്ഷ്യവിതരണ ശൃംഖലയിൽ നിന്നും പുറത്തായി. കേന്ദ്രസർക്കാർ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയതോടുകൂടി സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ ലഭിച്ചിരുന്നവരിൽ 58% കുടുംബങ്ങളും റേഷൻ സമ്പ്രദായത്തിൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കാൻ അർഹതയില്ലാത്തവരായി മാറി. രാജ്യത്തെ പൊതുവിതരണ സമ്പ്രദായം കോൺഗ്രസ് ബിജെപി സർക്കാറുകൾ അട്ടിമറിച്ചതിലൂടെ ജനങ്ങൾക്ക് ന്യായമായ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നതിനുള്ള അവസരം ഇല്ലാതായി. ചില്ലറ വ്യാപാര രംഗത്ത് കുത്തക കമ്പനികൾക്ക് അരങ്ങ് ഒരുക്കുന്നതിനു വേണ്ടിയാണ് ഇത്തരം മാറ്റങ്ങൾ വരുത്തിയത്... കർഷക തൊഴിലാളികളും തുച്ഛമായ വേതനത്തിന് തൊഴിലെടുക്കുന്ന തൊഴിലാളികളും അർദ്ധ പട്ടിണിയിലാണ്. പൊതു വിതരണ സമ്പ്രദായം സാർവത്രികമാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പണിമുടക്ക് നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിന് വേണ്ടിയും, ജനങ്ങളുടെ പട്ടിണി ഇല്ലാതാക്കുന്നതിനും വേണ്ടിയാണ്... ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ മുൻനിർത്തി നടത്തുന്ന രാജ്യവ്യാപക പണിമുടക്ക് വിജയിപ്പിക്കേണ്ടത് ഈ നാടിന്റെ നിലനിൽപ്പിന് അനിവാര്യമാണ്....