02/04/2026
കേരളത്തിന്റെ ഭരണസേവന രംഗത്ത് ദീർഘകാലം ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിരുന്ന ശ്രീ കെ. ശിവരാജ വിജയൻ (ഐ.എ.എസ് Rtd) സാർ (87) അന്തരിച്ചു. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ ആദ്യ ചീഫ് എഞ്ചിനീയർ ആയിരുന്നു.
കെ.എച്ച്.ആർ.ഡബ്ല്യു.എസ്. മാനേജിംഗ് ഡയറക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ (DPI), എൻട്രൻസ് പരീക്ഷ കമ്മീഷണർ എന്നീ പ്രധാനപ്പെട്ട നിലകളിൽ പ്രവർത്തിച്ച അദ്ദേഹം തന്റെ സമർപ്പിത സേവനത്തിലൂടെ സംസ്ഥാനത്തിന്റെ വികസനത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയിരുന്നു.
കൃത്യനിഷ്ഠയും, ചുമതലാബോധവും, ലാളിത്യവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ മുഖമുദ്രകളായിരുന്നു. സഹപ്രവർത്തകരോടും പൊതുജനങ്ങളോടും ഒരുപോലെ സൗഹൃദപരമായ സമീപനം പുലർത്തിയിരുന്ന അദ്ദേഹം, ഭരണരംഗത്ത് ഉയർന്ന മൂല്യബോധം സ്ഥാപിച്ച വ്യക്തിയായിരുന്നു.
വിരമിച്ച ശേഷവും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പുമായി അദ്ദേഹം നിരന്തരം ബന്ധം പുലർത്തിവന്നു. മറൈൻ എഞ്ചിനീയറിംഗ് രംഗത്ത് അദ്ദേഹം നടത്തിവന്ന നിരന്തര ഗവേഷണവും ഈ രംഗത്തുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവും വകുപ്പിന് എന്നും മുതൽക്കൂട്ടായിരുന്നു. ഒരു മെന്റർ എന്ന നിലയിൽ അദ്ദേഹം വകുപ്പിനെ അവസാന നിമിഷം വരെയും സഹായിച്ചു വന്നു.
2026 ഏപ്രിൽ 2-ാം തീയതി രാവിലെ അദ്ദേഹം നമ്മെ വിട്ടുപോയത് വലിയൊരു നഷ്ടമാണ്. ഏപ്രിൽ 3-ാം തീയതി രാവിലെ 8 മണിക്ക് വസതിയിൽ സംസ്കാരച്ചടങ്ങുകൾ നടക്കുന്നതും, 10 മണിക്ക് തൈക്കാട് ശാന്തി കാവടത്തിൽ ദഹനകർമ്മം നടത്തുന്നതുമാണ്.
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും നമ്മുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു.
------------------------------------------------
ഹാർബർ എഞ്ചിനീയറിംഗ് റിക്രിയേഷൻ ക്ലബ്ബ്