21/08/2022
https://m.facebook.com/story.php?story_fbid=612236203625539&id=100045174935933
കുറേ വർഷങ്ങൾക്ക് മുമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി പ്രവർത്തിക്കുന്ന കാലത്താണ് മലബാർ മേഖലയിൽ നിന്നുള്ള ഒരു കുടുംബം ആ ജില്ലയിലെ ഒരു തദ്ദേശസ്ഥാപന അധ്യക്ഷന്റെ കത്തുമായി എന്നെ കാണാൻ വന്നത്. ആ കുടുംബത്തിലെ കുഞ്ഞിന്റെ ചികിൽസക്കായി കുറച്ചുനാൾ തിരുവനന്തപുരത്ത് താമസിക്കണം അവർക്ക്. നിർധന കുടുംബമാണ്. കൂലിപ്പണിക്കാരായ അച്ഛനമ്മമാർ. മകളുടെ രോഗം കൊണ്ട് തന്നെ വല്ലാതെ തകർന്ന അവർക്ക് ചികിൽസക്കായി ഇവിടെ വന്ന് താമസിക്കുമ്പോഴുള്ള കനത്ത ചെലവ് വല്ലാതെ ആശങ്കപ്പെടുത്തിയിരുന്നു. നാട്ടുകാരായ സുമനസുകളുടെ സഹായമൊക്കെ സ്വരൂപിച്ചാണ് അവർ എത്തിയിട്ടുള്ളത്. ചെലവ് കുറഞ്ഞ ഒരു താമസൗകര്യം ഒരുക്കണമെന്നായിരുന്നു എനിക്കുള്ള കത്തിലെ ആവശ്യം. ആ പ്രദേശത്തെ സഖാക്കളോട് ബന്ധപ്പെട്ട് അൽപം പ്രയാസപ്പെട്ടാണെങ്കിലും ഒരു സൗകര്യം ആ കുടുംബത്തിന് ചെയ്യാൻ കഴിഞ്ഞു. സമാനമായ അനുഭവം എനിക്ക് മാത്രമല്ല ഉണ്ടായിട്ടുണ്ടാവുക. തലസ്ഥാനത്തെ മിക്ക പൊതുപ്രവർത്തകരും ഇങ്ങനെയൊരു ആവശ്യവുമായി ഒരിക്കലെങ്കിലും ബന്ധപ്പെടേണ്ടി വന്നിട്ടുണ്ടാകും. ഇത്തരത്തിൽ വരുന്ന നിർധനരെ എങ്ങനെ നമുക്ക് സഹായിക്കാൻ കഴിയും എന്ന് ആ കാലം മുതൽ സജീവമായി ചിന്തകളിലുണ്ട്.
ഇത്തരം അനുഭവങ്ങൾ ഏറെ ഉണ്ടായതിനാലാണ് പൊതുജീവിതത്തിലെ ഏറ്റവും സാർത്ഥകമായ ദിവസങ്ങളിലൊന്നായി കഴിഞ്ഞദിവസം മാറുന്നത്. കേരളത്തിന്റെ ഹൃദയം കവർന്ന മനുഷ്യസ്നേഹിയായ കമ്യൂണിസ്റ്റ് സ : ഇ കെ നായനാരുടെ സ്മരണാർത്ഥം പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനമാണ് ഇന്നലെ നടന്നത്. കേവലം 10 വർഷം കൊണ്ട് ജില്ലയുടെയും സംസ്ഥാനത്തിന്റെയും അകത്ത് നിന്നും പുറത്ത് നിന്നുമുള്ള പതിനായിരക്കണക്കിന് മനുഷ്യരുടെ സാന്ത്വനകേന്ദ്രമായി മാറാൻ ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. ആ സ്ഥാപനം ഏറ്റെടുത്തുവരുന്ന പ്രവർത്തനങ്ങൾ മാനുഷികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ്. പൊതുപ്രവർത്തനത്തിന്റെ തിരക്കുകൾക്കിടയിൽ ട്രസ്റ്റിന്റെ ഓഫീസിൽ സമയം ചിലവിടാറുണ്ട്. അവിടെ എത്തുന്നവരോട് സംസാരിക്കുകയും സഹകരിക്കുകയും ചെയ്യുമ്പോഴാണ് നമ്മൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഒന്നുമല്ല എന്ന ബോധ്യം വരിക. ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ സംഘടപ്പിക്കുമ്പോൾ ഒരു പുതിയ ഊർജ്ജം വന്ന് നിറയുന്നതായി പലപ്പോഴും അനുഭവപെട്ടിട്ടുണ്ട്.
2012 ഡിസംബര്‍ 21നായിരുന്നു ജില്ല കേന്ദ്രീകരിച്ച് സാന്ത്വനപരിപാലന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ലക്ഷ്യമിട്ട് ഇ.കെ.നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തത്. 2015 സെപ്റ്റംബര്‍ 16 ന് ട്രസ്റ്റിന്‍റെ കീഴില്‍ ആംബുലന്‍സ് ആന്‍റ് മോര്‍ച്ചറി സര്‍വ്വീസ് അന്നത്തെ പാര്‍ടി സംസ്ഥാന സെക്രട്ടറി ആയിരുന്ന സ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ആര്‍.സി.സി, ശ്രീചിത്ര തുടങ്ങിയ ആശുപത്രികളില്‍ എത്തുന്ന പാവപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വളരെ കുറഞ്ഞ ചിലവില്‍ താമസസൗകര്യം ഒരുക്കുന്നതിന് ഒരു വിശ്രമകേന്ദ്രം ഉള്ളൂര്‍ കോര്‍പ്പറേഷന്‍ ഗസ്റ്റ് ഹൗസില്‍ ആരംഭിച്ചു. 2016 ഡിസംബര്‍ 12 ന് പാര്‍ടി സംസ്ഥാന സെക്രട്ടറി സ.കോടിയേരി ബാലകൃഷ്ണനാണ് അതിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചത്. അഞ്ച് വർഷങ്ങൾക്കിപ്പുറം 2021 ഡിസംബര്‍ 21ന് ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ ആസ്ഥാനമന്ദിരത്തിനും വിശ്രമകേന്ദ്രത്തിനും ബഹു. മുഖ്യമന്ത്രി സ.പിണറായി വിജയന്‍ ശിലാസ്ഥാപനം നടത്തി. കേവലം എട്ട് മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞദിവസം പുതിയ മന്ദിരം ബഹു. മുഖ്യമന്ത്രി തന്നെ നാടിന് സമർപ്പിച്ചു.
രണ്ടായിരത്തോളം കിടപ്പുരോഗികളെ സന്ദര്‍ശിച്ച് പരിചരണം നടത്തുന്ന സാന്ത്വന സേനയ്ക്ക് ജില്ലയിൽ രൂപം നല്‍കി പരിശീലിപ്പിച്ച് പ്രവര്‍ത്തനം നേരത്തെ ആരംഭിച്ചിരുന്നു. എന്നാൽ, കൊറോണയുടെ ഘട്ടത്തില്‍ ഈ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കേണ്ടി വന്നു. ഇന്നലെ സാന്ത്വനസേന പ്രവര്‍ത്തനങ്ങളുടെ വിപുലമായ പ്രവർത്തനങ്ങളുടെ ആരംഭം കുറിക്കൽ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി സ: കോടിയേരി ബാലകൃഷ്‌ണൻ നിർവ്വഹിയ്ക്കുകയുണ്ടായി. കോവിഡ് കാലത്ത് രോഗികള്‍ക്ക് സൗജന്യനിരക്കിൽ ആംബുലന്‍സ് സര്‍വ്വീസ് നടത്തുന്നതിനും മരണപ്പെട്ടവരെ സംസ്കരിക്കാനും രോഗികള്‍ക്ക് ആവശ്യമായ സഹായം നല്‍കാനും ട്രസ്റ്റ് വോളന്‍റിയര്‍മാരും ട്രസ്റ്റിന്‍റെ ആംബുലന്‍സ് സര്‍വ്വീസും പ്രയോജനപ്പെടുത്തിയിരുന്നു. ട്രസ്റ്റ് ആസ്ഥാന മന്ദിരത്തില്‍ സൗജന്യഭക്ഷണവും ഭക്ഷണപ്പൊതികളുടെ വിതരണവും ആ ഘട്ടത്തില്‍ നടത്തിയിരുന്നു. മഹാമാരിയുടെ പിടിയിൽ പെട്ട് നമ്മുടെ നാട് കടുത്ത പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയപ്പോൾ ജനങ്ങൾക്ക് ആശ്വാസം പകരുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ട്രസ്റ്റിനായി എന്നതിൽ നിറഞ്ഞ ചാരിതാർത്ഥ്യമാണുള്ളത്.
ശ്രീചിത്ര മെഡിക്കൽ സെന്‍ററിന്റെ പിറകിലായാണ് പുതിയ വിശ്രമകേന്ദ്രം. 32 രോഗികൾക്കും കൂട്ടിരിപ്പുകാര്‍ക്കും താമസിക്കാൻ കഴിയുന്ന മുറികൾ, 70 പേർക്ക് സൗകര്യപ്രദമായ ഡോർമിറ്ററികൾ, ഒരേസമയം 40 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനാകുന്ന വിശാലമായ ഭക്ഷണ ഹാൾ, പാചകമുറി, ലിഫ്റ്റ് എന്നിവ വിശ്രമകേന്ദ്രത്തിലുണ്ട്. ഇതു കൂടാതെ സ്ത്രീകൾക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ശുചിമുറികളോട് കൂടി നാലാംനിലയിൽ ഒരു ഡോര്‍മിറ്ററിയും സജ്ജമാക്കിയിട്ടുണ്ട്. പുതിയ വിശ്രമമന്ദിരത്തിന് രോഗികളില്‍ നിന്ന് വാടക വാങ്ങാതെ ചെറിയ സര്‍വ്വീസ് ചാര്‍ജ് മാത്രം ഈടാക്കി പ്രവര്‍ത്തിക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
മറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച് നായനാർ ട്രസ്റ്റിന്റെ പ്രത്യേകത താമസത്തിന് പുറമേ അവർക്ക് ഭക്ഷണവും നൽകുന്നു എന്നതാണ്. ഒരു ദിവസം ഇരുന്നൂറോളം പേർക്ക് 3 നേരം സൗജന്യ ഭക്ഷണം നല്കി വരുന്നുണ്ട്. ഇത് വരെ ആയിരക്കണക്കിന് പേരാണ് ട്രസ്റ്റിന്റെ താമസ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുള്ളത്.
ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാകുമ്പോൾ ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ലഭിക്കുന്ന സംതൃപ്തി വാക്കുകളിൽ ഒതുക്കാൻ സാധിക്കാത്തതാണ്. ജില്ലയിലെ ഓരോ പാർട്ടിഘടകങ്ങൾക്കും ഈ സംതൃപ്തി ഉണ്ടാകും. ജില്ലയിലെ ഓരോ പാർട്ടി ബ്രാഞ്ചുകളും പതിനായിരം രൂപയുടെ ഡോണർ കാർഡുകൾ നൽകാൻ തയ്യാറായാണ് ട്രസ്റ്റിന്റെ ഈ മുന്നേറ്റം സാധ്യമായത്. വിശ്രമകേന്ദ്രത്തിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ സഹായകമായത് ജില്ലയിലെ ഓരോ പാർട്ടിയംഗങ്ങളുടെയും ഈ ആത്മാർത്ഥത ഒന്നുകൊണ്ടു മാത്രമാണ്. ട്രസ്റ്റിന്റെ ഓരോ ദിവസത്തെ പ്രവർത്തനങ്ങളിലും ഈ ബഹുജനപിന്തുണ ദൃശ്യമാണ്. ജില്ലയിലെ പല കുടുംബങ്ങളിലെ പിറന്നാൾ ആഘോഷങ്ങളും വിശേഷാവസരങ്ങളുമൊക്കെ ട്രസ്റ്റിന്റെ പ്രവർത്തനത്തിന്റെ മാധുര്യം കൂടി ചേർന്നതാണ്. വീട്ടിലെ വിശേഷാവസരങ്ങളിൽ ഒരു തുക ട്രസ്റ്റിന്റെ ദൈനംദിന പ്രവർത്തനത്തിനായി നീക്കി വെക്കുന്നവർ നിരവധിയാണ്.
കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ക്കായി സുമനസ്സുകളായ ജനങ്ങളുടെ സഹായങ്ങളായിരുന്നു ഞങ്ങളുടെ മുതല്‍ക്കൂട്ട്. ജില്ലയിലെ പാർട്ടി സഖാക്കളും മനുഷ്യസ്നേഹികളും നൽകിയ പിന്തുണ വാക്കുകളിൽ പറയാനാകാത്ത വിധം മഹത്തരമായതാണ്. സ്വന്തം വരുമാനത്തിന്റെ ഒരു പങ്ക് ഇതിനായി മാറ്റിവച്ചും ജീവിതത്തിരക്കുകൾക്കിടയിൽ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തിയും നിങ്ങൾ നൽകിയ പിന്തുണ മാതൃകാപരമാണ്. സാന്ത്വനപരിചരണരംഗത്ത് വിപുലമായ പരിപാടികളുമായി ഞങ്ങള്‍ മുന്നോട്ടുപോകുമ്പോള്‍ പാര്‍ടിഘടങ്ങളുടെയും ബഹുജനസംഘടനകളുടെയും നല്ലവരായ പൊതുജനങ്ങളുടെയും സഹായസഹകരണങ്ങള്‍ തുടര്‍ന്നും ഉണ്ടാകുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കുറപ്പുണ്ട്.ഈ സംരംഭത്തെ സഹായിച്ചവരും ഞങ്ങളോട് സഹകരിച്ചവരുമായ എല്ലാ നല്ല മനുഷ്യർക്കും ഈ അവസരത്തിൽ ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന് വേണ്ടി ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു.
ആനാവൂർ നാഗപ്പൻ
മാനേജിങ് ട്രസ്റ്റി
ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റ്