26/03/2026
വിദ്വേഷ - വിഭജന രാഷ്ട്രീയത്തിനെതിരെ "സഹവര്‍ത്തിത്വ സത്യഗ്രഹം"
2026 മാര്‍ച്ച് 29 ഞായര്‍, വൈകു. 3 മുതല്‍ 6 വരെ | ഗുരുവായൂര്‍ പടിഞ്ഞാറേ നട, പി. കൃഷ്ണപ്പിള്ള സ്‌ക്വയര്‍
പ്രിയരേ,
സംഘപരിവാര്‍ അതിന്റെ വിദ്വേഷ- വിഭജന രാഷ്ട്രീയവുമായി കേരളത്തിന്റെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയിരിക്കുകയാണ്. മറ്റെല്ലായിടങ്ങളിലുമെന്നപോലെ വര്‍ഗ്ഗീയ വിഷം വമിക്കുന്ന പ്രസ്താവനകള്‍ തന്നെയാണ് അവര്‍ ഇവിടെയും പ്രയോഗിക്കുന്നത്.
ഏറ്റവും ഒടുവില്‍ ഗുരുവായൂര്‍ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും സംസ്ഥാന നേതാവുമായ ബി ഗോപാലകൃഷ്ണന്‍, 'പുണ്യ നഗരിയായ ഗുരുവായൂരില്‍ നിന്നും ഇതുവരെ ഒരു ഹിന്ദു എംഎല്‍എ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല' എന്ന പ്രസ്താവനയുമായിട്ടാണ് രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ തികഞ്ഞ ലംഘനവും, കേരളത്തിന്റെ സാമൂഹിക സഹവര്‍ത്തിത്വത്തിന് വിഘാതവുമായ പ്രസ്താവനയാണ് ഇതെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.
ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ് (1931)ല്‍ ജാതി മത ഭേദമെന്യേ എല്ലാവര്‍ക്കും ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് കെ.കേളപ്പന്റെയും ഏകെജിയുടെയും കൃഷ്ണപ്പിള്ളയുടെയും കെ.മാധവന്‍ നായരുടെയും സുബ്രഹ്‌മണ്യന്‍ തിരുമുമ്പിന്റെയും നേതൃത്വത്തില്‍ സത്യഗ്രഹം നടന്ന മണ്ണാണ് ഗുരുവായൂരിന്റേത്. 1936ലെ ക്ഷേത്ര പ്രവേശന വിളംബരത്തിന് അടിത്തറയിട്ട ഈ സത്യഹ്രത്തിന്റെ രാഷ്ട്രീയ പ്രാധാന്യമെന്തെന്ന് പോലും തിരിച്ചറിയാന്‍ ബിജെപി നേതൃത്വത്തിനോ അതിന്റെ നേതാവായ ബി ഗോപാലകൃഷ്ണനോ സാധിക്കില്ല.
ബിജെപി നേതാവിന്റെ പ്രസ്താവന കേവലമായ അജ്ഞതയില്‍ നിന്നോ, വ്യക്തിപരമായ ധാര്‍ഷ്ട്യത്തില്‍ നിന്നോ ഉണ്ടായതല്ലെന്ന വസ്തുത നാം മനസ്സിലാക്കേണ്ടതുണ്ട്. സംഘപരിവാര്‍ പ്രത്യയശാസ്ത്രം മുന്നോട്ടുവെക്കുന്ന സവര്‍ണ്ണ ബ്രാഹ്‌മണ്യ മൂല്യബോധം തന്നെയാണ് അത്തരമൊരു പ്രസ്താവനയ്ക്ക് ആധാരം. ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ട് സംസ്ഥാന അധ്യക്ഷന്‍ തന്നെ മുന്നോട്ടുവന്നതും ഇതിന് ഉദാഹരണമാണ്. അതുകൊണ്ടുതന്നെ, ബിജെപി നേതാവിന്റെ വിലകുറഞ്ഞ ഈ പ്രസ്താവനയ്‌ക്കെതിരെ കൂടുതല്‍ ശക്തമായ പ്രതികരണം ഉണ്ടാകേണ്ടത് പ്രധാനമാണ്.
നാനാജാതി മതസ്ഥര്‍ ഒരുമയിലും സഹവര്‍ത്തിത്വത്തിലൂം ജീവിക്കുന്ന മലയാള മണ്ണില്‍ വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം വളരാന്‍ അനുവദിക്കുകയില്ലെന്ന് നമ്മള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.
ഈയൊരു പശ്ചാത്തലത്തിലാണ്, അയിത്തങ്ങള്‍ക്കും അനാചരങ്ങള്‍ക്കും എതിരായി നടത്ത പ്രഖ്യാതമായ ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ മണ്ണില്‍ വീണ്ടുമൊരു സഹവര്‍ത്തിത്വ സത്യഗ്രഹം നടത്താന്‍ വേക് കേരളം തീരുമാനിച്ചിരിക്കുന്നത്.
2026 മാര്‍ച്ച് 29ന് ഞായറാഴ്ച വൈകുന്നേരം 3 മണി മുതല്‍ 6 മണി വരെ, ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ (പി.കൃഷ്ണപിള്ള സ്‌ക്വയര്‍) നടക്കുന്ന സത്യഗ്രഹത്തില്‍ പ്രൊഫ. കെ. സച്ചിദാനന്ദന്‍ (കവി), പ്രൊഫ. സാറാ ജോസഫ് (എഴുത്തുകാരി), ഡോ. ഖദീജ മുംതാസ് (എഴുത്തുകാരി), കമല്‍ (സിനിമാ സംവിധായകന്‍), പ്രൊഫ. കെ.പി.ശങ്കരന്‍ (ഗാന്ധിയന്‍ സോഷ്യലിസ്റ്റ്, എഴുത്തുകാരന്‍), ഡോ. കെ.പി.കലാധരന്‍ (സീനിയര്‍ സയന്റിസ്റ്റ്), കെ. അംബുജാക്ഷന്‍ (സാമൂഹ്യ ചിന്തകന്‍), എന്‍. മാധവന്‍ കുട്ടി (സീനിയര്‍ ജേര്‍ണലിസ്റ്റ്), സി.ആര്‍.നീലകണ്ഠന്‍ (പരിസ്ഥിതി പ്രവര്‍ത്തകന്‍), പ്രൊഫ. കുസുമം ജോസഫ് (ആക്ടിവിസ്റ്റ്), പ്രൊഫ. സൂസന്‍ ജോണ്‍ (പീസ് ആക്ടിവിസ്റ്റ്), ഷീല ടോമി (നോവലിസ്റ്റ്) തുടങ്ങി നിരവധി പേര്‍ പങ്കാളിയാകുന്നു.
സംഘപരിവാറിന്റെ വിഭജ-വിദ്വേഷ രാഷ്ട്രീയത്തിനെതിരായ ശക്തമായ താക്കീതായി ഈ പരിപാടിയെ മാറ്റിത്തീര്‍ക്കുവാന്‍ മുഴുവന്‍ ജനങ്ങളുടെയും സഹകരണം ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
(2026 മാര്‍ച്ച് 29ന് വേക് അപ് കേരളം പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ തൃശൂര്‍ നഗരത്തില്‍ നടത്താനിരുന്ന ഭരണഘടനാ ഉത്സവം, ഇതേ ദിവസം, ഇതേ സ്ഥലത്ത് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടി നടക്കുന്നതിനാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി അറിയിക്കുന്നു.)
സസ്‌നേഹം,
കെ സച്ചിദാനന്ദൻ
ചെയർപേഴ്സൻ
ശരത് ചേലൂർ
ജനറല്‍ കണ്‍വീനര്‍
വേക് അപ് കേരളം പ്രസ്ഥാനം
9809477058 | 9895207847