FASA Foundation

FASA Foundation the human life matters

നാളെയാണ്..ഫാത്തിമ സാജിദ സ്മാരക അനുകമ്പ പുരസ്കാര സമർപ്പണം ഡിസംബർ 20 ശനിയാഴ്ച താമരശ്ശേരി വ്യാപാരഭവനിൽ.യുദ്ധക്കെടുതി അനുഭവി...
19/12/2025

നാളെയാണ്..

ഫാത്തിമ സാജിദ സ്മാരക അനുകമ്പ പുരസ്കാര സമർപ്പണം ഡിസംബർ 20 ശനിയാഴ്ച താമരശ്ശേരി വ്യാപാരഭവനിൽ.

യുദ്ധക്കെടുതി അനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും എത്തിച്ചതിലൂടെ ശ്രദ്ധേയയായ ശ്രീ രശ്മി ഉദയകുമാറാണ് സംസ്ഥാനത്തെ മികച്ച സന്നദ്ധ പ്രവർത്തകക്ക് ഫാസ ഫൗണ്ടേഷൻ നൽകിവരുന്ന അവാർഡിന് ഈ വർഷം തെരെഞ്ഞെടുക്കപ്പെട്ടത്.


രാവിലെ പതിനൊന്ന് നടക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ കെപി രാമനുണ്ണി പുരസ്കാരം സമർപ്പിക്കും, ശ്രീ രശ്മി ഉദയകുമാർ ഏറ്റ് വാങ്ങും.
50,000 രൂപയും ഫലകവുമാണ് അവാർഡ്. ചെറുപ്പം മുതൽ ജീവ കാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന ശ്രീ രശ്മി മാതൃകാ പരമായ നിരവധി പ്രവർത്തനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്.

സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊതുംകടവിൽ ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

പ്രിയപ്പെട്ടവരെയെല്ലാം സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

-ആബിദ് അടിവാരം
ചെയർമാൻ
ഫാസ ഫൗണ്ടേഷൻ.

ഫാസയിൽ കൗൺസിലിംഗ് തുടങ്ങിയ കാര്യം പറഞ്ഞിരുന്നല്ലോ…ഓരോ ദിവസവും വരുന്ന കോളുകളിൽ അടിയന്തിര പരിഗണന അർഹിക്കുന്ന ഒരു വിഷയം വിദ...
16/12/2025

ഫാസയിൽ കൗൺസിലിംഗ് തുടങ്ങിയ കാര്യം പറഞ്ഞിരുന്നല്ലോ…

ഓരോ ദിവസവും വരുന്ന കോളുകളിൽ അടിയന്തിര പരിഗണന അർഹിക്കുന്ന ഒരു വിഷയം വിദ്യാർത്ഥികളുടെ പരീക്ഷപ്പേടിയാണ്. നിരവധി രക്ഷിതാക്കളും വിദ്യാർത്ഥികളുമാണ് ഇക്കാര്യം പറയാൻ വിളിച്ചത്.

പരീക്ഷ വരുമ്പോൾ ആധികയറുക, തലവേദനയും ക്ഷീണവും വരിക. നന്നായി പഠിച്ചാലും എഴുതാൻ കഴിയാതിരിക്കുക, എല്ലാ വിഷയങ്ങളും നന്നായി പഠിക്കുന്ന കുട്ടികൾക്ക് ഒരു വിഷയത്തിൽ മാത്രം സ്ഥിരമായി മാർക്ക് കുറയുക…. പരീക്ഷാ കാലത്ത് കുട്ടികൾ ആകെ താറുമാറാകുന്ന അവസ്ഥ.

ഈ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഒരു ക്യാംപ് നടത്തുന്നുണ്ട്. താമരശ്ശേരി വ്യാപാരഭവനിൽ ഡിസംബർ 20 ശനിയാഴ്ച രാവിലെ 9.30 മുതൽ മുതൽ ഒരു മണിവരെയാണ് ക്യാമ്പ്. 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. അധ്യാപകർക്കും വിദ്യാർത്ഥികളും സ്കൂളികളിൽ ജോലി ചെയ്യുന്ന കൗൺസിലർമാർക്കും പങ്കെടുക്കാം.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ‘918157904747’ എന്ന വാട്സപ്പ് നമ്പറിൽ പേരും വയസ്സും മെസ്സേജ് ചെയ്താൽ മതി.

ഓർക്കുക, പരീക്ഷക്കാലമാണ്. പരീക്ഷക്ക് ഇടയിൽ തന്നെ ഈ ക്യാംപ് നടത്താൻ കാരണം ഈ സമയത്താണ് പരീക്ഷ സംബന്ധമായ ബുദ്ധിമുട്ടുകൾ കണ്ടെത്താനും പരിഹരിക്കാനും കഴിയുകയുള്ളൂ എന്നത് കൊണ്ടാണ്. പ്രഗൽഭരായ തെറാപ്പിസ്റ്റുകൾ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.

-ആബിദ് അടിവാരം

*ഫാത്തിമ സാജിദ സ്മാരക അനുകമ്പ പുരസ്‌കാരം ശ്രീരശ്മി ഉദയകുമാറിന്*50,000 രൂപയും ഫലകവുമാണ് അവാര്‍ഡ്കോഴിക്കോട്: സാമൂഹ്യ സേവന ...
05/12/2025

*ഫാത്തിമ സാജിദ സ്മാരക അനുകമ്പ പുരസ്‌കാരം ശ്രീരശ്മി ഉദയകുമാറിന്*

50,000 രൂപയും ഫലകവുമാണ് അവാര്‍ഡ്

കോഴിക്കോട്: സാമൂഹ്യ സേവന രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഫാസ ഫൗണ്ടേഷന്‍(FASA) നല്‍കി വരുന്ന ഫാത്തിമ സാജിദ അനുകമ്പ പുരസ്‌കാരം 2025 ശ്രീരശ്മി ഉദയകുമാറിന്. ഗസയിലെ യുദ്ധക്കെടുതി അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വെള്ളവും ഭക്ഷണവും എത്തിച്ച ശ്രീരശ്മിയുടെ പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. 50,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. ഡിസംബര്‍ അവസാനവാരം താമരശ്ശേരിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും. 2022 ആഗസ്റ്റ് 19ന് കോഴിക്കോട് താമരശ്ശേരിയില്‍ വെച്ച് വാഹനാപകടത്തില്‍ മരണപ്പെട്ട, ചുങ്കം നൂര്‍മഹലില്‍ ആബിദ് അടിവാരത്തിന്റെ ഭാര്യ ഫാത്തിമ സാജിദയുടെ സ്മരണാര്‍ത്ഥമാണ് പുരസ്‌കാരം. ഫാത്തിമ സാജിദയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഇന്ന് കാരുണ്യ തീരം കാമ്പസ്സില്‍ നടന്ന ചടങ്ങില്‍ ഫാസ ഫൗണ്ടേഷന്‍ രക്ഷാധികാരി അറഫ ഹുസൈന്‍ കുട്ടി ഹാജിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ചെറുപ്പകാലം മുതല്‍ സേവന രംഗത്തേക്ക് കടന്നു വരികയും കൂട്ട് എന്ന കൂട്ടായ്മയിലൂടെ അശരണരെ തേടിയെത്തുകയും ചെയ്യുന്ന ശ്രീരശ്മി 2018 ലെ പ്രളയം, വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളില്‍ കൈത്താങ്ങായി ദുരിതബാധിതര്‍ക്കൊപ്പമുണ്ടായിരുന്നു. ഗസയിലെ കുഞ്ഞുങ്ങള്‍ക്ക് വെള്ളവും ഭക്ഷണവും എത്തിച്ച ശ്രീരശ്മിയുടെ പ്രവര്‍ത്തനങ്ങള്‍ സമീപകാലത്ത് അന്താരാഷ്ട്ര തലത്തില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
കായം കുളം സ്വദേശിനിയായ ശ്രീരശ്മി കൊച്ചി കേന്ദ്രീകരിച്ചാണ് 'കൂട്ട്' എന്ന കമ്മ്യൂണിറ്റി ഇനിഷ്യേറ്റീവിന് നേതൃത്വം നല്‍കുന്നത്.

ഫാത്തിമ സാജിദ സ്മാരക അനുകമ്പ പുരസ്കാരത്തിനുള്ള എൻട്രികൾ ക്ഷണിക്കുന്നു. ദുരന്ത ബാധിത മേഖലകളിലും, ജീവ കാരുണ്യ മേഖലകളിലും സ...
25/11/2025

ഫാത്തിമ സാജിദ സ്മാരക അനുകമ്പ പുരസ്കാരത്തിനുള്ള എൻട്രികൾ ക്ഷണിക്കുന്നു.

ദുരന്ത ബാധിത മേഖലകളിലും, ജീവ കാരുണ്യ മേഖലകളിലും സന്നദ്ധ സേവനം നടത്തുന്ന പുരുഷന്മാർക്ക് പല വിധത്തിലുള്ള അംഗീകാരങ്ങളും ലഭിക്കാറുണ്ട് എന്നാൽ പുരുഷന്മാരോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്ന സ്ത്രീകളെ സമൂഹം വേണ്ട വിധത്തിൽ പരിഗണിക്കാറില്ല . ഈ സാഹചര്യത്തിലാണ് ഓരോ വർഷവും സംസ്ഥാനത്തെ മികച്ച സന്നദ്ധ പ്രവർത്തകയെ കണ്ടെത്തി, മരിക്കുവോളം ചുറ്റുമുള്ളവർക്ക് അനുകമ്പയുടെ സന്ദേശം കൈമാറിയിരുന്ന ഫാത്തിമ സാജിദയുടെ പേരിലുള്ള പുരസ്കാരം നൽകി ആദരിക്കാൻ ഫാസ ഫൗണ്ടേഷൻ തീരുമാനിച്ചത്.

പുരസ്കാരത്തിന് പരിഗണിക്കാവുന്നവരെ നിർദ്ദേശിക്കാം,
വാട്സാപ്പ് : 8157904747

ചെയർമാൻ
ഫാസ ഫൗണ്ടേഷൻ.

പ്രിയപ്പെട്ടവരേ...ചില കാര്യങ്ങൾക്ക് ഇറങ്ങി പുറപ്പെട്ട് കഴിഞ്ഞാലാണല്ലോ അതിന്റെ സങ്കീർണ്ണത മനസ്സിലാവുക. മനഃസംഘർഷം അനുഭവിക്...
21/11/2025

പ്രിയപ്പെട്ടവരേ...

ചില കാര്യങ്ങൾക്ക് ഇറങ്ങി പുറപ്പെട്ട് കഴിഞ്ഞാലാണല്ലോ അതിന്റെ സങ്കീർണ്ണത മനസ്സിലാവുക. മനഃസംഘർഷം അനുഭവിക്കുന്നവർക്ക് മനസ്സ് തുറക്കാൻ ഒരിടം എന്ന നിലക്കാണ് മനഃശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്ന ചില സുഹൃത്തുക്കളുടെ സഹകരണത്തോടെ ഫാസയിൽ കൗൺസിലിംഗിന് സൗകര്യം ഉണ്ടാക്കിയത്. ചുറ്റുപാടുമുള്ള ആളുകളെ മാത്രമായിരുന്നു ലക്ഷ്യം വെച്ചത്. എന്നാൽ ഞങ്ങളെ തേടിയെത്തിയത് കേരളത്തിന് അകത്ത് നിന്നും പുറത്ത് നിന്നുമായി നിരവധി കോളുകളാണ്. കുട്ടികളുടെ പ്രശ്നങ്ങളാണ് കൂടുതലും. സ്ത്രീകൾക്ക് അവരുടെ പ്രശ്നങ്ങൾ പറയാൻ സ്ത്രീകളുണ്ടോ എന്നാണ് ചോദിക്കുന്നത്. മാനസിക സംഘർഷം അനുഭവിക്കുന്ന ബിസിനസ്സുകാരുടെ എണ്ണം നമ്മൾക്ക് ഊഹിക്കാൻ കഴിയുന്നതിലും അധികമാണ്.

ഒരു ദിവസം ശരാശരി 15 പേർ വാഹനാപകടത്തിൽ മരിക്കുന്ന സംസ്ഥാനമാണ് കേരളം, അവരിൽ എൺപത് ശതമാനവും കുടുംബത്തിന്റെ അത്താണികളായ പുരുഷന്മാരാണ്. അസുഖം വന്നോ പ്രായമായോ മരിക്കുന്ന പോലെയല്ല കൂടെയുള്ള ഒരാൾ പൊടുന്നനെ അപ്രത്യക്ഷമാകുമ്പോൾ നിമിഷ നേരം കൊണ്ട് ഇരുട്ടിലേക്ക് വീണ് പോകുന്ന മനുഷ്യർക്ക് സാരമില്ല ദൈവത്തിന്റെ വിധിയാണ് തുടങ്ങിയ പതിവ് ആശ്വാസ വാക്കുകൾക്കപ്പുറം മനസ്സിന് ബലം നൽകേണ്ടതുണ്ട്, കുട്ടികൾക്ക് കൗൺസിലിംഗ് നൽകേണ്ടതുണ്ട്. നേരിട്ട് അനുഭവം വന്നപ്പോൾ മാത്രമാണ് എനിക്ക് ഇക്കാര്യം ബോധ്യമായത്. ഫാസ ഫൗണ്ടേഷന്റെ രൂപീകരണത്തിന് ഒരു പ്രധാന കാരണം ഈ ബോധ്യമാണ്.

കുട്ടികൾക്ക് കൗൺസിലിംഗ് നടത്തുന്നത് അത്ര എളുപ്പമല്ല, എക്സ്പേർട്ടുകൾക്ക് മുമ്പിലെ കുട്ടികളെ ഇരുത്താവൂ അല്ലെങ്കിൽ വിപരീത ഫലമാണ് ഉണ്ടാവുക എന്നറിയാമല്ലോ. പരിമിതമായ തലത്തിലാണ് ഫാസ പ്രവർത്തിക്കുന്നത്. ഫാസയിൽ സ്ഥിരമായി ഒരു ലേഡി കൗൺസിലർ ഉണ്ടാകും. എക്സ്പേർട്ടുകളുടെയും വളണ്ടിയർമാരുടെയും ലിസ്റ്റുണ്ട്, ആവശ്യക്കാർക്ക് അവരെ കണക്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്.

ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ സഹകരിച്ചു പ്രവർത്തിച്ചാൽ മരണ വാർത്ത കേൾക്കുമ്പോൾ അയ്യോ നമ്മളോടൊരു വാക്ക് പറഞ്ഞില്ലല്ലോ എന്ന വിലാപം ഒരു പരിധിവരെ ഒഴിവാക്കാം, നമ്മളൊന്ന് താങ്ങി കൊടുത്താൽ മുന്നോട്ട് പോകാൻ കഴിയുന്ന ജീവിതങ്ങൾ നമുക്ക് ചുറ്റും ഒരുപാടുണ്ട്. ഓരോരുത്തരും അതാത് പ്രദേശത്ത്
ശ്രദ്ധ ചെലുത്തിയാൽ ഒരുപാട് പേർക്ക് ഉപകാരപ്പെടും.

സുമനസ്സുകളുടെ സഹകരണം പ്രതീക്ഷിക്കുന്നു.

ആബിദ് അടിവാരം

(ചെയർമാൻ
ഫാസ ഫൗണ്ടേഷൻ)

23/12/2024

പ്രിയപ്പെട്ടവരേ...

ചുറ്റും ദുരന്തം പതിയിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്, പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ കണക്ക് കൂട്ടലുകൾക്ക് അപ്പുറമാണ്, മനുഷ്യന്റെ കൈകടത്തലുകൾ കൊണ്ടുണ്ടാകുന്ന ദുരന്തങ്ങൾ വേറെയും. നമ്മുടെ കൂടെ ജീവിച്ചു വന്ന മനുഷ്യർ പ്രകൃതി ദുരന്തങ്ങളിലും അപകടങ്ങളിലും മരണപ്പെട്ടു പോകുമ്പോൾ എല്ലാം വിധിക്ക് സമർപ്പിക്കുകയാണ് നാം.

അത് മതിയോ? റോഡപകടങ്ങൾ ഉൾപ്പടെയുള്ള ഒഴിവാക്കാൻ കഴിയുന്ന ദുരന്തങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമവും, വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പോലെ നമുക്ക് നിയന്ത്രിക്കാൻ കഴിയാത്ത ദുരന്തങ്ങളിൽ അകപ്പെട്ടു പോകുന്നവരെ രക്ഷിക്കാനുമുള്ള ശ്രമവും നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്. ആഗോള താപനവും സമുദ്രങ്ങളിലെ ജല നിരപ്പ് ഉയരുന്നതുമൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല, പക്ഷെ അത് കൊണ്ടുണ്ടാകുന്ന ദുരന്തങ്ങൾ നമ്മെ തേടി വരുമെന്നുറപ്പാണ്, കഴിഞ്ഞ കുറെ വർഷങ്ങളായി ഏറ്റവും സുരക്ഷിതം എന്ന് കരുതി നമ്മൾ ജീവിച്ചു വന്ന കേരളത്തിൽ പോലും പ്രകൃതി താണ്ഡവമാടുകയാണ്.

സർക്കാരുകൾ അവർക്കാവും വിധം ഇടപെടുന്നുണ്ട്, മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. ഫയർ ഫോഴ്സ്, NDRF, മിലിട്ടറി, എല്ലാ സംവിധാനങ്ങളും നമുക്കുണ്ട്. പക്ഷെ അത് പോര, പരിശീലനം ലഭിച്ച വളണ്ടിയർമാരുടെ ആവശ്യമുണ്ട് എന്ന് ഓരോ ദുരന്തവും നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. വയനാട് മുണ്ടക്കൈ ദുരന്തത്തിൽ നമ്മളത് നേരിട്ട് കണ്ടതാണ്, പ്രളയകാലത്ത് സന്നദ്ധ പ്രവർത്തകരുടെ സാനിധ്യം എത്രമാത്രം അത്യാവശ്യമാണെന്ന് നാം നേരിട്ട് അറിഞ്ഞതാണ്. ഓടിയെത്താനും സഹായിക്കാനും മനസ്സുള്ളവർ നമുക്കിടയിൽ ധാരാളമുണ്ട്, അവർക്ക് ആവശ്യമായ പരിശീലനവും കൂടി കൊടുത്താൽ നാടിന് മുതൽ കൂട്ടാകും.

ഏത് ദുരന്തമുഖത്തും ഓടിയെത്തി രക്ഷാ പ്രവർത്തനം നടത്താൻ കഴിയുന്ന വളണ്ടിയർമാരെ ഓരോ പ്രദേശങ്ങളിലും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാസ ഫൗണ്ടേഷൻ ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ കീഴിലുള്ള ഡിസാസ്റ്റർ മാനേജ്‌മെന്റ് ആൻഡ് അഡ്വെഞ്ചർ അക്കാദമിയുമായി ചേർന്ന് യുവതീയുവാക്കൾക്ക് പരിശീലനം നൽകി വരുന്നത്, ഇതിനിടെ പല ബാച്ചുകളിലായി നിരവധി പേർ പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞു.

ഫയർഫോഴ്സ്, NDRF, മിലിറ്ററി, തുടങ്ങിയ സർക്കാർ സംവിധാനങ്ങളിൽ വിരമിച്ചവരും, വിദേശത്തു നിന്നുൾപ്പെടെ വിദഗ്ധ പരിശീലനം ലഭിച്ചവരുമായ ട്രൈനേഴ്‌സിനെ ഉപയോഗപ്പെടുത്തിയാണ് ദുരന്ത നിവാരണ പരിശീലനം നൽകിവരുന്നത്.
വാട്ടർ റെസ്ക്യൂ, ബിൽഡിങ് റെസ്ക്യൂ, ഫയർ റെസ്ക്യൂ, മാൻഹോൾ റെസ്ക്യൂ, റോപ് റെസ്ക്യൂ... തുടങ്ങി നിരവധി വ്യത്യസ്ത രക്ഷാപ്രവർത്തനങ്ങൾ പരിശീലിപ്പിക്കുന്ന ഒരു ട്രെയിനിങ് ക്യാമ്പ് ജനുവരി 10 മുതൽ 13 വരെയുള്ള നാല് ദിവസങ്ങളിലായി കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയിൽ നടക്കുകയാണ്. പരമാവധി 50 പേർക്കാണ് അവസരമുള്ളത്. പത്ത് ദിവസം കൊണ്ട് നടത്തേണ്ട ട്രെയിനിങ് പങ്കെടുക്കുന്നവരുടെ സമയക്കുറവ് പരിഗണിച്ച് നാല് ദിവസം കൊണ്ട് നടത്തുകയാണ്. രാവിലെ 5 മണി മുതൽ രാത്രി 10 മണിവരെ നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയിൽ ഭക്ഷണവും താമസവും ഉണ്ടായിരിക്കും, വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. ഒരാൾക്ക് 2900 രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. പങ്കെടുക്കുന്നവർ താഴെയുള്ള നമ്പറിൽ ബന്ധപ്പെട്ട് രജിസ്‌ട്രേഷൻ എടുക്കണം. നിങ്ങളുടെ പ്രദേശത്ത് നിന്ന് ചിലരെങ്കിലും പരിശീലനം നേടുന്നു എന്ന് ഉറപ്പു വരുത്തിയാൽ അവരെ ഉപയോഗിച്ച് പ്രാദേശീക തലത്തിൽ കൂടുതൽ പേർക്ക് ട്രെയിനിങ് നൽകാം, അതിനുള്ള സഹായങ്ങൾ ഫൗണ്ടേഷൻ ചെയ്യും, പരിശീലനത്തിന് പങ്കെടുക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ പങ്കെടുപ്പിക്കുകയും അവരെ സ്പോൺസർ ചെയ്യുകയും ചെയ്യാം. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്.

ഫാസ ഫൗണ്ടേഷന്റെ നമ്പർ +918157904747.

-ആബിദ് അടിവാരം.

പ്രഥമ 'ഫാത്തിമ സാജിദ സ്മാരക അനുകമ്പ പുരസ്കാരം ' ജമീല പി കെ യ്‌ക്ക് .  ഫാത്തിമ സാജിദയുടെ സ്മരണാർത്ഥം ഫാസ ഫൗണ്ടേഷൻ ( FASA ...
03/12/2024

പ്രഥമ 'ഫാത്തിമ സാജിദ സ്മാരക അനുകമ്പ പുരസ്കാരം ' ജമീല പി കെ യ്‌ക്ക് .

ഫാത്തിമ സാജിദയുടെ സ്മരണാർത്ഥം ഫാസ ഫൗണ്ടേഷൻ ( FASA ) ഈ വർഷം ( 2024 ) മുതൽ ഏർപ്പെടുത്തുന്ന അനുകമ്പ പുരസ്കാരം വയനാട് മേപ്പാടി സ്വദേശിനി പി.കെ ജമീലക്ക് സമർപ്പിക്കും. 50000 രൂപയും ഫലകവുമാണ് പുരസ്‌കാരം ...

ദുരന്ത ബാധിത മേഖലകളിലും, ജീവ കാരുണ്യ മേഖലകളിലും സന്നദ്ധ സേവനം നടത്തുന്ന പുരുഷന്മാർക്ക് പല വിധത്തിലുള്ള അംഗീകാരങ്ങളും ലഭിക്കാറുണ്ട് എന്നാൽ പുരുഷന്മാരോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്ന സ്ത്രീകളെ സമൂഹം വേണ്ട വിധത്തിൽ പരിഗണിക്കാറില്ല . ഈ സാഹചര്യത്തിലാണ് ഓരോ വർഷവും സംസ്ഥാനത്തെ മികച്ച സന്നദ്ധ പ്രവർത്തകയെ കണ്ടെത്തി, മരിക്കുവോളം ചുറ്റുമുള്ളവർക്ക് അനുകമ്പയുടെ രാഷ്ട്രീയ സന്ദേശം കൈമാറിയിരുന്ന ഫാത്തിമ സാജിദയുടെ പേരിലുള്ള പുരസ്കാരം നൽകി ആദരിക്കാൻ ഫാസ ഫൗണ്ടേഷൻ തീരുമാനിച്ചത്. എല്ലാ വർഷവും ഫാത്തിമ സാജിദയുടെ പിറന്നാൾ ദിനമായ ഡിസംബർ നാലിന് അനുകമ്പ പുരസ്‌കാരം സമർപ്പിക്കും .

വയനാട് മുണ്ടക്കൈ മേഖലയിൽ പ്രകൃതി ദുരന്തം നടന്ന ദിവസം മുതൽ ആശ്വാസ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സന്നദ്ധ പ്രവർത്തകയാണ് ജമീല പി കെ . ആദ്യ ദിവസം മുതൽ റെസ്ക്യൂ ഉദ്യോഗസ്ഥരും വളണ്ടിയർമാരും പുറത്തെടുക്കുന്ന സ്ത്രീകളുടെ മൃതശരീരങ്ങൾ വൃത്തിയാക്കി സംസ്കരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നിടത്ത് ജമീലയുടെ നേതൃത്വത്തിൽ സ്ത്രീകളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ഇപ്പോഴും ദുരന്ത ബാധിതർക്കായി ഏർപ്പെടുത്തിയ ദുരിതാശ്വാസ ക്യാമ്പുകളിൽ അവരുടെ സജീവ സാന്നിധ്യമുണ്ട് . 2019 ലെ പുത്തുമല ഉരുൾപൊട്ടൽ ദുരന്തത്തിലും, 2018 ലെ പ്രളയ ദുരന്തത്തിലും സന്നദ്ധ പ്രവർത്തകയായി ജമീല പി കെ ഉണ്ടായിരുന്നു.

അദ്ധ്യാപന രംഗത്ത് 20 വർഷത്തെ പരിചയമുള്ള ജമീല പി കെയുടെ പ്രവർത്തനങ്ങൾ സന്നദ്ധ സേവന മേഖലയിൽ പ്രവർത്തിക്കുന്നവർക്കും സമൂഹത്തിനാകെയും മാതൃകയാണ്.

ഡിസംബർ 4 ന് താമരശ്ശേരി കോളിക്കൽ കാരുണ്യ തീരം കാമ്പസിൽ നടക്കുന്ന പുരസ്കാര സമർപ്പണ പരിപാടിയിൽ വച്ച് പ്രമുഖ ജീവകാരുണ്യ പ്രവർത്തക നർഗീസ് ബീഗം, ജമീല പി കെയ്ക്ക് അനുകമ്പ പുരസ്കാരം സമർപ്പിക്കും. എഴുത്തുകാരനും, ആക്ടിവിസ്റ്റുമായ സുദേഷ് എം രഘു പുരസ്കാര സമർപ്പണ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രമുഖ ഗാന്ധിയനും,മനുഷ്യാവകാശ പ്രവർത്തകനുമായ ജഗദീശൻ കളത്തിൽ മുഖ്യാതിഥിയായിരിക്കും. രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക മേഖലയിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

കോഴിക്കോട് പ്രസ്ക്ലബ്ബിൽ നടന്ന പുരസ്കാര പ്രഖ്യാപനത്തിൽ ഫൗണ്ടേഷൻ ഭാരവാഹികളായ ശ്രീജ നെയ്യാറ്റിൻകര, റഷീദ് പുന്നശ്ശേരി, ഗഫൂർ കർമ, സലാഹുദ്ധീൻ മണപ്പുറത്ത് എന്നിവർ പങ്കെടുത്തു.

സംസ്ഥാനത്തെ ഹയർ സെക്കൻഡറി - കോളേജ് തലത്തിലെ വിദ്യാർത്ഥികൾക്കായി ഫാസ ഫൗണ്ടേഷൻ നടത്തിവരുന്ന ബേസിക് ലൈഫ് സേവിങ് പരിശീലനത്തിന്റെ ഭാഗമായി നടത്തുന്ന ട്രയിനേഴ്സ് ട്രെയിനിങ് അന്ന് രാവിലെ 10 മണി മുതൽ കാരുണ്യ തീരം കാമ്പസിൽ നടക്കും.

01/12/2024

നിങ്ങൾ കുടുംബയോഗങ്ങൾ നടത്താറില്ലേ..?

പൂർവ്വ വിദ്യാർത്ഥികൾ, കുടുംബങ്ങൾ, സുഹൃത്തുക്കൾ… ഒത്തു ചേരുന്നിടത്ത് പാടുകയും പറയുകയും ചെയ്യുന്നതിനിടക്ക് ഒരു തവണ പഠിച്ചാൽ ജീവിത കാലം മുഴുവനും പ്രയോജനപ്പെടുന്ന ഒരു അറിവ് പങ്കുവെക്കാൻ നിങ്ങൾക്ക് സാധിച്ചാലോ? അതും ഒരു ജീവൻ രക്ഷിക്കാൻ പര്യാപ്തമായ അറിവ്.

നമ്മുടെ മുമ്പിൽ ഒരാൾ കുഴഞ്ഞു വീണാൽ, ഒരു അപകടമുണ്ടായാൽ, തീപിടിച്ചാൽ... എന്ത് ചെയ്യണമെന്നറിയാതെ നിലവിളിക്കുന്ന അവസ്ഥയിലല്ലേ നമ്മളുള്ളത്. ബേസിക് ലൈഫ് സേവിങ് സ്കിൽ സ്വായത്തമാക്കിയ ഒരാളാണെങ്കിൽ ബഹളം വെക്കുന്നതിന് പകരം ഓടിച്ചെന്ന് ഇടപെട്ട് ജീവൻ രക്ഷപ്പെടുത്താൻ നമുക്ക് സാധിക്കും. പല രാജ്യങ്ങളിലും BLS പഠനം സ്‌കൂൾ-കോളേജ് സിലബസുകളുടെ ഭാഗമാണ്. നമ്മുടെ നാട്ടിലും അതിനൊക്കെ സംവിധാനം ഉണ്ടെങ്കിലും ആരും പഠിക്കാറില്ല, പഠിപ്പിക്കാറുമില്ല.

സ്‌കൂൾ കോളേജ് തലത്തിലെ NSS വളണ്ടിയർമാർ ഉൾപ്പടെ നിരവധി പേർക്ക് ഫാസ ഫൗണ്ടേഷൻ BLS ട്രെയിനിങ് നൽകിക്കഴിഞ്ഞു, ഡിസംബർ നാലിന് ബുധനാഴ്ച ഫാത്തിമ സാജിദ സ്മാരക അനുകമ്പ പുരസ്‌കാര സമർപ്പണം നടക്കുന്ന ദിവസം BLS പരിശീലനം നൽകാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു ട്രൈനേഴ്‌സ് ട്രെയിനിങ് നടത്തുന്നുണ്ട്. താമരശ്ശേരി കോളിക്കൽ കാരുണ്യതീരം കാമ്പസ്സിൽ വച്ചാണ് പരിശീലനം. രാവിലെ 9 മണി മുതൽ 5 മണി വരെ നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ , നാളെ ഡിസംബർ 2 തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് മുമ്പ് 918157904747 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്ത് രജിസ്റ്റർ ചെയ്യണം. നിലവിൽ 120 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എല്ലാവർക്കുമുള്ള ഭക്ഷണവും പരിശീലകരെയും സൗകര്യപ്പെടുത്തേണ്ടതുള്ളത് കൊണ്ടാണ് രജിസ്‌ട്രേഷൻ രണ്ടു ദിവസം മുമ്പ് അവസാനിപ്പിക്കുന്നത്.

BLS പരിശീലകനാകാൻ വേണ്ടി ഒരു ദിവസം നിങ്ങൾ മാറ്റി വെക്കാൻ സാധിച്ചാൽ, നിങ്ങൾ പങ്കെടുക്കുന്ന കുടുംബ-സൗഹൃദ പരിപാടികളിൽ ഒരു മണിക്കൂർ നേരത്തെ അത്യാവശ്യ പരിശീലനം നൽകാൻ സാധിച്ചാൽ പോലും ജീവിതത്തിൽ ഒരുപാട് പേർക്ക് ഉപകാരപ്പെടും. ഫാസയുടെ പരിപാടിയിലേക്ക് വരാൻ പറ്റിയില്ലെങ്കിൽ മറ്റെവിടെയെങ്കിലും വെച്ച് BLS പരിശീലനം നേടാൻ ശ്രമിക്കണം. ഒരു ജീവൻ രക്ഷപ്പെടുത്താൻ കഴിക്കുന്നതിനേക്കാൾ വലിയ സൽകർമ്മം മറ്റെന്തുണ്ട്!

-ആബിദ് അടിവാരം

ഒരു സുപ്രധാന വിഷയം പങ്കുവെക്കുകയാണ്….കേരളത്തിൽ ദുരന്ത ബാധിത മേഖലകളിലും മനുഷ്യർക്ക് സഹായം ആവശ്യമുള്ള എവിടെയും ഓടിയെത്തുന്...
24/11/2024

ഒരു സുപ്രധാന വിഷയം പങ്കുവെക്കുകയാണ്….

കേരളത്തിൽ ദുരന്ത ബാധിത മേഖലകളിലും മനുഷ്യർക്ക് സഹായം ആവശ്യമുള്ള എവിടെയും ഓടിയെത്തുന്ന നിരവധി മനുഷ്യരുണ്ട്. കയ്യും മെയ്യും മറന്ന് മനുഷ്യന് തുണയാകുന്നവർ, നമ്മുടെ ആശുപത്രികളുടെ പരിസരത്തും അഗതി-അനാഥ മന്ദിരങ്ങളുമായി ബന്ധപ്പെട്ടും ദുരന്ത ബാധിതരാകുന്ന മനുഷ്യരോടൊപ്പവും നാം അവരെ കാണുന്നുണ്ട്, സംഘടനാ ബാനറുകളിൽ പ്രവർത്തിക്കുന്നവരും ഒരു ബാനറുമില്ലാത്തവരുമായ നിരവധി മനുഷ്യർ അവരിലെ പുരുഷന്മാർ പലപ്പോഴും നമ്മുടെ കണ്ണിൽ പെടാറുണ്ട്, അവർക്ക് പ്രോത്സാഹനങ്ങളും അംഗീകാരങ്ങളും ലഭിക്കാറുണ്ട്. എന്നാൽ സ്ത്രീകളോ? അവരെ ആരെങ്കിലും അറിയുന്നുണ്ടോ? ചൂരൽമല ഉരുൾപൊട്ടൽ നേരിട്ടപ്പോൾ ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും പകലന്തിയോളം സജീവമായി പ്രവർത്തിച്ചത് ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് എത്രയെത്ര സ്ത്രീകളാണ്. തിരിച്ചറിയുന്നതും അറിയാത്തതുമായ മയ്യിത്തുകൾ കുളിപ്പിക്കാനും കർമ്മങ്ങൾ ചെയ്യാനും പുരുഷന്മാരെപ്പോലെ സജീവമായി സ്ത്രീകളും പ്രവർത്തിച്ചിരുന്നു, ദുരിതാശ്വാസ ക്യാമ്പുകളിൽ ദുരിത ബാധിതർ ഭക്ഷണം കഴിച്ചു എന്നുറപ്പാക്കാൻ സ്ത്രീകളായിരുന്നു മുൻപന്തിയിൽ. പക്ഷേ അവരിൽ എത്രപേരെ നമുക്കറിയാം.?

സന്നദ്ധ സേവന മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ഓരോ വർഷവും അനുകമ്പ പുരസ്കാരം നൽകി ആദരിക്കാൻ തീരുമാനിക്കുകയാണ് ഫാസ ഫൗണ്ടേഷൻ. പ്രഥമ ഫാത്തിമ സാജിദ സ്മാരക അനുകമ്പ പുരസ്കാരം മോളിയുടെ ജന്മദിനത്തിൽ, ഡിസംബർ നാലിന് സമർപ്പിക്കുകയാണ്.

താമരശ്ശേരി കോളിക്കലിൽ പ്രവർത്തിക്കുന്ന കാരുണ്യ തീരം കാമ്പസിൽ വെച്ചാണ് പുരസ്കാര സമർപ്പണം, ഓട്ടിസം ബാധിച്ച കുട്ടികളെ സംരക്ഷിക്കുന്ന ആ സ്ഥാപനത്തെ അറിയാത്തവർക്ക് പരിചയപ്പെടാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുരസ്കാര സമർപ്പണം അവിടെ വെച്ച് നടത്തുന്നത്.

എല്ലാവരുടെയും സഹകരണവും പ്രാർത്ഥനയും അഭ്യർഥിക്കുന്നു.

ആബിദ് അടിവാരം
ചെയർ പേഴ്സൺ
ഫാസ ഫൗണ്ടേഷൻ

ഭരണത്തിൽ രാഷ്ട്രീയപാർട്ടികൾ മാറിവരും, അവരുടെ നിലപാടുകൾ മാറും പലതും സംഭവിക്കും, അപ്പോഴൊന്നും നിലക്കാൻ പാടില്ലാത്തതാണ് വിക...
28/10/2024

ഭരണത്തിൽ രാഷ്ട്രീയപാർട്ടികൾ മാറിവരും, അവരുടെ നിലപാടുകൾ മാറും പലതും സംഭവിക്കും, അപ്പോഴൊന്നും നിലക്കാൻ പാടില്ലാത്തതാണ് വികസനം അഥവാ പുരോഗതി.

ഭൗതിക വികസനം പോലെ പ്രധാന്യമുള്ളതാണ് സാമൂഹ്യവികസനവും. റോഡുണ്ടാക്കാനും കെട്ടിടങ്ങൾ ഉണ്ടാക്കാനും സർക്കാർ നേരിട്ട് ഇടപെടണം എന്നാൽ സാമൂഹിക വികസനം പൗരന്മാർക്ക് ചെയ്യാൻ സാധിക്കും.

ജീവ കാരുണ്യ പ്രവർത്തകരായ ധാരാളം പേർ നമുക്ക് ചുറ്റുമുണ്ട് എന്നാൽ സാമൂഹിക വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവർ നന്നേ കുറവാണ് എന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് ഫാസ ഫൗണ്ടേഷൻ ആ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചത്.

മനുഷ്യരെ കൂടുതൽ മികച്ച സാമൂഹിക ജീവിയായി പരിണമിക്കാൻ പ്രേരിപ്പിക്കുന്ന നിരവധി പദ്ധതികൾ ഫാസ ഫൗണ്ടേഷൻ മുന്നോട്ട് വെക്കുകയും ചെറിയ കാൽവെപ്പുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ജീവൻ രക്ഷാ പരിശീലനം. നമ്മുടെ കൺമുന്നിൽ ഒരു അത്യാഹിതം സംഭവിച്ചാൽ, ഒരാൾ കുഴഞ്ഞു വീണാൽ, വാഹനം ഇടിച്ചാൽ, തീ പിടിച്ചാൽ… അടിയന്തിരമായി എന്ത് ചെയ്യണമെന്നറിയാതെ ബഹളം വയ്ക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. പല വിദേശ രാജ്യങ്ങളിലും ഇത്തരം വിഷയങ്ങൾ സ്കൂൾ സിലബസിൽ പഠിപ്പിക്കുനുണ്ട്, എല്ലാ വർഷവും കുട്ടികൾക്ക് പരിശീലനം കൊടുക്കുന്നുണ്ട്. നമ്മുടെ നാട്ടിലും ഇതൊക്കെ ചെയ്യാവുന്നതെയുള്ളൂ, ഫിസിക്കൽ എഡുക്കേഷൻ അധ്യാപകർക്ക് ഇക്കാര്യത്തിൽ ട്രെയിനിംഗ് കൊടുക്കുകയും വർഷത്തിൽ ഏതാനും മണിക്കൂറുകൾ ഇതിനായി മാറ്റിവെക്കുകയും ചെയ്യാവുന്നതെയുള്ളൂ, എന്ത് കൊണ്ടോ നമ്മുടെ ഉദ്യോഗസ്ഥർക്കും അധികാരികൾക്കുമൊന്നും ഇത്തരം കാര്യങ്ങൾ മനസ്സിലാകുന്നില്ല. ചില്ല സന്നദ്ധ സംഘടനകൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ബേസിക് ലൈഫ് സേവിങ് (ബിഎൽഎസ്) പരിശീലനം കിട്ടിയവരുടെ എണ്ണം ഇപ്പോഴും തുലോം തുച്ഛമാണ്.

സ്കൂൾ കോളേജ് തലങ്ങളിലെ NSS വളണ്ടിയർമാർക്കും അവർ വഴി സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ബിഎൽഎസ് പരിശീലനം കൊടുക്കുക എന്ന ആശയം മൂന്നോട്ട് വെക്കുകയാണ് ഫാസ ഫൗണ്ടേഷൻ, മോളി(ഫാത്തിമ സാജിദ) അംഗമായിരുന്ന താമരശ്ശേരി VHSE യിലെ NSS യുണിറ്റിലെ വളണ്ടിയർമാർക്ക് പരിശീലനം കൊടുത്തുകൊണ്ട് നാളെ പദ്ധതിക്ക് തുടക്കം കുറിക്കും. മുമ്പും ഫാസയുടെ ജീവൻരക്ഷാ പരിശിലന പരിപാടികളിൽ പരിശീലകനായി എത്തിയ ഡോക്ടർ ഹരീഷ് തന്നെയാണ് പരിശീലകൻ. ഈ വർഷത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച NSS പ്രോഗ്രാം ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട എൻ കെ സലീം മാസ്റ്റർ പരിപാടി ഉൽഘാടനം ചെയ്യും.

ഫാസ മുന്നോട്ട് വെക്കുന്നത് ഒരാശയമാണ്, നമ്മുടെ സ്കൂൾ കോളേജ് വിദ്യാർഥികളെല്ലാം അടിയന്തിര ജീവൻ രക്ഷാ പരിശീലനം നേടിയിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ് എന്ന് കരുതുന്ന ആർക്കും, വ്യക്തികൾക്കും സംഘടനകൾക്കുമെല്ലാം ഈ ഉദ്യമത്തിൽ പങ്കാളികളാവാം.

ഫാസയുടെ എഫ്ബി വാട്സാപ്പ് കൂട്ടായ്മയുടെയും ലിങ്ക് കമന്റിലുണ്ട്.

(നിലവിൽ നടന്നു വരുന്ന ഡിസാസ്റ്റർ മാനേജ്മെന്റ് ട്രെയിനിംഗിന്റെ അടുത്ത ബാച്ച് പരിശീലനം ഡിസംബറിൽ ഉണ്ടാകും)

-ആബിദ് അടിവാരം
(ചെയർമാൻ ഫാസ ഫൗണ്ടേഷൻ)

20/09/2024

ഫാസ ഫൗണ്ടേഷന്റെ താമരശ്ശേരി ഓഫീസിലേക്ക് ഒരു കോർഡിനേറ്ററെ വേണം.

MSW ക്കാർക്കും പരിസര പ്രദേശങ്ങളിലുള്ളവർക്കും മുൻഗണ.

[email protected] എന്ന ഐഡിയിൽ CV അയക്കാം. 8157904747 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യാം.

05/07/2024

മഴ കനക്കുന്നതോടെ ദുരന്തങ്ങളും കനക്കുക്കയാണ്…

ദുരന്ത വാർത്തകളില്ലാത്ത ദിവസങ്ങളില്ല, പക്ഷേ ഓടിക്കൂടുന്ന മനുഷ്യരിൽ മഹാ ഭൂരിപക്ഷവും കാഴ്ചക്കാരാണ്. കൺമുമ്പിൽ ഒരാൾ കുഴഞ്ഞു വീണാൽ പോലും എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുന്ന ജനക്കൂട്ടത്തിൽ ഒരാളായി തുടരുന്നതിന് പകരം മണ്ണിടിച്ചിലോ വെള്ളപ്പൊക്കമോ വാഹനാപകടമോ എന്തു ദുരന്തം മുന്നിൽ കണ്ടാലും ഇടപെടാൻ കഴിയുന്ന പരിശീലനം ലഭിച്ച ആളുകൾ എല്ലാ പ്രദേശങ്ങളിലും ഉണ്ടാവണം. ഈ ലക്ഷ്യം വെച്ചു കൊണ്ടാണ് ഫാസ ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്മെൻറ് അക്കാദമിയുമായി സഹകരിച്ച് നാല് ദിവസത്തെ ട്രെയിനിങ് ക്യാംപ് സംഘടിപ്പിച്ചത്.

കഴിഞ്ഞ മാസം നടന്ന ക്യാംപിൽ പങ്കെടുക്കാൻ കഴിയാത്ത ചിലരൊക്കെ അടുത്ത ഡേറ്റ് അറിയിക്കണം എന്നാവശ്യപ്പെട്ടിരുന്നു. പുതിയ ബാച്ചിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്, തീയതി പിന്നീട് അറിയിക്കും. താല്പര്യമുള്ളവർ മെസ്സഞ്ചറിൽ വരിക. ജീവിതത്തിൽ ഒരു നാല് ദിവസം മാറ്റി വെച്ചാൽ ആയുസ്സുള്ള കാലത്തോളം ചുറ്റുമുള്ള മനുഷ്യർക്ക് ഏത് അപകടാവസ്ഥയിലും താങ്ങാവുന്ന വ്യക്തിയായി മാറാൻ കഴിയുന്ന അവസരമാണ്, ഉപയോഗപ്പെടുത്തുക.

നിങ്ങളുടെ നാട്ടിൽ സന്നദ്ധ സംഘടനകൾക്കോ ക്ലബ്ബുകൾക്കോ അവരുടെ മെമ്പർമാർക്ക് പരിശീലനം കൊടുക്കണം എന്ന് താൽപര്യമുണ്ടെങ്കിൽ, കെഎംസിസി പോലുള്ള പ്രവാസി സംഘടനകൾക്ക് അവരുടെ നാടുകളിൽ, പ്രത്യേകിച്ച് മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനുമൊക്കെ സാധ്യതയുള്ള പ്രദേശങ്ങളിൽ നാട്ടിലെ ചെറുപ്പക്കാർക്ക് പരിശീലനം കൊടുക്കണം എന്ന് താല്പര്യമുണ്ടെങ്കിൽ ഫാസ ഫൗണ്ടേഷൻ അതിനുള്ള സാഹചര്യം ഒരുക്കാം.

(ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ക്യാംപിൽ നിന്നുള്ളതാണ്)

-ആബിദ് അടിവാരം

Address

KMO Tower, Kozhikode
Thamarassery
673573

Alerts

Be the first to know and let us send you an email when FASA Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to FASA Foundation:

Share