25/07/2025
പഞ്ചാബിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ നാം രൂപം നൽകിയ കൂട്ടായ്മയാണ് IRIS Foundation അഥവാ Imam Rabbani Initiative for Social empowerment. ഓരോ പ്രവർത്തനങ്ങളുടെയും ഇന്ധനവും കരുത്തും രണ്ടാം സഹസ്രാബ്ദത്തിന്റെ പരിഷ്കർത്താവായ ഇമാം റാബ്ബാനി തങ്ങളുടെ അനുഗ്രഹീത സാന്നിധ്യമാണ്. സർഹിന്ദിലെ ആ സന്നിധിയിൽ നിന്നും കൊളുത്തിയ പ്രകാശ ദീപത്തെ ഗ്രാമങ്ങളിലേക്ക് പടർത്താലായിരുന്നു നമ്മുടെ പ്രഥമ ദൗത്യം. പിന്നീടാണ് സർഹിന്ദിൽ ഒരു വിദ്യാഭ്യാസ കേന്ദ്രം എന്ന ലക്ഷ്യത്തിലേക്ക് നാം വഴി നടക്കുന്നത്. ഹകീം ഉസ്താദിന്റെ നിദാന്ത ശ്രമത്തിന്റെ ഫലമായി റബ്ബാനി ഇമാമിന്റെ ചാരത്തു തന്നെ നാം രണ്ട് ഏക്കറയോളം ഭൂമി വാങ്ങി. 2022ൽ സർഹിന്ദിൽ വെച്ചു നടന്ന മൂന്നാമത് റബ്ബാനി സനദ് ദാന ചടങ്ങിൽ സുൽത്താനുൽ ഉലമയും ഹകീം ഉസ്താദും ഖലീഫയും ചേർന്ന് മർകസ് ഇമാം റബ്ബാനിക്ക് തറക്കല്ലിട്ടു. ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രവർത്തകരുടെ ഉദാരതയും സഹകരണവും കൊണ്ട് നാം മർകസ് ഇമാം റബ്ബാനി കെട്ടിപ്പടുത്തു. കഴിഞ്ഞ പത്താം തിയതി ഹകീം ഉസ്താദ് കുട്ടികൾക്ക് അറിവ് ചൊല്ലിക്കൊടുത്ത് ആരംഭം കുറിച്ചു. വൈകാരികമായ മണിക്കൂറുകളായിരുന്നു അത്. അറിവും ആത്മീയതയും അന്യം നിന്നു പോലുമായിരുന്ന ഒരു ജനതയെ വെളിച്ചത്തിലേക്ക് കൈപിടിക്കുന്ന മഹനീയ മുഹൂർത്തം. കെട്ടിടത്തിന്റെ പണികൾ ഇനിയും ബാക്കിയുണ്ട്. പൂർത്തിയാകുന്നതോടെ വൈകാതെതന്നെ ഉദ്ഘാടനമുണ്ടാകും. എല്ലാവരുടെയും സാന്നിധ്യം ആഗ്രഹിക്കുന്നുണ്ട്. റബ്ബാനി ഇമാമിന്റെ പിന്തുടർച്ച അഭിവന്ദ്യ സുൽത്താനുൽ ഉലമയിലൂടെ നമ്മുടെ പ്രസ്ഥാനം നിർവഹിക്കുന്ന മനോഹരമായ കാഴ്ചയാണ് പഞ്ചാബുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നമുക്ക് കാണാനാകുന്നത്. സഹായിക്കുകയും പ്രചോദനം നൽകുകയും ചെയ്യുന്ന മനസ്സുകൾ മാത്രമാണ് കരുത്ത്. തുച്ഛമായ ശമ്പളത്തിൽ നിന്ന് മാസാന്തം വിഹിതം നൽകുന്ന സുമനസുകളുണ്ട്. അല്ലാഹു കാണാതിരിക്കില്ല. എപ്പോഴും പ്രാർത്ഥനകളുണ്ട്. സഹകരണ പ്രതീക്ഷയോടെ, മുഹമ്മദ് ഫാളിൽ നൂറാനി അസ്സഖാഫി (ചെയർമാൻ, IRIS Foundation)