1992 ൽ പാലക്കാട് ജില്ലയിലെ നാഗലശ്ശേരി പഞ്ചായത്തിലെ,എ കെ ജി കോളനിയിൽ ഒരു കൂട്ടം യുവാക്കൾ രൂപം കൊടുത്ത കലാവേദിയാണ് ഐഡിയൽ കലാവേദി. കലാ കായിക രംഗത്തുള്ളവരെ വളർത്തിക്കൊണ്ട് വരുക എന്നതായിരുന്നു അതിന്റെ ലക്‌ഷ്യം. കേരളോൽസവത്തിനു വളരെ അധികം പ്രാധാന്യം കൽപ്പിച്ചിരുന്ന ഒരു കാലഘട്ടം കൂടി ആയിരുന്നു അത്. കലാ കായിക രംഗത്ത് താല്പര്യമുള്ള പലരും അന്ന് മുതൽ കലാവേദിയോട് സഹകരിച്ച് പ്രവൃത്തിച്ചു പോന്നിരുന്നു. കുറച്ച്
വ്യക്തികളുടെ കൂട്ടായ്മ എന്നുള്ളത് വളരെ പെട്ടെന്ന് തന്നെ ഒരു നാടിന്റെ കൂട്ടായ്മ ആയി മാറി. കലാവേദിയുടെ എല്ലാ പരിപാടികളോടും ഒരു നാടിന്റെ മുഴുവൻ സഹകരണം ഉണ്ടാകാൻ തുടങ്ങി. കലാവേദിയുടെ വാർഷികാഘോഷങ്ങൾ നാടിന്റെ ആഘോഷമായി കൊണ്ടാടി. ഡിസംബർ 27 നു എ.കെ.ജി. കോളനിയിലെ വിളക്ക് പറമ്പിൽ വെച്ച് കൊണ്ടാടിയിരുന്ന ആഘോഷങ്ങളിലേക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ നീന്നു പോലും ആളുകൾ വരുന്നു. അവിടെ നിന്നും ദൂര ദേശത്ത് പണിയെടുക്കുന്നവരും, കല്യാണം കഴിച്ചു പോയവരും ഉൾപ്പെടെ എല്ലാവരും അതിനു മാത്രമായി എത്തുന്നു. ഒരു പക്ഷെ കുട്ടികളുടെ കഴിവ് വളർത്തിയെടുക്കാനായി അതിലും നല്ലൊരു സ്റ്റേജ് വേറെ എവിടെയും ലഭിച്ചിരുന്നുമില്ല. കലാ കായിക രംഗത്ത് മാത്രം ഒതുങ്ങി നിക്കാതെ ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്കും കലാവേദി കാലുവെച്ചു. ഒരുപാട് വ്യക്തികളിലേക്കും, കുടുംബങ്ങളിലേക്കും സഹായമെത്തിക്കാൻ കലാവേദിക്ക് കഴിഞ്ഞു. 2016 ൽ പ്രവർത്തനത്തിന്റെ 24 ആം വർഷത്തിൽ എത്തിനിൽക്കുന്നത് മെമ്പർമാരുടെ കൂട്ടായ്മയുടെയും നാട്ടുകാരുടെ സഹകരണത്തിന്റെയും കഴിവ് കൊണ്ട് മാത്രമാണ്. ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തു തീർക്കാൻ ഞങ്ങളുടെ കൂടെ നിങ്ങളെയും പ്രതീക്ഷിക്കുന്നു.