08/10/2026
പീരുമേട് ഡെവലപ്മെൻ്റ് സൊസൈറ്റിയുടെ നാച്ചുറൽ പ്രോഡക്ട്സ് യൂണിറ്റ് ഫാക്ടറിയുടെ ഉദ്ഘാടനം ബഹു. കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദിഖ് നിർവഹിച്ചു.
വളഞ്ഞങ്ങാനത്തുള്ള പിഡിഎസ് ഫാക്ടറി കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ വച്ച്, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, പിഡിഎസ് സ്ഥാപകനും കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷനുമായ മാർ മാത്യു അറയ്ക്കൽ, എംഎൽഎ മാരായ അഡ്വ. സിറിയക് തോമസ്, അഡ്വ. റോയ് കെ പൗലോസ്, ശ്രീ. സേനാപതി വേണു, വിവിധ ജനപ്രതിനിധികൾ, കർഷകർ, പിഡിഎസ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ പുതിയ ഫാക്ടറിയുടെ ഉദ്ഘാടനവും സ്വിച്ച് ഓൺ കർമ്മവും ബഹു. മന്ത്രി നിർവഹിച്ചു.
കാർഷിക കേരളത്തിൻ്റെ ഉന്നമനത്തിനും കർഷകർക്ക് ന്യായവില ഉറപ്പാക്കുന്നതിലും, ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പിഡിഎസ് നൽകുന്ന നിസ്തുല സേവനങ്ങളെ മന്ത്രി മുക്തകണ്ഠം പ്രശംസിച്ചു.
ചെറുകിട നാമമാത്ര കർഷകരുടെയും , പാർശ്വവൽകൃത ജന വിഭാഗങ്ങളുടെയും ഉന്നമനത്തിനായി പിഡിഎസ് ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ബഹു. കൃഷി വകുപ്പ് മന്ത്രി സംസ്ഥാന സർക്കാരിൻ്റെ എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്തു.
മലയോര മേഖലയിലെ അഞ്ഞൂറിൽ പരം കർഷകർ പങ്കെടുത്ത ചടങ്ങിൽ, കൃഷി വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ പിഡിഎസ് മോഡൽ വികസന പദ്ധതികൾ പിന്തുടരേണ്ടതിൻ്റെ പ്രധാന്യം മന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി.
ചെറുകിട കർഷകരുടെ ഉൽപന്നങ്ങൾ ശേഖരിച്ച്, അന്താരാഷ്ട്ര നിലവാരമുള്ള ഫാക്ടറിയിൽ പ്രോസസ് ചെയ്ത് വിവിധ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കി സ്വദേശത്തും വിദേശത്തും വിപണനം ചെയ്യുന്നതിലൂടെ ഉൽപ്പാദകർക്ക് ന്യായമായ വിലയും, സ്ഥിരമായ വിപണിയും ഉറപ്പാക്കുന്ന പിഡിഎസിൻ്റെ പ്രവർത്തനങ്ങൾ സുസ്ഥിര വികസനത്തിൻ്റെ മാതൃകയും പ്രചോദനവും ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. മലയോര കർഷക ജനതയുടെ ഉന്നമനത്തിനായി പിഡിഎസ് നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു. കർഷകരുടെ ക്ഷേമത്തിനായി ബഹു. കൃഷി വകുപ്പ് മന്ത്രി പ്രഖ്യാപിച്ച വിവിധ പദ്ധതികൾക്ക് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.