30/04/2026
നാല് വർഷ (FYUGP) യു.ജി. കോഴ്സുകളിലെ ഇന്റേൺഷിപ്പ്: വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഏകീകൃത മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കണം -എബിവിപി
നാല് വർഷ (FYUGP) യു.ജി. കോഴ്സിന്റെ ഭാഗമായി നിർബന്ധിതമാക്കിയ ഇന്റേൺഷിപ്പ് സംവിധാനം വിദ്യാർത്ഥികളുടെ കഴിവും തൊഴിൽ സാധ്യതകളും വർധിപ്പിക്കാനാണെങ്കിലും, നിലവിലെ രീതി വിദ്യാർത്ഥികൾക്ക് ഗുരുതരമായ ബുദ്ധിമുട്ടുകളും അനീതികളും സൃഷ്ടിക്കുന്നതായി മാറിയെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി യദു കൃഷ്ണൻ.
വിവിധ സർവകലാശാലകൾ ഏകീകൃത മാനദണ്ഡങ്ങളില്ലാതെ വ്യത്യസ്ത രീതികൾ പിന്തുടരുന്നതുകൊണ്ട് ഇന്റേൺഷിപ്പിന്റെ രീതി, കാലാവധി, വിലയിരുത്തൽ എന്നിവയിൽ വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നു. ഇതോടൊപ്പം, ചില സ്വകാര്യ സ്ഥാപനങ്ങൾ ₹10,000–₹20,000 വരെ ഫീസ് ഈടാക്കി ഇന്റേൺഷിപ്പിനെ ‘പെയ്ഡ് ട്രെയിനിംഗ്’ ആക്കി മാറ്റുന്നതും ഗുരുതര പ്രശ്നമാണ്. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കൂടുതൽ ബാധിക്കുകയും, നിർബന്ധിത ഇന്റേൺഷിപ്പ് തന്നെ പണമടച്ചേ നേടാനാകുന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. കൂടാതെ, സ്വദേശങ്ങളിൽ അവസരങ്ങൾ ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾക്ക് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നത് ചെലവ് വർധിപ്പിക്കുന്നു. പല ഇന്റേൺഷിപ്പുകളും പഠനവിഷയങ്ങളുമായി ബന്ധപ്പെട്ടതല്ലാത്തതും ഗുണനിലവാരമില്ലാത്തതുമാണ്; പ്രത്യേകിച്ച് ആർട്സ്, ഹ്യൂമാനിറ്റീസ് മേഖലയിൽ അവസരക്കുറവ് ശക്തമാണ്.
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഏകീകൃത സംസ്ഥാനതല മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കണം. ഫീസ് ഈടാക്കുന്ന ഇന്റേൺഷിപ്പ് നിരോധിക്കുകയും സർക്കാർ/പബ്ലിക് സെക്ടർ വഴി സൗജന്യവും സ്റ്റൈപൻഡോടുകൂടിയ അവസരങ്ങൾ വർധിപ്പിക്കുകയും ചെയ്യണം. മെഡിക്കൽ ഇന്റേൺഷിപ്പുകളിൽ ഫീസ് ഈടാക്കൽ നിയമവിരുദ്ധമാണെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ, മറ്റു മേഖലകളിലും സമാനമായ നീതിപൂർണ്ണ സമീപനം അനിവാര്യമാണെന്നും, വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് സാമ്പത്തിക ഭാരം ചുമത്തുന്ന രീതിയായി FYUGP ഇന്റേൺഷിപ്പ് മാറാൻ അനുവദിക്കരുതെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.