10/02/2026
ഒരിക്കൽ സ്വാമി ആലുവായിൽ വരുമ്പോൾ ചാരി എന്നൊരാൾ കൂടെയുണ്ട്. തൃപ്പാദങ്ങൾതന്നെ അയാളുടെ പേരിന് ഒരു പ്രമോഷൻ കൊടുത്തു 'ബ്രഹ്മചാരി' ആക്കി. ഗോശുശ്രൂഷയിലും അതുപോലെയുള്ള മറ്റു കാര്യങ്ങളിലും വ്യാപൃതനായി ആ മനുഷ്യൻ ആശ്രമത്തിൽ കഴിഞ്ഞു. ആയിടയ്ക്ക് 10 നാഴി കൊള്ളുന്ന ഒരു പിച്ചളമൊന്ത കളവുപോയി. അന്വേഷണത്തിൽ ഒരു തുമ്പും കിട്ടിയില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ആലുവാക്കാരൻ ഒരാൾ ഒരു ബാലനെ തൊണ്ടിയോടുകൂടി സ്വാമിസന്നിധിയിൽ ഹാജരാക്കി. താൻ ഒരു രൂപയ്ക്ക് ബ്രഹ്മചാരിയോടു വാങ്ങിയതാണെന്ന് പയ്യൻ മൊഴികൊടുത്തു. തൃപ്പാദങ്ങളുടെ ദൃഷ്ടിയിൽ നിന്നകന്ന്, ആവണക്കെണ്ണ സേവിച്ചവന്റെ മുഖഭാവത്തോടെ ശുന്യാന്തരീക്ഷത്തിലേക്കു നോക്കിനിന്ന പ്രതി, കുറ്റം നിഷേധിക്കാൻ ഒരുമ്പെട്ടില്ല. ഒരു രൂപയും വാങ്ങി ചെറുക്കൻ പോയതിനുശേഷം സ്വാമി പറഞ്ഞു: - "ബ്രഹ്മം നില്ലട്ടെ, ചാരി പൊയ്ക്കോട്ടെ; അല്ലേ? ഒരു രൂപാ ചാരിക്കും കൊടുത്തേക്കു." *അപ്പോൾ പത്തുമണി കഴിഞ്ഞു. ചാരി നിന്നിടത്തു തന്നെ താണു പോയും മറ്റുമില്ല; ഉച്ചയ്ക്ക് ഊണുകഴിഞ്ഞ്, ആ ഒരു രൂപയും വാങ്ങി, ഒരു ചെറിയ ഭാണ്ഡവുമായി ചിലരോടൊക്കെ യാത്രപറഞ്ഞിട്ടേ അയാൾ സ്ഥലംവിട്ടുള്ളു. നെറ്റിയുടെ മേൽവശം ഒരിഞ്ചു സ്ഥലംമാത്രം നരച്ചിട്ടുള്ള ചാരി വിടവാങ്ങുമ്പോഴുള്ള 'ചരഞ്ഞ' മുഖഭാവം ഇന്നും എന്റെ മനോമുകുരത്തിൽ സ്‌ഫുടമായി പ്രതിഫലിക്കുന്നുണ്ട്."
(ഗ്രന്ഥം : ശ്രീനാരായണഗുരു സ്‌മരണകൾ)