04/11/2025
അഭ്യസ്തവിദ്യരായ യുവതീ-യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി വിജ്ഞാനകേരളത്തിന്റെ ജനകീയ ക്യാമ്പയിന്റെ ഭാഗമായി നെയ്യാറ്റിൻകര നഗരസഭയും കുടുംബശ്രീയും സംയുക്തമായി തൊഴിൽമേള സംഘടിപ്പിച്ചു.
മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മേള കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.കെ. രാജമോഹനൻ അധ്യക്ഷത വഹിച്ചു.
തൊഴിൽമേളയിൽ പത്താംക്ലാസ് മുതൽ പി.ജി വരെയും പ്രൊഫഷണൽ യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. മിക്കതും സ്വകാര്യ സ്ഥാപനങ്ങളായിരുന്നുവെങ്കിലും അർദ്ധസർക്കാർ സ്ഥാപനങ്ങൾ, ദേശസാൽക്കൃത ബാങ്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയും പങ്കെടുത്തു.
ടെക്നിക്കൽ, നോൺ ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റീവ്, ഫിനാൻസ്, ബാങ്കിംഗ്, ക്ലീനിങ് തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ തൊഴിൽ അവസരങ്ങൾ ഒരുക്കിയിരുന്നു.
കൗണ്ടറുകളിൽ രജിസ്ട്രേഷൻ നടത്തി, കമ്പനികൾ നേരിട്ടും അപേക്ഷകൾ സ്വീകരിച്ചു. ആദ്യഘട്ട അഭിമുഖം മേളയുടെ ഭാഗമായി സ്ഥലത്ത് വച്ചു നടന്നു. ചില സ്ഥാപനങ്ങൾ ചുരുക്കപ്പട്ടികയിൽപ്പെട്ടവരെ രണ്ടാംഘട്ട അഭിമുഖത്തിനായി വിളിച്ച് അന്തിമ നിയമനവും നടത്തും. 40-ഓളം സ്ഥാപനങ്ങൾ പങ്കെടുത്ത മേളയിൽ 728 പേർ പങ്കെടുത്തു. 587 പേർ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും സ്പോട്ട് സെലക്ഷൻ വഴി 123 പേർക്ക് ജോലി ലഭിക്കുകയും ചെയ്തു.
നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ കെ.കെ. ഷിബു, എൻ.കെ. അനിതകുമാരി, ഡോ. എം.എ. സാദത്ത്, ആർ. അജിത, ജിൻ രാജ്, നഗരസഭ സെക്രട്ടറി ബി. സാനന്ദ സിംഗ്, ബി. ശ്യാംകൃഷ്ണ, എം. അയ്യപ്പൻ, മേരി സ്റ്റെല്ല എന്നിവർ സംസാരിച്ചു.