10/10/2026
പത്രപ്രസ്താവന
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ നിലപാടിൽ വിട്ടുവീഴ്ചയില്ല-
ഡി.വൈ.എഫ്.ഐ
മണ്ണാർക്കാട്: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ശാസ്ത്രവിരുദ്ധവും യുക്തിരഹിതവുമായ പ്രവണതകൾക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന സംഘടനയാണ് ഡി.വൈ.എഫ്.ഐ. ശാസ്ത്രീയ ചിന്തയും യുക്തിബോധവും പുരോഗമന ആശയങ്ങളും സമൂഹത്തിൽ വളർത്തുന്നതിനും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഡി.വൈ.എഫ്.ഐ എക്കാലത്തും മുൻപന്തിയിലാണ്.
എന്നാൽ, അടുത്തകാലത്ത് മണ്ണാർക്കാട് കോട്ടോപ്പാടത്ത് നടന്ന പരിപാടിയിലെ ഒരു പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത്, ഡി.വൈ.എഫ്.ഐ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പിന്തുണയ്ക്കുന്നു എന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ചിലർ പ്രചാരണം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് വസ്തുതകൾക്ക് നിരക്കാത്തതും തീർത്തും അടിസ്ഥാനരഹിതവുമായ പ്രചാരണമാണ്.
ഒരു പ്രസംഗത്തിലെ ഏതെങ്കിലും പരാമർശത്തെ അതിന്റെ സമഗ്രമായ സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത് ഒരു സംഘടനയുടെ നിലപാടായി അവതരിപ്പിക്കുന്നത് ശരിയായ രീതിയല്ല. ഡി.വൈ.എഫ്.ഐയുടെ പ്രഖ്യാപിത നിലപാടുകളും സംഘടനയുടെ പ്രവർത്തന ചരിത്രവും പരിശോധിച്ചാൽ ഇക്കാര്യത്തിൽ യാതൊരു അവ്യക്തതയ്ക്കും ഇടയില്ല.
അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും സാമൂഹികമായി ചോദ്യം ചെയ്യുകയും ശാസ്ത്രീയ ചിന്തയും യുക്തിബോധവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് ഡി.വൈ.എഫ്.ഐയുടെ അടിസ്ഥാന നിലപാടിന്റെ ഭാഗമാണ്. സാമൂഹിക പിന്നാക്കാവസ്ഥ സൃഷ്ടിക്കുന്ന എല്ലാ പ്രവണതകൾക്കുമെതിരെ സംഘടനയുടെ പോരാട്ടം തുടരുക തന്നെ ചെയ്യും.
ആയതിനാൽ വസ്തുതകളെ വളച്ചൊടിച്ചും
പ്രസംഗങ്ങളിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്തും നടത്തുന്ന ഇത്തരം കുപ്രചാരണങ്ങളിൽ പൊതുസമൂഹം വഞ്ചിതരാകരുതെന്നും, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ ശാസ്ത്രീയവും പുരോഗമനപരവുമായ നിലപാടിനൊപ്പം സമൂഹം ഉറച്ചുനിൽക്കണമെന്നും ഡി.വൈ.എഫ്.ഐ മണ്ണാർക്കാട് ബ്ലോക്ക് സെക്രട്ടേറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.