ഇന്ത്യയിലെ സർഗാത്മകവിദ്യാർഥി പ്രസ്ഥാനമാണ് സ്റ്റുഡൻസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എസ്.ഐ.ഒ). . ഇസ്‌ലാം മുസ്‌ലിംകളുടെ മാത്രം മതമല്ല എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്; മുഴുവൻ ലോകത്തിനുമുള്ള ദൈവത്തിന്റെ കാരുണ്യവും അനുഗ്രഹവുമാണത്. അതുകൊണ്ട് തന്നെ എസ്.ഐ.ഒ മുസ്‌ലിം വിദ്യാർഥികളുടെ മാത്രം സംഘടനയല്ല; ജാതിമതഭേദമന്യേ മുഴുവൻ വിദ്യാർഥികളുടേതുമാണ്. സാമൂഹ്യനിർമ്മിതിയിൽ സർഗാത്മകമായ പങ്ക് വഹിക്കാൻ വിദ്യാർഥിസമൂ
ഹത്തെ പ്രാപ്തരാക്കുക എന്ന ഉത്തരവാദിത്തമാണ് എസ്.ഐ.ഒ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാർഥികളെ ധാർമ്മിക മൂല്യങ്ങളുടെ പാതയിൽ അടിയുറപ്പിച്ച് നിർത്താൻ എസ്.ഐ.ഒ നിരന്തരം പരിശ്രമിക്കുന്നു. അവരിൽ നന്മയും സാഹോദര്യവും നട്ടുവളർത്താൻ പണിയെടുക്കുന്നു. മനുഷ്യനെ നിരുപാധികം സ്‌നേഹിക്കാനും സേവിക്കാനും പഠിപ്പിക്കുന്നു. വിദ്യാഭ്യാസരംഗത്തെ അനീതികൾക്കും വിവേചനങ്ങൾക്കുമെതിരെ മുറവിളി ഉയർത്തുന്നു. വിദ്യാർഥികളുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നു. തങ്ങളുടെ പഠനത്തിൽ മികവ് പുലർത്താൻ വിദ്യാർഥികൾക്ക് സർവ്വതോൻമുഖമായ പ്രേരണയും പിന്തുണയും പ്രോൽസാഹനവും നൽകുന്നു.
‘പഠനം സമരം സേവനം’ എന്ന ഉജ്ജ്വലമായ മുദ്രാവാക്യത്തിലേക്ക് എസ്.ഐ.ഒവിന്റെ പ്രവർത്തനങ്ങൾ കുറുക്കിയെഴുതാം. ദൈവം, പ്രപഞ്ചം, ജീവിതം, അറിവ് തുടങ്ങിയവയെക്കുറിച്ച് ഉൾതെളിച്ചങ്ങളുണ്ടാക്കുക, അകാദമികസമകാലിക വിജ്ഞാനീയങ്ങളിൽ മികവ് നേടുക, നല്ല മനുഷ്യരായിത്തീരാനുള്ള പരിശ്രമങ്ങളിൽ ഏർപ്പെടുക, വിദ്യാഭ്യാസരംഗത്തെ അരുതായ്മകൾക്കും വിവേചനങ്ങൾക്കുമെതിരെ സമരപോരാട്ടങ്ങൾ സംഘടിപ്പിക്കുക, വിദ്യാഭ്യാസസേവന പ്രവർത്തനങ്ങൾ നടത്തുക എന്നിങ്ങനെ ‘പഠനം സമരം സേവനം’ എന്ന ആശയത്തെ ചുരുക്കി വിശദീകരിക്കാം. ഒരേ സമയം തെരുവിൽ സമര ഭടന്മാരായി ജ്വലിച്ചുനിൽക്കുകയും കഷ്ടപ്പെടുന്നവർക്കിടയിൽ സാന്ത്വനമായി പറന്നിറങ്ങുകയും പാഠ്യപാഠേതര രംഗങ്ങളിൽ ഏറ്റവും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത്, എസ്.ഐ.ഒവിന്റെ പ്രവർത്തകർ വിദ്യാർഥി രാഷ്ട്രീയത്തിന് സർഗാത്മകമായ മാനങ്ങൾ തീർക്കുന്നു
1982 ഒക്‌ടോബർ 19നാണ് ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥിസംഘടനയായി എസ്.ഐ.ഒ രൂപീകരിക്കപ്പെടുന്നത്. നീണ്ട കാൽനൂറ്റാണ്ടുകാലത്തെ പ്രവർത്തനഫലമായി ഇന്ന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വേരുകളുമുള്ള ഏറ്റവും വലിയ വിദ്യാർഥിപ്രസ്ഥാനമായി എസ്.ഐ.ഒ മാറിക്കഴിഞ്ഞു. സംഘടനാരൂപീകരണത്തിന്റെ ആദ്യകാലങ്ങളിൽ യുവജനങ്ങൾക്ക് പ്രാമുഖ്യമുള്ള വിദ്യാർഥിയുവജനസംഘടനയായാണ് എസ്.ഐ.ഒ വർത്തിച്ചിരുന്നത്. എന്നാൽ 2003ൽ സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് രൂപീകരണത്തോടെ എസ്.ഐ.ഒ കേരളത്തിൽ ഒരു സമ്പൂർണ്ണ വിദ്യാർഥിപ്രസ്ഥാനമായി മാറാനുള്ള ശ്രമങ്ങൾ എസ്.ഐ.ഒ ഏറെക്കുറെ പൂർത്തീകരിച്ചുകഴിഞ്ഞു.