21/04/2026
*നാടിന്റെ നൊമ്പരം നെഞ്ചേറ്റി മങ്കട കെഎംസിസി; വാൽപാറ അപകടത്തിൽ മരിച്ചവർക്കായി റിയാദിൽ പ്രാർത്ഥനാ സദസ്സ് സംഘടിപ്പിച്ചു.*
റിയാദ്: വാൽപാറയിൽ മിനി വാൻ അപകടത്തിൽപ്പെട്ട് മരണമടഞ്ഞ മങ്കട മണ്ഡലത്തിലെ പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂൾ അധ്യാപകർക്കും പ്രിയപ്പെട്ടവർക്കും വേണ്ടി റിയാദ് കെഎംസിസി പ്രാർത്ഥനാ സദസ്സും മയ്യിത്ത് നിസ്കാരവും സംഘടിപ്പിച്ചു. ഞായറാഴ്ച രാത്രി 8:00 മണിക്ക് ബത്‌ഹയിലെ കെഎംസിസി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ റിയാദിലെ പ്രവാസ ലോകത്തെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
ബഷീർ ഫൈസി വാദിനൂർ പ്രാർത്ഥനയ്ക്കും മയ്യിത്ത് നിസ്കാരത്തിനും നേതൃത്വം നൽകി. നാടിന്റെ വിദ്യാഭ്യാസ രംഗത്ത് വലിയ സംഭാവനകൾ നൽകിക്കൊണ്ടിരുന്ന അധ്യാപകരുടെ അപ്രതീക്ഷിത വേർപാട് മങ്കട മണ്ഡലത്തിനും പ്രവാസികൾക്കും നികത്താനാവാത്ത നഷ്ടമാണെന്ന് യോഗം അനുസ്മരിച്ചു.
ചടങ്ങിൽ സൗദി നാഷണൽ കെഎംസിസി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, നാഷണൽ കെഎംസിസി സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് വേങ്ങര എന്നിവർ സംബന്ധിച്ചു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര, ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് ഷക്കീൽ തിരൂർക്കാട്, റിയാദ് കെഎംസിസി മങ്കട മണ്ഡലം ജനറൽ സെക്രട്ടറി റിയാസ് തിരൂർക്കാട് എന്നിവർ അനുശോചന ചടങ്ങുകൾക്ക് നേതൃത്വം നൽകി. വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ മുതൽക്കൂട്ടായിരുന്ന അധ്യാപകരുടെ വേർപാട് നാടിന് വലിയ നഷ്ടമാണെന്ന് നേതാക്കൾ അനുസ്മരിച്ചു.
റിയാദ് മങ്കട മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പരേതരുടെ കുടുംബങ്ങൾക്ക് ആശ്വാസം നൽകാൻ പ്രാർത്ഥിക്കുകയും, പ്രവാസി സമൂഹത്തിന്റെ ആഴത്തിലുള്ള ദുഃഖം അറിയിക്കുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും യോഗം ആശംസിച്ചു.