28/03/2026
പാലൂരിന്റെ കോൽക്കളി പെരുമയും *ഹമീദ് ഗുരുക്കളും*
--------------------------------
കേരള ഫോക്‌ലോർ അക്കാദമി
അവാർഡ്( 2023 കളരിപ്പയറ്റ് )
ജേതാവ് പ്രിയ VK ഹമീദ് ഗുരുക്കളെ കുറിച്ചും അദ്ദേഹത്തിന്റെ സംഭവനകളെ കുറിച്ചും പാലൂർകാർക്കും ഏറെ പറയാൻ ഉണ്ട് .....
വർഷങ്ങൾക്കുമുമ്പുള്ള ഒരു ഓർമ്മയിൽ നിന്നാണ് ഈ വിപ്ലവം ആരംഭിക്കുന്നത്. 2003-ന്റെ തുടക്കത്തിൽ, പാലൂർ റെയിൽവേ പാളത്തിന് പടിഞ്ഞാറ് വശത്തുള്ള കൊല്ലന്റവിട റസാഖ് ഗുരുക്കളുടെ വീട്ടുമുറ്റത്തെ (ഗുരുകൃപ) കളരിയിൽ ഹമീദ് ഗുരുക്കൾ എത്തുമ്പോൾ, അത് ഒരു പുതിയ ചരിത്രത്തിന്റെ തുടക്കമാകുമെന്ന് ആരും കരുതിയിരുന്നില്ല.
സമീപ പ്രദേശങ്ങളിൽ സജീവമായി നിലനിന്നിരുന്ന മാപ്പിള കോൽക്കളി പാലൂർ പ്രദേശത്തും വീണ്ടും പുനരുജ്ജീവിപ്പിക്കാൻ ആ കളരി നിർണായക പങ്കുവഹിച്ചു.
തുടർന്ന്, 2006-ൽ *SMART FELLOWS*PALOOR* ന്റെ നേതൃത്വത്തിൽ നാട്ടിൽ ഒരു പുതിയ ടീം രൂപീകരിച്ച് കളി പഠിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, തുടക്കത്തിൽ കുറുവങ്ങാട്ട് തന്റെ വീട്ടുവളപ്പിലെ (*അൽ-മുബാറക്* ) കളരിയിൽ പരിശീലനം ആരംഭിച്ചു. പിന്നീട് പാലൂർ പാലുകുറ്റി അബ്ബാസ്,കാര്യത്ത് അബ്ദുറഹ്മാൻ എന്നിവരുടെ വീട്ടുമുറ്റങ്ങളിലും മറ്റ് ഇടങ്ങളിലുമായി പരിശീലനം വിപുലമായി തുടരുകയുണ്ടായി.
ആ പരിശീലനങ്ങൾ വെറും ഒരു കളി പഠനമല്ലായിരുന്നു; മറിച്ച് ഒരു നാടിന്റെ സംസ്കാരത്തെ തന്നെ മാറ്റിമറിച്ച വലിയൊരു മുന്നേറ്റമായിരുന്നു. അന്ന് മുതൽ പാലൂരിന്റെ കൗമാരം കോൽക്കളിയെ ഹൃദയത്തിൽ ചേർത്തു.
പിന്നീട്, കൊയിലാണ്ടി ഖാലിദ് ഗുരുക്കൾ, സി.വി. ഗുരുക്കൾ, അബ്ബാസ് ഗുരുക്കൾ, കാദർ ഗുരുക്കൾ തുടങ്ങി നിരവധി കോൽക്കളി ഗുരുക്കന്മാരെ പാലൂർ പ്രദേശത്തേക്ക് ക്ഷണിച്ച് പരിശീലനം നൽകാൻ ഹമീദ് ഗുരുക്കൾ മുൻകൈയെടുത്തു. ആ ശ്രമങ്ങളുടെ ഫലമായിട്ടാണ് പാലൂർ പ്രദേശവും കോൽക്കളിയുടെ പ്രധാന കേന്ദ്രമായി മാറിയത്.
തൃശൂരിൽ നടന്ന ആദ്യ കേരളോത്സവത്തിൽ പാലൂരിലെ കുട്ടികളെ സംസ്ഥാന തലത്തിലേക്ക് എത്തിച്ചുകൊണ്ട് തുടങ്ങിയ ആ വിജയയാത്ര, ഇന്ന് രണ്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അതേ ആവേശത്തോടെ തുടരുകയാണ്. ഈ കാലയളവിൽ പാലൂർ പ്രദേശത്ത് കളി അഭ്യസിച്ചവർ സ്കൂൾ, കോളേജ് തല ടീമുകളിൽ സ്ഥിര സാന്നിധ്യമായി മാറി.
പാലൂരിലെ കല്യാണവീടുകളിൽ വർഷങ്ങളായി കോൽക്കളി ഒഴിച്ചുകൂടാനാവാത്ത ഘടകമായി തുടരുന്നു.
വേദികളിൽ മാത്രം ഒതുങ്ങാതെ, സിനിമയുടെ വെള്ളിത്തിരയിലും അദ്ദേഹത്തിന്റെ ശിഷ്യന്മാർ തിളങ്ങി. ‘പൂമരം’, ‘ബഷീറിന്റെ പ്രേമലേഖനം’ എന്നീ സിനിമകളിലും, കൈരളി ടിവിയിലെ പ്രശസ്തമായ ‘പട്ടുറുമാൽ’ റിയാലിറ്റി ഷോയിലും പാലൂരിലെ കലാകാരന്മാർ കോൽക്കളി അവതരിപ്പിച്ചത് നാടിന്റെ അഭിമാനം ഉയർത്തി.
കേരള ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ സംഘടിപ്പിച്ച പരിപാടികളിൽ, പ്രശസ്ത ദഫ്-അറബന മുട്ട് പരിശീലകനും Kerala Folklore Academy മുൻ വൈസ് ചെയർമാനുമായ ഉസ്താദ് കോയ കാപ്പാടിനൊപ്പം യാത്ര ചെയ്ത് പരിപാടികൾ അവതരിപ്പിക്കാൻ പാലൂരിലെ കലാകാരന്മാർക്ക് അവസരം ലഭിച്ചു.
ഹമീദ് ഗുരുക്കളും അദ്ദേഹത്തിന്റെ ജ്യേഷ്ഠനായ അബ്ബാസ് ഗുരുക്കളും നേതൃത്വം നൽകുന്ന ‘അൽ മുബാറക്ക് കളരി സംഘം കുറുവങ്ങാട്’ ഇന്ന് കേരളത്തിലെ പ്രമുഖ കളരി-കോൽക്കളി പരിശീലന കേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുന്നു. 45 വർഷത്തെ അനുഭവസമ്പത്തും മൂവായിരത്തിലധികം ശിഷ്യരും — ഇതാണ് ഹമീദ് ഗുരുക്കളുടെ ഏറ്റവും വലിയ സമ്പത്ത്. അദ്ദേഹത്തിന്റെ ശിഷ്യരിൽ ഇപ്പോൾ കേരളത്തിലെ മികച്ച കോൽക്കളി പരിശീലകരും,സ്കൂൾ, കോളേജ് കളോത്സവങ്ങളിൽ വിവിധ ജില്ലകളിൽ നിന്നായി നിരവധി ടീമുകളെ സംസ്ഥാന തലത്തിൽ എത്തിക്കുകയും പല തവണ ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.കൂടാതെ കേരളത്തിന് പുറമെ ലക്ഷദ്വീപ്,ഖത്തർ,യു.എ.ഇയിലുമടക്കം ഗൾഫ് രാജ്യങ്ങളിൽ പ്രോഗ്രാം അവതരിപ്പിക്കുകയും കോൽക്കളി-കളരിപ്പയറ്റ് സംഘങ്ങൾക്ക് നേതൃത്വം നൽകി വരുകയും ചെയ്യുന്നു .
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ വരെ ഇടം നേടിയ ശിഷ്യന്മാർ അദ്ദേഹത്തിന്റെ പരിശീലനത്തിന്റെ മികവ് തെളിയിക്കുന്നു.
ദൂരങ്ങൾ താണ്ടി വന്ന് ഒരു നാടിനെ മുഴുവൻ താളബോധമുള്ളവരാക്കി മാറ്റിയ ഈ ഗുരുനാഥൻ ഇന്നും പാലൂർക്കാരുടെ പ്രിയപ്പെട്ട ‘ഗുരുക്കൾ’ തന്നെയാണ്. 2023-ലെ ഫോക്‌ലോർ അക്കാദമി അവാർഡ് നൽകി സർക്കാർ അദ്ദേഹത്തെ ആദരിച്ചപ്പോൾ, അത് അദ്ദേഹത്തിന്റെ അനന്തമായ സമർപ്പണത്തിനുള്ള അംഗീകാരമായി മാറി.
പഴയ ശിഷ്യന്മാർ ഇന്ന് കുടുംബനാഥന്മാരായി മാറിയിട്ടും, തങ്ങളുടെ മക്കളെയും പുതിയ തലമുറയെയും ഹമീദ് ഗുരുക്കളുടെ ചുവടുകൾ പഠിപ്പിക്കാൻ ഏൽപ്പിക്കുമ്പോൾ അവിടെ തോൽക്കുന്നത് കാലമാണ്. പാലൂരിന്റെ മണ്ണിൽ ഇനിയും പുതിയ താളങ്ങൾ വിരിയും… ആ താളങ്ങൾക്കൊക്കെയും പിന്നിൽ ഹമീദ് ഗുരുക്കൾ എന്ന മഹാഗുരുനാഥന്റെ കരുത്ത് തുടരും.
fellows paloor🙌🏻