08/08/2026
വന്ദേമാതരം നിർബന്ധമാക്കുന്നത് ഭരണഘടനാ വിരുദ്ധം: സർക്കുലർ പിൻവലിക്കണം – വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ
➖➖➖➖➖➖
കോഴിക്കോട്: ദേശീയപതാക ഉയർത്തുന്ന ചടങ്ങുകളിലും വിദ്യാലയങ്ങളിലും വന്ദേമാതരത്തിന്റെ ആറു ചരണങ്ങളുമടങ്ങിയ പൂർണരൂപം നിർബന്ധമായും ആലപിക്കണമെന്ന പ്രോട്ടോക്കോളും അതിൻപ്രകാരമുള്ള സംസ്ഥാന സർക്കാരിന്റെ സർക്കുലറും പിൻവലിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പുനൽകുന്ന മനസ്സാക്ഷിയുടെ സ്വാതന്ത്ര്യത്തിനും മതേതരത്വത്തിനും മേലുള്ള കടന്നുകയറ്റമാണിതെന്ന് വിസ്ഡം സംസ്ഥാന നേതൃത്വം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
മാതൃരാജ്യത്തോടുള്ള സ്നേഹവും സേവനവും ഓരോ പൗരന്റെയും ബാധ്യതയാണ്. രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച സ്വാതന്ത്ര്യസമര സേനാനികളിൽ എല്ലാ വിഭാഗം ജനങ്ങളുമുണ്ട്. എന്നാൽ, ദേശസ്നേഹം തെളിയിക്കാൻ ഒരു പൗരന്റെ മതവിശ്വാസത്തെയും മനസ്സാക്ഷിയെയും ചോദ്യം ചെയ്യുന്ന രീതി ശരിയല്ല. വന്ദേമാതരത്തിന്റെ ആദ്യ ചരണങ്ങൾ മാതൃരാജ്യത്തിന്റെ സമൃദ്ധിയെയും പ്രകൃതിസൗന്ദര്യത്തെയുമാണ് വർണിക്കുന്നതെങ്കിൽ, ശേഷിക്കുന്ന ചരണങ്ങൾ വ്യക്തമായും ഒരു പ്രത്യേക മതവിഭാഗത്തിന്റെ ദൈവസങ്കൽപ്പങ്ങളെയും ബിംബാരാധനാപരമായ ആശയങ്ങളെയുമാണ് പ്രതിഫലിപ്പിക്കുന്നത്.
ഏകദൈവവിശ്വാസത്തിൽ (തൗഹീദ്) അധിഷ്ഠിതമായി ജീവിക്കുന്ന ഒരു മുസ്ലിമിന് ദൈവമല്ലാത്ത മറ്റു ശക്തികളെയോ സങ്കൽപ്പങ്ങളെയോ ആരാധനാപൂർവം വാഴ്ത്തുന്നത് വിശ്വാസത്തിന് നിരക്കാത്തതാണ്. രാജ്യത്തെ സ്നേഹിക്കുന്നതും രാജ്യത്തെ ദേവതയായി സങ്കൽപ്പിക്കുന്നതും രണ്ടാണ്. ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ വിശ്വാസത്തിന് വിരുദ്ധമായ വരികൾ നിർബന്ധിച്ച് പാടിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a) നൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും ആർട്ടിക്കിൾ 25 നൽകുന്ന മതസ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമാണ്.
ചരിത്രപ്രധാനമായ 'ബിജോയ് ഇമ്മാനുവൽ കേസിൽ' (1986) സുപ്രീംകോടതി വ്യക്തമാക്കിയത്, ഒരു വ്യക്തി തന്റെ മനസ്സാക്ഷിക്കോ മതവിശ്വാസത്തിനോ വിരുദ്ധമായ കാര്യങ്ങൾ ചൊല്ലാൻ നിർബന്ധിതനാകരുത് എന്നാണ്. മനസ്സാക്ഷിക്ക് വിരുദ്ധമായ ഉച്ചാരണങ്ങൾ നിർബന്ധമാക്കുന്നത് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളിൽ പോലും മാനസിക പ്രയാസങ്ങൾ സൃഷ്ടിക്കും.
ഇന്ത്യ വിവിധ മതങ്ങളും സംസ്കാരങ്ങളും വച്ചുപുലർത്തുന്നവർ ഒന്നിച്ചുജീവിക്കുന്ന മതേതര രാജ്യമാണ്. രാജ്യസ്നേഹത്തിന്റെ പേരിൽ ഏതെങ്കിലും ഒരു മതത്തിന്റെ സങ്കൽപ്പങ്ങൾ പൊതുസമൂഹത്തിന് മേൽ അടിച്ചേൽപ്പിക്കുന്നത് സർക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ്. അതിനാൽ, പൗരന്മാരുടെ ഭരണഘടനാവകാശങ്ങളെ സംരക്ഷിച്ചുകൊണ്ട് നിലവിലെ നിർദ്ദേശങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും വിവാദ ഉത്തരവുകൾ പിൻവലിക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ഭാരവാഹികൾ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
✍️ ടി കെ അഷ്‌റഫ്
(ജനറൽ സെക്രട്ടറി,
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ)