16/08/2023
🙏🏻 വാല്മീകി കുന്ന് 🙏🏻
📚 ആലുവ അദ്വൈതാശ്രമത്തിന് സമീപം തോട്ടുമുഖം എന്നൊരു സ്ഥലമുണ്ട്... പാറയും മലയും മരങ്ങളും ഒക്കെ കൊണ്ട് നിറയപെട്ടതാണ് ആ സ്ഥലം. ആ പ്രദേശത്തെ വളരെയധികം ഭൂമിയുള്ള ഒരു ക്ഷുരകൻ ഉണ്ടായിരുന്നു... ആ ക്ഷുരകനുമായി ഒരാൾ വലിയ ശത്രുതയിൽ ആയിരുന്നു... പലപ്പോഴും അവർ തമ്മിൽ വഴക്കും ഒക്കെ ഉണ്ടാവുക പതിവായിരുന്നു... ഒരു ദിവസം ഇരുവരും തമ്മിൽ ആയുധങ്ങളുമായി ഏറ്റുമുട്ടുകയുണ്ടായി.. ശക്തമായ ആ ഏറ്റുമുട്ടലിൽ ക്ഷുരകൻ്റെ മർദ്ദനമേറ്റ മറ്റേയാൾ കൊല്ലപ്പെട്ടു..! അത്യന്തം ഭീതിജനകം ആയിത്തീർന്ന ആ സ്ഥലത്ത് പോലീസ് സംഘം പാഞ്ഞെത്തി... കൊലയാളിയായ ആ ക്ഷുരകനെ അറസ്റ്റ് ചെയ്തു കൊണ്ടു പോവുകയും ചെയ്തു..!
📚 പോലീസിലും കോടതിയിലും അയാൾ ചെയ്തുപോയ കുറ്റം ഏറ്റുപറഞ്ഞു... ഒടുവിൽ കോടതി അയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു , ജയിലിലടച്ചു..! അക്കാലത്ത് ആ ക്ഷുരകൻ മാനസികമായി വലിയ വിഷമം അനുഭവിക്കുകയും , പശ്ചാത്താപവിവശനായി തീരുകയും ചെയ്തിരുന്നു... ജയിലിൽ കഴിയുന്ന വേളയിൽ അയാൾ എല്ലാവർക്കും ഒരു സഹോദരതുല്യമായ ആയിത്തീർന്നു.. വളരെ കുറച്ചുകാലം കൊണ്ട് അയാൾ ജയിലിൽ ഉദ്യോഗസ്ഥന്മാരുടെ സ്നേഹവും വിശ്വാസവും പിടിച്ചുപറ്റുകയും ഉണ്ടായി... അങ്ങനെ ആറേഴ് കൊല്ലം കടന്നുപോയി... ആയിടയ്ക്ക് ചിത്തിരതിരുനാളിൻ്റെപിറന്നാൾ പ്രമാണിച്ച് ഒരു തടവുപുള്ളിയെ മോചിപ്പിക്കാനുള്ള അവസരം വന്നുചേർന്നു..! അതിനുള്ള ഭാഗ്യമുണ്ടായത് ആ ക്ഷുരകനായിരുന്നു... അങ്ങനെ ഒരു ദിവസം അയാൾ ജയിൽ മോചിതനായി പുറത്തുവന്നു...
📚 പക്ഷേ ജയിലിനു പുറത്തുവന്ന അയാൾക്ക് നാട്ടുകാരും വീട്ടുകാരും തുണയായി തീരുകയുണ്ടായില്ല...! സമൂഹവും സമുദായവും ഒരുപോലെ അയാളെ ഒറ്റപ്പെടുത്തി... അതോടെ അയാൾക്ക് എല്ലാവരാലും വെറുക്കപ്പെട്ടവനായി കഴിയേണ്ടിവന്നു... അതിൽ മനംനൊന്ത ക്ഷുരകൻ ജീവിതം തന്നെ അവസാനിപ്പിക്കുവാൻ ആലോചിക്കുമ്പോഴാണ് ഒരു ദിവസം വഴിയിൽ വച്ച് ഗുരുദേവനെ കാണുവാൻ ഒരവസരമുണ്ടായത്... അയാൾ ഗുരുവിനു മുൻപിൽ നിന്ന് പൊട്ടിക്കരഞ്ഞു... അയാളുടെ ആത്മാർത്ഥമായ പശ്ചാത്താപം കണ്ട് ഗുരുദേവൻ സമാശ്വസിപ്പിച്ചു... അതിൽ പിന്നെ അയാൾ കൂടെക്കൂടെ ഗുരുസന്നിഥിയിൽ എത്തുക ഒരു പതിവായി... ഒരു ദിവസം പുതിയൊരു ക്ഷൗരകത്തി വരുത്തി അയാളെക്കൊണ്ട് ഗുരുദേവൻ ക്ഷൗരം ചെയ്യിപ്പിക്കുകയുണ്ടായി. പിന്നീട് സ്ഥിരമായി ആ വേലയിൽ അയാൾ സമർത്ഥനായിരുന്ന തിനാൽ പിന്നീട് സ്ഥിരമായി ക്ഷൗരം ചെയ്യുവാൻ അയാളെത്തന്നെ തൃപ്പാദങ്ങൾ ചുമതലപ്പെടുത്തുകയും ചെയ്തു...! അതോടെ ഗുരുദേവൻ്റെ സാമീപ്യവും സ്നേഹവും കൊണ്ട് അയാൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നു... എല്ലാവരാലും വെറുക്കപ്പെട്ട തന്നെ വീണ്ടും ഒരു മനുഷ്യൻ ആക്കി തീർത്ത ഗുരുദേവന് തനിക്കുള്ളതെല്ലാം സമർപ്പിക്കണമെന്ന് അയാൾ മനസ്സിൽ ആശിക്കുകയും , ഒരു തീരുമാനം എടുക്കുകയുമുണ്ടായി.. . അതേതുടർന്ന് തോട്ടുമുഖത്തുള്ള ആ സ്ഥലം ക്ഷുരകൻ ഒരു ദിവസം ദാനാധാരമായി ഗുരുദേവന് എഴുതി നൽകി...
📚 കാട്ടാളൻ ആയി കഴിയുകയും പിന്നീട് സപ്തർഷികളുടെ അനുഗ്രഹംകൊണ്ട് മഹർഷിയായി തീരുകയും ചെയ്ത വാല്മീകിയെയാണ് ഗുരുദേവൻ അപ്പോൾ ഓർത്തുപോയത്... ആ സമയത്ത് ഗുരുദേവൻ അയാൾക്ക് വാല്മീകി എന്ന് പേരിട്ടു നൽകി... പിന്നീട് ആ പേരിൽ അയാൾ നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനായിത്തീരുകയും ചെയ്തു... ആ സ്ഥലമാണ് പിൽക്കാലത്തെ വാല്മീകിക്കുന്നായിത്തീർന്നത്... ആ കുന്നിലാണ് ശിവഗിരി മഠത്തിൻ്റെ "ശിവഗിരി വിദ്യാനികേതൻ" എന്ന സമുന്നതമായ വിദ്യാലയം സ്ഥിതി ചെയ്യുന്നത്....
🙏🏻 ഓം സ്വായത്തമനസ്ക്കായ നമഃ 🙏🏻