27/12/2024
#കഴിഞ്ഞുമോഹനകാലം
ഇപ്പോളത്തെ കാര്യമല്ല, പത്തറുപതു വര്‍ഷം മുന്‍പാണ്. അന്ന് ഫ്‌ളക്‌സ് ബോര്‍ഡുകളും ഫോട്ടോ പ്രിന്റിംഗും ഇത്രയേറെ പ്രചാരത്തിലെത്തിയിട്ടില്ല. പുതിയ പ്രസ്ഥാനം ആരംഭിക്കുമ്പോള്‍ ഒരു പരസ്യ ബോര്‍ഡ് തയ്യാറാക്കണമെങ്കില്‍, വിടപറഞ്ഞു പോയ പ്രിയപ്പെട്ടവരുടെ ഛായാചിത്രം ചുവരില്‍ തൂക്കണമെങ്കില്‍, ക്ഷേത്രത്തിലോ, പള്ളിയിലോ തിരുരൂപങ്ങള്‍ സമര്‍പ്പിക്കണമെങ്കില്‍ നാട്ടുകാരെല്ലാം ആദ്യമോടുക ഒരു ആര്‍ട്ടിസ്‌റ്റിന്റെ അടുക്കലേയ്‌ക്കാണ്. മീനടംകാര്‍ക്ക് അത് ആര്‍ട്ടിസ്‌റ്റ് മോഹനനായിരുന്നു. മീനടത്തിന്റെ പ്രിയപ്പെട്ട ചിത്രകാരന്‍. ആര്‍ട്ടിസ്റ്റ് മോഹന്‍ കെ നായര്‍.
മീനടം ളാകത്തു വീട്ടില്‍ ചിന്നമ്മ, കരുണാകരന്‍ നായര്‍ ദമ്പതികളുടെ മൂത്ത മകനായി ജനിച്ച ചന്ദ്രശേഖരന്‍ നായര്‍ വിളിപ്പേരായ മോഹനനെ കരിയറില്‍ കൂടെക്കൂട്ടി ആര്‍ട്ടിസ്‌റ്റ് മോഹന്‍ കെ നായരായി മാറുകയായിരുന്നു. ചെറുപ്പത്തിലേ ചിത്രരചനയില്‍ അസാധാരണ പ്രാഗത്ഭ്യം തെളിയിച്ച മോഹനന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കോട്ടയം നഗരത്തിലെ പ്രശസ്‌തമായ വാസന്‍ ആര്‍ട് സ്‌കൂളില്‍ ചേര്‍ന്ന് ചിത്രരചന പഠിക്കാനാരംഭിച്ചു. ആര്‍ടി്‌സ്റ്റ് വാസന്റെ ശിക്ഷണത്തില്‍ ചിത്രരചനയും ശില്‍പനിര്‍മ്മാണവും പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ കോട്ടയത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ തുടങ്ങി.
കോട്ടയം തിരുനക്കരയില്‍ പിതൃഗൃഹമായ കളരിക്കല്‍ വീട്ടില്‍(ഭാരത് ഹോസ്‌പിറ്റലിനു സമീപം) കൊമേഷ്യല്‍ ആര്‍ട് വര്‍ക്കുകള്‍ക്കായി രൂപം ആര്‍ട്‌സ് എന്ന പേരില്‍ ഓഫീസ് ആരംഭിക്കുന്നത് എണ്‍പതുകളിലാണ്. ബഹുനിലക്കെട്ടിടങ്ങളെക്കാളുയരത്തില്‍ ഹോര്‍ഡിങ്ങുകള്‍ തയ്യാറാക്കി അതില്‍ പരസ്യത്തിനായി ഛായാചിത്രങ്ങളും രൂപങ്ങളും വരച്ച് കാപ്‌ഷനുകളെഴുതിയിരുന്ന അന്നത്തെ പരസ്യ രീതിയില്‍ ചുരുങ്ങിയ കാലംകൊണ്ട് ആര്‍ടിസ്‌റ്റ് മോഹന്‍ കെ നായര്‍ പ്രാഗത്ഭ്യം തെളിയിച്ചു. കോട്ടയം ജില്ലയില്‍ മാത്രമല്ല തിരുവനന്തപുരം കൊല്ലം ആലപ്പുഴ ,ഇടുക്കി എറണാകുളം കോഴിക്കോട് എന്നിവിടങ്ങളിലെ പരസ്യ ഏജന്‍സികളില്‍ സ്ഥിരമായി കേള്‍ക്കുന്ന പേരായി മാറി ആര്‍ടിസ്റ്റ് മോഹന്‍ കെ നായര്‍. കേരളത്തില്‍ അങ്ങോളമിങ്ങോളം ഹോര്‍ഡിംഗുകള്‍ നിര്‍മ്മിച്ച് അത് പരസ്യ സ്ഥാപനങ്ങള്‍ക്ക്‌വാടകയ്‌ക്ക് നല്‍കുന്ന ബിസിനസ് ആരംഭിക്കുന്ന കാലത്ത് മോഹനന് പ്രായം വെറും ഇരുപത്തിയഞ്ച്
ഏറ്റുമാനൂരപ്പന്‍, തിരുനക്കര മഹാദേവന്‍, കുമാരനല്ലൂരമ്മ, മീനടത്തു കാവിലമ്മ എന്നിങ്ങനെ ആരാധനാമൂര്‍ത്തികളുടെ സാങ്കല്‍പിക ചിത്രങ്ങള്‍ ഇന്ന് ഒട്ടു മിക്ക ഹൈന്ദവ ഭവനങ്ങളിലും പൂജാ മുറികളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. പല സമയങ്ങളിലായി ആര്‍ടിസ്റ്റ് മോഹനന്‍ രൂപം കൊടുത്തവയാണ് ഇവയെല്ലാം. ഹൈന്ദവദൈവങ്ങള്‍ക്ക് രാജാരവിവര്‍മ്മ രൂപം കൊടുത്തു എന്നതു പോലെ കോട്ടയത്തിന്റെ തദ്ദേശ മൂര്‍ത്തികള്‍ ആദ്യം രൂപപ്പെട്ടത് മോഹനന്റെ ഭാവനയിലാണ്. ഹൈന്ദവ ദൈവങ്ങള്‍ മാത്രമല്ല, കോട്ടയത്തെ ഒട്ടുമിക്ക പള്ളികളിലും കുരിശടികളിലും സ്ഥാപിച്ചിരിക്കുന്ന വിശുദ്ധന്‍മാരുടെ ഛായാ ചിത്രങ്ങളും ക്രിസ്‌തുരൂപവും മോഹനന്റെ കരവിരുതില്‍ വിരിഞ്ഞതു തന്നെ.
ചലച്ചിത്ര നിര്‍മ്മാണം സ്റ്റുഡിയോകളില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന കാലത്ത് ആര്‍ട് ഡയറക്ടര്‍മാരോളം പ്രാധാന്യമുണ്ടായിരുന്നു പശ്ചാത്തല ദൃശ്യങ്ങളൊരുക്കുന്ന ആര്‍ടിസ്റ്റുകള്‍ക്ക്. മോഹന്‍ കെ നായരുടെ ഗുരുനാഥനായ ആര്‍ടിസ്റ്റ് വാസന്‍ ആലപ്പുഴ ഉദയാ സ്റ്റുഡിയോയില്‍ ആര്‍ട് ഡിപ്പാര്‍ട്ടുമെന്റില്‍ സജീവമായിരുന്നു. ഗുരുനാഥനോടൊപ്പം ചലച്ചിത്ര മേഖലയിലെത്തിയ മോഹന്‍ നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചു. വടക്കന്‍ പാട്ട് ഇതിവൃത്തമായി വരുന്ന സിനിമകളില്‍ പശ്ചാത്തല ദൃശ്യങ്ങളൊരുക്കുന്നതിലും സെറ്റ് നിര്‍മ്മിക്കുന്നതിലും മോഹന്റെ കഴിവ് കണ്ടറിഞ്ഞ ആര്‍ട് ഡയറക്ടര്‍മാര്‍ മോഹനനെ ആ രംഗത്തു തുടരാന്‍ നിര്‍ബന്ധിച്ചു. ഏറെക്കാലം ഉദയായില്‍ പ്രവര്‍ത്തിച്ച മോഹന്‍ അവിടെനിന്നും പുറത്തിറങ്ങുന്നത് സ്വന്തമായി ഒരു നാടക ട്രൂപ്പെന്ന ആശയവുമായിട്ടായിരുന്നു.
ചെറുപ്പത്തിലേ സാഹിത്യതല്‌പരനായിരുന്ന മോഹന്‍ നിരവധി നാടകങ്ങള്‍ ഇതിനോടകം എഴുതിക്കഴിഞ്ഞിരുന്നു. ഈ നാടകങ്ങള്‍ അരങ്ങത്തു കൊണ്ടുവരുന്നതിനായി ജോയി കുന്നിലിനൊപ്പം കോട്ടയം രംഗമിത്ര എന്ന പേരില്‍ ഒരു നാടക സമിതി ആരംഭിച്ചു. വി ഡി രാജപ്പന്‍, സംവിധായകന്‍ ഹക്കീം എന്നിവര്‍ അക്കാലം കോട്ടയം രംഗമിത്രയില്‍ സജീവമായിരന്നു. സ്‌കൂള്‍ കോളേജ് കലോല്‍സവങ്ങളില്‍ സമ്മാനം ലഭിക്കുന്ന ഒട്ടുമിക്ക ഏകാങ്കനാടകങ്ങളും അക്കാലത്ത് മോഹനന്റെ രചനകളായിരുന്നു.
ടെലിവിഷന്‍ കേരളത്തില്‍ സജീവമാകുന്ന കാലത്ത് സിനിമയോളം തന്നെ പ്രാധാന്യമുള്ള ഒന്നായിരുന്നു ഷോര്‍ട് ഫിലിമുകള്‍. രൂപം ആര്‍ട്‌സിന്റെ ബാനറില്‍ മോഹനന്‍ ഷോര്‍ട് ഫിലിം നിര്‍മ്മാണ രംഗത്തേയ്‌ക്കിറങ്ങുന്നത് അക്കാലത്താണ്. ഘടികാരം, ധൂമഹേതു, അതിയാന്റെ ഒരു ദിവസം, ഉന്നം എന്നീ ഷോര്‍ട് ഫിലിമുകള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌തു. സ്വകാര്യ ചാനലുകള്‍ തുടങ്ങുന്നതിനു മുന്‍പായിരുന്നതിനാല്‍ ദൂരദര്‍ശനിലായിരുന്നു ഇവ ടെലികാസ്റ്റ് ചെയ്‌തത്. ചലച്ചിത്ര രംഗത്തേയും സീരിയല്‍ രംഗത്തേയും നിരവധി പ്രമുഖര്‍ ഈ ടെലിഫിലിമുകളില്‍ അഭിനയിച്ചു. എസ് കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയിലെ അമ്മുക്കുട്ടിയുടെ ഓര്‍മ്മയ്‌ക്ക് എന്ന അദ്ധ്യായം മാമകം എന്ന പേരില്‍ ഷോര്‍ട് ഫിലിമായി ചിത്രീകരിച്ചത് രണ്ടു വര്‍ഷം മുന്‍പാണ്.
മടക്കമില്ലാത്തൊരു യാത്രയിലേയ്‌ക്ക് രോഗം തന്നെയും കൂട്ടി നടന്നു തുടങ്ങിയെന്ന് മോഹന്‍ അറിയുന്നത് ഏറെക്കഴിഞ്ഞാണ്. പിന്നെ രോഗനിര്‍ണയത്തിന്റേയും ചികിത്സയുടെയും കഠിന ദിനങ്ങള്‍. ഏതൊരാളും മനസ്സുമടുത്ത് ജീവിതം വച്ചൊഴിഞ്ഞു പോകുമായിരുന്ന ആ അവസ്ഥയെ മോഹന്‍ നേരിട്ടത് അനിതരസാധാരണമായ ധൈര്യത്തോടെയായിരുന്നു. തിരുവനന്തപുരം ആര്‍ സി സി യില്‍ ട്രീറ്റ്‌മെന്റിനായി പോകുമ്പോള്‍ കാറിന്റെ പിന്‍ സീറ്റില്‍ വരച്ചു മുഴുമിക്കാത്ത ഒരു കാന്‍വാസും കയറ്റി വച്ചു. രോഗം ഒരു വഴിക്കു പോകും. എന്റെ ജോലികള്‍ മറുവഴിക്കും. എന്തിനാണ് ഇതൊക്കെ കൊണ്ടുപോകുന്നതെന്നു ചോദിച്ചവര്‍ക്കുള്ള മറുപടി അതായിരുന്നു. കോട്ടയം ഭാരത് ഹോസ്‌പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ഡിസംബര്‍ ഇരുപത്തിയാറാം തീയതി ആ നിശ്ചയദാര്‍ഢ്യത്തിന്റെ വിളക്കണഞ്ഞു. ഇ സി ജി യിലെ നെടിയ രേഖകള്‍ കാട്ടി ഡോക്‌ടര്‍മാര്‍ ബന്ധുക്കളോട് ഇനി പ്രതീക്ഷിക്കേണ്ടതില്ലെന്നു പറഞ്ഞു.
കഴിഞ്ഞു മോഹനകാലമെന്ന് ഒരു നാട് ഒന്നടങ്കം ഏറ്റു പറഞ്ഞു.
മീനടത്തെ വാർത്തകൾ
അഡ്മിൻ പാനലിന് വേണ്ടി
ആശിഷ്