11/08/2023
പ്രായപൂർത്തിയായ നാലും അഞ്ചും അംഗങ്ങൾ ഉൾപ്പെടുന്ന കുടുംബങ്ങൾ പോലും ഒറ്റമുറി വീടിനെ ആശ്രയിക്കാൻ നിർബ്ബന്ധിക്കപ്പെടുന്നു.
വാടകക്ക് താമസിക്കേണ്ടി വരുന്ന പാർപ്പിട രഹിത കുടുംബങ്ങൾ, നഗരപ്രാന്തങ്ങളിൽ പോലും ഒറ്റമുറി കൂരകൾക്ക് 3000 രൂപക്ക് മേൽ മാസവാടക കൊടുക്കേണ്ടി വരുന്നു.
വെള്ളത്തിന്റേയും വൈദ്യുതിയുടേയും പാചകഗ്യാസിന്റേയും,കുട്ടികളുടെ വിദ്യഭ്യാസത്തിന്റെയും ചെലവുകൾക്ക് പുറമെ ഭക്ഷണത്തിന്റേയും ചികിത്സ ചെലവിന്റെ കണക്കുകൾ കൂടിയാവുമ്പോൾ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാ പാടുപെടുന്ന മനുഷ്യരുടെ 'നരകജീവിതത്തിന്റെ യഥാർത്ഥ ചിത്രം ലഭിക്കും.
നമ്മുടെസംസ്ഥാനത്ത് ആൾപ്പാർപ്പില്ലാതെ, ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ എണ്ണം 12 ലക്ഷത്തിന് അടുത്തു വരും. സർക്കാർ തന്നെ പുറത്ത് വിട്ട കണക്കുകളിൽ കാണുന്നത് ഒഴിഞ്ഞുകിടക്കുന്ന, 11,84147 വീടുകളിൽ 6 മുറികൾ വീതമുള്ള 57000 വീടുകളും 5 മുറികൾ വീതമുള്ള 74000 വീടുകളും നാലോ അതിൽ കുറഞ്ഞ മുറികളോ ഉളള 2 ലക്ഷം വീടുകളും ഉണ്ടെന്നാണ്.
എന്നാൽ അതേ സമയം ഒരു ജനാധിപത്യ സമൂഹത്തിലെ നഗര സമ്പത്തിൽ ന്യായമായും അവകാശമുള്ള ലക്ഷക്കണക്കായ മനുഷ്യർക്ക്, നഗരങ്ങളെ നഗരങ്ങളാക്കി മാറ്റിയവർക്ക് അന്തിയുറങ്ങാൻ ഇടമില്ലാതെ കട വരാന്തകളിലും, ചോർന്നൊലിക്കുന്ന കൂരകളിലും, വാടക വീടുകളിലും, ചേരികളിലും ദുരിത ജീവിതം തള്ളിനീക്കേണ്ടി വരുന്നു എന്നത് എന്തൊരു വിരോധാഭാസമാണ്. കാലവർഷക്കെടുതികളിൽ വാസസ്ഥലങ്ങൾ ഒലിച്ചുപോവുകയോ ഒഴിഞ്ഞു പോകയോ ചെയ്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ ഇവർ വർഷാവർഷം ഇടം തേടി, പൊതു സമൂഹത്തിന്റെ കാരുണ്യത്തിനായി
കാത്തിരിക്കേണ്ടി വരുന്നു.
വാസയോഗ്യമായ പാർപ്പിടങ്ങൾ ആരുടേയും ഔദാര്യമല്ലന്നും ഒരു ജനാധിപത്യ സമൂഹത്തിലെ മനുഷ്യരുടെ അവകാശമാണെന്നും ഉള്ള തിരിച്ചറിവ് നാം നേടേണ്ടതുണ്ട്. ശുദ്ധവായുവും വെളിച്ചവും ലഭ്യമാകുന്ന വാസയോഗ്യമായ പാർപ്പിടങ്ങൾക്ക് അന്താരാഷ്ട തലത്തിൽ തന്നെ മാനദണ്ഡങ്ങൾ മുന്നോട്ട് വെക്കപ്പെടുന്നതും ഇത് കൊണ്ട് തന്നെയാണ്. ഈ തിരിച്ചറിവ് നേടുന്നതിലൂടെ മാത്രമെ പാർപ്പിടരഹിതരുടെ വാസയോഗ്യമായ പാർപ്പിടമെന്ന ആവശ്യത്തെ യഥാർഥ്യമാക്കി മാറ്റുവാൻ നമുക്ക് സാധിക്കൂ.
ലക്ഷക്കണക്കായ പാർപ്പിട രഹിതരുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ പ്രാപ്തമായ ഒരു പാർപ്പിട അവകാശ പ്രസ്ഥാനവുമായി നാം ഒരുങ്ങിയിരിക്കുന്നു
Unsheltered Peoples Association (UPA)
Register Number: KTM/TC/200/2023