15/07/2026
*വേദ വിപരീതികളാൽ നഷ്ട്ടപ്പെടുത്തരുത് പരി.സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠത....*
*✍️അഭി.ഗീവർഗ്ഗീസ്* *മോർ ബർണബാസ്* *മെത്രാപ്പോലീത്ത*
സഭകളുടെ മാതാവെന്ന് പുകൾപെറ്റ സഭയാണ്.. പരി സുറിയാനി സഭ. കർത്താവ് ശ്ലീഹേന്മാർക്ക് നൽകിയ കൈവെപ്പ് വഴിയായി ലഭിച്ച കറയില്ലാത്ത പൗരോഹിത്യവും ,
മൂന്നു പൊതു സുന്നഹദോസുകളാൽ രൂപപ്പെടുത്തിയ സ്തുതി ചൊവ്വാക്കപ്പെട്ട സത്യവിശ്വാസവും വേദപുസ്തത്തെ അടിസ്ഥാനപ്പെടുത്തി , ചിട്ടപ്പെടുത്തിയ ആരാധനാ രീതികളും നമസ്കാരങ്ങളും , രണ്ടായിരം വർഷത്തെ ആരാധനാ പാരമ്പര്യം ഉൾക്കൊള്ളുന്ന സുറിയാനി സഭയുടെ ശ്രേഷ്ഠതകളാണ് ....
കൂദാശകളുടെ രാജ്ഞി എന്നറിയപ്പെടുന്ന വിശുദ്ധ കുർബ്ബാനയും നമ്മുടെ കർത്താവിനെ ഗത്സമൻ തോട്ടത്തിൽ വെച്ച് ബന്ധിതനാക്കിയതിനെ സ്മരിച്ച് കൊണ്ട് പാതിരാ നമസ്കാരവും മഹാപുരോഹിതന്മാരുടെയും പീലാത്തോസിന്റെയും മുൻപിൽ വിചാരണയ്ക്കായി നിന്നതിനെ സ്മരിച്ച് പ്രഭാത നമസ്കാരവും , മൂന്നാം മണി കർത്താവിനെ പീലാത്തോസ്
കുരിശ് മരണത്തിന് വിധിച്ചതിനെ സ്മരിച്ചും, ആറാം മണി നമസ്ക്കാരം കർത്താവിനെ ക്രൂശിച്ചതിനെ സ്മരിച്ചും ,
ഒമ്പതാം മണി നമസ്കാരം കർത്താവിന്റെ മരണത്തെയും ,
സന്ധ്യാ നമസ്കാരം യൗസേഫും നിക്കോദിമോസും കർത്താവിനെ കുരിശിൽ നിന്നിറക്കിയതിനെയും , സൂത്താറ കർത്താവിന്റെ കബറടക്കത്തെയും , പ്രതി ദിനവും പ്രാർത്ഥിക്കുവാനായി പ്രാർഥനയെ തങ്ങളുടെ ജീവിത വൃതമാക്കിയ സുറിയാനി സഭാ പിതാക്കന്മാർ നമുക്ക് ക്രമീകരിച്ച് തന്നിരിക്കുന്നുണ്ട് ...
ഇവയെല്ലാം തന്നെ ലിഖിതമായി അച്ചടിച്ച് നമസ്ക്കാര പുസ്തകമായി
സഭ നൽകിയ രീതിയിൽ തന്നെ മേൽപ്പട്ടക്കാർ മുതൽ അൽമായർ വരെയുള്ള സഭാംഗങ്ങൾ പ്രാർത്ഥിക്കണം എന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്
എന്നാൽ ഇതിന് പകരമായി ഈ സമയങ്ങളിൽ
മറ്റ് സഭകളിലെയൊ പ്രൊട്ടെസ്റ്റന്റ് വിശ്വാസങ്ങളിലെയൊ സ്വയം കൃതമായി ഉണ്ടാക്കുന്നതോ
ആയ പ്രാർത്ഥനകൾ
വേദ വിപരീതമായി കണക്കാക്കണം
മാത്രവുമല്ല ഓരോ പ്രാർത്ഥനയും ആരംഭിക്കുന്നതും അവസാനിക്കുന്നതും ത്രിത്വ നാമത്തിലായിരിക്കണംഎന്നാണ് സഭയുടെ പഠിപ്പിക്കൽ ....
പുരോഹിത സ്ഥാനികൾ വി.കുർബ്ബാന അർപ്പിക്കുന്നതിന്റെ തലേന്ന് ശ്ഹീമോ നമസ്കാരം
(ശീമ നമസ്കാരം) നടത്താതെ
( ക്യംതാ , സ്ലീബാ ) വി.കുർബാന അർപ്പിക്കരുതെന്നും സഭ അനുശാസിക്കുന്നു. ( ദൗർഭാഗ്യവശാൽ സഭയിൽ ചിലർ ഇത് പിൻ തുടരാറില്ല )
ബലഹീനനാകുന്ന നാം ഇക്കാര്യങ്ങൾ നിങ്ങളെ ഓർമിപ്പിക്കുന്നത്. നമ്മുടെ ആചാര അനുഷ്ഠാനങ്ങൾ, കൂദാശകൾ, ദൈവശാസ്ത്രം, ക്രിസ്തീയ വിജ്ഞാനം. പഠിപ്പിക്കലുകൾ ,
സഭാ ശാസ്ത്രം, ദൗത്യം, എല്ലാം തന്നെ ഏറെ ശ്രേഷ്ഠമാണെന്ന് നിങ്ങളെ പ്രബോധിപ്പിക്കുവാൻ വേണ്ടി തന്നെയാണ് ... ഇത് ഇന്നോ ഇന്നലെയോ സ്വയം ക്രോഡീകരിക്കപ്പെട്ടവയല്ല മറിച്ച് നൂറ്റാണ്ടുകൾക്ക് മുൻപേ ദൈവാത്മാവിനാൽ നമ്മുടെ പൂർവ്വപിതാക്കന്മാർ ചിട്ടപ്പെടുത്തി തന്നതാണ്...
പക്ഷെ ദൗർഭാഗ്യമെന്ന് പറയട്ടെ ഈ കഴിഞ്ഞ കുറച്ചു നാളുകളായി മറ്റ് പ്രൊട്ടസ്റ്റന്റ് - ഇതര സഭകളെ അനുകരിച്ച് ആകമാന സുറിയാനി സഭയിൽ പരിചിതമല്ലാത്ത രീതിൽ ധ്യാന കേന്ദ്രങ്ങൾ കൂണുപോലെ മുളച്ച് പൊങ്ങുകയും അത്തരം ഇടങ്ങളിൽ അന്യ ഭാഷാ എന്ന പേരിൽ പരിചിതമല്ലാത്ത രീതിയിലുള്ള ചില പദപ്രയോഗങ്ങൾ ഉപയോഗിച്ച് സുറിയാനി സഭയിൽ പരിചിതമല്ലാത്ത പ്രാർത്ഥനാ രീതികൾ പിൻതുടർന്ന്
വരുന്നത് ഏറെ ദൗർഭാഗ്യകരമാണ്... *സഭയോട് ചെയ്യുന്ന*
*വൻ ചതിയാണ് വിശ്വാസ വഞ്ചനയാണ്.* ഇത്തരം കൂട്ടായ്മകൾക്ക് സഭയ്ക്ക് ചിലപ്പോൾ താൽക്കാലിക സാമ്പത്തീക നേട്ടങ്ങളോ ദൗതീകമായ സമ്പത്തോ ഉണ്ടാക്കുവാൻ സാധിക്കുമായിരിക്കും പക്ഷെ വിദൂര ഭാവിയിൽ അത് സഭയുടെ
അസ്ഥിവാരമിളക്കും *(അല്ലെങ്കിലും സഭയുടെ ലക്ഷ്യം ഭൗതീക സ്വത്ത് സംബാദനമല്ലല്ലോ ദൈവരാജ്യത്തിന്റെ പണിക്കായുളള സുവിശേഷി കരണമല്ലെ ?)*
ഇത്തരം കൂട്ടായ്മകളിൽ ആത്മീയ നിർവൃതി കണ്ടെത്തുന്ന വിശ്വാസികൾ സുറിയാനി സഭയിൽ ഇത്തരം കൂട്ടായ്മകൾ കുറവായതിനാൽ
പതുക്കെ മറ്റ് നൂതന സഭകളുടെ ഇത്തരം കൂട്ടായ്മകളുടെ പങ്കാളികളാകും പിന്നീടവർ അതിന്റെ ഭാഗമായി മാറി സഭ വിട്ടു പോകും.അത്തരം അപകടങ്ങൾ മുന്നിൽ കണ്ട് തന്നെയാണ് *ശ്രേഷ്ഠ കാതോലിക്ക അഭിവന്ദ്യ മോർ ബസേലിയോസ് ജോസഫ് കാതോലിക്ക *ബാവാ സഭയുടെ പാരമ്പര്യങ്ങളെ മറന്ന് പ്രവർത്തിക്കരുതെന്ന് കൽപിക്കാൻ കാരണവും...*
ആയതിനാൽ സത്യ സുറിയാനി സഭയുടെ സ്തുതി ചൊവ്വാക്കപ്പെട്ട സത്യവിശ്വാസം അതിന്റെ തനിമ നഷ്ട്ടപ്പെടാതെ അതിൽ വേദവിപരീതികൾ കടന്നുകൂടാതെയും ,
വരും തലമുറകൾക്കായ് സംരക്ഷിച്ച് കാത്ത് പുലർത്തേണ്ടത് നാം ഓരോരുത്തരുമാണെന്ന ഉത്തമ ബോധ്യത്തോടെയും അതിനായി ദൃഢ നിശ്ചയത്തോടെയും നമുക്കൊന്നിച്ച് മുന്നോട്ട് പോകാം .... ത്രിയേക ദൈവത്തിന്റെ കൃപയും കരുണയും നിങ്ങളോടുകൂടെ എന്നുമെന്നാളും ഉണ്ടായിരിക്കുമാറാകട്ടെ...
എന്ന് നിങ്ങളുടെ സ്വന്തം
മോർ ബർണബാസ് ഗീവർഗ്ഗീസ് തിരുമേനി