23/01/2025
*യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ആനുകൂല്യങ്ങളെല്ലാം തിരികെ നല്കും : വി.ഡി സതീശൻ*
യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ മുഴുവൻ തിരികെ നല്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പണിമുടക്കിയ ജീവനക്കാരും അദ്ധ്യാപകരും സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടത് ഭരണത്തിൽ കഴിഞ്ഞ 9 വർഷമായി ജീവനക്കാരുടേയും അധ്യാപകരുടേയും ആനുകൂല്യങ്ങളെല്ലാം കവർന്നെടുത്തു. യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ശമ്പളം പരിഷ്കരിക്കും. സർവ്വീസ് വെയിറ്റേജാണ് ശമ്പള പരിഷ്കരണത്തിന്റെ ആത്മാവ്. സർവീസ് വെയിറ്റേജോടുകൂടിയുള്ള ശമ്പള പരിഷ്കരണം യു.ഡി.എഫ് നടപ്പിലാക്കും. ജീവിതനിലവാരം കുത്തനെ ഉയരുമ്പോൾ അതിനാനുപാതികമായി ജീവനക്കാരുടെ വേതനവർദ്ധനവ് നൽകുന്നതിന് പകരം തുടർച്ചയായ ആനുകൂല്യ നിഷേധമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.
ഇടത് സർക്കാർ പിന്തുടരുന്ന ഈ സമീപനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭരണപക്ഷത്തെ ഒരു സംഘടന തന്നെ പണിമുടക്ക് രംഗത്തേക്ക് വന്നിരിക്കുന്നത് സ്ഥിതിഗതികൾ എത്രത്തോളം മോശമാണെന്നത് വ്യക്തമാക്കുന്നു. സർക്കാരിന്റെ നയങ്ങളെ തള്ളി ഭരണകക്ഷിയിൽപ്പെട്ട പാർട്ടിയുടെ സർവ്വീസ് സംഘടനകൾ പണിമുടക്കിയത് സർക്കാരിനേറ്റ കനത്ത പ്രഹരമാണ്. ഇങ്ങനെ നിരന്തരമായി ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നവരെ കാലം ചില പാഠങ്ങൾ പഠിപ്പിക്കും. അതിനുള്ള സമയം സമാഗതമായിരിക്കുന്നു. സ്തുതിപാടകർ എഴുതുന്ന കാവ്യങ്ങളിൽ അഭിരമിക്കുന്ന മുഖ്യമന്ത്രി ജീവനക്കാർ വിലാപകാവ്യം രചിച്ചു കഴിഞ്ഞിരിക്കുകയാണെന്നത് തിരിച്ചറിയുന്നില്ല.
2025 ജനുവരിയിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അടുത്ത ഗഡു ക്ഷാമബത്ത അനുവദിക്കാതിരിക്കേ 19% ക്ഷാമബത്ത കുടിശ്ശികയാണ്. അടിസ്ഥാന ശമ്പളത്തിന്റെ അഞ്ചിൽ ഒന്ന് ഓരോ മാസവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. 4 വർഷം കൊണ്ട് ലഭിക്കേണ്ട 24% ക്ഷാമബത്തയിൽ ആകെ 5% മാത്രമാണ് അനുവദിച്ചത്. അതിൽ 78 മാസത്തെ കുടിശ്ശിക ഇല്ലാതാക്കി. അൻപതിനായിരം മുതൽ 1.5 ലക്ഷം രൂപ വരെ ഈയിനത്തിൽ ജീവനക്കാരിൽ നിന്നും സർക്കാർ കൊള്ളയടിച്ചു. അഞ്ചുവർഷമായി ലീവ് സറണ്ടർ പിടിച്ചു വെച്ചിരിക്കുകയാണ്. ഈ സർക്കാരിന്റെ കാലത്ത് ലീവ് സറണ്ടർ ലഭിക്കില്ലായെന്നത്, ലീവ് സറണ്ടർ നീട്ടിവെച്ചു കൊണ്ടുള്ള ഉത്തരവുകളിലൂടെ ജീവനക്കാർക്ക് ബോധ്യപ്പെട്ടു.