14/07/2025
ഗസ്സയിലെ ഇസ്രയേൽ യുദ്ധത്തെ വിമർശിച്ച യു എൻ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്ക അൽബാനീസക്കെതിരെ യു എസ് ഏർപ്പെടുത്തിയ ഉപരോധങ്ങൾ അത്യന്തം അസംബന്ധമാണ്. ഈ നടപടിയെ അപകടകരവും അസംബന്ധവുമെന്ന് യു എന്നും യു എൻ മനുഷ്യാവകാശ കൗൺസിൽ ഉദ്യോഗസ്ഥരും വിശേഷിപ്പിച്ചിരിക്കുന്നു.
ഇസ്രയേൽ ഫലസ്തീനികൾക്കെതിരെ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കാൻ അൽബാനീസെ നിരന്തരം ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുമായുള്ള (ICC) അവരുടെ ബന്ധം, യുദ്ധത്തിന് ധനസഹായം നൽകുന്ന കോർപ്പറേറ്റ് സ്ഥാപനങ്ങളെ പ്രോസിക്യൂട്ട് ചെയ്യാൻ അവർ ആഹ്വാനം ചെയ്ത റിപ്പോർട്ട് എന്നിവയാണ് യു എസിന്റെ രോഷത്തിന് കാരണമായിരിക്കുന്നത്.
ഉപരോധങ്ങളിൽ യാത്രാ നിരോധനവും വിസ നിരോധനവും ആസ്തി മരവിപ്പിക്കലും ഉൾപ്പെടാമെന്ന് സൂചനയുണ്ട്. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വാഷിംഗ്ടൺ സന്ദർശനവും ട്രംപിനെ സമാധാന നോബലിന് നാമനിർദ്ദേശം ചെയ്യുമെന്ന പ്രഖ്യാപനവും യു എസ് നടപടികൾക്ക് പിന്നിലുണ്ടെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
ഗസ്സയിൽ മരണസംഖ്യ വർദ്ധിക്കുകയും വെടിനിർത്തലിനോ ബന്ദികളെ വിട്ടുകിട്ടുന്നതിനോ ചർച്ചകൾ പോലും ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ ഒരു യുഎൻ ഉദ്യോഗസ്ഥയിൽ വാഷിംഗ്ടൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അസംബന്ധമാണ്. അൽബാനീസെയുടെ പ്രവർത്തനം യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ അംഗീകാരമുള്ളതാണ്. ഐ സി സിയും അന്താരാഷ്ട്ര നീതിന്യായ കോടതിയും പുറപ്പെടുവിച്ച വാറന്റുകൾക്കും ഉത്തരവുകൾക്കും അവരെ ഉത്തരവാദിയാക്കുന്നത് യുക്തിരഹിതമാണ്, കാരണം ഈ കോടതികൾ 40-ഓളം രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും മൊഴികൾ കേട്ടിട്ടുണ്ട്. അൽബാനീസെ "നിർലജ്ജമായ യഹൂദവിരോധം പ്രചരിപ്പിക്കുകയും തീവ്രവാദത്തിന് പിന്തുണ പ്രകടിപ്പിക്കുകയും ചെയ്തു" എന്ന യു എസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോയുടെ ആരോപണങ്ങൾ വസ്തുതാപരമായി നിലനിൽക്കുന്നതല്ല. ഇസ്രയേലിന്റെ നടപടികളോടുള്ള ആഗോള രോഷം വർദ്ധിച്ചുവരുമ്പോൾ, യു എസ് സ്വയം വിമർശനാത്മകമായി നോക്കേണ്ടത് അത്യാവശ്യമാണ്.
"നമ്മുടെ കൺമുന്നിൽ ഒരു വംശഹത്യ നടക്കുന്നുവെന്ന് ഞാനിപ്പോൾ ഉറച്ചു വിശ്വസിക്കുന്നു.
ഒരു വംശഹത്യക്ക് ഒരുപാട് മാനദണ്ഡങ്ങൾ പറയപ്പെടാറുണ്ട്.
ഉറപ്പിച്ചു പറയാം, ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്നത് വംശഹത്യാപരമായ പെരുമാറ്റമാണ്”
ബറോണസ് ഹെലേന കെന്നഡി (യുകെയിലെ പ്രമുഖ മനുഷ്യാവകാശ അഭിഭാഷക)ലോകത്തോടിത് വിളിച്ചു പറഞ്ഞിട്ട് അധികം നാളുകളായിട്ടില്ല.
ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പിലാക്കുക എന്നതാണ് നിലവിലെ ആവശ്യം. ഇസ്രയേൽ ക്രൂരതയെ എതിർക്കുന്ന ശബ്ദങ്ങളെ അടിച്ചമർത്താനായി, യു എസ് പോലെ ഏറ്റവും ശക്തമായ ഒരു രാജ്യത്തിന്റെ സ്വാധീനം പ്രയോഗിക്കുന്നത് ആധുനിക ദേശരാഷ്ട്ര ലോകക്രമത്തോടുള്ള തുറന്ന വെല്ലുവിളിയാണ്.
മനുഷ്യാവകാശ സംഘടനകളും വിദഗ്ധരും യു എസ് നടപടികളെ "അരാജക രാജ്യത്തിന്റെ പെരുമാറ്റം" എന്ന് വിശേഷിപ്പിക്കുകയും പ്രത്യേക റിപ്പോർട്ടർമാർക്ക് പിന്തുണ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. നിയമവാഴ്ചയിലും അന്താരാഷ്ട്ര നിയമത്തിലും വിശ്വസിക്കുന്ന സർക്കാരുകൾ അൽബാനീസെയ്ക്കെതിരായ ഉപരോധങ്ങളെ തടയാനും പ്രത്യേക റിപ്പോർട്ടർമാരുടെ ജോലിസ്വാതന്ത്ര്യം സംരക്ഷിക്കാനും തങ്ങളാലാവുന്നതെല്ലാം ചെയ്യണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെട്ടത് ലോകത്തിൽ സമാധാനം പുലരണമെന്ന് കാംക്ഷിക്കുന്ന സകല മനുഷ്യരോടുമായാണ്.
വംശഹത്യയെ ‘ഔട്ട്സോഴ്സ്’ ചെയ്യാനുള്ള ഇസ്രയേൽ ശ്രമങ്ങൾക്ക് അമേരിക്ക അന്താരാഷ്ട്ര സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കരുത്.
ഗസ്സ,
വെടിനിർത്തലാണ് വേണ്ടത്.
അതിനാണ് അമേരിക്ക ശ്രമിക്കേണ്ടത്.