21/08/2026
ജീവനക്കാരുടെ സ്ഥലംമാറ്റം: മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാനരഹിതം
കേരള എൻജിഒ യൂണിയൻ
സംസ്ഥാനത്ത് ഭരണമാറ്റത്തെ തുടർന്ന് നടപ്പാക്കുന്ന മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റങ്ങളെ ന്യായീകരിച്ച്
മുഖ്യമന്ത്രി നടത്തിയ പ്രതികരണം അങ്ങേയറ്റം വസ്തുതാ വിരുദ്ധവും ക്രമരഹിതനടപടികൾക്കുള്ള പ്രോത്സാഹനവുമാണെന്ന് കേരള എൻ ജി ഒ യൂണിയൻ
എൽഡിഎഫ് സർക്കാർ അധികാരത്തിലിരുന്ന
കഴിഞ്ഞ 10 വർഷക്കാലവും ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റി കുടുംബ ജീവിതങ്ങൾ പോലും താറുമാറാക്കി എന്നാണ് യുഡിഎഫ് സർക്കാർ നടത്തുന്ന അന്യായമായ സ്ഥലം മാറ്റങ്ങളെ ന്യായീകരിക്കാൻ മുഖ്യമന്ത്രി മുന്നോട്ടുവെക്കുന്ന പ്രധാന വാദം.ഇത് വസ്തുതാ വിരുദ്ധമാണ്. കാരണം 2016 മെയ് മാസത്തിൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ 2017 ഫെബ്രുവരി 25ന് ജീവനക്കാരുടെ സ്ഥലംമാറ്റത്തിൽ പൊതുമാനദണ്ഡം നിശ്ചയിച്ച് ഉത്തരവിറക്കി. എല്ലാ സർവീസ് സംഘടനകളുമായും ചർച്ചചെയ്ത് ഏകകണ്ഠമായി അംഗീകരിച്ചവ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ്
പൊതുമാനദണ്ഡം നിശ്ചയിച്ചത്.അതനുസരിച്ചാണ് തുടർന്നുള്ള വർഷങ്ങളിൽ ഏതാണ്ട് എല്ലാ വകുപ്പുകളിലും സ്ഥലംമാറ്റം നടത്തിവന്നത്. അന്യായമായസ്ഥലം മാറ്റങ്ങളെ തുടർന്ന് ആർക്കും ജീവൻ നഷ്ടപ്പെട്ടിട്ടില്ല എന്നതായിരുന്നു മുഖ്യമന്ത്രിയുടെ മറ്റൊരു വസ്തുതാ വിരുദ്ധ പരാമർശം. കാസർഗോഡ് കളക്ടറേറ്റിലെ ആശാലത സ്ഥലംമാറ്റത്തെ തുടർന്ന് ആത്മഹത്യ ചെയ്തത് മെയ് 14ാം തീയതിയാണെന്നും യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്നത് അതിനുശേഷം ആണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ന്യായം. ഇതും വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ല. സാങ്കേതികമായി പുതിയ സർക്കാർ അധികാരത്തിൽ വന്നത് മെയ് 18ന് ആണെങ്കിലും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നമെയ് നാലാം തീയതി മുതൽ തന്നെ കോൺഗ്രസിൻ്റെ സർവീസ് മേഖലയിലെ പോഷക സംഘടനയുടെ ലെറ്റർ ഹെഡിൽ ഓഫീസ് മേധാവികൾക്ക് ജീവനക്കാരെ മാറ്റാനുള്ള ലിസ്റ്റുകൾ നൽകുകയും അതനുസരിച്ച് സ്ഥലംമാറ്റ ഉത്തരവുകൾ ഇറക്കാനാരംഭിക്കുകയും ചെയ്തിരുന്നു. അപ്രകാരം കളക്ടറേറ്റിൽ നിന്ന് സ്ഥലം മാറ്റപ്പെടുകയും തുടർന്ന് ഭരണാനുകൂല സംഘടനയുടെ ഒറ്റപ്പെടുത്തലും മാനസിക പീഡനവും താങ്ങാനാവാതെയാണ് ആശാലത ആത്മഹത്യ ചെയ്തത്. കണ്ണൂർ ജില്ലയിലെ ഹെൽത്ത് ഇൻസ്പെക്ടർ ആർ ദീപലേഖ കുഴഞ്ഞുവീണു മരിച്ചതും മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റത്തെ തുടർന്നാണ്. ജില്ലയിലെ ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥലം മാറി വന്ന് 5 മാസം തികയുന്നതിന് മുമ്പ് മട്ടന്നൂർ ആശുപത്രിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനെതിരെ ദീപലേഖ പരാതി നൽകിയിരുന്നു.അടുത്തിടെ ഉണ്ടായ റോഡ് അപകടത്തെത്തുടർന്ന് മാസങ്ങളോളം കിടപ്പിലായിരുന്ന തനിക്ക് ഇപ്പോഴും യാത്ര ബുദ്ധിമുട്ടാണെന്നും അതിനാൽ വിദൂര സ്ഥലത്തേക്ക് മാറ്റുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ദീപലേഖ സമർപ്പിച്ച അപേക്ഷ പരിഗണിക്കാതെ അവരെ വിദൂരമായ സ്ഥലത്തേക്ക് മാറ്റിയ ഉത്തരവ് കൈപ്പറ്റി അതേക്കുറിച്ച്സഹപ്രവർത്തകരുമായി സംസാരിക്കുന്നതിനിടയിലാണ് കുഴഞ്ഞുവീണ് മരിച്ചത്.വയനാട് ജില്ലയിൽ പട്ടികവർഗ്ഗ വികസന വകുപ്പിൽ ഓഫീസ് അറ്റൻഡ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന കാട്ടുനായിക്ക വിഭാഗത്തിൽപ്പെട്ട ജീവനക്കാരൻ ഓപ്പൺ ഹാർട്ട് സർജറിക്ക് വിധേയനായി അവധിയിലിരിക്കുമ്പോൾ സ്ഥലം മാറ്റപ്പെട്ട തിന്നെത്തുടർന്ന് മരണപ്പെടുന്ന സാഹചര്യവും ഉണ്ടായി. ഈ വിധം സംസ്ഥാനം നാളിതുവരെദർശിച്ചിട്ടില്ലാത്ത വിധത്തിലുള്ള സ്ഥലംമാറ്റ ഭീകരത നടമാടുമ്പോൾ അതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സംസ്ഥാനത്തെ മുഖ്യമന്ത്രിതന്നെ ഇപ്രകാരം വസ്തുതാ വിരുദ്ധമായ വിശദീകരണം നൽകുന്നത് ക്രമവിരുദ്ധ നടപടികളെ പ്രോത്സാഹിപ്പിക്കാനാണ്. ജനങ്ങളെയും ജീവനക്കാരെയും ഒന്നായി കാണാൻ ബാധ്യതപ്പെട്ട ഭരണഘടന പദവിയിലുള്ള മുഖ്യമന്ത്രിയുടെ നിലവാരമില്ലാത്ത പ്രതികരണം അങ്ങേയറ്റം അപലപനീയമാണ്.നിലപാട് തിരുത്തി അന്യായവുംമാനദണ്ഡവിരുദ്ധവുമായ സ്ഥലം മാറ്റങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ അതിശക്തമായ തുടർ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി എം വി ശശിധരൻ പറഞ്ഞു.