18/03/2026
പ്രിയ സുഹൃത്ത് ജാഫര്‍ ചളിക്കോട് എഴുതുന്നു
ലോക സമാധാനത്തിനേറ്റ ഏറ്റവും വലിയ മുറിവ് എന്തെന്ന് ചോദിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും പറയും , അത് ഇസ്ലാമിന്റെ ആവിര്‍ഭാവവും വളര്‍ച്ചയുമാണെന്ന്.....'
ഏകദേശം ആറുമാസം മുന്നെ ഞാന്‍ FB യിലിട്ട ഒരു പോസ്റ്റായിരുന്നു ഇത്. ഇസ്ലാം മത വിശ്വാസികള്‍ എല്ലാ രീതിയിലും ടാര്‍ഗറ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് അടുത്ത കാലത്തായുള്ള നിരന്തര അനുഭവങ്ങളില്‍ നിന്ന് എനിക്ക് മനസ്സിലായിരുന്നു. പക്ഷെ പലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ഒട്ടും കൈവിറക്കാതെയും നാവു വിറക്കാതെയും തന്നെയാണ് ഇസ്ലാം എങ്ങിനെ സ്ത്രീവിരുദ്ധമാവുന്നു, മനുഷ്യത്വ വിരുദ്ധമാകുന്നു, ആധുനിക വിരുദ്ധമാകുന്നുവെന്നത് ഞാനെഴുതിയതും പറഞ്ഞതും.....
മുകളില്‍ പറഞ്ഞ പോസ്റ്റിന് മതവിശ്വാസികളില്‍ നിന്ന് തൃശ്ശൂര്‍ സൈബര്‍ പോലീസിന് ലഭിച്ച പരാതി പ്രകാരമാണ് നാലു മാസം മുന്നെ എന്നെ തൃശ്ശൂര്‍ സൈബര്‍ പോലീസ് വിളിക്കുന്നതും കേസ് രജിസ്റ്റര്‍ ചെയ്യുന്നതും പിന്നീട് ആ കേസ് കൊടുവള്ളി പോലീസിന് കൈമാറുന്നതും. ആ കേസിന്റെ സമന്‍സ് വന്നതു പ്രകാരം ഇന്ന് താമരശ്ശേരി JFCM കോടതിയില്‍ ഹാജറായി. സമാനമായി കഴിഞ്ഞ രണ്ടു കേസുകളില്‍ പോലീസ് വീട് സര്‍ച്ചു ചെയ്യുകയും ഫോണ്‍ പിടിച്ചെടുക്കുകയും (ഇതുവരെ തിരിച്ചു ലഭിച്ചില്ല) തടവനുഭവിക്കുകയും ഫൈന്‍ കെട്ടുകയും ചെയ്തിരുന്നെങ്കിലും കോടതിയില്‍ ഹാജറായ ദിവസം ജാമ്യക്കാരെ കൊണ്ട് പോയിരുന്നില്ല. അത് പോലെ ഇന്നും ജാമ്യക്കാരില്ലാതെയായിരുന്നു വന്നത്. കേസ് വിളിച്ചപ്പോള്‍ ജാമ്യക്കാരോ വക്കിലോ നിര്‍ബന്ധമാണെന്നു പറഞ്ഞു. അല്ലെങ്കില്‍ ജയിലിലേക്കു വിടുമെന്നും . ഏതായാലും എന്റെ ഫോണ്‍ കോള്‍ കേള്‍ക്കേണ്ട താമസംആര്‍ട്ട് ലൈന്‍ അനിയേട്ടന്‍, ഷാജിര്‍ കാന്തപുരം എന്നിവര്‍ നികുതി ശീട്ടും ആധാര്‍ കാര്‍ഡുമായി വന്നു....
എന്റെ ഒരു സുഹൃത്തും അഡ്വക്കറ്റ് ക്ലര്‍ക്കുമായ രത്‌നാകരേട്ടന്‍ പറഞ്ഞു: 'നാം കേസ് നീട്ടികൊണ്ട് പോയാല്‍ ഓരോ കേസ് ദിവസവവും വക്കീലിനു ഫീസ് കൊടുക്കണം,ദിവസവും സാദാ പണിയെടുത്ത് ജീവിക്കുന്ന നിനക്ക് ആ ദിവസങ്ങളിലൊക്കെ പണി ലീവാക്കണം, കേസ് കഴിയുമ്പോഴേക്ക് നല്ലൊരു പണം ചിലവാക്കണം..... അതിനാല്‍ കേസ് ഇന്നുതന്നെ ക്ലോസ് ചെയ്യാനുള്ള എന്തെങ്കിലും മാര്‍ഗമുണ്ടൊ എന്ന് നോക്കട്ടെ '
എന്നെ സംബന്ധിച്ചിടത്തോളവും അന്നന്നത്തെ അന്നം തേടുന്ന എനിക്ക് അതു തന്നെയായിരുന്നു നല്ലത് (മുന്‍ കേസുകളില്‍ ചെയ്ത പോലെ)...
അതിന്‍ പ്രകാരം കോടതിയില്‍ നിന്നുതന്നെ ഒരു വക്കീലിനെ വെക്കുകയും ഇ ഫയല്‍ റീലോഡ് ചെയ്യുകയും കേസ് വീണ്ടും വിളിപ്പിക്കുകയും ചെയ്തു.....
5000 രൂപ ഫൈനും ഏകദിന തടവും വിധിച്ചു. വക്കീലിനും ഗുമസ്തനും e ഫയല്‍ ചെയ്ത ഫീസും കൂടെ 7000 രൂപ കൈയില്‍ നിന്ന് തെറിച്ചു ......
തടവുശിക്ഷയുടെ ഭാഗമായി കോടതി വരാന്തയില്‍ ഒറ്റക്കിരുന്ന് ഇത് കുറിക്കുമ്പോള്‍ ഞാനാലോചിക്കുന്നത്: ഒരു ഭാഗത്ത് ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന പുഴുങ്ങി വെച്ച മധുരക്കിഴങ്ങിനൊപ്പം അതേ പ്ലേറ്റില്‍ മതനിന്ദയെന്ന കാഞ്ഞിരക്കുരു പൊടിച്ച ചെമ്മന്തി തൊട്ടു കൂട്ടാന്‍ വെച്ചിരിക്കുന്നു..... മറുഭാഗത്ത് സെക്യുലര്‍ രാഷ്ട്രമെന്ന ഉള്‍ട്ട കോമഡിയും ......
ഒരു പക്ഷെ എന്നെ പോലുള്ള, സ്വയം തയ്യാറാവുന്ന കുറച്ച് ഇരകളുണ്ടെങ്കിലെ മതമണ്ടത്തരം മനസ്സിലായി സത്യം തുറന്നു പറയാന്‍ പലരും ധൈര്യപ്പെടുകയുള്ളൂ എന്ന തിരിച്ചറിവില്‍ നിന്ന്, ശാരീരികവും സാമ്പത്തികവുമായി വളരെ പിന്നിലാണെങ്കിലും മാനസികമായി മൂര്‍ച്ചയുള്ള വജ്രായുധം തന്നെയാണെന്ന് മനസ്സിലാക്കി പൊരുതാന്‍ തന്നെയാണ് തീരുമാനം......
ചെറുപ്രായത്തില്‍ തന്നെ മതവേട്ടയാടലിന്റെ സകല ദുരിതവും അനുഭവിച്ചിട്ടുണ്ട്. കുടുംബ ബന്ധങ്ങള്‍, സാമ്പത്തികം, തൊഴില്‍, ജീവന്‍..... എല്ലാത്തിലും ഇടപെട്ട് നശിപ്പിച്ചിട്ടുണ്ട്. നേരിട്ട് തുറന്നെഴുതാന്‍ Facebook അക്കൗണ്ട് പോലും ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു....
എങ്കിലും എന്റെ പ്രവര്‍ത്തനം ഏറ്റവും നല്ല സാമൂഹ്യ സേവനമാണെന്ന് തിരിച്ചറിയുന്നത് കൊണ്ട്, അതിന്‍പ്രകാരം പല മതജീവികളും മനുഷ്യജീവികളായി മാറുന്ന സന്തോഷം പലപ്പോഴും നേരിട്ട് കണ്ടത് കൊണ്ട്..... ഒരു ഭീഷണിക്കു മുന്നിലും തോറ്റു തരാന്‍ ഉദ്ദേശ്യമില്ല.
സത്യമാണ് വിളിച്ചു പറയുന്നത് എന്ന ബോധ്യമുള്ളത് കൊണ്ട് തെളിവുകളടക്കം മതത്തിന്റെ മൂര്‍ദ്ദാവില്‍ കയറി ഇനിയും സധൈര്യം വിമര്‍ശിക്കും....
ജാഫര്‍ ചളിക്കോട്