It is managed by community members to share general updates and information. For official matters, pls contact the Masjid administration directly. വലിയുല്ലാഹി ശൈഖ് സയ്യിദ് മുനവ്വർഷ സാഹിബ് ഉപ്പാപ്പ തങ്ങൾ (ഖ: സി)
കടപ്പാട്. EA മുഹമ്മദ് സഹൽ ഫൈസി ഓടയ്ക്കാലി (ഇമാം സാഹിബിന്റെ പള്ളി മഹല്ല്)
അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ്വ) തങ്ങളുടെ സന്താന പരമ്പരയിലെ ഒരംഗമായി പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ രാജസ്ഥാനിലെ
അജ്മീർ എന്ന നാട്ടിൽ പണ്ഡിതനും സൂഫിവര്യനുമായ ശൈഖ് സയ്യിദ് ശിഹാബുദ്ധീൻ വലിയുല്ലാഹി (ഖ: സി) എന്നവരുടെ മകനായി വലിയുല്ലാഹി ശൈഖ് സയ്യിദ് മുനവ്വർഷ സാഹിബ് ഉപ്പാപ്പ തങ്ങൾ (ഖ: സി) പിറന്നു. വളരെ ചെറുപ്രായത്തിൽ തന്നെ അറിവിന്റെ മേഖലകൾ അനായാസം കീഴടക്കി.
ആത്മജ്ഞാനത്തിന്റെ വഴികൾ തേടി ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് ആ യൗവനം യാത്ര ചെയ്തു. വിദ്യാർഥിയായും അദ്ധ്യാപകനായും ആത്മീയ ഗുരുവായും. അങ്ങനെ വിശുദ്ധ ഇസ്ലാമിന്റെ പ്രബോധകനായി ചരിത്രമുറങ്ങുന്ന കൊടുങ്ങല്ലൂരിനടുത്ത് ആറ്റുപുറം (ഇന്നത്തെ പള്ളിനട - കോതപറമ്പ് അടക്കമുള്ള പ്രദേശം) എന്ന സ്ഥലത്ത് എത്തിച്ചേർന്നു. ഇവിടെ ഏറെക്കാലം താമസിച്ചു. നിരന്തരമായ ഇസ്ലാമിക അനുഷ്ഠാന മുറകളിൽ വ്യാപൃതനായ ശൈഖവർകളുടെ വിശിഷ്ട ഗുണങ്ങളിലും കറാമത്തുകളിലും ആകൃഷ്ടരായി അനവധി ആളുകൾ അക്കാലത്ത് ഇസ്ലാം സ്വീകരിച്ചു.
മാറാവ്യാധികൾ പകർച്ച വ്യാധികൾ തുടങ്ങി മറ്റിതര പ്രയാസങ്ങളിലും ജാതിമതഭേദമെന്യേ ശൈഖവർകൾ സർവ്വ ജനങ്ങൾക്കും ഒരു ആശാകേന്ദ്രമായിത്തീർന്നു.
ആ കാലയളവിലാണ് നാട്ടിലെ പൗരപ്രമുഖന്റെ ഏക മകൾക്ക് വിഷം തീണ്ടുകയും പല നാട്ടു വൈദ്യന്മാരും പരാജയപ്പെട്ടപ്പോൾ മഹാനായ ശൈഖ് മുനവ്വർഷ തങ്ങൾ അവിടുത്തെ കറാമത്ത് കൊണ്ട് നിഷ്പ്രയാസം സുഖപ്പെടുത്തുകയും ചെയ്തു. സന്തോഷംകൊണ്ട് മതിമറന്ന അദ്ദേഹം ഒരുപാടു വിലപിടിപ്പുള്ള സമ്മാനങ്ങൾ കാഴ്ചവച്ചെങ്കിലും ശൈഖവർകൾ അതു സ്വീകരിച്ചില്ല. പകരം പിന്നെന്തു വേണം എന്ന് ചോദിച്ചപ്പോൾ ഒരു പള്ളി നിർമ്മിക്കാൻ അല്പം സ്ഥലം നൽകിയാൽ മതിയെന്ന അഭിപ്രായം പറഞ്ഞു. ഉടനെ അദ്ദേഹം ഏകദേശം 47 ഏക്കർ 40 സെന്റ് ഭൂമി ചെമ്പോലയിൽ പതിച്ചു നൽകുകയും ചെയ്തു. അങ്ങനെ AD1729 ൽ (ഹിജ്റ 1150 ൽ) ആറ്റുപുറത്തു ഒരു പള്ളി സ്ഥാപിക്കപ്പെട്ടു. ചരിത്രപ്രസിദ്ധമായ ആ പള്ളിയാണ് ഇന്ന് സാഹിബിന്റെ പള്ളി എന്ന പേരിൽ അറിയപ്പെടുന്നത്. സാഹിബ് എന്നത് ശൈഖ് മുനവ്വർഷ തങ്ങളെ (ഖ: സി) സഹോദര സമുദായത്തിൽപ്പെട്ടവർ വിളിച്ചിരുന്ന നാമം ആണ് എന്നത് ഇതിനോടൊപ്പം ചേർത്തു പറയട്ടെ..