Nithantha Sredha

Nithantha Sredha Publication of Felix J Pulludan

എഫ് സി ആര്‍ എ ഊരാാകുടുക്കിലും സംഘപരിവാറിനെ താലോലിക്കുന്ന മെത്രാന്മാര്‍ഇന്ന് ദുഃഖവെള്ളി കഴിഞ്ഞ് ഉയിര്‍പ്പിനായി കാത്തിരിക്...
04/04/2026

എഫ് സി ആര്‍ എ ഊരാാകുടുക്കിലും സംഘപരിവാറിനെ താലോലിക്കുന്ന മെത്രാന്മാര്‍

ഇന്ന് ദുഃഖവെള്ളി കഴിഞ്ഞ് ഉയിര്‍പ്പിനായി കാത്തിരിക്കുന്ന ദുഃഖ ശനി. വിദേശ സംഭാവന നിയന്ത്രണ നിയമം രാജ്യത്തെ ക്രൈസ്തവര്‍ക്ക് ഒരു സ്ഥിരം ദുഃഖവെള്ളിയാവാതിരിക്കാന്‍ എഫ് സി ആര്‍ എ നിയന്ത്രണത്തില്‍നിന്നുമൊരു പുനരുത്ഥാനമുണ്ടാവാന്‍ ഇന്ന്, യേശുവിന്‍റെ പ്രബോധനങ്ങളെ ഉരുക്കഴിച്ച് മനസ്സറിഞ്ഞ് ചിന്തിക്കുക.

Foreign Contribution Regulation Act (FCRA) ഒരു സാധാരണ നിയമമല്ല.

വിദേശ സഹായം നിയന്ത്രിക്കുന്നുവെന്ന പേരില്‍ ഒരു സമൂഹത്തിന്‍റെ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക സേവന സ്ഥാപനങ്ങളുടെ സാമ്പത്തിക ശ്വാസനാളം പിടിച്ചൊതുക്കാനുള്ള ലക്ഷ്യമാണ് ഇതിന്‍റെ പിന്നില്‍

ഇന്ന് ഈ നിയമത്തെ കേവലമൊരു څനിയന്ത്രണംچ എന്ന് വിളിക്കുന്നു.
നാളെ അത് വലിയൊരു څപൂട്ടിടല്‍چ ആകും, പ്രിയ മെത്രാന്മാരേ. നിങ്ങളിപ്പോള്‍ ഓര്‍ക്കേണ്ടത്
ന്യൂമോളറിന്‍റെ കവിതയാണ്. നിങ്ങള്‍ മറന്നുകളയുന്ന സത്യം

മാര്‍ട്ടിന്‍ ന്യൂമോളര്‍
എഴുതിയത് ഒരു കവിതയല്ല, അത് ചരിത്രത്തിന്‍റെ രക്തസാക്ഷ്യമാണ്.

"അവര്‍ ആദ്യം മറ്റുള്ളവര്‍ക്കായി വന്നു......
ഒടുവില്‍ എനിക്കായി അവര്‍ വന്നപ്പോള്‍......
എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരുമുണ്ടായിരുന്നില്ല."

ഈ വരികള്‍ നിങ്ങള്‍ ഒരിക്കലും ഗൗരവത്തില്‍ എടുത്തില്ല. അല്ലായിരുന്നുവെങ്കില്‍

പൗരത്വ ഭേദഗതിനിങ്ങള്‍ നിങ്ങള്‍ മൗനം തെരഞ്ഞെടുക്കില്ലായിരുന്നു.
തീവ്ര വോട്ട് പരിഷ്കരണം വന്നപ്പോഴും തെഞ്ഞെടുപ്പില്‍ അട്ടിമറി നടന്നപ്പോഴും നിങ്ങള്‍ മൗനത്തെ അലങ്കാരമാക്കിയിരുന്നു.
വഖഫ് ഭേദഗതി നിയമം വന്നപ്പോള്‍ നിങ്ങള്‍ മൗനം ഭൂഷണമാക്കി..............

Citizenship Amendment Act വന്നപ്പോള്‍.........
രാജ്യം ഒരു വലിയ വിഭജനത്തിലേക്ക് നീങ്ങിയപ്പോള്‍ അത് നിങ്ങളെ ബാധിക്കില്ലെന്ന് നടിച്ചു.

മുസ്ലിം സമൂഹം പറഞ്ഞു; ഇത് മുഴുവന്‍ ന്യൂനപക്ഷങ്ങളുടെയും നിലനില്‍പ്പിന്‍റെ പ്രശ്നമാണ്.

പക്ഷേ നിങ്ങള്‍ ഇത് ഞമ്മളെ ബാധിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് സര്‍ക്കാരിന്‍റെ വിരോധം സമ്പാദിക്കാതിരിക്കാന്‍ മൗനം പാലിച്ചു. അവിടം മുതല്‍ തന്നെയാണ് ന്യൂമോളറിന്‍റെ കവിത നിങ്ങളില്‍ യാഥാര്‍ത്ഥ്യമാകാന്‍ ആരംഭിച്ചത്. ഇപ്പോള്‍ അതേ കഥ നിങ്ങളിലേക്ക് എത്തിയപ്പോള്‍ നിങ്ങള്‍ ആശങ്കാകുലരാകുന്നു. പക്ഷെ ആ ആശങ്കകള്‍ക്കിടയിലും നിങ്ങളില്‍ തന്നെ സര്‍ക്കാരിന്‍റെ സ്തുതിപാഠകരെ കാണുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ ഭയപ്പെടുന്നുണ്ടോ?

ഇന്ന്,
FCRA യുടെ കുരുക്ക് മുറുകുമ്പോള്‍............
നിങ്ങളുടെ സ്ഥാപനങ്ങളുടെ സാമ്പത്തിക അടിത്തറ..........
നിങ്ങളുടെ സാമൂഹിക സാന്നിധ്യം............
നിങ്ങളുടെ സേവനപ്രവര്‍ത്തനങ്ങള്‍........
എല്ലാം നിയന്ത്രിക്കപ്പെടുമെന്നാവുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്?

്നിങ്ങളുടെ കാലടികളെ ചങ്ങളകളാല്‍ നിയന്ത്രണത്തിലാക്കാനുള്ള നീക്കമാണ് നടക്കുന്നത്.

ഇത് ഒറ്റപ്പെട്ട സംഭവമല്ലയെന്ന് ഇനിയെങ്കിലും തിരിച്ചറിയൂ.
ഇത് ഒരു തുടര്‍ച്ചയാണ്. സഹോദര സമുദായത്തിനുനേരെ മുമ്പു നടന്ന പ്രത്യക്ഷാക്രമണത്തിന്‍റെ തുടര്‍ച്ച.
അതുമാത്രമല്ല...........
ഭരണകൂടത്തെ നിയന്ത്രിക്കുന്ന ആര്‍ എസ് എസ് കഴിഞ്ഞ ഒരു നൂറ്റാണ്ടായി, കൊണ്ടുനടക്കുന്ന ക്രൈസ്തവ ഉന്മൂലനമെന്ന അജണ്ടയുടെ തുടര്‍ച്ചകൂടിയാണിത്.
ഭരണഘടന ഉറപ്പുനല്‍കുന്ന മത നിരപേക്ഷതയുടെ നഗ്നമായ ലംഘനമാണിത്.
എല്ലാത്തിലുമുപരി....... ആര്‍ എസ് എസ് ന്‍റെ മരരാഷ്ട്ര പ്രഖ്യാപനത്തിന്‍റെ അടുത്ത പടികൂടിയാണ്.

നിങ്ങള്‍ ഇപ്പോഴും മനസ്സിലാക്കാത്ത ഒരു സത്യമുണ്ട്.
മറ്റൊരുസമൂഹത്തിന്‍റെ അവകാശങ്ങള്‍ നഷ്ടപ്പെടുമ്പോള്‍, നിങ്ങളുടെ അവകാശങ്ങള്‍ സുരക്ഷിതമായിരിക്കുമെന്നത് ഒരു വ്യാമോഹം മാത്രമാണ്..

ഒരിക്കല്‍ നിങ്ങള്‍ മൗനം പാലിച്ചു.
നിങ്ങള്‍ അനീതിയെ അവഗണിച്ചു.
അതുകൊണ്ട്
ഇന്ന് നിങ്ങള്‍ ഒറ്റപ്പെടുകയാണ്.

നാളെ വീണ്ടും മൗനത്തെ ആയുധമാക്കുമ്പോള്‍ എന്ത് സംഭവിക്കും?

നാളെ..............

നിങ്ങളുടെ സ്ഥാപനങ്ങള്‍ പൂട്ടപ്പെട്ടേക്കാം
നിങ്ങളുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് അനുവാദം തേടേണ്ടി വന്നേക്കാം.
നിങ്ങള്‍ തെരുവിലേക്കെറിയപ്പെടുന്ന ഘട്ടം പോലും ഉണ്ടായേക്കാം.

അതുകൊണ്ട്
മൗനം വെടിയൂ.............
ഭരണഘടനാപരമായ അവകാശം ആരുടെയും ഔദാര്യമല്ലെന്ന തിരിച്ചറിവില്‍ ശബ്ദമുയര്‍ത്തൂ.
നിങ്ങളുടെ വാക്കുകള്‍ തെരുവുകളിലേക്കൊഴുകട്ടെ...... അവയുടെ കുത്തൊഴുക്കില്‍ ഭരണകൂടം അധര്‍മ്മം പ്രവര്‍ത്തിക്കാതിരിക്കട്ടെ.
ഒപ്പം മറ്റൊന്നുകൂടി.........
സമാന ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹോദരരായിക്കണ്ട്, ഒപ്പം ചേര്‍ക്കാന്‍ ശ്രമിക്കൂ. സംഘാത ശക്തി അനിഷേധ്യമാണെന്ന് തിരിച്ചറിയൂ.......

നിങ്ങള്‍ ഇന്നലെയവഗണിച്ചവരെ ഒപ്പം നിറുത്തൂ. അല്ലെങ്കില്‍
നിങ്ങളുടെ ഇന്നത്തെ മൗനം
നാളത്തെ നിങ്ങളുടെ ഏകാന്തതയായി മാറും

ഇനി എങ്കിലും:
സാമൂഹിക അനീതിക്കെതിരെ നിലകൊള്ളുക
മുസ്ലിം സമൂഹമടക്കം എല്ലാ പീഡിതരോടും ഐക്യപ്പെടുക
മൗനം കുറ്റകരമാണ്. അത് ഉപേക്ഷിക്കുക

ഇല്ലെങ്കില്‍
ന്യൂമോളറിന്‍റെ കവിത
നിങ്ങളുടെ ഭാവി ആയിപരിണമിക്കും.
-പുല്ലൂടന്

 #ദുഃഖവെള്ളി;  #ആവർത്തിക്കപ്പെടുന്ന_ക്രൂശുമരണങ്ങൾദുഃഖവെള്ളി ഒരു അനുഷ്ഠാനമല്ല.അത് ഒരു ന്യായവ്യവസ്ഥ പരാജയപ്പെട്ട ദിവസത്തിന...
04/04/2026

#ദുഃഖവെള്ളി; #ആവർത്തിക്കപ്പെടുന്ന_ക്രൂശുമരണങ്ങൾ
ദുഃഖവെള്ളി ഒരു അനുഷ്ഠാനമല്ല.
അത് ഒരു ന്യായവ്യവസ്ഥ പരാജയപ്പെട്ട ദിവസത്തിന്റെ ഓർമ്മയാണ്.
ക്രൂശിൽ തൂങ്ങുന്നത് ഒരു വ്യക്തി മാത്രമല്ല —
സത്യമാണ്.
നീതിയാണ്.
ചോദ്യം ചെയ്യാനുള്ള ധൈര്യമാണ്.
യേശുവിനെ കൊന്നത് റോമൻ സൈന്യം മാത്രം അല്ല.
അത് അധികാരവും മതവും ചേർന്ന് നടത്തിയ
ഒരു നിയമപരമായ കൊലപാതകം ആയിരുന്നു.
ജനക്കൂട്ടം നോക്കി നിന്നു.
ചിലർ സത്യത്തിനെതിരെ ആർപ്പുവിളിച്ചു.
മറ്റുള്ളവർ — മിണ്ടാതിരുന്നു.

ഇന്ന് ക്രൂശുകൾ മാറിയിരിക്കുന്നു.
മരംകൊണ്ടുള്ള കുരിശുകൾ കാണാനില്ല.
പകരം —
സത്യത്തെ തടവിലാക്കാൻ നിർമ്മിക്കപ്പെടുന്ന നിയമങ്ങളും കുറ്റാരോപണങ്ങളും തന്നെയാണ് പുതിയ കുരിശുകൾ.
രാജ്യദ്രോഹം!
ഭീകരവാദം!
നിയമത്തിന്റെ പേരിലുള്ള തടങ്കൽ!
അവ സത്യം പറയുന്നവരെ
നിശ്ശബ്ദരാക്കാനുള്ള ആയുധങ്ങളാകുമ്പോൾ,
ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുന്നു.

യേശുവിനെ ഓർക്കുമ്പോൾ
ഞാൻ സ്റ്റാൻ സ്വാമിയെ ഓർക്കുന്നു.
രണ്ടായിരം വർഷങ്ങൾക്ക് മുമ്പ്,
ചൂഷിതരാക്കപ്പെട്ട ജനതയ്ക്കുവേണ്ടി,
അധികാരവും മതവും ചേർന്ന് അടിച്ചമർത്തപ്പെട്ടവർക്കായി
ചൂണ്ടുവിരലായവൻ — യേശു.
ഇന്ന്,
അവനെപ്പോലെ തന്നെ
നീതിക്കുവേണ്ടി നിന്നതിനാൽ
അടിച്ചമർത്തപ്പെട്ടും
മരണം ഏറ്റുവാങ്ങേണ്ടിവന്നവൻ — സ്റ്റാൻ സ്വാമി.
ഇവരെ വേർതിരിച്ച് വായിക്കാൻ
എനിക്ക് കഴിയുന്നില്ല.

പ്രായവും രോഗവും മറികടന്ന്
അവൻ സത്യത്തിനൊപ്പം നിന്നു.
അവനെ മിണ്ടാതാക്കാൻ
മരക്കുരിശ് വേണ്ടിവന്നില്ല —
നിയമം മതിയായിരുന്നു.
അവന്റെ മരണം
ഒരു വ്യക്തിയുടെ അവസാനമല്ല.
ന്യായവിചാരണ നിഷേധിക്കപ്പെട്ടവന്റെ നിലവിളിയാണ്.
നമ്മളിലൂടെ പ്രതിധ്വനിക്കേണ്ട
നീതിക്കായുള്ള രോദനമാണ്.
സ്റ്റാൻ സ്വാമിയുടെ കാര്യത്തിലും
മതനേതൃത്വം വീണ്ടും മിണ്ടാതിരുന്നു.
കയ്യാഫാസിന്റെ കാലത്തെ പോലെ.
അപ്പോൾ ചോദ്യം മാറുന്നില്ല:
അനീതിക്കെതിരെ നിൽക്കേണ്ടവർ
മിണ്ടാതിരിക്കുമ്പോൾ,
അവർ ആരുടെ പക്ഷമാണ്?

ദുഃഖവെള്ളി നമ്മെ ഓർമ്മിപ്പിക്കുന്നത്
ഒരു പീഡിതന്റെ വേദനയല്ല —
ഒരു നിരപരാധിക്ക് നിഷേധിക്കപ്പെട്ട നീതിയുടെ കഥയാണ്.
ആ അനീതിക്കെതിരെ ഉയരാതെ പോയ
ചൂണ്ടുവിരലുകളാണ്.

ക്രൂശിന് താഴെ നിന്ന ആ പഴയ ജനക്കൂട്ടത്തിന്റെ പ്രതിബിംബങ്ങളിൽ
ഇന്ന് നമുക്ക് പുതിയ മുഖങ്ങളെ കാണാം:
സ്റ്റാൻ സ്വാമി…
വരവര റാവു…
സുധ ഭരദ്വാജ്…
റോണാ വിൽസൺ…
കഴിയുമെങ്കിൽ —
നമ്മളിൽ തന്നെ
ആ മുഖങ്ങളെ കണ്ടെത്താൻ ശ്രമിക്കാം.

യേശുവിന്റെ കഥ ഇന്നും തുടരുന്നു.
ക്രൂശുകൾ ഇന്നും ഉയരുന്നു.
പക്ഷേ —
മൗനസാക്ഷികളുടെ എണ്ണം കൂടി കൊണ്ടിരിക്കുന്നു.
-പുല്ലൂടൻ

ഫെബ്രുവരി 26.  #ഇന്ത്യയിലെ_അപരവിദ്വേഷത്തിന്‍റെ_ഉപജ്ഞാതാവിന്‍റെ,  ഗാന്ധിജി വധത്തിന് ചുക്കാന്‍ പിടിച്ച  വി ഡി സവര്‍ക്കറുടെ...
25/02/2026

ഫെബ്രുവരി 26. #ഇന്ത്യയിലെ_അപരവിദ്വേഷത്തിന്‍റെ_ഉപജ്ഞാതാവിന്‍റെ, ഗാന്ധിജി വധത്തിന് ചുക്കാന്‍ പിടിച്ച വി ഡി സവര്‍ക്കറുടെ ചരമദിനം
തീവ്രദേശീയ വാദത്തിലാണ് ഇന്ത്യയുടെ ഭാവിയെന്ന് വിശ്വസിച്ചിരുന്ന സവര്‍ക്കര്‍ ഹിറ്റ്ലറിന്‍റെയും മുസ്സോളിനിയുടെയും ഫാസിസ്റ്റ്-നാസി ആശയങ്ങളെയായിരുന്നു മാറോടടുക്കിയിരുന്നത്. പലവട്ടം ഹിറ്റ്ലറുടെ വംശീയ ഉന്മൂലന നയങ്ങളെ അദ്ദേഹം പ്രശംസിച്ചിരുന്നു. 1937 മുതല്‍ 1942 വരെ ഹിന്ദു മഹാസഭയുടെ പ്രസിഡന്‍റായിരുന്ന സവര്‍ക്കര്‍ ഹിന്ദുത്വ ദേശീയതയ്ക്കായി അഹോരാത്രം അധ്വാനിച്ചിരുന്നു. തന്‍റെ താത്പര്യത്തിന് ഗാന്ധിജി വിലങ്ങുതടിയാണെന്നുള്ള തിരിച്ചറിവായിരുന്നു 1948 ജനുവരി 30നു തന്‍റെ ആജ്ഞാനുവര്‍ത്തിയായിരുന്ന നാഥുറാം ഗോഡ്സെയിലൂടെ സവര്‍ക്കര്‍ പൂര്‍ത്തിയാക്കിയത്.

സവര്‍ക്കറുടെ കയ്യിലെ ഒരു കളിപ്പാട്ടം മാത്രമായിരുന്നു ഗോഡ്സെ. സവര്‍ക്കര്‍ എന്താഗ്രഹിക്കുന്നുവോ അതു നടപ്പാക്കുന്ന, കീ കൊടുത്തല്‍ ആജ്ഞാനുസരണം പ്രവര്‍ത്തിക്കുന്ന ഒരു പാവ. നിരന്തരമായ മസ്തിഷ്ക പ്രക്ഷാളനത്തിനുശേഷം അയാളുടെ കയ്യില്‍ തോക്കേല്‍പ്പിച്ച്, ആ ക്രൂരകത്യം ചെയ്യിച്ച സവര്‍ക്കര്‍, ഗോഡ്സെയ്ക്ക് കിട്ടിയ തൂക്കുകയറില്‍നിന്നും രക്ഷപ്പെട്ടത്, കൃത്യമായ തെളിവുകള്‍ ഹാജരാക്കുന്നതിന് പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതുകൊണ്ടുമാത്രമാണ്. പക്ഷെ ലോകത്തിനുമുഴുവന്‍ അറിയാവുന്ന ആ സത്യം ഇന്നും നമ്മെനോക്കി പരിഹസിക്കുന്നുണ്ട്. എന്നിട്ടും വാജ്പേയ് പ്രധാനമന്ത്രിയായിരിക്കെ ഗാന്ധിവധത്തിലെ ഈ കൂട്ടുപ്രതിയുടെ ഛായാചിത്രം പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ അനാച്ഛാദനം ചെയ്തുവെന്നത് കാലഘട്ടത്തിന്‍റെ അപചയം.

ഭാരതത്തെ പിതൃഭൂമിയായും പുണ്യഭൂമിയായും കാണുന്നവര്‍ മാത്രമേ ഈ ദേശത്തിന്‍റെ അവകാശികളാകൂ എന്നതായിരുന്നു സവര്‍ക്കറിന്‍റെ വാദം. മുസ്ലീം, ക്രിസ്ത്യന്‍ തുടങ്ങിയ മതവിഭാഗങ്ങളെ അപരവല്‍ക്കരിക്കുന്ന രീതിയിലുള്ള രാഷ്ട്രീയ കാഴ്ചപ്പാടാണ് സവര്‍ക്കര്‍ മുന്നോട്ടുവെച്ചത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ വിദേശ നയത്തിനെതിരെ നിശിതമായ വിമര്‍ശനമാണ് സവര്‍ക്കര്‍ ഉന്നയിച്ചിരുന്നത്. ഇതിലെ ഏറ്റവും ശ്രദ്ധേയമായത്, അക്കാലത്തെ ഫാസിസ്റ്റ് രാജ്യങ്ങളായ ഇറ്റലിയോടും ജര്‍മ്മനിയോടും ഇന്ത്യ കൈക്കൊണ്ട വിരുദ്ധ നിലപാടുകളെക്കുറിച്ചായിരുന്നു. ഇറ്റലിയുടെയും ജര്‍മ്മനിയുടെയും അധികാര പ്രയോഗങ്ങളും ജനതയോട് കാണിക്കുന്ന ക്രൂരതയും എതിര്‍ത്തിരുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ നിലനിന്നിരുന്നത്.

1937 മുതല്‍ 1942 വരെയുള്ള കാലഘട്ടങ്ങളില്‍ സവര്‍ക്കര്‍ നടത്തിയ പ്രസംഗങ്ങളെ ഉദ്ധരിച്ച് ഇറ്റാലിയന്‍ ഗവേഷകനായ മാര്‍സിയ കസോലാറി (ങമൃ്വശമ ഇമീഹെമൃശ)യാണ് ഇദ്ദേഹത്തിന്‍റെ ഹിറ്റ്ലര്‍ ആരാധന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നത്. കസോലാറി ശേഖരിച്ച പ്രസംഗ ഭാഗങ്ങളും വിമര്‍ശനങ്ങളും പ്രകാരം ഹിറ്റ്ലറുടെ നാസി ജര്‍മ്മനിയുടെ ആരാധകനാണ് സവര്‍ക്കര്‍ ഫാസിസ്റ്റ് നീക്കങ്ങളിലൂടെയാണ് ജര്‍മ്മനിയും ഇറ്റലിയും വളര്‍ന്നതെന്നും പുരോഗമനത്തിലേക്കുള്ള പാതയാണ് നാസിസമെന്നും പലതവണ സമര്‍ത്ഥിക്കാന് ശ്രമിച്ചുവെന്നും കസോലാറിയുടെ കണ്ടെത്തലില് വ്യക്തമാക്കുന്നുണ്ട്.

നാസി ജര്‍മ്മനിയുടെ അധീനതയിലേക്ക് മാറുന്നതില്‍ പരാജയപ്പെട്ട ജനതയാണ് ജൂത മതക്കാരെന്ന വിമര്‍നവും സവര്‍ക്കര്‍ ഉന്നയിക്കുന്നുണ്ട്. അതേസമയം മുസോളിനിയെയും അഡോള്‍ഫ് ഹിറ്റ്ലറിനെയും പിന്തുണച്ച സവര്‍ക്കര്‍ മറുവശത്ത് ഇസ്രായേലിനും പിന്തുണ നല്കിയിരുന്ന വിരോധാഭാസം ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.

അറബ് ലോകത്തിനെതിരെ വലിയ രാഷ്ട്രീയ, യുദ്ധ നീക്കങ്ങള്‍ ജൂത രാഷ്ട്രത്തില്‍ നിന്നുണ്ടാകുമെന്ന څജ്ഞാനംچ അക്കാലത്ത് തന്നെ സവര്‍ക്കറിനുണ്ടായിരുന്നുവെന്ന് പല നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി ബ്രിട്ടീഷുകാര്‍ക്കെതിരെ നയിച്ച എക്കാലത്തെയും വലിയ സമരമായ ക്വിറ്റ് ഇന്ത്യ സമരത്തിന്‍റെ നിശിത വിമര്‍ശകനായിരുന്നു സവര്‍ക്കര്‍. ഹിന്ദുത്വ അജണ്ടകള്‍ ഗാന്ധിയിലൂടെ നടപ്പാകില്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് ഇത്തരമൊരു നീക്കമുണ്ടായത്. ഹിന്ദു മഹാസഭ അംഗങ്ങള്‍ ഗാന്ധിയുടെ ക്വിറ്റ് ഇന്ത്യ സമരം ബഹിഷ്കരിക്കണമെന്ന് 1942 ആഗസ്റ്റ് 8ന് സവര്‍ക്കര്‍ ആഹ്വാനം ചെയ്തിരുന്നു.

സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത സവര്‍ക്കാറെ څവീര്‍چ എന്ന പദവിയോടെ വാഴ്ത്തിപ്പാടുവാന്‍ (അതോ കളിയാക്കിയോ) സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതലേ പരിശ്രമിച്ചിരുന്ന സംഘപരിവാര്‍ സംഘടനകള്‍, നരേന്ദ്രമോദി പ്രധാമന്ത്രിയായതോടെ ഹിന്ദുത്വ അജണ്ടകളുമായി അഴിഞ്ഞാടുകയാണ്. സവര്‍ക്കറുടെ സ്വപ്നം പ്രാവര്‍ത്തികതയിലെത്തിക്കാന്‍ ഭരണകൂടവും ഒപ്പം ജാഗ്രതയോടെ കൂട്ടിനുമുണ്ട്

ഏറ്റവും അവസാനമായി, കേരള നവോത്ഥാനത്തിന്‍റെയും മാനവികതയുടെയും നെടുംതൂണായ ശ്രീ നാരായണ ഗുരുവിനെ, രാജ്യം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റായ സവര്‍ക്കറുമായി ചേര്‍ത്തു നിറുത്താനുള്ള നീചമായ ശ്രമവും സംഘപരിവാര്‍ നടത്തുകയുണ്ടായി. സമസ്ത ചരാചരങ്ങള്‍ക്കും ഇടമുള്ള ഏകലോകം ദര്‍ശിച്ച നാരായണഗുരുവിനെ, രാജ്യം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റുമായി ചേര്‍ത്ത് വായിക്കാനുള്ള ആര്‍ എസ് കുതന്ത്രം വളരെ ദൂരക്കാഴ്ചയോടെയായിരുന്നുവെന്ന് കരുതേണ്ടതുണ്ട്. ഒരു ജാതി, ഒരുമതം, ഒരു ദൈവം മനുഷ്യന് എന്ന് ഘോഷിച്ച ഗുരു ആരേയും അപരനായി കണ്ടില്ല. പരനും അപരനുമില്ലാത്ത അദ്വൈതിയായിരുന്ന ഗുരുവിനെ സവര്‍ക്കറുമായി കൂട്ടി വെള്ളപൂശാന്‍ ശ്രമിക്കുന്നത് എന്നെങ്കിലുമൊരിക്കല്‍ ഗാന്ധിജിയെ ഇന്ത്യയുടെ രാഷ്ട്രപിതാവ് സ്ഥാനത്തുനിന്നും നീക്കി അവിടെ ഈ ഫാസിസ്റ്റ് ആചാര്യനെ പ്രതിഷ്ഠിക്കാനുള്ള നീചശ്രമങ്ങളുടെ തുടര്‍ച്ചയാണ്. 'ഹിന്ദു ഏകതാ സമ്മേളനം' പോലുള്ള വേദികളില്‍ ഗുരുവിനെ പ്രതിഷ്ഠിക്കുമ്പോള്‍, ഗുരുവിന്‍റെ വിശ്വമാനവിക ദര്‍ശനത്തെ ഒരു പ്രത്യേക മതവിഭാഗത്തിന്‍റെ ഉള്ളിലേക്ക് മാത്രം ചുരുക്കിക്കെട്ടുകയാണ് ഇവര്‍ ചെയ്യുന്നത് ഗുരു ജാതിക്കും മതത്തിനും അതീതമായി മനുഷ്യനെ കണ്ടപ്പോള്‍, സവര്‍ക്കര്‍ മതാടിസ്ഥാനത്തിലുള്ള ദേശീയതയ്ക്കാണ് പ്രാധാന്യം നല്‍കിയത് എന്നകാര്യം ഓര്‍ക്കുക.

ഇന്ത്യ എന്ന ദേശം ഹിന്ദുക്കളുടേതാണ് എന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയുംചെയ്ത തീവ്ര ദേശീയവാദി. ആര്യവംശ മേധാവിത്വത്തില്‍ വിശ്വസിച്ചയാള്‍, പരനും അപരനുമുള്ള ദ്വൈതവാദി, മുസ്ലിമും ക്രിസ്ത്യനും കമ്യൂണിസ്റ്റുമെല്ലാം ദേശീയതയുടെ ശത്രുക്കളെന്നു വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഹിംസയുടെ താത്ത്വികാചാര്യന്‍ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന സവര്‍ക്കറെ എത്ര വെള്ളപൂശിയാലും വെളുക്കില്ലെന്ന് സംഘപരിവാറിന് അറിയാമെങ്കിലും
ഗുരുവിനൊപ്പമോ ഗുരുവിനേക്കാന്‍ വലുതായോ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അവര്‍ വിഫലശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. ദേശീയതയെ വെറും കുപ്പിച്ചില്ലുകളായി കണ്ട ബംഗാളികളുടെ ഗുരുദേവനും (ടാഗോര്‍) നാളെയൊരിക്കല്‍, നാരായണഗുരുവിന് സംഭവിച്ച ഗതികേട് ഉണ്ടാവാതിരിക്കട്ടെ.
പുല്ലൂടന്

 #നാലാം_വര്ഷത്തിലേക്ക്_ഉക്രൈന്_യുദ്ധം: കണക്കുകളില്‍ ഒതുങ്ങാത്ത മനുഷ്യത്വത്തിന്‍റെ വിലാപങ്ങള്‍(ചിത്രം: തകര്‍ക്കപ്പെട്ട വീ...
24/02/2026

#നാലാം_വര്ഷത്തിലേക്ക്_ഉക്രൈന്_യുദ്ധം: കണക്കുകളില്‍ ഒതുങ്ങാത്ത മനുഷ്യത്വത്തിന്‍റെ വിലാപങ്ങള്‍
(ചിത്രം: തകര്‍ക്കപ്പെട്ട വീടിന് മുന്നില്‍ നില്‍ക്കുന്ന ഒരു ഉക്രൈനിയന്‍ വൃദ്ധ. അവരുടെ കണ്ണുകളില്‍ കാണുന്നത് തകര്‍ന്നുപോയ ഒരു ജനതയുടെ മുഴുവന്‍ ദുഃഖമാണ്.)
2022 ഫെബ്രുവരി 24-ന് ആരംഭിച്ച റഷ്യ-ഉക്രൈന്‍ യുദ്ധം അതിന്‍റെ നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, ലോകം സാക്ഷ്യം വഹിക്കുന്നത് ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഒന്നാണ്. സൈനിക താവളങ്ങളെ ലക്ഷ്യം വെക്കുന്നുവെന്ന് റഷ്യ അവകാശപ്പെടുമ്പോഴും, ഉക്രൈനിലെ ഓരോ നഗരഹൃദയങ്ങളും ഇന്ന് കത്തിയെരിയുന്ന ശ്മശാനങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.

സാധാരണ ജനങ്ങളെ ലക്ഷ്യംവെച്ചുകൊണ്ടുള്ള റഷ്യയുടെ ആക്രമണങ്ങള്‍ എല്ലാ മനുഷ്യാവകാശങ്ങളെയും യുദ്ധചട്ടങ്ങളെയും ലംഘിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം പതിനായിരക്കണക്കിന് സാധാരണക്കാര്‍ ഉക്രൈനില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും യഥാര്‍ത്ഥ ചിത്രം ഇപ്പോഴും വ്യക്തമല്ല. ബുച്ച പോലുള്ള സ്ഥലങ്ങളില്‍ യുദ്ധത്തിന് ശേഷം കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങള്‍ തെളിയിക്കുന്നത് ഔദ്യോഗിക കണക്കുകളില്‍ പെടാത്ത എത്രയോ മരണങ്ങള്‍ നടന്നിട്ടുണ്ട് എന്നാണ്. തകര്‍ക്കപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ എത്ര പേര്‍ ഇന്നും അന്ത്യവിശ്രമം കൊള്ളുന്നു എന്നത് ആര്‍ക്കും അറിയില്ല. ബോംബാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പോലും പട്ടിണി കിടന്നും, മരുന്നില്ലാതെയും, കഠിനമായ തണുപ്പത്ത് ഹീറ്റിംഗ് സംവിധാനങ്ങള്‍ തകരാറിലായതിനാലും മരണപ്പെടുന്നു.

ഇതുകൂടാതെയാണ് 55,000 ഉക്രൈന്‍ സൈനികര്‍ ഇതിനകം കൊല്ലപ്പെട്ടത്. റഷ്യ പിടിച്ചടക്കിയ മരിയുപോള്‍, ലിസിചാന്‍സ്ക് തുടങ്ങിയ നഗരങ്ങളില്‍മാത്രം പതിനായിരക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു. എന്നാല്‍ അവിടേക്ക് അന്താരാഷ്ട്ര നിരീക്ഷകര്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ കൃത്യമായ കണക്ക് ലഭ്യമല്ല.

ലിവിവ് നഗരത്തില്‍ കഴിഞ്ഞദിവസം നടന്ന ബോംബ് സ്ഫോടനങ്ങള്‍ റഷ്യയുടെ മനുഷ്യാവകാശ ലംഘനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ്. സൈനിക കേന്ദ്രങ്ങള്‍ക്കു പകരം നഗരത്തിലെ തിരക്കേറിയ കടകളിലും സാധാരണക്കാരുടെ വീടുകളിലുമാണ് ബോംബുകള്‍ പതിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച മാത്രം 1300-ഓളം ഡ്രോണുകളും 1400 ബോംബുകളുമാണ് റഷ്യ പ്രയോഗിച്ചതെന്ന് ലോക മാധ്യമങ്ങള്‍ സ്ഥിരീകരിക്കുന്നു.. നഗരഹൃദയങ്ങളെ ലക്ഷ്യം വെച്ചുള്ള ഇത്തരം ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നത് യുദ്ധവുമായി യാതൊരു ബന്ധവുമില്ലാത്ത നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളും വയോധികരുമാണ്.

യുദ്ധത്തില്‍ വിജയികളില്ല, പരാജിതര്‍ മാത്രമേയുള്ളൂ. ഉക്രൈനില്‍ ഒഴുകുന്നത് മനുഷ്യരക്തമാണ്, അത് ഏത് പക്ഷത്തായാലും നഷ്ടം മനുഷ്യരാശിക്കാണ്. പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരും അനുഭവിക്കുന്ന ദുരിതങ്ങള്‍ അവസാനിക്കണമെങ്കില്‍ ആയുധങ്ങള്‍ താഴെ വെച്ചേ മതിയാകൂ. ലോകം ഒന്നിച്ച് നിന്ന് ഈ അധിനിവേശത്തിനെതിരെ ശബ്ദമുയര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആക്രമണം നടത്തുന്ന റഷ്യയ്ക്കും ഈ യുദ്ധം വലിയ ആള്‍നാശമാണ് വരുത്തിവെക്കുന്നത് എന്നത് ഒരു വിരോധാഭാസമാണ്. അര ലക്ഷത്തിലേറെ ഉക്രൈനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍, റഷ്യയുടെ മരണസംഖ്യം 1.6 ലക്ഷം പിന്നിട്ടതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ആത്യന്തികമായി, ഒരു ഭാഗത്ത് രാജ്യം തകര്‍ക്കപ്പെടുമ്പോള്‍ മറുഭാഗത്ത് ഒരു വലിയ തലമുറ തന്നെ ഇല്ലാതാകുന്നു.

ലോകത്തിന്‍റെ മൗനവും ഉത്തരവാദിത്തവും
റഷ്യയുടെ ഇത്തരം ഏകപക്ഷീയമായ നിലപാടുകള്‍ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ പുലര്‍ത്തുന്ന നിശബ്ദത ഭയാനകമാണ്. വെറും വാര്‍ത്തകളായും നമ്പറുകളായും ഈ മരണങ്ങളെ ലോകം കാണുമ്പോള്‍, നഷ്ടപ്പെടുന്നത് ഓരോ മനുഷ്യജീവനുമാണ്. മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനം നടക്കുമ്പോഴും സാമ്പത്തിക-രാഷ്ട്രീയ താല്പര്യങ്ങള്‍ നോക്കി മൗനം പാലിക്കുന്നത് വരും തലമുറയോട് ചെയ്യുന്ന ക്രൂരതയാണ്.

യുദ്ധം അവസാനിക്കുമ്പോള്‍ അത് ബാക്കി വെക്കുന്നത് വിജയങ്ങളല്ല, മറിച്ച് ശൂന്യമായ വീടുകളും ഈ ചിത്രത്തില്‍ കാണുന്നത് പോലെ അനാഥമാക്കപ്പെട്ട ജീവിതങ്ങളുമാണ്. ആയുധങ്ങള്‍ കൊണ്ടല്ല, സമാധാന ചര്‍ച്ചകളിലൂടെ മാത്രമേ ഈ ചോരപ്പുഴയ്ക്ക് അറുതി വരുത്താന്‍ കഴിയൂ. ഉക്രൈനിലെ തെരുവുകളില്‍ ഇനിയും നിരപരാധികളുടെ രക്തം വീഴാതിരിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
-പുല്ലൂടൻ

 #ഉണ്ടാവണം_മറ്റൊരു_മാര്ട്ടിന്_ലൂഥര് കൂടി......... കഴിയുമെങ്കില്‍ ഒരു യേശു കൂടി.............*ഇന്ന് ഫെബ്രുവരി 18. *ക്രൈസ്ത...
22/02/2026

#ഉണ്ടാവണം_മറ്റൊരു_മാര്ട്ടിന്_ലൂഥര് കൂടി......... കഴിയുമെങ്കില്‍ ഒരു യേശു കൂടി.............*
ഇന്ന് ഫെബ്രുവരി 18. *ക്രൈസ്തവ സഭയുടെ ചരിത്രം വഴിമാറ്റിയ മാര്‍ട്ടിന്‍ ലൂഥര്‍ മരിച്ച ദിനം*. വിപ്ലവകാരിയായ ഒരു പുരോഹിതന്‍റെ കഥ!
ആഗോള ക്രൈസ്തവ സഭയുടെ, പ്രത്യേകിച്ച് കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ ഒരു ദിശാമാറ്റത്തിന് അടിത്തറ പാകിയ മാര്‍ട്ടിന്‍ ലൂഥറെന്ന മുന്‍ കത്തോലിക്ക പുരോഹിതന്‍ ദിവംഗതനായ ദിവം
കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഏറ്റവും ജീര്‍ണ്ണിച്ച കാലഘട്ടമായാണ് പതിനഞ്ചും പതിനാറും നൂറ്റാണ്ടുകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി അനുവദിച്ചുകൊടുത്ത രാജകീയ അധികാരത്തിന്‍റെ സുഖശീതളിമയില്‍ പൗരോഹിത്യം അഴിഞ്ഞാടുകയായിരുന്നു. ധൂര്‍ത്തും സാമ്പത്തിക-ലൈംഗിക അരാജകത്വങ്ങളും സഭയുടെ ഉന്നത ശ്രേണികളെ ഗ്രസിച്ചിരുന്നു. *രാജാധികാരത്തിന്‍റെ മത്തുപിടിച്ച പോപ്പുമാരും മെത്രാന്മാരും വിശ്വാസികളെ വിസ്മരിച്ച് അധികാരക്കളിയില്‍ മുഴുകി*. ഈ കാലഘട്ടത്തില്‍ സഭയ്ക്കുള്ളില്‍ നിന്നുയരുന്ന ഏതൊരു എതിര്‍ശബ്ദത്തെയും *ലോകം കണ്ട ഏറ്റവും വലിയ ക്രൂരതകളില്‍ ഒന്നായ 'ഇന്‍ക്വിസിഷന്‍*' വഴി അടിച്ചമര്‍ത്തുകയായിരുന്നു പതിവ്.
വിശ്വാസത്തെ വില്‍പനയ്ക്ക് വെച്ച 'ദണ്ഡവിമോചന'മായിരുന്നു ആ കാലഘട്ടത്തിലെ കത്തോലിക്ക സഭ വിശ്വാസികളുടെമേല്‍ അടിച്ചേല്‍പ്പിച്ച എക്കാലത്തെെയും വലിയ ആത്മീയ അഴിമതി.
ഒരു അഗസ്തീനിയന്‍ സഭാംഗമായ മാര്‍ട്ടിന്‍ ലൂഥറിനെ റോമിനെതിരെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് ലിയോ പത്താമന്‍ പാപ്പ പ്രഖ്യാപിച്ച പൂര്‍ണ്ണ ദണ്ഡവിമോചനമായിരുന്നു. റോമിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ നിര്‍മ്മാണത്തിനും പൗരോഹിത്യത്തിന്‍റെ ആഡംബര ജീവിതത്തിനുമായി പണം കണ്ടെത്തുകയായിരുന്നു ഇതിന്‍റെ ലക്ഷ്യം. *'പെട്ടിയില്‍ നാണയം വീഴുമ്പോള്‍ ആത്മാവ് ശുദ്ധീകരണസ്ഥലത്തുനിന്ന് ഉയരുന്നു'* എന്നതായിരുന്നു അക്കാലത്തെ പ്രചാരണം. മരിച്ചവര്‍ക്കുവേണ്ടിപോലും പണം നല്‍കി പാപമോചനം വാങ്ങാമെന്ന ഈ പ്രഖ്യാപനം വിശ്വാസത്തെ വെറും വില്‍പനച്ചരക്കാക്കി മാറ്റി.

ഇതിനെതിരെ 1517 ഒക്ടോബര്‍ 31-ന് വിറ്റന്‍ബര്‍ഗ് പള്ളിയുടെ *വാതിലില്‍ തന്‍റെ പ്രശസ്തമായ '95 വാദങ്ങള്‍' (95 Theses) ആണിടിച്ചുറപ്പിച്ചുകൊണ്ട് ലൂഥര്‍ തന്‍റെ പ്രതിഷേധം പരസ്യമാക്കി. അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ (അപ്പ: 8, 20-23) പത്രോസ് ശ്ലീഹാ മാന്ത്രികനായ സീമോനോട് പറഞ്ഞ മറുപടി ചൂണ്ടിക്കാണിച്ചുകൊണ്ട്, *ദൈവകൃപ പണം കൊടുത്തു വാങ്ങാമെന്നു കരുതുന്നത് 'മാമോന്‍റെ സുവിശേഷ'മാണെന്ന്* അദ്ദേഹം തുറന്നടിച്ചു. സഭയുടെ പാരമ്പര്യത്തേക്കാളും പാപ്പയുടെ അധികാരത്തേക്കാളും ഉപരിയായി 'വിശുദ്ധ ഗ്രന്ഥത്തിന്' അദ്ദേഹം പ്രാധാന്യം നല്‍കി. വിശ്വാസത്തിലൂടെ മാത്രമാണ് രക്ഷ സാധ്യമാകുന്നത് എന്നതായിരുന്നു ലൂഥറുടെ നിലപാട് . ഈ നിലപാട് കത്തോലിക്കാ സഭയുടെ അക്കാലത്തെ ഭരണഘടനയെതന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. ലൂഥര്‍ തന്‍റെ വാദഗതികള്‍ ഉള്‍പ്പെടുത്തി 1517 നവംബറില്‍ തന്‍റെ രൂപത മെത്രാന് കത്തെഴുതി. ഈ കത്ത് റോം കേന്ദ്രീകൃതമായ കത്തോലിക്കാ സഭയുടെ അകത്തളങ്ങളില്‍ വലിയ പ്രകമ്പനമുണ്ടാക്കി. തുടര്‍ന്നുണ്ടായ ഇന്‍ക്വിസിഷന്‍ നടപടികളില്‍ ലൂഥര്‍ കുറ്റക്കാരനാണെന്ന് വിധിക്കപ്പെട്ടു. 1521 ജനുവരി 3-ന്, ജര്‍മ്മന്‍ പുരോഹിതനായിരുന്ന മാര്‍ട്ടിന്‍ ലൂഥറെ 'സഭാഭ്രഷ്ട്' കല്‍പ്പിച്ചുകൊണ്ട് ലിയോ പത്താമന്‍ പാപ്പ പുറപ്പെടുവിച്ച 'Decet Romanum Pontificem' എന്ന ഉത്തരവ് സഭയെ നെടുകെ പിളര്‍ത്തുന്നതിന് വഴിമരുന്നിട്ടു. ലൂഥറെ തടവിലാക്കാന്‍ റോം ശ്രമിച്ചെങ്കിലും ജര്‍മ്മനിയിലെ ഒരു പ്രാദേശിക ഭരണാധികാരിയായിരുന്ന ഫ്രെഡറിക് ദി വൈസ് ന്‍റെ ബുദ്ധിപരമായ ഒരു നീക്കത്തിലൂടെ താത്കാലികമായി ലൂഥര്‍ രക്ഷപ്പെടുകയായിരുന്നു. ഇത് മതപരമായ ഒരു തര്‍ക്കം എന്നതിലുപരി രാഷ്ട്രീയമായ ഒരു മാറ്റത്തിനും വഴിതെളിച്ചു.

മാര്‍ട്ടിന്‍ ലൂഥറുടെ ഒളിവ് ജീവിതം പ്രൊട്ടസ്റ്റന്‍റ് നവീകരണ പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയിലെ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടങ്ങളിലൊന്നായിരുന്നു. 1521-ലെ 'ഇന്‍ക്വിസിഷന്‍' വിചാരണയ്ക്ക് ശേഷം ലൂഥറെ സഭയില്‍ നിന്ന് പുറത്താക്കുക മാത്രമല്ല, *ചക്രവര്‍ത്തി അദ്ദേഹത്തിന് മരണശിക്ഷ പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ആര്‍ക്കും അദ്ദേഹത്തെ കൊല്ലാം എന്നതായിരുന്നു സാഹചര്യം*. ഈ സമയത്താണ് സാക്സണിയിലെ പ്രഭുവായ ഫ്രെഡറിക് ദി വൈസ് ലൂഥറെ സംരക്ഷിക്കാനായി ഒരു നാടകീയമായ 'തട്ടിക്കൊണ്ടുപോകല്‍' ആസൂത്രണം ചെയ്തത്. ലൂഥറെ അദ്ദേഹം ജര്‍മ്മനിയിലെ ഐസനാക്കിലുള്ള വാര്‍ട്ട്ബര്‍ഗ് കോട്ടയില്‍ അതീവ രഹസ്യമായി താമസിപ്പിച്ചു. ഒളിവിലിരിക്കുമ്പോള്‍ ലൂഥര്‍ തന്‍റെ താടിയും മുടിയും വളര്‍ത്തി വേഷം മാറി. അവിടെ അദ്ദേഹം അറിയപ്പെട്ടിരുന്നത് 'യുങ്കര്‍ യോര്‍ഗ്' എന്ന പേരിലായിരുന്നു. വത്തിക്കാന്‍റെ കണ്ണുവെട്ടിച്ചുള്ള ഈ താമസം ഏകദേശം 10 മാസത്തോളം നീണ്ടുനിന്നു.

ഈ ഒളിവ് ജീവിതമാണ് പ്രൊട്ടസ്റ്റന്‍റ് പ്രസ്ഥാനത്തിന് വളര്‍ച്ചയുടെ ഏറ്റവും വലിയ ആയുധം നല്‍കിയത്. *സാധാരണക്കാര്‍ക്ക് വായിക്കാന്‍ കഴിയാത്ത ലാറ്റിന്‍ ഭാഷയിലായിരുന്ന ബൈബിള്‍ ലൂഥര്‍ വെറും 11 ആഴ്ചകള്‍ കൊണ്ട് ജര്‍മ്മന്‍ ഭാഷയിലേക്ക് (പുതിയ നിയമം) പരിഭാഷപ്പെടുത്തി*.

1522-ല്‍ പുറത്തിറങ്ങിയ ഈ 'സെപ്റ്റംബര്‍ ബൈബിള്‍' ജര്‍മ്മനിയിലുടനീളം കാട്ടുതീ പോലെ പടര്‍ന്നു. പുരോഹിതന്‍റെ സഹായമില്ലാതെ ദൈവവചനം നേരിട്ട് വായിക്കാന്‍ കഴിഞ്ഞത് ജനങ്ങളെ സഭയുടെ ചൊല്‍പ്പടിയില്‍നിന്നും സ്വതന്ത്രരാക്കി. ലൂഥര്‍ നേരിട്ട് രംഗത്തില്ലാതിരുന്നിട്ടും പ്രസ്ഥാനം വളരാന്‍ പ്രധാനമായും രണ്ട് കാരണങ്ങളുണ്ടായിരുന്നു. അതില്‍ മുഖ്യമായത് അച്ചടിയന്ത്രംമായിരുന്നു. ലൂഥറുടെ പരിഭാഷകളും ലഘുലേഖകളും ലക്ഷക്കണക്കിന് കോപ്പികള്‍ അച്ചടിക്കപ്പെടുകയും അവ ജനങ്ങള്‍ അമൂല്യമായി കരുതി കൈകാര്യം ചെയ്യുകയും ചെയ്തു. അതുകൊണ്ടുതന്നെ കോപ്പികള്‍ വായനയ്ക്കുശേഷം കൈമാറ്റം ചെയ്യപ്പെട്ട് പലയിരട്ടി ജനങ്ങളിലെക്കെത്തി.
ലൂഥറുടെ അഭാവത്തില്‍ അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരായ ഫിലിപ്പ് മെലാങ്ക്തണ്‍, ആന്‍ഡ്രിയാസ് കള്‍സ്റ്റാറ്റ് തുടങ്ങിയവര്‍ വിറ്റന്‍ബര്‍ഗില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോയി. ആരാധനാക്രമങ്ങളില്‍ മാറ്റം വരുത്താനും സഭയുടെ സമ്പത്ത് സാധാരണക്കാര്‍ക്കായി ഉപയോഗിക്കാനും അവര്‍ ശ്രമിച്ചു.

ലൂഥറുടെ അഭാവത്തില്‍ നവീകരണം ചിലയിടങ്ങളില്‍ അക്രമാസക്തമാകാന്‍ തുടങ്ങിയപ്പോള്‍ (വിഗ്രഹങ്ങള്‍ തകര്‍ക്കല്‍ തുടങ്ങിയവ), തന്‍റെ സുരക്ഷപോലും അവഗണിച്ച് അദ്ദേഹം ഒളിവില്‍ നിന്ന് പുറത്തുവരുകയും പരസ്യമായി നിലകൊള്ളുകയും ചെയ്തു. പക്ഷെ അപ്പോഴും വത്തിക്കാന് അദ്ദേഹത്തെ എന്തെങ്കിലും ചെയ്യാന്‍ അദ്ദേഹത്തിന്‍റെ സഹസ്രമടങ്ങായി വര്‍ദ്ധിച്ചുകൊണ്ടിരുന്ന ജനപിന്തുണ അനുവദിച്ചില്ല. ചുരുക്കത്തില്‍, *വത്തിക്കാന്‍ അദ്ദേഹത്തെ നിശബ്ദനാക്കാന്‍ എത്രത്തോളം ശ്രമിച്ചുവോ അത്രത്തോളം അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ സമൂഹത്തില്‍ പടര്‍ന്നു.* സത്യത്തില്‍ സാധാരണക്കാരെ സഭയുടെ അധികാരത്തില്‍ നിന്ന് വിച്ഛേദിക്കാനും പ്രൊട്ടസ്റ്റന്‍റ് ആശയങ്ങള്‍ക്ക് ആഴത്തില്‍ വേരോട്ടം ലഭിക്കാനും കാരണമായത് കൂടുതലും ലൂഥറിന്‍റെ ഒളിവുകാലമാണ്. 'ലൂഥര്‍ കോട്ടയ്ക്കുള്ളില്‍ ഒളിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ കോട്ടകള്‍ ഭേദിച്ച് പുറത്തേക്ക് സഞ്ചരിക്കുകയായിരുന്നുവെന്നു പറയാം.

ലൂഥറുയര്‍ത്തിയ കലാപം കത്തോലിക്കാ സഭയുടെ അകത്തളങ്ങളിലും വലിയ ചലനങ്ങളുണ്ടാക്കി. ഇതിന്‍റെ ഫലമായി സഭ സ്വയം നവീകരിക്കപ്പെടണമെന്ന ബോധ്യം ഉടലെടുക്കുകയും *'കൗണ്ടര്‍ റിഫോര്‍മേഷന്‍'* എന്നറിയപ്പെടുന്ന ആഭ്യന്തര തിരുത്തല്‍ നടപടികള്‍ക്ക് ട്രെന്‍റ് കൗണ്‍സില്‍ വഴി തുടക്കമിടുകയും ചെയ്തു. എന്നാല്‍, നൂറ്റാണ്ടുകള്‍ക്കിപ്പുറം ഇന്നും സഭാനേതൃത്വം പഴയകാലത്തെപ്പോലെ അധികാരത്തിന്‍റെയും സാമ്പത്തിക ഇടപാടുകളുടെയും പേരില്‍ നിരന്തരമായി ചോദ്യം ചെയ്യപ്പെടുകയും അവര്‍ മറുപടിയായി മൗനം ദീക്ഷിക്കുകയുമാണ്.

*പതിനാറാം നൂറ്റാണ്ടിലെ അതേ ജീര്‍ണ്ണതകള്‍ ആധുനിക സഭയിലും നിഴലിക്കുമ്പോള്‍, വിശ്വാസത്തെയും സുവിശേഷത്തെയും സംരക്ഷിക്കാന്‍ ഇനിയൊരു മാര്‍ട്ടിന്‍ ലൂഥര്‍ കൂടി വേണ്ടിവരുമോ എന്ന ചോദ്യം പ്രസക്തമാകുന്നു.* 'സഭ എപ്പോഴും നവീകരിക്കപ്പെടണം' എന്ന തത്വം വിസ്മരിക്കപ്പെടുന്ന കാലത്ത്, ലൂഥറുടെ പോരാട്ടം ഇന്നും ഒരു ഉണര്‍ത്തുപാട്ടാണ്.
*പരിധിയില്ലാത്ത അധികാരവും അളവില്ലാത്തസമ്പത്തും ഏതൊരു പ്രസ്ഥാനത്തെയും ജീര്‍ണ്ണതയിലേക്ക് നയിക്കുമെന്നത് ചരിത്രസത്യമാണ്*. പതിനാറാം നൂറ്റാണ്ടിലെ കത്തോലിക്കാ സഭ നേരിട്ട അതേ വെല്ലുവിളികള്‍, സാമ്പത്തിക സുതാര്യതയില്ലായ്മ, അധികാര ദുര്‍വിനിയോഗം, ആഡംബരം..... ഇന്ന്, ആധുനിക കാലത്തും വിവിധ രൂപങ്ങളില്‍ ക്രൈസ്തവസഭകളില്‍ പ്രത്യേകിച്ച് കത്തോലിക്ക സഭയുടെ എല്ലാതട്ടുകളിലും ദൃശ്യമാണ്. അതിനെതിരെ ഫ്രാന്‍സിസ് പാപ്പ മുന്നോട്ടുവെച്ച നവീകരണ നിര്‍ദ്ദേശങ്ങള്‍ കത്തോലിക്കാ സഭാ മെത്രാന്മാര്‍ പുച്ഛിച്ചുതള്ളി. അദ്ദേഹംവത്തിക്കാന്‍റെ പേപ്പല്‍ പാലസുവിട്ട് മറ്റൊരു കെട്ടിടത്തിന്‍റെ ഒറ്റമുറിയില്‍ താമസമുറപ്പിച്ചപ്പോള്‍ കത്തോലിക്ക പൗരോഹിത്യം ഒന്നടങ്കം കളിയാക്കിച്ചിരിച്ചു. തന്‍റെ ഹൃസ്യ യാത്രകള്‍ക്ക് പൊതുഗതാഗതം ഉപയോഗിച്ചപ്പോഴും എന്തുകൊണ്ട് മെത്രാന്മാര്‍ക്കും അതായിക്കൂടായെന്ന് ചോദിച്ചപ്പോഴും *കേരളത്തിലെ മെത്രാന്മാരായിരുന്നു തങ്ങള്‍ താമസിക്കുന്ന കൊട്ടര സദൃശ്യ മന്ദിരങ്ങളുടെ മുറ്റത്ത് പാര്‍ക്ക് ചെയ്തിട്ടുള്ള ബി എം ഡബ്ല്യുവും ഓഡിയും ബെന്‍സുമൊക്കെ നോക്കി, ഇങ്ങേര്‍ക്ക് വട്ടാണോയെന്ന് ആത്മഗതം ചെയ്തതില്‍ മുന്‍പന്തിയില്‍*.

ഉണ്ടാവണം മറ്റൊരു മാര്‍ട്ടിന്‍ ലൂഥര്‍ കൂടി.........
കഴിയുമെങ്കില്‍ ഒരു യേശു കൂടി.............
- പുല്ലൂടന്

ഫെബ്രുവരി 12: മനുഷ്യചിന്തയുടെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ മഹാവിപ്ലവകാരി ചാൾസ് ഡാർവിൻ്റെ ജന്മദിനം മനുഷ്യരാശിയുടെ ബൗദ്ധിക ചരിത...
12/02/2026

ഫെബ്രുവരി 12: മനുഷ്യചിന്തയുടെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ മഹാവിപ്ലവകാരി ചാൾസ് ഡാർവിൻ്റെ ജന്മദിനം
മനുഷ്യരാശിയുടെ ബൗദ്ധിക ചരിത്രത്തെ 'ഡാർവിനു മുൻപും ഡാർവിനു ശേഷവും' എന്ന് രണ്ടായി വിഭജിച്ച മഹാപ്രതിഭയുടെ ജന്മദിനം. നൂറ്റാണ്ടുകളായി മനുഷ്യൻ വിശ്വസിച്ചുപോന്നിരുന്ന അന്ധവിശ്വാസങ്ങളുടെയും സൃഷ്ടിവാദങ്ങളുടെയും കളിമൺ കോട്ടകളെ തകർത്തുകൊണ്ടാണ് ചാൾസ് ഡാർവിൻ തന്റെ വിപ്ലവകരമായ സിദ്ധാന്തങ്ങളുമായി ലോകത്തിനു മുന്നിലെത്തിയത്.

സത്യം വെളിപ്പെടുത്തപ്പെട്ട 1859 നവംബർ 24 ലോക ചരിത്രത്തിലെ ഏറ്റവും നിർണായകമായ ദിവസമാണ്.
മതബോധങ്ങൾക്കും പൗരോഹിത്യത്തിന്റെ തിട്ടൂരങ്ങൾക്കും മുകളിൽ ശാസ്ത്രീയമായ അന്വേഷണബുദ്ധി വിജയം കണ്ട നിമിഷമായിരുന്നു 1859 നവംബർ 24-ൽ 'ഓൺ ദി ഒറിജിൻ ഓഫ് സ്പീഷീസ്' (On the Origin of Species) എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം. ദൈവം തന്റെ സ്വന്തം ഛായയിൽ മനുഷ്യനെ കളിമണ്ണുകൊണ്ട് സൃഷ്ടിച്ചു എന്ന, മതങ്ങൾ ആണിയടിച്ചുറപ്പിച്ചിരുന്ന കഥകൾക്ക് ഡാർവിൻ നൽകിയ പ്രഹരം ചെറുതായിരുന്നില്ല. അതൊരു കൊടുങ്കാറ്റായി ലോകമെമ്പാടും ആഞ്ഞുവീശി.

മാറ്റം ഒരിക്കലും എളുപ്പമായിരുന്നില്ല. സോക്രട്ടീസിനെയും ഗലീലിയോയെയും നിശബ്ദമാക്കിയ മതത്തിന്റെ ക്രൂരമായ ചരിത്രം ഡാർവിനു മുന്നിലുണ്ടായിരുന്നു. കടുത്ത എതിർപ്പുകളെയും ഭീഷണികളെയും നേരിടുമ്പോഴും, ഭയത്തേക്കാൾ വലിയ ശക്തി സത്യത്തിനുണ്ടെന്ന തിരിച്ചറിവിൽ അദ്ദേഹം ഉറച്ചുനിന്നു. കേവലമായ ഊഹാപോഹങ്ങൾക്കപ്പുറം, ദശാബ്ദങ്ങൾ നീണ്ട നിരീക്ഷണങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ അദ്ദേഹം പരിണാമ സിദ്ധാന്തം സ്ഥാപിച്ചു.

ജീവവർഗ്ഗങ്ങളെല്ലാം പൊതുപൂർവികന്മാരിൽ നിന്ന് കാലക്രമത്തിൽ 'പ്രകൃതിനിർദ്ധാരണം' (Natural Selection) എന്ന പ്രക്രിയ വഴി രൂപപ്പെട്ടു വന്നതാണെന്ന് അദ്ദേഹം തെളിയിച്ചു. ജീവന്റെ വൈവിധ്യത്തിന് ഏകീകൃതവും യുക്തിഭദ്രവുമായ വിശദീകരണം നൽകിയ ഈ കണ്ടെത്തൽ ഇന്ന് ആധുനിക ജീവശാസ്ത്രത്തിന്റെ അടിസ്ഥാനശിലയാണ്. പിന്നീട് അദ്ദേഹം പ്രസിദ്ധീകരിച്ച 'മനുഷ്യന്റെ ഉത്ഭവവും ലൈംഗികനിർദ്ധാരണവും' എന്ന കൃതി മനുഷ്യന്റെ പരിണാമത്തെ കൂടുതൽ വ്യക്തമായി ലോകത്തിന് കാണിച്ചുകൊടുത്തു.

'മനുഷ്യന്‍ ആകാശത്തുനിന്ന് വീണ പ്രത്യേക വര്‍ഗ്ഗമല്ല, മറിച്ച് ഭൂമിയിലെ എല്ലാ ജീവജാലങ്ങളുമായും രക്തബന്ധമുള്ള വംശമാണ്.' (ജൈവിക സമത്വം) എന്ന് പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളോടും മനുഷ്യനെ ചേര്‍ത്തുവെച്ചുകൊണ്ട് ഡാര്‍വിന്‍ പ്രഖ്യാപിച്ചു

ഡാർവിൻ ഒരു തുടക്കമായിരുന്നു. ജീവന്റെ ഉത്ഭവം തേടിയുള്ള അദ്ദേഹത്തിന്റെ അന്വേഷണങ്ങളുടെ സ്വാഭാവികമായ തുടർച്ചയാണ് പ്രപഞ്ചത്തിന്റെ ഉത്ഭവം തേടിയുള്ള 'ബിഗ് ബാംഗ് തിയറി' വരെയുള്ള ശാസ്ത്രീയ മുന്നേറ്റങ്ങൾ. ഏറ്റവും ചെറിയ മണ്ണിരകൾ മുതൽ ആകാശത്തിലെ നക്ഷത്രങ്ങൾ വരെ നിരന്തരമായ മാറ്റത്തിന് വിധേയമാണെന്ന വലിയ സത്യം ഡാർവിനിലൂടെയാണ് ലോകം ശാസ്ത്രീയമായി അംഗീകരിച്ചത്.

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് പാപ്പയ്ക്ക് പോലും പരിണാമ സിദ്ധാന്തത്തെ ശരിവെക്കേണ്ടി വന്നു എന്നത് ശാസ്ത്രത്തിന്റെ തിളക്കമാർന്ന വിജയമാണ്. മനുഷ്യൻ ദൈവത്തെയല്ല, മറിച്ച് മനുഷ്യൻ തന്റെ ആവശ്യങ്ങൾക്കായി ദൈവങ്ങളെയും മതങ്ങളെയും സൃഷ്ടിക്കുകയായിരുന്നു എന്ന സത്യം ലോകം വൈകിയാണെങ്കിലും തിരിച്ചറിയുന്നു.

വിസ്മയകരമായ യാദൃശ്ചികത:
മനുഷ്യനെ അന്ധവിശ്വാസങ്ങളുടെ ബൗദ്ധിക അടിമത്തത്തിൽ നിന്ന് മോചിപ്പിച്ച ചാൾസ് ഡാർവിനും, മനുഷ്യനെ ശാരീരികമായ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ച എബ്രഹാം ലിങ്കണും ജനിച്ചത് ഒരേ വർഷം, ഒരേ മാസം, ഒരേ ദിവസമാണ് (1809 ഫെബ്രുവരി 12). വിമോചനത്തിന്റെ രണ്ട് മുഖങ്ങളായി ഈ രണ്ട് മഹാരഥന്മാരും ലോകചരിത്രത്തിൽ തിളങ്ങി നിൽക്കുന്നു.

ശാസ്ത്രം വെളിച്ചമാണ്; ആ വെളിച്ചത്തിൽ മിഥ്യാധാരണകളുടെ ഇരുട്ട് മാഞ്ഞുപോകുക തന്നെ ചെയ്യും. മഹാനായ ചാൾസ് ഡാർവിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.
— പുല്ലൂടൻ

അമേരിക്കയുടെ സാമ്രാജ്യത്വ നയങ്ങൾ ഇന്ത്യയെ സാമന്ത രാഷ്ട്രമാക്കുവാനോ?ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ ലോകം...
08/02/2026

അമേരിക്കയുടെ സാമ്രാജ്യത്വ നയങ്ങൾ ഇന്ത്യയെ സാമന്ത രാഷ്ട്രമാക്കുവാനോ?
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ ലോകം ചർച്ച ചെയ്യുമ്പോൾ, അത് കേവലം ഒരു വാണിജ്യ ഇടപാടിനപ്പുറം ഇന്ത്യയുടെ പരമാധികാരത്തെയും രാജ്യത്തിന്റെ കാർഷിക മേഖലയെയും വെല്ലുവിളിക്കുകയാണെന്ന് ഇന്ത്യൻ പൗരന്മാർ തിരിച്ചറിയണം. ഇത്രയും കാലം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സ്വതന്ത്ര റിപ്പബ്ലിക്കെന്ന് അഭിമാനംകൊണ്ടിരുന്ന ഇന്ത്യയുടെമേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഈ വിധേയത്വം രാജ്യം ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട്.
പഴയകാലത്ത് സാമന്തരാജ്യങ്ങൾക്ക് മേൽ അധിനിവേശ രാജ്യങ്ങൾ കപ്പം ചുമത്തിയിരുന്നതിന് സമാനമായ ഒരു സമീപനമാണ് അമേരിക്ക ഇന്ത്യയോട് പുലർത്തുന്നത്. അമേരിക്കയെ പ്രീതിപ്പെടുത്താൻ റഷ്യയെ പിണക്കുന്നത് ഇന്ത്യയുടെ നയതന്ത്ര സുരക്ഷയെ ബാധിക്കുമെന്നത് നിർണ്ണായകമാണ്. റഷ്യയുമായുള്ള ഇന്ത്യയുടെ ദീർഘകാല ബന്ധത്തെ തടയാനും, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിക്കാനും അമേരിക്ക നടത്തുന്ന ശ്രമങ്ങൾ ഇന്ത്യയുടെ സ്വതന്ത്രമായ വിദേശനയത്തിനെയാണ് ഇല്ലാതാക്കുന്നത്. എന്തു വാങ്ങണം, എവിടെനിന്ന് വാങ്ങണം എന്നത് ഒരു സ്വതന്ത്ര രാജ്യത്തിന്റെ അവകാശമായിരിക്കെ, അതിൽ ഇടപെടുകയും ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ബ്രിട്ടീഷ് ഇന്ത്യയിലെ സാമന്ത രാജാക്കന്മാരുടെ കാലത്തെ ഓർമ്മിപ്പിക്കുന്നു. രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷിക്കരാറിന്റെ അന്തസ്സത്തയ്ക്ക് നിരക്കാത്ത ഈ സമീപനത്തിന് ഇന്ത്യ വഴങ്ങുന്നത് അന്താരാഷ്ട്ര തത്വങ്ങൾക്ക് വിരുദ്ധമാണ്.
കരാറിന്റെ ഭാഗമായി അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇറക്കുമതിച്ചുങ്കം ഒഴിവാക്കി നൽകുന്നത് ഇന്ത്യൻ കർഷകർക്ക് വലിയ തിരിച്ചടിയാകും. കാർഷിക മേഖലയിൽ ഉണ്ടാകുന്ന ഈ വിള്ളലുകൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. പാർലമെന്റിൽ പോലും വിശദമായ ചർച്ച നടത്താതെ കൈക്കൊണ്ട ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്ത് വരേണ്ടതുണ്ട്.
ഇന്ത്യയുടെ ദേശീയ താല്പര്യങ്ങളും കർഷകരുടെ ജീവനോപാധിയും സംരക്ഷിച്ചുകൊണ്ടുള്ള ഒരു വ്യാപാര നയമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. അമേരിക്കയുടെ ഭീഷണിരാഷ്ട്രീയത്തിന് വഴങ്ങാതെ, ആഭ്യന്തര വിപണിയെയും വിദേശനയത്തെയും ഒരുപോലെ സുരക്ഷിതമാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം.
- പുല്ലൂടൻ

പിണറായി വിജയന്റെ തുഗ്ളക് പരിഷ്കാരം സംസ്ഥാന സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചായി ചുരുക്കാനുള്ള സർക്കാർ തീ...
08/02/2026

പിണറായി വിജയന്റെ തുഗ്ളക് പരിഷ്കാരം
സംസ്ഥാന സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചായി ചുരുക്കാനുള്ള സർക്കാർ തീരുമാനം വലിയ തോതിലുള്ള ആശങ്കകൾക്കു വഴിതെളിയിക്കുകയാണ്. സാധാരണക്കാരായ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് പലതരം ബുദ്ധിമുട്ടുകൾ ഉണ്ടാക്കും എന്നതിൽ തർക്കമില്ല. .
6 ദിവസം തൊഴിൽ ദിനങ്ങൾ ഉണ്ടായിട്ടുകൂടി നിലവിൽ ലഭ്യമാകുന്ന സേവനങ്ങളിലെ കാലതാമസത്തെ ഇത് ഇരട്ടിയാക്കും നിലവിൽ തന്നെ വില്ലേജ് ഓഫീസുകൾ, താലൂക്ക് ഓഫീസുകൾ തുടങ്ങിയ ഇടങ്ങളിൽ ഫയലുകൾ നീങ്ങാൻ മാസങ്ങളെടുക്കുന്ന സാഹചര്യമുണ്ട്. ഒരു ദിവസം കൂടി കുറയുന്നത് ഫയലുകളുടെ കെട്ടിക്കിടക്കൽ വർദ്ധിപ്പിക്കും.
ദൂരസ്ഥലങ്ങളിൽ നിന്നും മറ്റും സർക്കാർ ഓഫീസുകളെ ആശ്രയിക്കുന്നവർക്ക് ശനിയാഴ്ച കൂടി അവധി ആയാൽ വലിയ തിരിച്ചടിയാകും. വെള്ളിയാഴ്ച കാര്യങ്ങൾ നടന്നില്ലെങ്കിൽ പിന്നെ തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടി വരുന്നത് ജനങ്ങളെ വട്ടം കറക്കും.
ഇപ്പോൾ തന്നെ ഉത്തരവാദിത്തമില്ലായ്മയുടെയും കെടുകാര്യസ്ഥതയുടെയും വിളനിലമായ സർക്കാർ ഓഫീസുകൾ ഒരു ദിവസം കൂടി അവധിയാകുമ്പോൾ നാഥനില്ലാ കളരി വട്ടക്കളരി എന്ന് പറഞ്ഞതുപോലെയാകും
ജോലിഭാരം കുറയുമ്പോൾ ഉദ്യോഗസ്ഥർ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന വാദമാണ് സർക്കാർ ഉയർത്തുന്നത്. ഇത് ശുദ്ധ മണ്ടത്തരമാണ്. അവധി ദിവസം കൂട്ടുന്നതോടെ ജോലിഭാരം വാസ്തവത്തിൽ വർദ്ധിക്കുകയാണ്. സ്വാഭാവികമായും സേവനമന്വേഷിച്ചു ആളുകൾ ശേഷിക്കുന്നത് ദിവസങ്ങളിൽ തിരക്ക് കൂട്ടുകയാണ് ഉണ്ടാവുക. ഒരു ദിവസം കൂടി അവധി കിട്ടുമ്പോൾ അതാഘോഷിക്കാൻ ആയിരിക്കും ഉദ്യോഗസ്ഥർ തയ്യാറാവുക. കൃത്യസമയത്ത് സേവനം നൽകാത്ത ഉദ്യോഗസ്ഥർക്ക് ഈ അവധി ഒരു അധിക ആനുകൂല്യമായി മാറും.
ഈ തുഗ്ലക് പരിഷ്കാരത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നു എന്ന് പറയുന്നത്
പ്രവൃത്തി ദിനങ്ങൾ അഞ്ചാക്കുമ്പോൾ ഓരോ ദിവസത്തെയും തൊഴിൽ സമയം വർദ്ധിപ്പിക്കുക എന്നതാണ്. ഇത് കേൾക്കുമ്പോൾ ഉച്ചത്തിൽ ചിരിക്കുവാനാണ് തോന്നുന്നത്. നിലവിൽ തന്നെ 10 മണിക്ക് ഓഫീസിലെത്തേണ്ട ഉദ്യോഗസ്ഥർ 11നും 12നും ആണ് എത്തുക. എന്നിട്ട് അഞ്ചുമണിക്ക് പോകേണ്ടത് നാലുമണി മുതൽ പോയി തുടങ്ങും. ഈ ശീലം ഒന്നും മാറ്റാനായി സർക്കാരിന് കഴിയില്ല എന്നുറപ്പാണ്. രാവിലെ ഒമ്പതര മണിക്ക് ഓഫീസിൽ എത്തണം എന്ന് പറഞ്ഞാലും നമ്മുടെ ഉദ്യോഗസ്ഥർ പഴയപടി തന്നെ തുടരും. ഇന്നുവരെ ഈ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ കഴിയാത്ത സർക്കാരിന് നാളെ അതെങ്ങനെ സാധിക്കും എന്ന കാര്യം ഒരു തമാശ കേട്ട അനുഭവമാണ് എനിക്ക്.
പിന്നീട് സർക്കാർ പറയുന്നത് ഇ-ഗവേണൻസ് പ്രോത്സാഹിപ്പിക്കുമെന്നാണ്. ജനങ്ങൾ ഓഫീസുകളിൽ നേരിട്ട് വരുന്നത് കുറച്ച് ഓൺലൈൻ സേവനങ്ങൾ (K-Smart, e-Office) പരമാവധി ഉപയോഗപ്പെടുത്താൻ ഈ മാറ്റം പ്രേരിപ്പിക്കുമത്രേ. നിലവിൽ ഓൺലൈൻ സൗകര്യങ്ങൾ ഉണ്ട് എന്ന കാര്യം മറക്കരുത്. പൊതുജനങ്ങൾ ഓൺലൈനായി സേവനങ്ങൾക്ക് സമീപിക്കുന്നതിനെ നിരുത്സാഹ പ്പെടുത്തുന്നത് ഉദ്യോഗസ്ഥർ തന്നെയാണ്. നമ്മുടെ നാട്ടിലെ സർക്കാർ ഉദ്യോഗസ്ഥരിൽ എറിയ പങ്കും കൈക്കൂലിക്കാരാണ് എന്ന കാര്യം മറച്ചുവെക്കേണ്ടതില്ല. ഓൺലൈൻ സേവനങ്ങൾക്ക് സമീപിക്കുമ്പോൾ തങ്ങൾക്ക് ലഭിക്കേണ്ട കൈക്കൂലി കിട്ടാതെ വരുന്നു എന്ന് കണ്ടുകൊണ്ട് സേവനം ആവശ്യപ്പെടുന്നവരോട് 'കാര്യങ്ങൾ കാണണമെങ്കിൽ ഓഫീസിൽ നേരിട്ട് വരണം' എന്നു പറയുന്ന ഉദ്യോഗസ്ഥർ എത്രയോ എത്രയോ ആണ് 😡
, ഉദ്യോഗസ്ഥരുടെ സുഖസൗകര്യങ്ങൾക്കപ്പുറം ജനങ്ങളുടെ ആവശ്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നത് സർക്കാരിന് മനസ്സിലാക്കാൻ കഴിവില്ലാഞ്ഞിട്ടല്ല ഇതെന്നു വ്യക്തമായ കാര്യമാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെങ്കിൽ ഈ പരിഷ്കാരം സർക്കാരിന് വലിയ തിരിച്ചടിയാകും.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, സർക്കാർ ഉദ്യോഗസ്ഥന്മാരുടെ വോട്ട് അന്വേഷിച്ച് അവർക്ക് സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്ന സർക്കാർ തിരിച്ചറിയേണ്ടത് മറ്റൊരു കാര്യമാണ്. നിങ്ങൾ കരുതുന്നത് പോലെ കേരളത്തിലെ ജനങ്ങൾ അത്ര വിഡ്ഢികൾ അല്ല. ഈ പരിഷ്കാരം വഴി സർക്കാർ എന്താണ് ലക്ഷ്യമാക്കുന്നതെന്ന് അവർക്ക് മനസ്സിലായിക്കഴിഞ്ഞു. സാധാരണക്കാരെ വട്ടം കറക്കി സർക്കാർ ഉദ്യോഗസ്ഥരെ സഹായിക്കാനുള്ള സർക്കാരിന്റെ നിലപാട്, സാധാരണക്കാരിൽ നിന്നുള്ള തിരിച്ചടിക്ക് അവസരമുണ്ടാക്കും. ഓർക്കുക.
പുല്ലൂടൻ

Address

Divine Nagar, S. Chittoor, Cochin :
Kochi
682027

Telephone

9496291024

Website

Alerts

Be the first to know and let us send you an email when Nithantha Sredha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nithantha Sredha:

Share