09/07/2025
*പണിമുടക്ക് സമരം*
" തൊഴിലാളികളുടെ അവസാനത്തെ ആശ്രയമാണ്,എല്ലാ ഇടപെടലുകളും പരാജയപ്പെടുമ്പോൾ പ്രയോഗിക്കേണ്ട വജ്രായുധം.അനവസരത്തിലും അപക്വമായും കൈകാര്യം ചെയ്താൽ ഗുണത്തേക്കാൾ ഏറെ പരിഹരിക്കാനാകാത്ത നഷ്ടങ്ങൾ ആയിരിക്കും സംഭവിക്കുന്നത്. ഇങ്ങനെ ഇപ്പോൾ തോന്നുവാൻ കാരണം ഇന്ന് നടക്കുന്ന "ദേശീയ പണിമുടക്ക് " വാർത്ത ശ്രദ്ധയിൽ പെട്ട തുകൊണ്ടാണ്.
"ദേശീയ പണിമുടക്ക്" കേരളത്തിൽ മാത്രമേ എന്തെങ്കിലും ചലനം ഉണ്ടാക്കൂ എന്നു നമുക്കു എല്ലാവർക്കും അറിയാം.എന്നിരുന്നാലും അനവസരത്തിലും അപക്വമായും പ്രഖ്യാപിച്ച ഈ പണിമുടക്കിൻ്റെ പ്രത്യാഘാതം ചർച്ച ചെയ്യേണ്ടതാണ്.
രാജ്യത്തെ തൊഴിൽ നിയമങ്ങൾ എല്ലാം ക്രോഡീകരിച്ച് 4 കോഡുകൾ പാർലമെൻ്റ് പാസാക്കുകയും ഇടതു പക്ഷം ഭരിക്കുന്ന കേരളമടക്കം ഭൂരിപക്ഷം സംസ്ഥാനങ്ങളും ചട്ടങ്ങൾ രൂപീകരിക്കുകയും ചെയ്തു .ഇതിൽ വേജ് കോഡും സോഷ്യൽ സെക്യൂരിറ്റി കോഡും സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പുരോഗമനഃപരവും തൊഴിലാളി സൌഹൃദവുമായ നിയമങ്ങളാണ് എന്നാണ് പൊതുവായി വിലയിരുത്തപ്പെടുന്നത്. മറ്റു രണ്ടു കോഡുകളിലും
(Industrial Relations code,Occupatinal Safty &Health Code)തൊഴിലാളി വിരുദ്ധമായ നിരവധി വകുപ്പുകൾ ഉണ്ട് എന്നുള്ളതും വിഷയം തന്നെയാണ്. BMS കേന്ദ്ര ഗവർമെൻ്റുമായി ഇത് സംബന്ധിച്ച് നിരവധി ചർച്ചകൾ നടത്തുകയും വകുപ്പുകൾ തിരിച്ചു എതിർപ്പുകൾ രേഖപ്പെടുത്തുകയും പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ ഇപ്പോൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന ട്രേഡ് യൂണിയനുകൾ ചർച്ചകൾക്കുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തുകയോ പരിഹാരങ്ങൾ നിർദ്ദേശിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. അതുപോലെ ദേശീയ തലത്തിൽ മിനിമം വേതനം ഉറപ്പാക്കാൻ പുതിയ വേജ് കോഡിൽ വ്യവസ്ഥയുണ്ട്.ESI,PF വിഷയങ്ങൾ അത്യന്തം ഗൗരവതരം തന്നെയാണ്.പൊതുമേഖല സ്ഥാപനങ്ങളുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് അത്യാവശ്യവുമാണ്. എന്നാൽ വർഷത്തിലൊരിക്കൽ ചടങ്ങ് പോലെ ഇത്തരത്തിൽ പണിമുടക്ക് സമരങ്ങൾ നടത്തുകയല്ല വേണ്ടത് , മറിച്ച് ഈ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് നിരന്തരമായ പ്രചരണവും പ്രക്ഷോഭങ്ങളും നടത്തുകയും തദ്വാര തൊഴിലാളികളിലും പൊതു സമൂഹത്തിലും ഭരണകൂടങ്ങളിലും അനുകൂലമായ അഭിപ്രായ രൂപീകരണം നടത്തുകയാണ് വേണ്ടത്.അല്ലാത്ത പക്ഷം തൊഴിലാളികളിലും പൊതുസമൂഹത്തിലും പണിമുടക്ക് സംബന്ധിച്ച് മാത്രമല്ല തൊഴിലാളി സംഘടനകളെ സംബന്ധിച്ചും അവമതിപ്പും അവജ്ഞയും സൃഷ്ടിക്കപ്പെടും.ആത്യന്തികമായി ഇത് തൊഴിലാളി സമൂഹത്തെ വളരെ ദോഷകരമായി ബാധിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
ഇനി പണിമുടക്ക് ആഹ്വാനം ചെയ്തവർ ഭരിക്കുന്ന കേരളത്തിൽ തൊഴിലാളി സമൂഹത്തിൻ്റെ സ്ഥിതിയെന്താണ്?നൂറു ദിവസത്തിലധികമായി മഴയും വെയിലും കൊണ്ട് സമരം ചെയ്യുന്ന ആശമാർക്ക് 50 രൂപ പോലും വർദ്ധിപ്പിച്ചു നൽകുവാൻ ഇക്കൂട്ടർക്ക് കഴിഞ്ഞിട്ടില്ല.
ചുമട്ടു തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കുവാൻ കഴിയുന്നില്ലെന്നു മാത്രമല്ല ക്ഷേമ പെൻഷനുകൾ പോലും സമയബന്ധിതമായി നൽകുന്നില്ല.പരമ്പരാഗതൊഴിൽ മേഖലകൾ( കയർ ,കശുവണ്ടി , കള്ളു ച്ചെത്ത് etc..)പൂർണ്ണമായി തകർന്നു.കൊട്ടിഘോഷിക്കപ്പെട്ട രീതിയിൽ പുതിയ വ്യവസായ സ്ഥാപനങ്ങൾ തുടങ്ങുവാൻ സാധിക്കുന്നില്ല. നിലവിലുള്ള വ്യവസായികൾ തന്നെ ഗവർമെൻ്റിൻ്റേയും പാർട്ടിയുടെയും പീഡനം കൊണ്ട് നാടുവിട്ടു പോകുന്നു. ഇന്ന് കേരളത്തിൽ ഏറ്റവും തിരക്ക് ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലറ്റുകളിലും പാസ്പോർട്ട് ഓഫീസുകളിലും ആണ്.മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും ഹബ് ആയി കേരളം മാറികഴിഞ്ഞു.വിദ്യാ സമ്പന്നരായ യുവതി യുവാക്കൾ പുറത്തേക്ക് പറക്കുകയാണ്.സംസ്ഥാന ജീവനക്കാരുടെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ശമ്പള പരിഷ്കരണങ്ങൾ നടക്കുന്നില്ല. ക്ഷാമ ബത്ത കുടിശ്ശിക 20 ശതമാനത്തിന് മുകളിൽ ആണ്.ശമ്പളവും പെൻഷനും കൃത്യമായി നൽകുന്നില്ല.എന്തിന് ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാൻ പോലും തയ്യാറാകുന്നില്ല.
എന്നാൽ ഒന്നര ലക്ഷത്തിലധികം പാർട്ടിക്കാരെ പിൻവാതിൽ വഴി ജോലി നൽകി അഭ്യസ്തവിദ്വരായ തൊഴിലന്വേഷകരെ വഞ്ചിക്കുവാൻ ഒരു മടിയും ഉണ്ടായില്ല.എന്തിന് ആശുപത്രികളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനോ ആവശ്യത്തിന് മരുന്നുകൾ ലഭ്യമാക്കുന്നതിനോ പോലും കഴിയുന്നില്ല .കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞു മരണപ്പെട്ട ബിന്ദു പൊതു ജനാരോഗ്യ മേഖല നേരിടുന്ന പ്രതിസന്ധിയുടെ നേർ സാക്ഷ്യമാണ്.സംസ്ഥാനത്തിൻ്റെ പൊതുകടവും ഭരണകർത്താക്കളുടെ ധൂർത്തും ആഡംബരവും മാത്രം ഭയാനകമായി വർദ്ധിച്ചുവരുന്നു.
എന്നാൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സമയാസമയങ്ങളിൽ ശമ്പള പരിഷ്കരണവും പെൻഷനും ക്ഷാമബത്തയും എല്ലാം കൃത്യമായി ലഭിക്കുന്നുണ്ട്.നമുക്കറിയാം രാജ്യം വലിയ സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരിക്കുന്നു .അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ വലിയ കുതിച്ചു ചാട്ടം തന്നെ നടക്കുന്നു .സമൂഹത്തിലെ അവസാനത്തെ വരിയിലെ അവസാനത്തെ ആൾക്കും നീതി കിട്ടാനുള്ള പരിശ്രമങ്ങൾ നടക്കുന്നു.എല്ലാവർക്കും വീട്,ശുചിമുറി,പാചക വാതകം ,പൈപ്പ് വഴി കുടി വെള്ളം,കർഷക സമ്മാൻ നിധി അങ്ങനെ നിരവധി പദ്ധതികൾ.
എന്നിരുന്നാലും ഇപ്പോഴും സമ്പത്തിൻ്റെ വലിയ പങ്കും ചെറിയ കൂട്ടം ആളുകൾ ഉപയോഗിക്കുന്നു എന്നതും സത്യമാണ് .അവസാനത്തെ വരിയിലെ അവസാനത്തെ ആൾക്കും നീതി കിട്ടാനുള്ള പോരാട്ടങ്ങൾ തുടർന്നും നടത്തേണ്ടതുണ്ട് .
പക്ഷേ അധിക്കാരം കൈവശമുള്ളപ്പോഴും തൊഴിലാളി സമൂഹത്തിന് വേണ്ടി ഒന്നും ചെയ്യാതെ നമ്മുടെ വളർച്ചയെ പിന്നോട്ട് നയിക്കുന്ന "ദേശീയ പണിമുടക്ക്" പ്രഖ്യാപിക്കുന്നത് ഉളുപ്പില്ലായ്മ മാത്രമല്ല ധാർഷ്ട്യം കൂടിയാണ്.കേരളത്തിലെ തൊഴിലാളികൾ എന്തിനും ഓച്ഛാനിച്ചു കൂടെ നിൽക്കും എന്ന അഹങ്കാരം. എന്നാൽ കേരളത്തിലെ തൊഴിലാളികളും കാര്യങ്ങള് തിരിച്ചറിഞ്ഞു കഴിഞ്ഞു.കഴിഞ്ഞ "ദേശീയ പണിമുടക്കിൽ" പൊതു മേഖലകളിലേയും സർവീസ് മേഖല കളിലേയും നേതാക്കൾ അടക്കം ജോലിക്ക് കയറി ശമ്പളം വാങ്ങി പാവങ്ങളായ ഓട്ടോ തൊഴിലാളികളേയും ചുമട്ടു തൊഴിലാളികളേ യും വഞ്ചിച്ചു.
ആയതുകൊണ്ട് ഈ സമരം അനവ സരത്തിലുള്ളതും തികച്ചും രാഷ്ട്രീയ പ്രേരിതവും ആയ സമരമാണ് .ഇത് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള അവസാനത്തെ ആശ്രയമായ "പണിമുടക്ക് സമര"മെന്ന ആശയത്തെ ദുർബലപ്പെടുത്തും.അതുകൊണ്ട് തന്നെ ഈ സമരാഭാസത്തെ തള്ളിക്കളയുവാൻ തൊഴിലാളി സമൂഹം മുന്നോട്ടു വരണം.
#ഇടതുപക്ഷഭരണപരാജയം
#ബിഎംഎസ്