23/02/2026
തൊഴിലാളി പ്രസ്ഥാനത്തിൻ്റെ ശക്തി അതിൻ്റെ ആശയപരമായ അടിത്തറയിലാണ് നിലനിൽക്കുന്നത്. സാമ്പത്തിക - രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ ശാസ്ത്രീയ വീക്ഷണവും ദിശാബോധവും കൈവരിക്കാൻ നിരന്തരമായ പഠനവും ചർച്ചകളും അനിവാര്യമാണ്. തൊഴിലാളികളെ ചിന്തിക്കാൻ, വിശകലനം ചെയ്യാൻ, നിലപാടുകൾ രൂപപ്പെടുത്താൻ , തൊഴിൽ മേഖലയിലെ വെല്ലുവിളികളെ തരണം ചെയ്യാൻ സിഐടിയു സന്ദേശം മാസികയും ഇലക്ട്രിസിറ്റി വർക്കർ മാസികയും വഹിക്കുന്ന ഉത്തരവാദിത്തം ചെറുതല്ല. തൊഴിലാളികളെ നിരന്തരം സമരസജ്ജരാക്കി ചൂഷണരഹിത സമൂഹം കെട്ടിപ്പടുക്കാൻ പോരാടുന്ന ഉറച്ച പോരാളികളായി വാർത്തെടുക്കാൻ ഉള്ള "സിഐടിയു സന്ദേശം - ഇലക്ട്രിസിറ്റി വർക്കർ മാസിക സ്റ്റഡി സർക്കിൾ" എന്ന സ്ഥിരം പഠന സ്കൂൾ വർക്കേഴ്സ് അസോസിയേഷൻ സിഐടിയു കാസറഗോഡ് വൈദ്യുതി ഭവൻ യൂണിറ്റ് കമ്മിറ്റി നേതൃത്വത്തിൽ ആരംഭിച്ചു. സിഐടിയു ജില്ലാ കമ്മിറ്റി അംഗം സ.എ.ആർ. ധന്യവാദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് സ. ജിതിൻ രാജ് അദ്ധ്യക്ഷത വഹിച്ചു. സിഐടിയു സന്ദേശം വായന ഡിവിഷൻ സെക്രട്ടറി സ. ജയകൃഷ്ണൻ നടത്തി. പ്രശസ്ത കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ശ്രീ. ശ്രീനി പള്ളിയത്ത് "ആണും, പെണ്ണും- ഒരു മനഃശാസ്ത്ര പഠനം" എന്ന വിഷയം അവതരിപ്പിച്ച് സംവാദം നയിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം സ.ജലാലുദ്ദീൻ, ഡിവിഷൻ പ്രസിഡണ്ട് സ.പ്രഭാകരൻ, ഓഫീസേഴ്സ് അസോസിയേഷൻ ഏരിയാ പ്രസിഡൻ്റ് സതീഷ്.എം എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സ.ശുഭ.എൻ സ്വാഗതവും രമേശൻ.ബി നന്ദിയും പറഞ്ഞു.