31/12/2024
നവീൻ ബാബു എന്ന പേര് ഇന്ന് കേട്ടാൽ തിരിച്ചറിയാത്ത മലയാളികൾ വിരളമായിരിക്കും. പി.പി ദിവ്യ എന്ന പേര് ഇന്ന് രാഷ്ട്രീയത്തിന്റെ ഏഴയലത്ത് വരാൻ താല്പര്യമില്ലാത്ത അപ്പൊളിറ്റിക്കൽ പിള്ളേർക്ക് പോലും അറിയാം. എക്സാജുറേറ്റ് ചെയ്ത് പറയുന്നതല്ല, കുറച്ച് നാളുകൾക്ക് മുന്നേ നാട്ടിലേക്കുള്ള ബസ് യാത്രയിൽ സ്കൂൾ കുട്ടികൾ തിങ്ങി നിറഞ്ഞ ബസ്സിൽ കുട്ടികളുടെ എന്തോ സംസാരത്തിനിടക്ക് വന്ന് പോയത് ദിവ്യയെ അറിയില്ലേടാ.. ആ കലക്ടറെ കൊന്ന പെണ്ണുങ്ങൾ എന്നാണ്..
ഇതാണ് അവസ്ഥ! ആത്മഹത്യ ചെയ്തയാൾ കലക്ടറല്ല, പി.പി ദിവ്യ ആരെയും കൊന്നിട്ടുമില്ല. പക്ഷേ എവിടെയോ എന്തോ കേട്ട കുട്ടികൾക്ക് പോലും ഇതാണ് പൊതുബോധം.
കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബു ആത്മഹത്യ ചെയ്തു. കാരണമായി പറയുന്നത് അദ്ദേഹത്തിന്റെ യാത്രയയപ്പു വേളയിൽ അന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ നടത്തിയ പ്രസംഗമാണ്. ജനപ്രതിനിധിയുടെ അപക്വമായ പെരുമാറ്റം എന്നതിൽ കവിഞ്ഞ് ഇതിൽ ആത്മഹത്യ പ്രേരണ കുറ്റം പോലും നിലനിൽക്കില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. എന്തിരുന്നാലും കേരളത്തിലെ ഇന്നലെ ജനിച്ച് വീണ കുഞ്ഞ് വരെ ഒരിക്കലും മറക്കാത്ത ഒരു പേരാക്കി മാറ്റി കൊണ്ട് പി.പി ദിവ്യയെ മലയാള മാദ്ധ്യമങ്ങളും കേരള പൊതു സമൂഹവും നേരിട്ടു. അവരെ കീഴ്കോടതി റിമാന്റിൽ വിട്ടു, ദിവ്യ ജയിലിൽ കഴിഞ്ഞു. പിന്നീട് മേൽ കോടതി ജാമ്യം നൽകി. കോടതിയുടെ അന്വേഷണ പരിധിയിലുള്ള കേസാണ്. കേസന്വേഷണം പൂർത്തിയാക്കി സത്യം പുറത്ത് വരട്ടെ. കുറ്റക്കാരിയാണെങ്കിൽ അവർ ശിക്ഷ അനുഭവിക്കട്ടെ.
വയനാട് സുൽത്താൻ ബത്തേരിയിൽ ആത്മഹത്യ ചെയ്ത ജില്ലാ കോൺഗ്രസ് ട്രഷററുടെ പേര് കേരളത്തിലെ എത്ര ശതമാനം ജനങ്ങൾക്ക് അറിയാമായിരിക്കും? 10%? പോട്ടെ 1% എങ്കിലും..?
എൻ. എം വിജയൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. പലവിധമാനമായ ഡിസിപ്ലിനുകളിൽ സോഷ്യൽ മീഡിയയിൽ മുഴുവൻ സമയം തായം കളിക്കുന്ന എത്രപേർക്ക് എൻ.എം വിജയൻ എന്ന പേര് അറിയാം? അദ്ദേഹം ആത്മഹത്യ ചെയ്തത് മാനസിക വെല്ലുവിളി നേരിടുന്ന മകന് വിഷം നൽകിക്കൊണ്ടാണ്. തന്റെ മരണ ശേഷം അങ്ങനെയൊരു മകൻ എങ്ങനെ ജീവിക്കുമെന്ന് ആലോചിച്ചാകണം. ആ മകന്റെ പേര് എത്ര പേർക്കറിയാം? ഞാൻ ഈ പോസ്റ്റ് എഴുതാൻ വേണ്ടി ദേശാഭിമാനി വാർത്ത തിരഞ്ഞപ്പോഴാണ് മകന്റെ പേര് ജിജേഷ് ആണെന്ന് മനസിലായത്. എനിക്കുറപ്പുണ്ട് മൂന്നരക്കോടി ജനങ്ങളുള്ള ഈ കേരളത്തിൽ അര ശതമാനം മനുഷ്യർ പോലും, എന്തിന് ഒരു ലക്ഷം പേര് പോലും കൊല്ലപ്പെട്ട ഈ ജിജേഷ് എന്ന പേര് കേട്ട് കാണില്ല എന്ന്.
ഓർക്കണം ഈ ഡി.സി.സി ട്രഷററെ ആത്മഹത്യയിലേക്ക് നയിച്ചത് ഒരു ജനപ്രതിനിധി കൂടിയായ കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ നടന്ന കൊടിയ അഴിമതിയാണ്. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിലും സഹകരണ സ്ഥാപനത്തിലും ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും ലക്ഷങ്ങൾ പിരിച്ച് കോടിക്കണക്കിന് രൂപ ഐ. സി ബാലകൃഷ്ണൻ എം.എൽ.എയേയും ജില്ലാ കോൺഗ്രസ് നേതാക്കളേയും ഏൽപ്പിൽക്കുന്നു. വെറും ആരോപണല്ല, ജോലി നൽകുമെന്ന് വാഗ്ദാനം ചെയ്ത് 30 ലക്ഷം രൂപ കൈപ്പറ്റിയതിന്റെ എഗ്രിമെന്റ് മുദ്രപത്രത്തിൽ എഴുതി അറ്റസ്റ്റ് ചെയ്ത തെളിവ് റിപ്പോർട്ടർ ടി.വി ഇന്ന് കാണിക്കുകയുണ്ടായി. അതിൽ കൃത്യമായി കോടതി വ്യവഹാര ഭാഷയിൽ എഴുതി വച്ചിട്ടുണ്ട് 30 ലക്ഷം രൂപ കൈപറ്റി ഐ. സി ബാലകൃഷ്ണന് കൈമാറി എന്ന്. ജോലി നൽകാൻ സാധിക്കാതെ പക്ഷം പലിശ സഹിതം പണം തിരിച്ചു നൽകുമെന്നും, ആ ഉത്തരവാദിത്വം മരണപ്പെട്ട ട്രഷറർ എൻ. എം വിജയനാണെന്നും.
ഇത് ഒരു ഉദ്യോഗാർത്ഥിയുടെ മാത്രം കാര്യമാണ്. ഇത്തരത്തിൽ പലരിൽ നിന്നും ലക്ഷങ്ങൾ വാങ്ങി കോടിക്കണക്കിന് രൂപയാണ് ജില്ലാ കോൺഗ്രസ് ചുമതല കൂടിയുള്ള സുൽത്താൻ ബത്തേരി എം.എൽ.എ ഐ. സി ബാലകൃഷ്ണന് ലഭിച്ചത്. എന്നാൽ ജോലിയോ കോഴപ്പണമോ തിരിച്ച് നൽകാതെ എം.എൽ.എ എൻ. എം വിജയനെ കരുവാക്കി പണം പൂഴ്ത്തി. എൻ. എം വിജയനോട് പണം തിരികെ ചോദിച്ച് പണം നൽകിയവർ വീട്ടിലെത്താൻ തുടങ്ങി. തിരിച്ച് കൊടുക്കാനുള്ള കോടികളുടെ കണക്കുകളടക്കം വിവരങ്ങൾ വിജയൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ അറിയിച്ചു. സുധാകരനും തിരിഞ്ഞു നോക്കിയില്ല. പങ്കുകാർ എങ്ങനെ തിരിഞ്ഞു നോക്കാൻ. ഒടുവിൽ മാനസിക വെല്ലുവിളി നേരിടുന്ന മകന് വിഷം നൽകി അദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചു. രണ്ട് പേരും കൊല്ലപ്പെട്ടു.
ഈ എം.എൽ.എയോട്, അയാളുടെ പാർടി നേതാക്കളോട് മാദ്ധ്യമങ്ങൾ ചോദ്യങ്ങൾ ചോദിച്ചത് തൂവൽ കൊണ്ടടിച്ചാൽ വേദനിക്കുമോ എന്ന് സൂക്ഷിച്ചാണ്. ഐ.സി ബാലകൃഷ്ണൻ ഇന്നലെയും ഇന്നുമൊക്കെ പരേതന്റെ മരണ വീട്ടിലും പൊതുമധ്യത്തിൽ യാതൊരു പ്രയാസവുമില്ലാതെ ഇറങ്ങി നടപ്പുണ്ട്.
എ.ഡി.എം ആത്മഹത്യ ചെയ്തപ്പോൾ ഇവിടെ പ്രചരിച്ച കാൽപ്പനിക കഥകൾക്ക് കൈയ്യും കണക്കുമുണ്ടായിട്ടില്ല. കേസിൽ പറഞ്ഞു കേട്ട പ്രശാന്തൻ എന്നയാളുടെ പെട്രോൾ പമ്പ് പി.പി ദിവ്യയുടെ ഭർത്താവിന്റെ കുഞ്ഞമ്മയുടെ വകയിലെ അമ്മാവന്റെ ഇളയമ്മയുടെ മകന്റെ മകന്റെതാണ്, അത് കൊണ്ടാണ് ദിവ്യ വിഷയത്തിൽ ഇടപെട്ടത് എന്നൊക്കെയുള്ള രീതിയിലായിരുന്നു ഇവിടെ പ്രചരിച്ച കള്ളകഥകളുടെ നില. ജയശങ്കർ, ക്രൈം നന്ദകുമാറിൽ തുടങ്ങി വിനു വി ജോണിന്റെ പരദൂഷണ സംഘം മുതൽ യൂ ട്യൂബിലെ അസംഖ്യം ചാനലുകൾ വരെ ദിനേനയെന്നോണം അവരാതം എയർ ചെയ്തു. പി.പി ദിവ്യ മനഃപ്പൂർവ്വമല്ലാതെ ഭാഗമായ ഒരു കേസിൽ അവരെ കെട്ടിയിട്ട് കല്ലെറിഞ്ഞു കൊല്ലാൻ മാത്രമേ ഇനി ബാക്കിയുണ്ടായിരുന്നുള്ളൂ. എന്നാൽ ഇവിടെ ലക്ഷങ്ങൾ കോഴപ്പണം വാങ്ങിയെന്ന് മുദ്രപത്രത്തിൽ എഴുതി വച്ച തെളിവുള്ള ഒരു കോൺഗ്രസ് എം.എൽ.എ കുറച്ച് സി.പി.ഐ.(എം) ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ മാത്രം പ്രതിഷേധം കേട്ടില്ലെന്ന് നടിച്ച് കൂസലില്ലാതെ ചിരിച്ചു കൊണ്ട് സമൂഹത്തിൽ സുഖമായി വിഹരിക്കുന്നു.
ഇന്ന് ഐ. സി ബാലകൃഷ്ണന് 17 ലക്ഷം രൂപ കൊടുത്തുവെന്ന് വെളിപ്പെടുത്തിക്കൊണ്ട് ഐസക്ക് താമരച്ചാലിൽ എന്ന മറ്റൊരു കോൺഗ്രസ് പ്രവർത്തകൻ കൂടി രംഗത്ത് വന്നിട്ടുണ്ട്. കൈരളി ടിവി മാത്രം കാര്യമായി വാർത്ത നൽകുന്നുണ്ട്. രണ്ട് നാൾ, കൂടിപ്പോയാൽ മൂന്ന് നാൾ, ഇപ്പോൾ വാർത്ത കൊടുത്തെന്ന് വരുത്തുന്ന മറ്റു മാദ്ധ്യമങ്ങൾക്ക് എത്തേണ്ടത് കൃത്യമായി എത്തിയാൽ കൈരളിയും ദേശാഭിമാനിയും മാത്രമായി ഒരു സൈഡിൽ നിന്ന് ഇത് പറയുന്നുണ്ടാകും.
സാമ്പത്തിക തട്ടിപ്പിന്റെ ഭാരം തലയിലിട്ട് കാശുമായി നേതാക്കൾ മുങ്ങിയതിന്റെയും പാർടിയിൽ നിന്ന് അനുഭവിക്കുന്ന മാനസിക പീഡനത്തിന്റെ ഫലമായും സമീപ കാലങ്ങളിൽ മൂന്നോ നാലോ ജില്ലാ കോൺഗ്രസ് നേതാക്കൾ കേരളത്തിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്. അതിൽ രണ്ട് പേര് വയനാടിൽ നിന്ന് മാത്രമാണ്. നമ്മളാരെങ്കിലും ഇതൊക്കെ അറിയുന്നോ ഓർക്കുന്നോ ഉണ്ടോ..? ബിരിയാണി ചെമ്പിൽ മുതൽ ഖുർ ആനിലും കൈതോലപ്പായയിലും വരെ സ്വർണ്ണവും പണവും കടത്തി എന്ന് ഉളുപ്പില്ലാതെ ചർച്ച ചെയ്യാനും വിശ്വസിക്കാനും സാധിക്കുന്ന മലയാളി സമൂഹത്തിൽ മൂന്ന് നാല് നേതാക്കൾ ഒരു പാർടി നേതൃത്വത്തിനെതിരെ സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ച് ജീവൻ വെടിയുന്നത് തെല്ലും അലോസരപ്പെടുത്തുന്നത് പോലുമുണ്ടോ.
കണ്ണൂരിലെ പി. പി ദിവ്യ എന്ന സി.പി.ഐ.എമ്മുകാരിയായ വനിതയെ തൂക്കിലേറ്റാൻ പറയാൻ ഗോവിന്ദച്ചാമി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ, ഐ.സി ബാലകൃഷ്ണൻ എന്ന വയനാടിലെ കോൺഗ്രസ് നേതാവിന്റെ പേര് താമരശ്ശേരി ചുരമിറങ്ങാതെ കാക്കും പ്രബുദ്ധ നിഷ്പക്ഷ സാമൂഹ്യ കേരളം.
(കടപ്പാട് )