10/06/2025
പ്രിയപെട്ടവരെ ,ലക്ഷദ്വീപ് കിൽത്താൻ ദ്വീപ് സ്വദേശിയായ, വെറും പതിമൂന്നു വയസ്സുള്ള പ്രിയപ്പെട്ട ബാലൻ സാജിദ് മുറാദിയെ, ഗില്ലൻ-ബാരെ സിൻഡ്രോം എന്ന ഗുരുതരവും അപൂർവവുമായ രോഗം ബാധിച്ചപ്പോൾ, അവന്റെ നിർധന കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിൽ അകപ്പെട്ടു. ആ നിസ്സഹായ നിമിഷത്തിൽ, ലക്ഷദ്വീപ് ഡെവലപ്മെന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ (LDCT) യെ സമീപിച്ച അവർക്കായി, ഞങ്ങൾ ഒരു മഹായജ്ഞത്തിന് തുടക്കമിട്ടു.സാജിദിന്റെ ജീവൻ രക്ഷിക്കാൻ, ആലുവയിലെ രാജഗിരി ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ പ്രവേശിപ്പിച്ചു. ദീർഘകാല ചികിത്സ ആവശ്യമായ ഈ രോഗത്തിന്റെ ചെലവ് വലുതായിരുന്നു. LDCT-ക്ക് സാമ്പത്തികമായി ഈ ഭാരം ഏറ്റെടുക്കാൻ പരിമിതികൾ ഉണ്ടായിരുന്നെങ്കിലും, ഒരു പിഞ്ചു ബാലന്റെ വേദനയും കുടുംബത്തിന്റെ നിസ്സഹായതയും ഞങ്ങളെ മുന്നോട്ട് നയിച്ചു. 2025 ഏപ്രിൽ മുതൽ ആരംഭിച്ച ഈ ധനസമാഹരണ യജ്ഞം, ലക്ഷദ്വീപിന്റെ ചരിത്രത്തിലെ തന്നെ ഒരു ബൃഹത്തായ ദൗത്യമായി മാറി. ഒടുവിൽ, 2025 ജൂൺ 4-ന് ഈ യജ്ഞം വിജയകരമായി ഞങ്ങൾ പൂർത്തിയാക്കി!ലക്ഷദ്വീപിലും കേരളത്തിലും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നിന്നുള്ള, ഞങ്ങൾ അറിയുന്നതും അറിയാത്തതുമായ സഹോദര-സഹോദരിമാർ ഈ ദൗത്യത്തിന്റെ ഭാഗമായി. നിങ്ങളുടെ ഓരോ സംഭാവനകളും, ഓരോ പ്രാർത്ഥനകളും, ഓരോ പങ്കുവെക്കലുകളും ഞങ്ങളുടെ ഹൃദയത്തിൽ തൊട്ടു,അതെല്ലാം സാജിദിന്റെ ജീവിതത്തിനു പ്രകാശമാക്കുകയും ചെയ്തു. ഒരു കുടുംബമായി, ഒരു ഹൃദയമായി, നിങ്ങൾ ഞങ്ങൾക്കൊപ്പം ഈ യജ്ഞത്തിന്റെ ഭാഗമായി നിലകൊണ്ടു. ഈ സ്നേഹത്തിന്, വാക്കുകൾ കൊണ്ട് നന്ദി പറയാൻ ഞങ്ങൾക്ക് കഴിയില്ല. ഈ യജ്ഞം ഞങ്ങളെ പഠിപ്പിച്ചത്, ഒരു ലക്ഷ്യത്തിനായി ഒന്നിച്ചു നിന്നാൽ ഏതു പ്രതിസന്ധിയും മറികടക്കാമെന്നാണ്. സാജിദിന്റെ ചികിത്സയ്ക്കായി നിങ്ങൾ നൽകിയ ഈ സ്നേഹം, ഞങ്ങളുടെ കർമപഥത്തിൽ പുതിയ പ്രകാശമായി മാറി. ഈ യാത്രയിൽ ഞങ്ങൾക്കൊപ്പം നിന്ന ഓരോരുത്തർക്കും LDCT-യുടെ പേരിലും, ഞങ്ങളുടെ ഓരോ പ്രവർത്തകന്റെ പേരിലും , സാജിദിന്റെ കുടുംബത്തിന്റെ പേരിലും —നന്ദി ഒരിക്കൽ കൂടി അറിയിക്കുന്നു : നന്ദി, ഒരുപാട് നന്ദി!നിങ്ങളുടെ കരുതലിന്റെ തിരമാലകൾ ലക്ഷദ്വീപിന്റെ തീരങ്ങളിൽ എന്നും അലയടിക്കും. നന്മയുടെ ഈ യാത്രയിൽ, ഇൻശാ അല്ലാഹ്, നമ്മൾ വീണ്ടും കണ്ടുമുട്ടും.