12/04/2020
കണിക്കൊന്ന- സൂര്യകാന്തി കോഴ്‌സുകാർക്കുള്ള പ്രവർത്തനം ആയിരുന്നു ശശിമാഷ് അയച്ചു തന്നത്.. മണികണ്ഠൻ സാറിന്റെ ചിത്രത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പ്രവർത്തനം.. (ചിത്രം താഴെ )..
ഈ ചിത്രം കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത്,, ജോർജ് ഓർവെൽ ന്റെ "അനിമൽ ഫാo" ആണ്. (മൃഗാധിപത്യം വന്നാൽ. ).
എന്നാൽ ആമ്പൽ വിദ്യാർത്ഥിനി പ്രിയയാകട്ടെ, വേറെ ഒരു തലത്തിലേക്ക് അത് കൊണ്ടുപോകുകയും ചെയ്തു..പ്രിയയുടെ കുറിപ്പ് കണ്ടപ്പോൾ
എനിക്ക് തോന്നിയത്,, " ഗണപതി പ്രാതലും ഇന്നത്തെ സാമൂഹികാവസ്ഥയും" എന്ന അടുത്ത നീലക്കുറിഞ്ഞി കോഴ്സിന്റെ പ്രവർത്തനവുമായി ഇത് ബന്ധിപ്പിക്കാമെന്നാണ്. കാരണം പണവും പദവിയും അല്ലല്ലോ, സഹജീവി സ്നേഹവും കരുണയും തന്നെയല്ലേ ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത്.
മൾട്ടിലെവെൽ പ്രവർത്തനത്തിന് സാധ്യതയുള്ള ഒരു ചിത്രവും പ്രവർത്തനവും.....
നന്ദി
*കൂട്ടിലെ മനുഷ്യർ*
കൂട്ടിൽ കിടക്കുന്ന മനുഷ്യരുടേ യും പുറത്തു നിൽക്കുന്ന മൃഗങ്ങളുടേയും ചിത്രം കണ്ടപ്പോൾ എന്റെ മനസ്സിൽ ഓർമ്മ വന്ന ചില കാര്യങ്ങൾ എഴുതണമെന്നു തോന്നി.
രണ്ടു വർഷം മുമ്പ്,, ഒരിക്കൽ ഞാൻ മലയാളം ക്ലാസ്സിൽ പോയപ്പോൾ, അധ്യാപികയുടെ വീടിന്റെ വരാന്തയിൽ ഒരു ചെറിയ കടന്നൽ കൂടു കണ്ടു. സ്വാഭാവികമായി എല്ലാവരും അങ്ങനെ ഒരു കൂട് വീട്ടിൽ ഉണ്ടെങ്കിൽ അതു നശിപ്പിച്ചുകളയുകയാണ് ചെയ്യുക. എന്നാൽ ഞങ്ങളുടെ അധ്യാപിക അങ്ങനെ ചെയ്തിരുന്നില്ല. അങ്ങനെ എന്തുകൊണ്ട് എന്ന് ചോദിച്ചപ്പോൾ ടീച്ചർ ഞങ്ങളോട് പറഞ്ഞു,, നമ്മളെപ്പോലെ അവർക്കും ഈ ലോകത്തു ജീവിക്കാനുള്ള അവകാശമുണ്ട് എന്നാണ്.. അപ്പോഴാണ് ഞാൻ മനുഷ്യരുടെ സ്വാർത്ഥത യെക്കുറിച്ചു ചിന്തിക്കുന്നത് പോലും. . . നമ്മൾ അവരുടെ കൂട് നശിപ്പിക്കുന്നത് ശരിയാണോ എന്നും ചോദിച്ചു. പലപ്പോഴും പാറ്റയെയും പല്ലിയെയും കണ്ടു പരിഭ്രമിക്കുന്ന കുട്ടികളോടും ടീച്ചർ ഇങ്ങനെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.. പിന്നീട് ബഷീർ എഴുതിയിട്ടുള്ള "ഭൂമിയുടെ അവകാശികൾ" എന്ന കഥാസമാഹാരത്തെ ക്കുറിച്ചും, അതെല്ലാവരും വായിച്ചിരിക്കേണ്ടതാണ് എന്നും പറഞ്ഞു. ഭൂമിയിൽ മൃഗങ്ങൾക്കും തുല്യ സ്ഥാനം കൊടുക്കണം എന്നാണ് ബഷീർ ആ കൃതിയിൽ പറയുന്നത്. ബഷീർ സ്വന്തം വീട്ടിലെ മാറാലയെപോലും തട്ടികളയാൻ സമ്മതിച്ചിരുന്നില്ല എന്ന് കേട്ടിട്ടുണ്ട്. എട്ടുകാലിക്കും ഈ വീട്ടിൽ താമസിക്കാൻ അവകാശമുണ്ട്, അവരും നമ്മുടെ പോലെയല്ലേ എന്നാണത്രേ ബഷീർ പറഞ്ഞിരുന്നത്. .എലിവിഷം വച്ച് എലിയെ കൊല്ലാൻ ബഷീർ അദ്ദേഹത്തിന്റെ ഭാര്യയെ അനുവദിക്കാതിരുന്നതും, ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ഇവിടെ ജീവിക്കാൻ അർഹതയും അവകാശവുമുണ്ടെന്നും, എല്ലാ ജീവികളെയും ആത്മാർത്ഥ മായി സ്നേഹിക്കണം എന്നും ഉള്ള ബഷീരിന്റെ വാക്കുകൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്. . അതു പ്രവർത്തനത്തിൽ കൊണ്ടുവരാൻ ശ്രമിച്ചാൽ നമ്മൾ താമസിക്കുന്ന ഈ ഭൂമി വളരെ മനോഹരമായിമാറുo..
കൂട്ടിൽ കിടക്കുന്ന മനുഷ്യരെ നോക്കി ജീവികൾ എന്തെല്ലാം പറഞ്ഞിരിക്കാം എന്ന ഈ വിഷയത്തിൽ എന്റെ മനസ്സിൽ ഒന്നാമതായി വന്ന ചിന്ത ഇതൊക്കെത്തന്നെയാണ്.. എല്ലാ ജീവികളും ഒന്നു പേടികൂടാതെ ശ്വാസം എടുത്തുകാണും...മനുഷ്യർ എന്ന മൃഗങ്ങൾ അവരിൽ നിന്നു അവരുടെ കുഞ്ഞുങ്ങളെയോ , അവരുടെ ജീവനോ, തൊലിയോ, കൊമ്പ്, പീലി, വാല് അങ്ങനെ പലതിനുമായി അവരെ വേട്ടയാടിയിട്ടുണ്ടല്ലോ.. കൊറോണ വൈറസ് ഇപ്പോൾ നിങ്ങളുടെ ലോകം തലകീഴായി മറിച്ചിരിക്കുകയാണ്. ഞങ്ങൾ മൃഗങ്ങൾ ഇപ്പോൾ സ്വാതന്ത്ര്യ ത്തോടെ ജീവിക്കുന്നു. എന്നാൽ നിങ്ങൾ മനുഷ്യരോ കൂട്ടിൽ അകപ്പെട്ടുപോയിരിക്കുന്നു. എപ്പോഴും "എന്റെ സ്വന്തം ",, എനിക്ക് മാത്രം എന്നൊക്കെ ആയിരുന്നില്ലേ ചിന്ത..? ..അതിനായി എന്തൊക്കെ നിങ്ങൾ ചെയ്തു കൂട്ടി..? , . മനുഷ്യരേ, നിങ്ങൾ ക്ക് ഇത് തന്നെ വരണം.. അത് തിരിച്ചറിയാൻ ആണ് ഈ ലോക്കഡോൺ എന്നെല്ലാമാ യിരിക്കും പുറത്തു നിൽക്കുന്ന മൃഗങ്ങളുടെ പ്രതികരണം. അടുത്തയിടെ ഞാൻ കണ്ട ഒരു ചിത്രത്തിൽ നായ, വീട്ടുകാരോട് പറയുന്നതു,, "ഇനി നിങ്ങൾ വീട് കാക്ക്, ഞാൻ ഒന്നു പുറത്തുപോയിട്ട് വരാം."എന്നാണ്. തിരുവനന്തപുരത്തു മയിലുകൾ റോഡിൽ ഇറങ്ങിയ വാർത്ത കണ്ടപ്പോൾ എനിക്ക് ഈ നായക്കഥ ഓർമ്മ വന്നു.. കൂട്ടിൽ കിടക്കുന്ന മനുഷ്യരെ കണ്ട് ജീവികൾ ഇതും പറഞ്ഞു കാണും മനുഷ്യരെ ഇങ്ങനെ കാണാൻ ആണ് കൂടുതലും നല്ലത്. ഞങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങളിൽ നിന്നും എടുത്തവർക്കു ഇപ്പോൾ അതിന്റെ വേദന മനസിലായിക്കാണും എന്നെല്ലാം. . ഞാൻ എന്തൊക്കെയോ ആണ് എന്ന് അഹങ്കരിച്ചിരുന്ന ഈ മനുഷ്യർക്കു ഇപ്പോൾ അഹങ്കരിക്കാൻ ഒന്നും ഇല്ലേ എന്ന് ചോദിച്ചുകാണണം. ഞങ്ങളിൽ പലരെയും വംശനാശഭീഷണി വരെ എത്തിച്ച നിങ്ങൾ മനുഷ്യർ ഇപ്പോൾ അപകടത്തിലായപ്പോൾ എങ്ങനെ തോന്നുന്നു എന്നും ചോദിച്ചുകാണണം.ഇനിയെങ്കിലും നിങ്ങൾ സ്വയം മറന്നു ജീവിക്കരുത് എന്ന മുന്നറിയിപ്പുo നല്കിക്കാണും.. കൊറോണക്കാലം കഴിഞ്ഞ് പുറത്തു കടക്കുമ്പോഴെങ്കിലും ഒന്ന് തിരിച്ചറിയുക, സഹജീവിസ്നേഹവും കരുണയും മനുഷ്യത്വവും ഒക്കെയാണ് ഈ ലോകത്ത് പണത്തിനും പദവിക്കും മുന്നിൽ നിൽക്കുക എന്ന്....
പ്രിയ ഫ്രാൻസിസ്
ആമ്പൽ വിദ്യാർത്ഥിനി
അക്ഷരാലയം
864, ഗ്രൂപ്പ് 3,
ഹസ്തസാൽ
ന്യൂ ഡൽഹി