President, SYS Kerala

President, SYS Kerala The Official Page of President of Samastha Kerala Sunni Yuvajana Samgham (SYS).

വായിക്കുക എന്ന സ്രഷ്ടാവിന്റെ കൽപ്പന മുൻനിർത്തി തുടങ്ങുന്ന വായനക്ക് കൃത്യമായ ലക്ഷ്യവും ദിശാബോധവുമുണ്ടാകും. വായനയുടെ രൂപാന...
22/07/2026

വായിക്കുക എന്ന സ്രഷ്ടാവിന്റെ കൽപ്പന മുൻനിർത്തി തുടങ്ങുന്ന വായനക്ക് കൃത്യമായ ലക്ഷ്യവും ദിശാബോധവുമുണ്ടാകും. വായനയുടെ രൂപാന്തരങ്ങൾ മാറിക്കൊണ്ടിരിക്കുമ്പോഴും ആ ധർമ്മത്തിന്റെ അടിസ്ഥാനം പ്രധാനമാണ്. എന്തു വായിക്കണം എന്ത് ഒഴിവാക്കണം എന്ന് കൃത്യമായി ഫിൽറ്റർ ചെയ്‌തെടുക്കാൻ സാംസ്കാരിക പൗരന്മാരായ നമുക്കു സാധിക്കേണ്ടതുണ്ട്. അറിവ് നിർമ്മിക്കുന്നതിനൊപ്പം, വ്യക്തിത്വത്തെയും വിശ്വാസത്തെയും രൂപപ്പെടുത്താൻ ഉതകുന്നതാവണം നമ്മുടെ വായനകൾ.

ഈയൊരു ആദർശബോധം ഊട്ടിയുറപ്പിക്കുക എന്ന ചരിത്രപരമായ ദൗത്യവുമായാണ് എസ് വൈ എസ്സിന്റെ കീഴിൽ സുന്നി വോയ്‌സ് എന്ന പ്രസിദ്ധീകരണം കടന്നുവരുന്നത്. നമ്മുടെ പാവനമായ ആശയാദർശങ്ങൾ കവർന്നെടുക്കാൻ പല കക്ഷികളും ശ്രമിക്കവെയാണ്, സമുദായത്തിന് നേർവഴി കാണിക്കാൻ 1964 ജൂലൈയിൽ സുന്നി ടൈംസ് എന്ന പേരിൽ പ്രസിദ്ധീകരണം തുടക്കം കുറിക്കുന്നത്. അഹ്‌ലുസ്സുന്നത്തിൻ്റെ ആശയങ്ങളെ വികലമാക്കാനും മതസ്ഥാപനങ്ങളെയും വഖ്ഫ് സ്വത്തുക്കളെയും കയ്യടക്കാനുമുള്ള ശ്രമങ്ങളെ ബൗദ്ധികമായി പ്രതിരോധിക്കുന്നതിൽ ഈ പ്രസിദ്ധീകരണം വഹിച്ച പങ്ക് വളരെ വലുതാണ്. പിന്നീട് 1977 ഓഗസ്റ്റിൽ സുന്നി വോയ്‌സ് എന്ന പേരിലേക്ക് മാറുകയും, സുന്നി ആശയങ്ങളുടെയും അക്കാദമിക ചർച്ചകളുടെയും സുപ്രധാനമായ ഒരു ഇടമായിതത്തീരുകയും ചെയ്തു.

അനുനിമിഷം വാർത്തകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇൻഫർമേഷൻ ഓവർലോഡാകുന്ന കാലത്ത്, വിവരങ്ങളുടെ കുത്തൊഴുക്കിൽ വായനക്കാരെ അനാവശ്യമായി ആശയക്കുഴപ്പത്തിലാക്കാതെ, ആവശ്യമായ കാര്യങ്ങൾ കൃത്യതയോടെയും പക്വതയോടെയും അവതരിപ്പിക്കാൻ സുന്നി വോയ്‌സിന് കഴിയുന്നു. കേവലം വാർത്തകൾ നൽകുന്നതിന് പകരം സമകാലിക വിഷയങ്ങളിലെ കൃത്യമായ രാഷ്ട്രീയ നിരീക്ഷണങ്ങളും, ആഴത്തിലുള്ള പഠനങ്ങളും, വസ്തുനിഷ്ഠമായ കവർ സ്റ്റോറികളും പ്രസിദ്ധീകരണത്തെ വേറിട്ടു നിർത്തുന്നു. ഓരോ വായനക്കാരന്റെയും വിജ്ഞാന വികാസത്തിനും അതുവഴി പ്രസ്ഥാനത്തിന്റെ ആകമാനമുള്ള പുരോഗതിക്കും വേണ്ടി സുന്നി വോയ്‌സ് നിർവഹിക്കുന്ന പങ്കു ചെറുതല്ല.

ഒരു കാലഘട്ടത്തിന്റെ മുഴുവൻ ആശയപരമായ അതിജീവനത്തിന് കരുത്തുപകർന്ന ഈ പ്രസിദ്ധീകരണത്തെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്. സ്വന്തം ആദർശത്തിനു കരുത്തുപകരുന്ന ഒരു പ്രസിദ്ധീകരണം നമ്മുടെ വീടുകളിലും സ്ഥാപനങ്ങളിലും ഉറപ്പാക്കുക എന്നത് വായനാശീലം എന്നതിലുപരി വലിയൊരു സാമൂഹിക ഉത്തരവാദിത്തം കൂടെയാണ്. 2026 ജൂലൈ - ഓഗസ്റ്റ് കാലയളവ് നാം അതിനായി പ്രത്യേകം ഉപയോഗപ്പെടുത്തുകയാണ്. ആപ്പ് വഴിയുള്ള ഡിജിറ്റൽ വായനയും പ്രിന്റഡ് പുസ്തകവും ലഭ്യമാണ്. സുന്നി വോയ്‌സ് ഒരു ശീലമാക്കാനും ഈ അറിവിന്റെ വെളിച്ചം കൂടുതൽ പേരിലെത്തിക്കാനും ഈ ക്യാമ്പയിൻ സമയത്ത് നമുക്കു സാധിക്കട്ടെ.

ഐക്യരാഷ്ട്രസഭ 2014 മുതൽ ജൂലൈ 15 ലോക യുവജന നൈപുണ്യ ദിനമായി ആചരിച്ചു വരികയാണ്. സ്കിൽസ് ഫോർ എ ഷെയേർഡ് ഫ്യൂച്ചർ എന്നതാണ് ഈ വ...
15/07/2026

ഐക്യരാഷ്ട്രസഭ 2014 മുതൽ ജൂലൈ 15 ലോക യുവജന നൈപുണ്യ ദിനമായി ആചരിച്ചു വരികയാണ്. സ്കിൽസ് ഫോർ എ ഷെയേർഡ് ഫ്യൂച്ചർ എന്നതാണ് ഈ വർഷം യു.എൻ മുന്നോട്ടുവെക്കുന്ന മുഖ്യപ്രമേയം. എ.ഐയും സാങ്കേതികവിദ്യകളും തൊഴിലിടങ്ങളെ അതിവേഗം രൂപാന്തരപ്പെടുത്തുന്ന ഒരു കാലത്ത്, ഷെയേർഡ് ഫ്യൂച്ചർ എന്ന പ്രയോഗത്തിനു ചെറുതല്ലാത്ത പ്രാധാന്യമുണ്ട്. സഹാനുഭൂതി, പരസഹായം, കൂട്ടായ ശ്രമങ്ങൾ തുടങ്ങിയ മനുഷ്യന്റെ അടിസ്ഥാന ഗുണങ്ങളെയും, തൊഴിലില്ലായ്മയെ നേരിടാൻ യുവജനം നൈപുണ്യങ്ങളെ വികസിപ്പിച്ചെടുക്കേണ്ടതിന്റെ ആവശ്യകതയെയും ഉണർത്തുന്നതാണ് ഈ ആശയം. പരസ്പര സഹകരണവും ധാർമ്മിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഒരു തലമുറക്കേ എല്ലാവർക്കും സുരക്ഷിത ഭാവി എന്ന ലക്ഷ്യം നേടാൻ സാധിക്കൂ.

യു.എൻ കണക്കുകൾ പ്രകാരം 65 ദശലക്ഷത്തിലധികം യുവാക്കളാണ് ഇന്ന് ലോകമെമ്പാടും തൊഴിൽരഹിതരായിട്ടുള്ളത്. സാങ്കേതികവിദ്യയുടെ അതിവേഗത്തിലുള്ള മാറ്റങ്ങൾ കാരണം 2030 ഓടെ ഇന്നുള്ള 22 ശതമാനം തൊഴിലുകളുടെയും സ്വഭാവം പൂർണ്ണമായും മാറുമെന്നും, 40 ശതമാനം നൈപുണ്യങ്ങളും വരുംകാല തൊഴിൽ വിപണിക്ക് അനുയോജ്യമല്ലാതാകുമെന്നുമാണ് യു.എൻ മുന്നറിയിപ്പു നൽകുന്നത്. ലോകത്താകമാനം 15 നും 24 നും ഇടയിൽ പ്രായമുള്ളവരിൽ അഞ്ചിലൊരാൾ വിദ്യാഭ്യാസത്തിലോ തൊഴിൽ പരിശീലനത്തിലോ ഏർപ്പെടാത്തവരാണ് എന്ന കണക്ക്, നൈപുണ്യ വികസനരംഗം എത്രത്തോളം മുന്നേറാനുണ്ടെന്ന് ഓർമ്മപ്പെടുത്തുന്ന വസ്തുതയാണ്.

ഈ ആഗോള സാഹചര്യത്തിനൊപ്പം, നിലവിലെ കേരളത്തിന്റെ തൊഴിൽ പ്രതിസന്ധികളെയും തികഞ്ഞ ഗൗരവത്തോടെ വിലയിരുത്തേണ്ടതുണ്ട്. ഇന്ത്യയിൽ ഏറ്റവും ഉയർന്ന സാക്ഷരതയുള്ള സംസ്ഥാനമായിട്ടും, കേന്ദ്ര സർക്കാരിന്റെ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ പ്രകാരം (PLFS-2024) കേരളത്തിലെ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 29.9 ശതമാനമാണ്. ദേശീയ നിരക്കിനെക്കാൾ (10.2%) ഇരട്ടിയിലധികമാണത്. ബിരുദങ്ങളും വിപണിയിലെ യഥാർത്ഥ തൊഴിൽ ആവശ്യകതകളും തമ്മിലുള്ള വലിയ അന്തരത്തെ ഇനിയും നാം മനസ്സിലാക്കാതിരിക്കുന്നത് വലിയ അപകടത്തിലേക്കു വഴിവെക്കും.

പ്രായോഗിക നൈപുണ്യങ്ങളുടെ അഭാവം ഉയർന്ന വിദ്യാഭ്യാസം നേടിയ നമ്മുടെ യുവതയെപ്പോലും കടുത്ത നിരാശയിലേക്കാണു തള്ളിവിടുന്നത്.
ഇതേത്തുടർന്നു കൂടെയാണ്, വിദ്യാർഥികളുടെ അനിയന്ത്രിതമായ വിദേശ കുടിയേറ്റം എന്ന മറ്റൊരു സാമൂഹിക പ്രതിസന്ധിക്കും കേരളം സാക്ഷ്യം വഹിക്കുന്നത്. ഏറ്റവും പുതിയ കേരള മൈഗ്രേഷൻ സർവേ കണക്കുകൾ പ്രകാരം, വിദേശത്തേക്കു കുടിയേറുന്ന വിദ്യാർഥികളുടെ എണ്ണം 2.5 ലക്ഷമായി ഇരട്ടിച്ചിരിക്കുകയാണ്. ഇവരിൽ 71.5 ശതമാനവും ബിരുദധാരികളുമാണ്. നമ്മുടെ നാടിനെ നയിക്കേണ്ട ഏറ്റവും ഊർജസ്വലരും പ്രതിഭാശാലികളുമായ ഒരു തലമുറ നാടുവിടുന്നു എന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക ഘടനയെ ദീർഘകാലാടിസ്ഥാനത്തിൽ പ്രതികൂലമായി ബാധിക്കുമെന്നു തീർച്ചയാണ്.

ധാർമ്മിക മൂല്യങ്ങളിൽ അടിയുറച്ചുനിന്നുകൊണ്ടു തന്നെ നമ്മുടെ യുവജനങ്ങളെ പുതിയ ലോകത്തിന്റെ തൊഴിൽ സാധ്യതകൾക്കനുസരിച്ചു നവീകരിക്കാൻ നമുക്കു സാധിക്കേണ്ടതുണ്ട്. യു.എൻ പ്രമേയം ഉൾപ്പെടെയുള്ള ആശയങ്ങൾ മുൻനിർത്തി, യുവജനങ്ങൾക്കു വൈകാരികവും സാങ്കേതികവുമായ പരിശീലനങ്ങൾ നൽകാൻ ഭരണകൂടങ്ങളും അക്കാദമിക് സമൂഹവും അടിയന്തരമായി തയ്യാറാകണം. മികച്ച നൈപുണ്യമുള്ള, മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാനും മികച്ച തൊഴിൽ സാഹചര്യങ്ങൾ നാട്ടിൽ തന്നെ ഒരുക്കാനും കൂട്ടായ ശ്രമങ്ങൾ ഉണ്ടാകണം. എല്ലാവർക്കും സുരക്ഷിതമായ ഭാവി സാധ്യമാകട്ടെ.

കേരള നിയമസഭയിൽ മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശൻ നടത്തിയ 'റിവേഴ്‌സ് റെമിറ്റൻസ്' പരാമർശം ഒരു കണക്കിലെ പിഴവ് മാത്രമായി കാണാൻ ...
03/07/2026

കേരള നിയമസഭയിൽ മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശൻ നടത്തിയ 'റിവേഴ്‌സ് റെമിറ്റൻസ്' പരാമർശം ഒരു കണക്കിലെ പിഴവ് മാത്രമായി കാണാൻ കഴിയില്ല. കണക്ക് തെറ്റിയാൽ തിരുത്താം. എന്നാൽ ആ കണക്കിനെ പൊതിഞ്ഞുനിൽക്കുന്ന ഒരു ആശയലോകമുണ്ട്. അതാണ് കൂടുതൽ അപകടകരം. മുഖ്യമന്ത്രി എന്ന നിലയിൽ, നിയമസഭ എന്ന വേദിയിൽ പറഞ്ഞ വാക്കുകളായതിനാൽ ആ ഗൗരവത്തിൽ തന്നെയാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യേണ്ടത്.

ഇത് ഊഹാപോഹങ്ങൾ പറയേണ്ട മേഖലയല്ല. കാൽനൂറ്റാണ്ടായി ആധികാരിക പഠനങ്ങൾ നടക്കുന്ന മേഖലയാണ്. സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് (CDS) 1998 മുതൽ ആരംഭിച്ചതും ഇപ്പോൾ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് (GIFT), ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റ് (IIMAD) എന്നിവ ചേർന്ന് നടത്തുന്നതുമായ കേരള മൈഗ്രേഷൻ സർവേ (KMS) പ്രകാരം, 2023-ൽ കേരളത്തിലേക്ക് വന്ന പ്രവാസി പണം 2,16,893 കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 1.7 ഇരട്ടിയും ആഭ്യന്തര ഉത്പാദനത്തിന്റെ 23.2 ശതമാനവുമാണ്. അതേസമയം, ഇതര സംസ്ഥാന തൊഴിലാളികൾ അവരുടെ നാടുകളിലേക്ക് അയക്കുന്ന തുക കേരള സർക്കാരിനുവേണ്ടി GIFT നടത്തിയ പഠനത്തിൽ പ്രതിവർഷം ഏകദേശം 17,500 കോടി രൂപയെന്നും, പിന്നീടുള്ള പ്രൊജക്ഷനുകളിൽ 25,000 കോടിയുടെ പരിസരത്താണെന്നും കണക്കാക്കുന്നു. അതായത്, കേരളത്തിലേക്ക് വരുന്ന പ്രവാസി പണത്തിന്റെ എട്ട് മുതൽ പരമാവധി പന്ത്രണ്ട് മുതൽ പതിനഞ്ച് ശതമാനം വരെ മാത്രം.

KMS 2023 ആദ്യമായി കണക്കാക്കിയ കേരളത്തിൽ നിന്നുള്ള ആകെ പുറത്തേക്കുള്ള പണമൊഴുക്ക് പോലും 43,378 കോടി രൂപയാണ്. അത് കേരളത്തിലേക്കുള്ള വരവിന്റെ അഞ്ചിലൊന്ന് മാത്രം. അതിലാകട്ടെ, വിദേശ പഠനഫീസ് അടക്കം കേരളീയർ തന്നെ പുറത്തേക്ക് അയക്കുന്ന യഥാർഥ 'റിവേഴ്‌സ് റെമിറ്റൻസും' ഉൾപ്പെടുന്നു. എവിടെയാണ് 'സിംഹഭാഗം'? കണക്ക് ഇതായിരിക്കെ, 'സാമ്പത്തിക അടിത്തറ മാന്തുന്നു' എന്ന പ്രയോഗം വസ്തുതയല്ല; ഒരു ആഖ്യാനമാണ്. ആ ആഖ്യാനത്തിന്റെ ഘടനയാണ് പരിശോധിക്കപ്പെടേണ്ടത്.

ലോകമെമ്പാടുമുള്ള വലതുപക്ഷ രാഷ്ട്രീയത്തിന്റെ അടിസ്ഥാന വ്യാകരണം ഒന്നാണ്. സമ്പദ്‌വ്യവസ്ഥയുടെ പ്രശ്നങ്ങൾക്ക് ഘടനാപരമായ കാരണങ്ങൾ അന്വേഷിക്കുന്നതിനുപകരം, ഏറ്റവും ദുർബലരായ കുടിയേറ്റക്കാരെ ചൂണ്ടിക്കാണിക്കുക. "അവർ നമ്മുടെ പണം കൊണ്ടുപോകുന്നു", "അവർ നമ്മുടെ വിഭവങ്ങൾ ഊറ്റുന്നു" എന്ന വാചകങ്ങൾ അമേരിക്കയിലും യൂറോപ്പിലും നാം കേട്ടതാണ്. അതേ വാചകഘടനയും അതേ യുക്തിയും കേരള നിയമസഭയിൽ മുഴങ്ങുമ്പോൾ അതിന്റെ പേര് മാറുന്നില്ല. കുടിയേറ്റക്കാരന്റെ കൂലിയെ 'ചോർച്ച'യായി ചിത്രീകരിക്കുന്ന നിമിഷം, ആ അധ്വാനം ഇവിടെ സൃഷ്ടിച്ച മൂല്യം, കെട്ടിടങ്ങൾ, റോഡുകൾ, കൃഷിയിടങ്ങൾ, ഹോട്ടലുകൾ, മത്സ്യബന്ധന ബോട്ടുകൾ എന്നിവ അദൃശ്യമാക്കപ്പെടുന്നു. കൂലി കൊടുത്തില്ലെങ്കിലും അധ്വാനം വേണം എന്ന ആഗ്രഹത്തിന് സാമ്പത്തിക ശാസ്ത്രത്തിൽ പേരില്ല; ചരിത്രത്തിൽ പേരുണ്ട്.

ഇതിനുള്ളിൽ പ്രവർത്തിക്കുന്ന മറ്റൊരു ധാരണ കൂടിയുണ്ട്. അതിസങ്കുചിതമായ ഒരു ദേശീയതാ സങ്കല്പം. കേരളത്തിന്റെ അതിർത്തിക്കുള്ളിൽ സമ്പാദിക്കുന്ന പണം അതിർത്തിക്കുള്ളിൽ തന്നെ നിൽക്കണം എന്ന ചിന്ത, ഇന്ത്യ എന്ന ഒറ്റ സാമ്പത്തിക ഇടത്തെയും തൊഴിൽ തേടി എവിടെയും സഞ്ചരിക്കാനുള്ള പൗരന്റെ ഭരണഘടനാപരമായ അവകാശത്തെയും (അനുച്ഛേദം 19) നിരാകരിക്കുന്നതാണ്. മുർഷിദാബാദിൽ നിന്നോ നാഗാവിൽ നിന്നോ വരുന്ന തൊഴിലാളി വിദേശിയല്ല; ഈ രാജ്യത്തിന്റെ പൗരനാണ്. അയാളുടെ കൂലി അയാളുടെ കുടുംബത്തിലേക്ക് പോകുന്നത് സാമ്പത്തിക പ്രക്രിയയാണ്, കുറ്റകൃത്യമല്ല.

അതിഥി തൊഴിലാളികളുടെ സാന്നിധ്യം കേരളത്തിന്റെ ബാധ്യതയല്ല; മലയാളിയുടെ സാമൂഹിക വികസനത്തിന്റെ മറ്റൊരു മുഖമാണ്. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും കൈവരിച്ച നേട്ടങ്ങളും, തലമുറകളായി തുടരുന്ന പ്രവാസവും, ഉയർന്ന കൂലിനിരക്കും ചേർന്ന് മലയാളി യുവത കായികാധ്വാനം ആവശ്യമായ മേഖലകളിൽ നിന്ന് പടിപടിയായി മാറിനിന്നപ്പോൾ ആ വിടവ് നികത്തിയത് ഇവരാണ്. നിർമ്മാണം, കൃഷി, തോട്ടം, ഹോട്ടൽ, മത്സ്യബന്ധനം തുടങ്ങി അധ്വാനം ആവശ്യമായ ഏതാണ്ട് എല്ലാ മേഖലകളും ഇന്ന് മുന്നോട്ടുപോകുന്നത് അവരുടെ കൈകളിലാണ്. നാട്ടിലെ ചായക്കടകളിലും ബാർബർ ഷോപ്പുകളിലും വരെ ഇന്ന് അതിഥി തൊഴിലാളികളാണ് എന്നത് ഈ സാമൂഹിക മാറ്റത്തിന്റെ ഏറ്റവും ദൃശ്യമായ അടയാളമാണ്.

ഈ കഴിഞ്ഞ ഇലക്ഷൻ കാലത്ത് അതിഥി തൊഴിലാളികളിൽ വലിയൊരു വിഭാഗം നാട്ടിലേക്ക് മടങ്ങിയപ്പോൾ കേരളം നേരിട്ട തൊഴിൽ പ്രതിസന്ധി നാം കണ്ടതാണ്. നിർമ്മാണ സൈറ്റുകൾ നിശ്ചലമായി. നിരവധി പദ്ധതികൾ വൈകി. ചെറുതും വലുതുമായ കമ്പനികൾ പ്രതിസന്ധിയിലായി. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കുന്ന ഈ കൈകളെയാണ് ഇന്ന് 'അടിത്തറ മാന്തുന്നവർ' എന്ന് വിശേഷിപ്പിക്കുന്നത്. ഒരു സാമ്പത്തിക മൂലധനത്തെ വിലയിരുത്തുന്നിടത്ത് തീർത്തും സ്റ്റേറ്റ് റെവന്യൂവിനെ മാത്രം ആശ്രയിച്ച് മദ്യ വരുമാനത്തെ പരാമർശിക്കുന്നതും ഒരു അപക്വതയാണ്. ഒരർത്ഥത്തിൽ സങ്കുചിതമായ അധികാര കേന്ദ്രീകൃത വിശകലനമാണത്.

കേരളം എന്ന സമൂഹത്തിന്റെ ആധുനിക ചരിത്രം കുടിയേറ്റത്തിന്റെ ചരിത്രമാണ്. സിലോണിലേക്കും മലയായിലേക്കും ബർമ്മയിലേക്കും പോയ തലമുറകൾ മുതൽ ഗൾഫ് മണലാരണ്യങ്ങളിൽ വിയർപ്പൊഴുക്കിയ ലക്ഷങ്ങൾ വരെ, അവർ അയച്ച പണമാണ് ഈ നാടിന്റെ വീടുകളും വിദ്യാഭ്യാസവും ആരോഗ്യവും പടുത്തുയർത്തിയത്. ഇന്നും ലോകമെങ്ങുമുള്ള മലയാളി പ്രവാസി സമൂഹമാണ് കേരളീയ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്നത്. ഇന്ത്യയിലെ ആകെ എൻ.ആർ.ഐ. നിക്ഷേപത്തിന്റെ അഞ്ചിലൊന്ന് കേരള ബാങ്കുകളിലാണ്. കുടിയേറ്റം കൊണ്ട് ജീവിക്കുന്ന ഒരു നാടിന്റെ മുഖ്യമന്ത്രി, തന്റെ നാട്ടിലേക്ക് കുടിയേറിവന്നവരുടെ റെമിറ്റൻസിനെ ഭീഷണിയായി ചിത്രീകരിക്കുമ്പോൾ, അത് ചരിത്രത്തോടുള്ള നന്ദികേട് മാത്രമല്ല; അപകടകരമായ ഒരു കീഴ്‌വഴക്കം കൂടിയാണ്.

കാരണം, ഈ യുക്തിക്ക് അതിർത്തികളില്ല. കേരളത്തിലെ തൊഴിലാളിയുടെ റെമിറ്റൻസ് 'അടിത്തറ മാന്തലാണ്' എങ്കിൽ, ദുബായിലെയും റിയാദിലെയും ഭരണാധികാരികൾക്ക് മലയാളിയുടെ റെമിറ്റൻസിനെക്കുറിച്ചും അതേ വാദം ഉന്നയിക്കാം. ബാംഗ്ലൂരിലും മുംബൈയിലും ഡൽഹിയിലും ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികൾ നാട്ടിലേക്ക് അയക്കുന്ന പണത്തെക്കുറിച്ച് അവിടങ്ങളിലെ രാഷ്ട്രീയ നേതൃത്വവും ഇതേ ഭാഷ സ്വീകരിക്കാം. നമ്മുടെ നിയമസഭയിൽ നിന്ന് ഈ ആഖ്യാനത്തിന് നിയമസാധുത ലഭിച്ചാൽ, അതിന്റെ ആദ്യ ഇരകളിൽ ലോകമെമ്പാടും ചിതറിക്കിടക്കുന്ന മലയാളികളായിരിക്കും. പ്രവാസത്തിന്റെ വേദന ഏറ്റവും നന്നായി അറിയുന്ന ഒരു ജനത, മറ്റൊരു പ്രവാസിയോട് ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകളാണിവ.

കുടിയേറ്റ തൊഴിലാളിയെ സാമ്പത്തിക പ്രതിയാക്കുന്ന ആഖ്യാനം കേരളത്തിന്റെ പൊതുബോധത്തിൽ സ്ഥാനം പിടിക്കരുത്. കേരളത്തിന് മുന്നിലുള്ള യഥാർഥ സാമ്പത്തിക ചോദ്യങ്ങൾ തൊഴിൽ സൃഷ്ടി, വ്യവസായ നിക്ഷേപം, ധനകാര്യ സുസ്ഥിരത, തൊഴിലാളികളുടെ രജിസ്ട്രേഷനും സാമൂഹിക സുരക്ഷയുമാണ്. അവയ്ക്കുള്ള ഉത്തരം തേടേണ്ടത് പഠനങ്ങളിലും നയങ്ങളിലുമാണ്; അയൽ സംസ്ഥാനത്തുനിന്ന് വന്ന് നമ്മുടെ വീടും റോഡും നഗരങ്ങളും പണിയുന്ന മനുഷ്യന്റെ ഗൂഗിൾ പേ കണക്കിലല്ല.

നിയമസഭയിൽ പറഞ്ഞ വാക്കുകൾ തിരുത്താനുള്ള മഹാമനസ്കത ജനാധിപത്യത്തിന്റെ അലങ്കാരമാണ്. ആ തിരുത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലമായി കേരളീയ ജനതക്കു നൽകിയ വലിയ സംഭാവനകളിലൊന്ന് നാമിന്ന് അനുഭവിക്കുന്...
26/06/2026

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലമായി കേരളീയ ജനതക്കു നൽകിയ വലിയ സംഭാവനകളിലൊന്ന് നാമിന്ന് അനുഭവിക്കുന്ന ആശയപരവും സാമൂഹികവുമായ സുരക്ഷിതത്വമാണ്. സങ്കീർണമായ സന്ദർഭങ്ങളിലൂടെ കടന്നു പോയപ്പോഴും, പാരമ്പര്യ ഇസ്‌ലാമിക വിശ്വാസങ്ങളെയും മൂല്യങ്ങളെയും യാതൊരു പോറലുമേൽക്കാതെ സംരക്ഷിക്കാൻ ഈ മഹാപ്രസ്ഥാനത്തിന് സാധിച്ചു. ഈ ആശയപരമായ സുരക്ഷാകവചത്തിന്റെ കരുത്തിൽ വിശ്വാസി സമൂഹം അവരുടെ വൈയക്തികവും സാമൂഹികവുമായ ജീവിത പരിസരത്തെ ഏറ്റവും മനോഹരമായ രീതിയിൽ കെട്ടിപ്പടുത്തു.

വിശ്വാസികളുടെ നിഷ്കളങ്ക ഹൃദയങ്ങളിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദ പ്രവണതകളെയും അടിസ്ഥാനരഹിതമായ നവീന ചിന്താധാരകളെയും തുടക്കത്തിൽ തന്നെ തിരിച്ചറിയാനും പ്രതിരോധിക്കാനും സമസ്ത കാണിച്ച ജാഗ്രത, പണ്ഡിത ദൗത്യത്തിന്റെ ഏറ്റവും സർഗാത്മകമായ അധ്യായമായാണ് ലോകം വിലയിരുത്തിയിട്ടുള്ളത്. അവിടെ മുതൽ ഇങ്ങോട്ട്, സമൂഹത്തിന്റെ നാനാ തുറകളെയും സ്പർശിക്കുന്ന പ്രവർത്തനങ്ങളും ഫലങ്ങളുമായി മുഖ്യധാരാ മണ്ഡലത്തിൽ സമസ്ത സജീവമായി നിലകൊണ്ടു. തീവ്രചിന്താഗതികൾക്കു വേരോട്ടമുണ്ടാകാത്ത വിധം കേരളത്തെ പാകപ്പെടുത്തി.

ബഹുസ്വര സമൂഹത്തിൽ നാം അനുഭവിക്കുന്ന സാമുദായിക സൗഹാർദ്ദവും സഹവർത്തിത്വവും സമസ്ത നൽകിയ ദിശാബോധത്തിന്റെ കൂടി ഫലമാണ്. പ്രകൃതിയോടുള്ള സമീപനവും പരിസ്ഥിതി ബോധവും മിതമായ ജീവിത രീതിയും തുടങ്ങി കഴിഞ്ഞ ദശാബ്ദങ്ങളിൽ സമുദായം കൈവരിച്ച സമാനതകളില്ലാത്ത വൈജ്ഞാനികവും സാംസ്കാരികവുമായ മുന്നേറ്റങ്ങൾ ആ ഇടപെടലുകളുടെ ബാക്കിപത്രമാണ്. അപരനെ ചേർത്തുപിടിക്കാനും, അച്ചടക്കമുള്ള ജീവിതം നയിക്കാനും ആ മഹത്തായ പാരമ്പര്യം നമ്മെ പഠിപ്പിച്ചു.

വീര്യം കുറഞ്ഞ മദ്യത്തിനു നികുതിയളവ് നൽകാനുള്ള സംസ്ഥാന സർക്കാറിന്റെ പുതിയ തീരുമാനം തികച്ചും ആശങ്കാജനകമാണ്. ഓപ്പറേഷൻ തൂഫാൻ...
23/06/2026

വീര്യം കുറഞ്ഞ മദ്യത്തിനു നികുതിയളവ് നൽകാനുള്ള സംസ്ഥാന സർക്കാറിന്റെ പുതിയ തീരുമാനം തികച്ചും ആശങ്കാജനകമാണ്. ഓപ്പറേഷൻ തൂഫാൻ അടക്കമുള്ള ജനകീയ മുന്നേറ്റങ്ങളിലൂടെ ലഹരികൾക്കെതിരെ ശക്തമായ ബോധവത്ക്കരണവും നിയമനടപടികളും ഒരു ഭാഗത്ത് പുരോഗമിക്കുന്ന അതേ സമയത്തു തന്നെ, മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും വർദ്ധിപ്പിക്കാൻ വഴിയൊരുക്കുന്ന ഇത്തരം നയങ്ങൾ സ്വീകരിക്കുന്നത് ആത്മാർത്ഥമായ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ശോഭ കെടുത്തുന്നതാണ്.

മദ്യത്തെ വീര്യം കൂടിയത്, കുറഞ്ഞത് എന്നിങ്ങനെ തരംതിരിക്കുന്നതു തന്നെ ആരോഗ്യപരമായും സാമൂഹികപരമായും ശരിയായ സമീപനമല്ല. പൂർണമായും ലഹരിമുക്തമായ ഒരു സമൂഹത്തെ വാർത്തെടുക്കാനാണ് നാം ആത്മാർത്ഥമായി പരിശ്രമിക്കുന്നത്. മനുഷ്യന്റെ വിവേകത്തെയും മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും തീർച്ചയായും നശിപ്പിക്കുമെന്ന് ഉറപ്പുള്ള ഒരു പദാർത്ഥത്തെ ഒരടിസ്ഥാനത്തിലും പ്രോത്സാഹിപ്പിക്കുക സാധ്യമല്ല.

പലപ്പോഴും രാസലഹരികളിലേക്കും മറ്റു ഗുരുതരമായ ആസക്തികളിലേക്കും യുവതലമുറ ചെന്നെത്തുന്നത് വീര്യം കുറഞ്ഞതെന്നു പറയപ്പെടുന്ന മദ്യത്തിൽ നിന്നാണ് എന്ന യാഥാർത്ഥ്യം മറക്കരുത്. മദ്യം ഉപയോഗിക്കുന്നവരെ വീര്യം കൂടിയതിനു പകരം കുറഞ്ഞതു തിരഞ്ഞെടുക്കാൻ ശീലിപ്പിക്കുക, മദ്യത്തിന്റെ പേരിൽ വരുന്ന സാമ്പത്തിക ഭാരത്തിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കുക എന്നൊക്കെ ന്യായീകരിക്കുമ്പോഴും സമൂഹത്തിൽ മദ്യത്തിന്റെ ഉദ്പാദനവും ഉപഭോഗവും വർധിക്കുന്നത് ന്യായീകരിക്കാൻ സാധിക്കുന്ന സ്ഥിതിവിശേഷമല്ല.

സാമ്പത്തിക ലാഭത്തേക്കാളുപരി ഇത്തരം തീരുമാനങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന ദീർഘകാല പ്രത്യാഘാതങ്ങൾ പൊതുജനവും സർക്കാരുകളും തിരിച്ചറിയേണ്ടതുണ്ട്. വരുംതലമുറയുടെ ആരോഗ്യവും സുരക്ഷിതമായ ഭാവിയും മുൻനിർത്തിക്കൊണ്ടാവണം സംസ്ഥാനത്തിന്റെ നയരൂപീകരണങ്ങൾ നടക്കേണ്ടത്. കേവലം വരുമാന വർദ്ധനവ് മാത്രം ലക്ഷ്യമിട്ട് സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിച്ചേക്കാവുന്ന ഈ തീരുമാനത്തിൽ നിന്ന് ബന്ധപ്പെട്ട അധികാരികൾ പിന്മാറണം.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷം കേവലമൊരു ജനസഞ്ചയത്തിന്റെ ഒത്തുചേരലിനപ്പുറം, സാംസ്കാരികവും ധാർമികവുമായ വ...
19/06/2026

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷം കേവലമൊരു ജനസഞ്ചയത്തിന്റെ ഒത്തുചേരലിനപ്പുറം, സാംസ്കാരികവും ധാർമികവുമായ വലിയൊരു മുന്നേറ്റത്തിനാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. വരുംതലമുറയെ മൂല്യബോധമുള്ളവരായി സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ സമസ്ത വിഭാവനം ചെയ്ത വിപ്ലവകരമായ ഒരു കാൽവെപ്പാണ് അഞ്ചു ലക്ഷം മനുഷ്യർക്ക് സുൽത്താനുൽ ഉലമയുടെ ശിഷ്യരാകാനുള്ള അവസരമൊരുക്കുന്ന 'അസ്സുഫ്ഫ നാട്ടു ദർസ്'.

ലോകൈകഗുരു തിരുനബി (സ) മദീനാ മസ്ജിദിൽ പടുത്തുയർത്തിയ പാഠശാലയുടെ അതേ പേരിലാണ് ഈ പദ്ധതിയും നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്. നൂറ്റാണ്ടുകൾക്കിപ്പുറം ഇന്ന് ആവിഷ്കരിക്കപ്പെട്ട ഈ ജനകീയ വിദ്യാഭ്യാസ പദ്ധതി, യഥാർത്ഥത്തിൽ അന്ന് മദീനയിൽ തെളിഞ്ഞ ആ പ്രകാശധാരയുടെ പാവനവും അനുസ്യൂതവുമായ ജ്ഞാനകൈമാറ്റ പാരമ്പര്യത്തിന്റെ തുടർച്ചയുടെ അടയാളപ്പെടുത്തലാണ്.

കേവലം ഭൗതികമായ അറിവുകൾ കൊണ്ട് മാത്രം സമൂഹത്തിൽ സമാധാനവും സാന്മാർഗികതയും നിലനിർത്താൻ കഴിയില്ല. മനുഷ്യന്റെ ബുദ്ധിവികാസത്തിനൊപ്പം അവന്റെ ആന്തരികമായ സംസ്കരണവും ആത്മീയമായ പക്വതയും കൈവരിക്കുമ്പോഴാണ് വിദ്യാഭ്യാസം പൂർണമാകുന്നത്. അക്ഷരങ്ങൾ കൂട്ടിവായിക്കുന്നതിനപ്പുറം, സ്രഷ്ടാവ് വിശ്വാസിയുടെ ഹൃദയത്തിലേക്ക് പകർന്നുനൽകുന്ന വെളിച്ചത്തിനാണ് അറിവ് എന്നു പറയുക. നൂറു പ്രകാശ വർഷങ്ങൾ എന്ന പ്രയോഗത്തിന് അങ്ങനെയൊരു ആഴം കൂടെയുണ്ട്.

വിവര ശേഖരണം എന്നതിനപ്പുറത്തേക്ക്, രാജ്യസ്നേഹം, സൽസ്വഭാവം, കുടുംബ ബന്ധങ്ങളുടെ പവിത്രത, പൗരബോധം തുടങ്ങി പ്രായോഗികമായ ഒരു സാമൂഹ്യ പക്വത കൈവരിക്കാൻ ഒരു ഉസ്താദിന്റെ ശിഷ്യത്വത്തിലുള്ള ജ്ഞാന സമ്പാദനം മനുഷ്യരെ പ്രാപ്തരാക്കും. ഉദാഹരണത്തിന്, പാരമ്പര്യമായി ഹദീസുകൾ കൈമാറ്റം ചെയ്യുമ്പോൾ പണ്ഡിതന്മാർ എപ്പോഴും ആരംഭിക്കാറുള്ളത് കാരുണ്യത്തെക്കുറിച്ചുള്ള ഹദീസു കൊണ്ടാണ്. അസ്സുഫ്ഫ നാട്ടു ദർസിലും ഒന്നാമതായി പഠിപ്പിക്കുന്നത് 'ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക' എന്ന ആ മഹത്തായ സന്ദേശമാണ്.

കാരുണ്യത്തിന്റെ ഈ പാഠങ്ങളിലൂടെ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന അഞ്ച് ലക്ഷം സാധാരണക്കാർക്കാണ് മഹാമനീഷിയായ ഒരു ഗുരുവിന്റെ ശിഷ്യത്വം ഒരേസമയം ലഭ്യമാകുന്നത്. സമസ്തയും പണ്ഡിതരും സമൂഹത്തിനു സമ്മാനിക്കുന്ന ആത്മീയ ഓജസ്സും സുരക്ഷിതത്വവുമാണ് ഈ പദ്ധതിയോടുള്ള ജനങ്ങളുടെ അഗാധമായ പങ്കാളിത്തത്തിലൂടെ അരക്കിട്ടുറപ്പിക്കപ്പെടുന്നത്. മുപ്പതു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന എണ്ണായിരത്തിലധികം കേന്ദ്രങ്ങളിൽ, സുൽത്താനുൽ ഉലമയുടെ ഇജാസത് സ്വീകരിച്ച എണ്ണായിരത്തോളം ഉസ്താദുമാരുടെ നേതൃത്വത്തിലാണ് ഈ ജനകീയ ദർസ് നടക്കുന്നത്.

മുഹറം മാസത്തിലെ ആദ്യ വെള്ളിയാഴ്ചയോടെ ആരംഭിച്ച്, പ്രാദേശിക തലത്തിൽ മുപ്പത് ആഴ്ചത്തെ ക്ലാസുകൾ പൂർത്തിയാക്കിയ ശേഷം, സമാപനമായ മുപ്പത്തിയൊന്നാമത്തെ ക്ലാസ്സ് ബഹുമാനപ്പെട്ട സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ് വാദി ഹറമൈൻ സമ്മേളന സദസ്സിൽ വെച്ച് നേരിട്ടു നയിക്കും. ഇൻ ശാഅല്ലാഹ്.

19/06/2026

മുഹറം മാസത്തിലെ ആദ്യ വെള്ളിയാഴ്ചയോടെ ആരംഭിച്ച്, പ്രാദേശിക തലത്തിൽ മുപ്പത് ആഴ്ചത്തെ ക്ലാസുകൾ പൂർത്തിയാക്കിയ ശേഷം, സമാപനമായ മുപ്പത്തിയൊന്നാമത്തെ ക്ലാസ്സ് ബഹുമാനപ്പെട്ട സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ് വാദി ഹറമൈൻ സമ്മേളന സദസ്സിൽ വെച്ച് നേരിട്ടു നയിക്കും. ഇൻ ശാഅല്ലാഹ്.

Event Recap | അസ്സുഫ്ഫ നാട്ടു ദർസ് | കോഴിക്കോട് സൗത്ത് ജില്ലാ ഉദ്ഘാടനം | മർകസ് നോളജ് സിറ്റി

13/06/2026

സുൽതാനുൽ ഉലമയുടെ ശിഷ്യത്വം,
അറിവനുഭവങ്ങളുടെ സായൂജ്യം!

നാട്ടു ദർസ് الصفة

5 ലക്ഷം ജനങ്ങൾ
ഗുരുമുഖത്തു നിന്ന്
കിതാബോതുന്നു!

"ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്" സംസ്ഥാനത്തെ മയക്കുമരുന്നു മാഫിയകൾയ്ക്കെതിരായ നിർണായകമായ നടപടിയാണ്. നമ്മുടെ യുവാക്കളെ...
09/06/2026

"ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്" സംസ്ഥാനത്തെ മയക്കുമരുന്നു മാഫിയകൾയ്ക്കെതിരായ നിർണായകമായ നടപടിയാണ്. നമ്മുടെ യുവാക്കളെയും കുട്ടികളെയും ലക്ഷ്യമിടുന്ന ലഹരി ശൃംഖലകൾ തകർക്കാനും മാഫിയകളെ വേരോടെ പിഴുതെറിയാനും ആഭ്യന്തര വകുപ്പ് നടത്തുന്ന ഈ നീക്കം തീർച്ചയായും ആശാവഹമാണ്. എസ് വൈ എസ് മാനവ സഞ്ചാരം മുന്നോട്ടു വെച്ച ഒരു പ്രധാന ആശയവും ഇതു തന്നെയായിരുന്നു. അതേസമയം, സാക്ഷരതയിലും മാനവ വികസന സൂചികയിലും അഭിമാനം കൊള്ളുന്ന ഒരു സമൂഹത്തിന്റെ ഉള്ളിൽ എങ്ങനെയാണ് ലഹരിയുടെ ഇത്രയും വലിയൊരു സമാന്തര സമ്പദ്‌വ്യവസ്ഥ വളർന്നു വന്നത് എന്ന ഗൗരവമേറിയ ചോദ്യം കൂടെ ഉയർത്തുന്നുണ്ട് ഓപ്പറേഷൻ തൂഫാൻ.

ഈ മാഫിയകൾ പുറത്തു നിന്നു വന്നതല്ല, നമ്മുടെ നിശ്ശബ്ദതയിൽ ഇവിടെത്തന്നെ കിളിർത്തതാണ് എന്ന അസുഖകരമായ സത്യാവസ്ഥയായിരിക്കാം ഒരുപക്ഷേ ആ ചോദ്യത്തിന്റെ ശരിയായ ഉത്തരം. പോരായ്മകളുള്ള വിദ്യാഭ്യാസ സമ്പ്രദായം, സംഭാഷണം നിലച്ച വീടുകൾ, താരതമ്യങ്ങളുടെ ഭാരം മാത്രമുള്ള സൗഹൃദങ്ങൾ, ഒറ്റപ്പെടലിനെ ഗ്ലാമറൈസ് ചെയ്യുന്ന ഡിജിറ്റൽ സംസ്കാരം തുടങ്ങി ഒട്ടേറെ ഘടകൾ ചേർന്ന നമ്മുടെ സാമൂഹ്യ പരിസരം നിർമിച്ച ഒരു നിരർത്ഥകമായ ശൂന്യതയിലേക്കാണ് ഈ ലഹരി ഒഴുകിയെത്തുന്നത്. വെറും അറസ്റ്റുകൾ കൊണ്ടു മാത്രം ഈ പ്രശ്നം അവസാനിക്കാതെ പോകുന്നത് അതുകൊണ്ടാണ്.

ഡിമാൻഡ് നിലനിൽക്കുന്നിടത്തോളം സപ്ലൈ പുതിയ വഴികളിലൂടെ തിരിച്ചുവന്നുകൊണ്ടേയിരിക്കും. പുറത്തെ കാടുകളെ വ്യത്തിയാക്കുമ്പോൾ തന്നെ, അകത്തെ ശൂന്യതയെ നിറയ്ക്കേണ്ടതും നമ്മൾ തന്നെയാണ്. നമ്മൾ വെറും ഇൻഫോമർമാരോ ഇരകളോ അല്ലെന്നും ഒരു ബദൽ സംസ്കാരത്തിന്റെ ശിൽപികളാണെന്നും യുവാക്കളെ ബോധവാന്മാരാക്കണം. ലഹരി ഉത്സാഹമാണെന്നു മാർക്കറ്റ് ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിൽ, അതിനേക്കാൾ ആകർഷകമായ ഒരു ജീവിതരീതി നിർമിക്കാനുള്ള സർഗാത്മക വെല്ലുവിളിയാണ് നമുക്കു മുന്നിലുള്ളത്. അതിനായി, സാർത്ഥകമായ വായനയും കായികവും കലയും സംരംഭകത്വവും യാത്രയും സാമൂഹ്യ പ്രവർത്തനവുമെല്ലാം യുവസംസ്കാരത്തിൽ സജീവമായി നിലനിൽക്കണം.

ലഹരിയിലേക്കു വഴിനടത്തുന്ന ഏകാന്തതയെയും ദുഷിച്ച കൂട്ടുകെട്ടിനെയും പൊളിക്കലാണ് യഥാർത്ഥ നാർക്കോട്ടിക് കൺട്രോൾ. യുവജന പ്രസ്ഥാനങ്ങൾ, വിദ്യാർഥി സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ക്ലബ്ബുകൾ, വായനശാലകൾ തുടങ്ങി ഓരോ കൂട്ടായ്മകളും ബോധവത്ക്കരണ ക്യാമ്പയ്നുകൾ സംഘടിപ്പിക്കണം. മാതാപിതാക്കൾ കുട്ടികളുമായി തുറന്നു സംസാരിക്കുകയും കുടുംബം ഒരു രസമുള്ള ഇടമായി മാറുകയും വേണം. മനുഷ്യർ പരസ്പരം കാണാനും കേൾക്കാനും മനസ്സിലാക്കാനും സമയം കണ്ടെത്തണം. ഒറ്റപ്പെടുന്നവരെയാണ് ചെന്നായ പിടിക്കുക.

ഓപ്പറേഷൻ തൂഫാൻ ഒരു വിജയമാകണമെങ്കിൽ അതൊരു സർക്കാർ പദ്ധതിയിൽ നിന്ന് ഒരു ജനകീയ പ്രസ്ഥാനമായി പരിണമിക്കണം. വിവരങ്ങൾ രഹസ്യമായി കൈമാറാൻ സജ്ജമാക്കിയ മൊബൈൽ ആപ്ലിക്കേഷനും വാട്സ്ആപ്പ് ചാറ്റ്ബോട്ടും നാം ഉപയോഗപ്പെടുത്തണം. നമ്മുടെ നിശ്ശബ്ദതയാണ് ഈ മാഫിയകളുടെ ഇന്ധനം. നമ്മുടെ ഒറ്റക്കെട്ടായ ശബ്ദമാണ് അവരുടെ അവസാനം. കേരളം ഒരിക്കൽ സാക്ഷരതയിലൂടെ ലോകത്തിന് ഒരു സന്ദേശം കൈമാറി. അടുത്ത നമ്മുടെ മാതൃകാ മേൽവിലാസം ലഹരിമുക്തിയിലൂടെയാകട്ടെ.

ജനഹിതം വ്യക്തമാക്കുന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നിരിക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ ജനപ്രതിനിധികൾക്കും ഹൃദയം...
04/05/2026

ജനഹിതം വ്യക്തമാക്കുന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നിരിക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ ജനപ്രതിനിധികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കേവലമൊരു രാഷ്ട്രീയ മത്സരത്തിനപ്പുറം, ജനങ്ങളുടെ പരമാധികാരം ഭരണഘടനാനുസൃതമായി പ്രതിനിധികളിലേക്ക് നിക്ഷിപ്തമാക്കുന്ന അതിവിപുലമായ പ്രക്രിയയാണ് ഓരോ തിരഞ്ഞെടുപ്പും. ഈ ജനാധിപത്യ പ്രക്രിയയിൽ സജീവമായി പങ്കെടുത്ത ഓരോ പൗരനും ഈ അവസരത്തിൽ അഭിമാനിക്കാം.

തിരഞ്ഞെടുപ്പിന്റെ ആരവങ്ങൾ അവസാനിക്കുന്നതോടെ രാഷ്ട്രീയ അതിർവരമ്പുകൾ മായ്ച്ചു കളയുക എന്നതാണ് കേരളത്തിന്റെ ഉന്നതമായ രാഷ്ട്രീയ പാരമ്പര്യം. പാർലമെന്ററി ജനാധിപത്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും പരസ്പര വിരുദ്ധമായ ശത്രുചേരികളല്ല, ഭരണയന്ത്രത്തെ സുഗമമായി ചലിപ്പിക്കുന്ന സുപ്രധാനമായ രണ്ടു സംവിധാനങ്ങളാണ്. വികസന നയങ്ങൾ രൂപീകരിക്കാനും നടപ്പിലാക്കാനും ഭരണപക്ഷത്തിന് ബാധ്യതയുള്ളപ്പോൾ, അവയിലെ പോരായ്മകൾ ചൂണ്ടിക്കാണിച്ച് ശക്തമായ തിരുത്തൽ ശക്തിയായി വർത്തിക്കേണ്ടത് പ്രതിപക്ഷത്തിന്റെ ഭരണഘടനാപരമായ കടമയാണ്. ഇരുപക്ഷവും ക്രിയാത്മകമായി സഹകരിക്കുമ്പോഴാണ് എക്കാലത്തും നാടിന്റെ യഥാർത്ഥ പുരോഗതി സാധ്യമായിട്ടുള്ളത്.

പുതിയ ജനപ്രതിനിധികൾ അധികാരമേൽക്കുമ്പോൾ, നമ്മുടെ നാട് കൂടുതൽ മികച്ച നേട്ടങ്ങളിലേക്ക് കുതിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. തോൽക്കുന്നതും ജയിക്കുന്നതും വ്യക്തികളോ പ്രസ്ഥാനങ്ങളോ അല്ലെന്നും, ഉന്നതമായ ജനാധിപത്യ മൂല്യങ്ങളാണ് അന്തിമ വിജയം കൈവരിക്കുന്നതെന്നും മനസ്സിലാക്കുന്ന രാഷ്ട്രീയ പക്വതയാണ് കേരളത്തിന്റെ ശീലം. നാടിന്റെ നന്മയ്ക്കും സമഗ്രമായ വികസനത്തിനും വേണ്ടി ഒറ്റക്കെട്ടായി മുന്നേറാൻ നമുക്കു സാധിക്കട്ടെ. ജനാധിപത്യം വിജയിക്കട്ടെ.

Address

SYS Kerala State Committee, Samastha Centre
Calicut
673006

Website

Alerts

Be the first to know and let us send you an email when President, SYS Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share