31/03/2025
കോഴിക്കോട് എൻഐടിയിൽ പഠിച്ചുകൊണ്ടിരിക്കുന്ന, ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനക്കാരായ നാൽപ്പതോളം മിടുക്കരായ ഗവേഷക വിദ്യാർഥികൾ, പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുക്കാനും ഈദിനെ കൊണ്ടാടാനും ഇന്ന് ജാമിഉൽ ഫുതൂഹിൽ സംഗമിച്ചിരുന്നു. പെരുന്നാൾ അതിഥികളായി ഇത്രയും പ്രൊഫഷണൽ വിദ്യാർഥികളെ ലഭിച്ചതിൽ മർകസ് നോളജ് സിറ്റിക്ക് അതിയായ സന്തോഷമുണ്ട്. എൻഐടിയിലെ എസ്എസ്എഫ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഈ ധിഷണാവിലാസമുള്ള സംഘം കേരളത്തിന്റെ സാംസ്കാരിക, സാമുദായിക ചലന നിശ്ചലനങ്ങളെ കണ്ടു മനസ്സിലാക്കാൻ മർകസ് നോളജ് സിറ്റി വരെ യാത്ര ചെയ്തു വന്നത്. തീർച്ചയായും ഈ സന്ദർശനം അവർക്കൊരു നവ്യാനുഭവമായി തീർന്നിട്ടുണ്ടാകും എന്ന് തന്നെയാണ് ഞാൻ കരുതുന്നത്.
അവരുമായി അൽപ സമയം സംവദിക്കാനും സൗഹൃദം പങ്കുവെക്കാനും സാധിച്ചതിൽ ഞാനും സന്തോഷിക്കുന്നു. കാരണം, സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും കെട്ടുറപ്പുള്ള ഭാവിക്ക് മുതൽ കൂട്ടാകുന്ന, സാമൂഹ്യ ഉത്തരവാദിത്തങ്ങളിൽ നിന്നും പ്രതിബദ്ധതകളിൽ നിന്നും ഒളിച്ചോടാത്ത, എല്ലാ മനുഷ്യർക്കും സഹജീവികൾക്കും ഗുണം മാത്രം ഭവിക്കണമെന്ന് ആഗ്രഹിക്കുകയും അതിനു വേണ്ടി ആലോചിക്കുകയും ചെയ്യുന്ന ഒരു വൃന്ദവുമായി, അതും പെരുന്നാൾ സുദിനത്തിൽ കൂടിയിരിക്കാൻ പറ്റുന്നത് മനോഹരമായ ഒരു അനുഭവമാണ്. ഒറ്റയായും ആരാജകത്വങ്ങളിൽ അകപ്പെട്ടും നശിപ്പിക്കേണ്ട ഒന്നല്ല വിദ്യാർഥി കാലഘട്ടം എന്ന പൂർണ ബോധ്യം അവർക്കുണ്ട്. നന്മയുടെ വക്താക്കളോടുള്ള കൂട്ടും സഹവർത്തിത്വവും നമ്മുടെ നിമിഷാർദ്ധങ്ങളെ മോഹനമാക്കുമെന്ന് തീർച്ചയാണ്. മൂല്യങ്ങളെ കുറിച്ച് നിരന്തരം ചിന്തിക്കുകയും വിചിന്തനം നടത്തുകയും ചെയ്യുന്ന പ്രബുദ്ധരായ യുവത നമ്മുടെയിടയിൽ നിന്നും കൂടുതൽ കൂടുതൽ ഉയിർ കൊള്ളട്ടെ.