General Secretary, SSF Kerala

General Secretary, SSF Kerala The Official Page Of Dr. Aboobacker T, General Secretary of Kerala State Sunni Students Federation (SSF)

സമസ്ത: സമഗ്രതയുടെ സഞ്ചാരംമാറുന്ന കാലത്തെയും സാമൂഹിക പശ്ചാത്തലങ്ങളെയും പൂർണമായി ഉൾക്കൊണ്ടുകൊണ്ട് മനുഷ്യരോട് സംവദിക്കുന്ന ...
10/06/2026

സമസ്ത: സമഗ്രതയുടെ സഞ്ചാരം

മാറുന്ന കാലത്തെയും സാമൂഹിക പശ്ചാത്തലങ്ങളെയും പൂർണമായി ഉൾക്കൊണ്ടുകൊണ്ട് മനുഷ്യരോട് സംവദിക്കുന്ന ജീവിത സംഹിതയാണ് ഇസ്‌ലാം. ഈ സവിശേഷമായ സ്വഭാവമാണ് കാലങ്ങളും ദേശങ്ങളും കടന്ന മതത്തെ അതിന്റെ തനതായ സ്വഭാവത്തിൽ നിലനിർത്തുന്നത്. അത് കൊണ്ട് തന്നെ ഇസ്‌ലാം ഒരു നിർദ്ദിഷ്ട കാലഘട്ടത്തിലോ ഭൂപ്രദേശത്തോ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു വ്യവസ്ഥയല്ല. വ്യത്യസ്ത സാഹചര്യങ്ങളോട് ചേർന്ന് സ്വീകരിക്കേണ്ട സമീപന രീതികളിലെ വ്യക്തത തികച്ചും വൈജ്ഞാനികമായ പ്രക്രിയ ആകയാൽ പണ്ഡിതന്മാരിലൂടെ തന്നെയാകണം മതത്തിന്റെ അന്തസത്ത കൈമാറ്റം ചെയ്യപ്പെടേണ്ടത്.
വ്യത്യസ്ത സാഹചര്യങ്ങളിലെ മതപ്രയോഗത്തിന്റെ കൃത്യമായ രീതിശാസ്ത്രം പണ്ഡിതലോകത്തുണ്ട്. നിസ്വാർത്ഥമായ സമീപനത്തിൽ ഈ വഴിയേ ധന്യമാക്കുന്ന അനേകം പണ്ഡിതരുടെ ജീവിതമാണ് ഇന്നും ഇസ്ലാമായി നാം അനുഭവിക്കുന്നത്. സ്പർശിക്കുന്ന സർവതലങ്ങളെയും പരിഗണിക്കുന്ന സമഗ്രദൃഷ്ടികോണുകൾ പണ്ഡിത സ്വഭാവത്തിന്റെ അനിവാര്യ ഘടകമാണ്. വരട്ടുതത്ത്വവാദങ്ങൾക്കോ തീവ്ര ചിന്താഗതികൾക്കോ ഇവിടെ സ്ഥാനമില്ല. പശ്ചാത്തലങ്ങളെ കൃത്യമായി വായിച്ചെടുക്കാനും ഇസ്‌ലാമിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടാതെ പ്രമാണങ്ങളെ മനസ്സിലാക്കാനും അഗാധ ജ്ഞാനവും ദീർഘവീക്ഷണവുമുള്ള പണ്ഡിതർക്കെ സാധിക്കൂ.

ഇസ്‌ലാമിന്റെ ഈ 'സമഗ്ര സ്വഭാവം' തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റംചെയ്യപ്പെട്ടത് യോഗ്യരായ പണ്ഡിതന്മാരിലൂടെയാണ്. വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും അടങ്ങിയിരിക്കുന്ന ആഴമേറിയ ആശയങ്ങളെയും അതിന്റെ ചരിത്രപരമായ പശ്ചാത്തലങ്ങളെയും കാലികമായി സമന്വയിപ്പിക്കാൻ ഓരോ കാലത്തെയും ദേശങ്ങളിലെയും പണ്ഡിതർക്ക് സാധിക്കുമ്പോഴാണ് ഇസ്ലാമിന്റെ യഥാർത്ഥ സൗന്ദര്യം ദൃശ്യമാകുക. പ്രവാചകനിൽ നിന്നും സ്വഹാബത്തിൽ നിന്നും ആരംഭിച്ച്, താബിഉകളും ഇമാമുമാരും വഴി കണ്ണി മുറിയാതെ അത്തരം പണ്ഡിതരാൽ കൈമാറ്റം ചെയ്യപ്പെട്ട ഇസ്ലാമിന്റെ തനത് രൂപമാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാഅ. തീവ്രതയിലേക്കോ ജീർണതയിലേക്കോ വഴിമാറിപ്പോകാതെ ഇസ്‌ലാമിക ഉമ്മത്തിനെ നേർവഴിക്ക് നയിച്ചത് ഈ പാരമ്പര്യ ചിന്താധാരയാണ്.

സ്വഹാബയുടെ കാലത്ത് മുതൽ തന്നെ ഇസ്‌ലാം അനുഭവിച്ച കേരളത്തിന്റെ മണ്ണിൽ ഈ മഹത്തായ അഹ്‌ലുസ്സുന്ന പാരമ്പര്യത്തിന്റെ ജീവസ്സുറ്റ തുടർച്ചയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. നൂറ്റാണ്ടുകളായി കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ നിലനിന്നിരുന്ന മതപരവും സാംസ്കാരികവുമായ വ്യക്തിത്വത്തെ സംരക്ഷിക്കുന്നതിനായി 1926-ലാണ് സമസ്ത രൂപീകൃതമാകുന്നത്. അക്കാലത്ത് ഉയർന്നുവന്ന നവീകരണ വാദങ്ങൾക്കും അപചയങ്ങൾക്കും എതിരെ, പരമ്പരാഗത ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തെ മുറുകെപ്പിടിച്ചുകൊണ്ട് സമസ്ത രംഗത്തുവന്നു.
കേരളത്തിന്റെ സവിശേഷമായ സാമൂഹിക-സാംസ്കാരിക പശ്ചാത്തലത്തെ കൃത്യമായി വിലയിരുത്താൻ സമസ്തയുടെ മുൻഗാമികളായ പണ്ഡിതന്മാർക്ക് സാധിച്ചു. മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാതെ തന്നെ, ആധുനിക കാലത്തെ വെല്ലുവിളികളെ നേരിടാൻ അവർ സമൂഹത്തെ പ്രാപ്തരാക്കി. സമസ്ത രൂപംനൽകിയ വ്യവസ്ഥാപിതമായ മദ്രസാ പ്രസ്ഥാനം ഇതിനൊരു മികച്ച ഉദാഹരണമാണ്. വിപ്ലവകരമായ ഈ വിദ്യാഭ്യാസ രീതിയിലൂടെ, ഇസ്‌ലാമിന്റെ സമഗ്രമായ ജ്ഞാനപാരമ്പര്യം പുതിയ തലമുറകളിലേക്ക് വിജയകരമായി കൈമാറാൻ സമസ്തയ്ക്ക് സാധിച്ചു.

ചുരുക്കത്തിൽ, ഇസ്‌ലാമിക പ്രമാണങ്ങളെ അതിന്റെ ശരിയായ പശ്ചാത്തലത്തിൽ മനസ്സിലാക്കാനും പ്രചരിപ്പിക്കാനും സമസ്ത കാണിച്ച പണ്ഡിതോചിതമായ ജാഗ്രതയാണ് കേരളത്തിലെ മുസ്‌ലിം സമൂഹത്തെ സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഉന്നതിയിലെത്തിച്ചത്. പ്രവാചക പാരമ്പര്യത്തിന്റെ ആധികാരികമായ തുടർച്ചയായി നിലകൊള്ളുന്ന സമസ്ത, ഇന്നും മാറിയ സാഹചര്യങ്ങളിൽ ഇസ്‌ലാമിക ദർശനത്തെ അതിന്റെ തനിമയോടെ കാത്തുസൂക്ഷിക്കുന്നതിൽ അദ്വിതീയമായ ദൗത്യമാണ് നിർവഹിച്ചുകൊണ്ടിരിക്കുന്നത്. ഈ തുടർച്ചയിൽ ഇനിയും യോഗ്യരായ പണ്ഡിതരുണ്ടാകണം. കാലങ്ങൾക്കപ്പുറം കടന്ന് അറിവന്വേഷിച്ച് സമൂഹത്തെ വഴിനടത്താൻ ജ്ഞാനികൾക്ക് തുടർച്ച ഉണ്ടാകണം. ഈ ശ്രമങ്ങൾക്ക് വേഗത പകരുന്ന വിവിധ സെഷനുകളും പഠനങ്ങളുമാണ് ഇസ്‌ലാമിക് സ്റ്റുഡന്റസ് സെൻസോറിയം എന്ന പേരിൽ ജൂൺ 11,12 തിയ്യതികളിൽ തൃശ്ശൂരിൽ വെച്ച് നടക്കുന്നത്.

ജൂൺ എട്ടിനാണ് അന്താരാഷ്ട്ര സമുദ്രദിനം. ഭൂമിയുടെ ഭൗതികവും ജൈവികവുമായ സന്തുലിതാവസ്ഥയെ നിർണയിക്കുന്ന ഏറ്റവും വലിയ ചാലകശക്തി...
08/06/2026

ജൂൺ എട്ടിനാണ് അന്താരാഷ്ട്ര സമുദ്രദിനം. ഭൂമിയുടെ ഭൗതികവും ജൈവികവുമായ സന്തുലിതാവസ്ഥയെ നിർണയിക്കുന്ന ഏറ്റവും വലിയ ചാലകശക്തിയാണ് സമുദ്രങ്ങൾ. ഭൗമോപരിതലത്തിന്റെ ഭൂരിഭാഗവും വ്യാപിച്ചുകിടക്കുന്ന ഈ ജലമണ്ഡലം കേവലമൊരു വിഭവസ്രോതസ്സ് എന്നതിൽ കവിഞ്ഞ്, ആഗോള കാലാവസ്ഥയെയും ജീവന്റെ നിലനിൽപ്പിനെയും നിയന്ത്രിക്കുന്ന പ്രകൃതിയുടെ ശ്വാസകോശമാണ്. അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിനെ ആഗിരണം ചെയ്ത് ആഗോളതാപനത്തിന്റെ തീവ്രത കുറയ്ക്കുന്നതിലും, നാം ശ്വസിക്കുന്ന ഓക്സിജന്റെ പകുതിയിലധികവും ഉത്പാദിപ്പിക്കുന്നതിലും സമുദ്രങ്ങൾ വഹിക്കുന്ന പങ്ക് വലുതാണ്. അതുകൊണ്ടു, ലോക സമുദ്രദിനം എന്നത്, ജലമണ്ഡലം നേരിടുന്ന പാരിസ്ഥിതിക തകർച്ചയെക്കുറിച്ചുള്ള ഗൗരവമേറിയ പുനർവിചിന്തനത്തിനും കൃത്യമായ കർമപദ്ധതികൾക്കും തുടക്കം കുറിക്കേണ്ട സന്ദർഭമാണ്.

ആധുനിക മനുഷ്യന്റെ വികസന മാതൃകകളും അനിയന്ത്രിതമായ ഉപഭോഗസംസ്കാരവും സമുദ്ര വ്യവസ്ഥയെ അഭൂതപൂർവമായ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. വ്യാവസായിക രാസമാലിന്യങ്ങൾ, നഗരങ്ങളിൽ നിന്നുള്ള അഴുക്കുചാലുകൾ, അണമുറിയാതെ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ എന്നിവ കടലിന്റെ സ്വാഭാവിക ഘടനയെത്തന്നെ മാറ്റിമറിച്ചുകഴിഞ്ഞു. കടലിലെ പ്ലാസ്റ്റിക് മലിനീകരണം ഇന്ന് കേവലം ദൃശ്യമായ മാലിന്യങ്ങളിൽ ഒതുങ്ങുന്നില്ല. അവ ജീർണിച്ച് രൂപപ്പെടുന്ന മൈക്രോപ്ലാസ്റ്റിക്കുകൾ സമുദ്രജീവികളുടെ ശരീരത്തിലൂടെ മനുഷ്യന്റെ ഭക്ഷ്യശൃംഖലയിലേക്കും മാരകമായ ആരോഗ്യപ്രശ്നങ്ങളിലേക്കും തിരിച്ചെത്തുന്നു. ഇതിനുപുറമേ, ഫോസിൽ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗം മൂലം അന്തരീക്ഷത്തിലുണ്ടാകുന്ന അധിക കാർബൺ ആഗിരണം ചെയ്യുന്നത് വഴി സമുദ്രജലത്തിന്റെ അസിഡിറ്റി വർധിക്കുകയാണ്. ഇത് പവിഴപ്പുറ്റുകളുടെ നാശത്തിനും കടൽജീവികളുടെ വംശനാശത്തിനും കാരണമാകുന്നു.
മറ്റൊരു പ്രധാന വെല്ലുവിളി അശാസ്ത്രീയവും അനിയന്ത്രിതവുമായ മത്സ്യബന്ധനമാണ്. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയുള്ള അമിത ചൂഷണം സമുദ്രത്തിലെ ജൈവവൈവിധ്യത്തിന്റെ സന്തുലിതാവസ്ഥയെ തകിടംമറിക്കുന്നു. കടലിന്റെ ആഴങ്ങളിലുള്ള ആവാസവ്യവസ്ഥകളെ പൂർണമായും നശിപ്പിക്കുന്ന ട്രോളിങ് പോലുള്ള രീതികൾ പല അപൂർവ ജീവിവർഗങ്ങളുടെയും വംശനാശത്തിന് വഴിവെക്കുന്നു. സമുദ്രതാപനിലയിലുണ്ടാകുന്ന നേരിയ വ്യതിയാനം പോലും ആഗോളതലത്തിൽ ചുഴലിക്കാറ്റുകളുടെ തീവ്രത കൂട്ടുന്നതിനും അപ്രതീക്ഷിത പ്രകൃതിദുരന്തങ്ങൾക്കും തീരദേശങ്ങളുടെ നാശത്തിനും കാരണമാകുന്നുണ്ട് എന്നത് നമ്മുടെ മുന്നിലുള്ള കടുത്ത യാഥാർഥ്യമാണ്.

സമുദ്ര സംരക്ഷണം എന്നത് വൈകാരികമായ ഒരു പരിസ്ഥിതിവാദമല്ല. മാനവരാശിയുടെ നിലനിൽപ്പിനായുള്ള രാഷ്ട്രീയവും ശാസ്ത്രീയവുമായ അനിവാര്യതയാണ് എന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. പരമ്പരാഗത വികസന സങ്കൽപ്പങ്ങളിൽ നിന്ന് മാറി, സമുദ്രസമ്പദ്‌വ്യവസ്ഥയെ ഹരിതാഭമാക്കുന്ന ബ്ലൂ ഇക്കോണമി (Blue Economy) പോലെയുള്ള സുസ്ഥിര വികസന നയങ്ങൾ ആഗോളതലത്തിൽ നടപ്പിലാക്കേണ്ടതുണ്ട്. പ്ലാസ്റ്റിക് ഉത്പാദനത്തിലും വിനിയോഗത്തിലും കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരികയും അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കുകയും വേണം. വിഭവങ്ങളുടെ മേലുള്ള മനുഷ്യന്റെ അമിതാധികാര മനോഭാവം തിരുത്തപ്പെടേണ്ടതുണ്ട്. പ്രകൃതിയോട് നീതി പുലർത്തുന്ന ഒരു ജീവിതശൈലി രൂപപ്പെടുത്താനും സമുദ്രങ്ങളുടെ വീണ്ടെടുപ്പ് ഭൂമിയുടെ തന്നെ വീണ്ടെടുപ്പാണെന്ന യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കാനും നമുക്ക് സാധിക്കണം.

❖ 𝑼𝒑𝒐𝒏 𝒕𝒉𝒆 ‘𝑩𝒆-𝑪𝒂𝒖𝒔𝒆’ ❖Kerala 𝑺𝒂𝒉𝒊𝒕𝒚𝒐𝒕𝒔𝒂𝒗 𝟮𝟬𝟮𝟲📍 Kayamkulam, Alappuzha📅 20–26 July 2026— 𝐒𝐒𝐅 Kerala
07/06/2026

❖ 𝑼𝒑𝒐𝒏 𝒕𝒉𝒆 ‘𝑩𝒆-𝑪𝒂𝒖𝒔𝒆’ ❖

Kerala 𝑺𝒂𝒉𝒊𝒕𝒚𝒐𝒕𝒔𝒂𝒗 𝟮𝟬𝟮𝟲
📍 Kayamkulam, Alappuzha
📅 20–26 July 2026

— 𝐒𝐒𝐅 Kerala

പ്രകൃതിയോട് ഇണങ്ങി ജീവിച്ചിരുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. വിഭവങ്ങൾ എത്ര സമൃദ്ധമായിരുന്നപ്പോഴും, പ്രകൃതിയെ ഒരു ജീ...
05/06/2026

പ്രകൃതിയോട് ഇണങ്ങി ജീവിച്ചിരുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. വിഭവങ്ങൾ എത്ര സമൃദ്ധമായിരുന്നപ്പോഴും, പ്രകൃതിയെ ഒരു ജീവനുള്ള ഘടകമായിക്കണ്ട് ചേർത്തുപിടിക്കാൻ നമ്മുടെ പൂർവ്വികർക്ക് കഴിഞ്ഞിരുന്നു. എന്നാൽ ശാസ്ത്ര-സാങ്കേതിക പുരോഗതിയുടെ മറവിൽ എല്ലാറ്റിനെയും കീഴടക്കാനുള്ള മനുഷ്യന്റെ ആർത്തി പ്രകൃതിക്കുമേൽ കടുത്ത മുറിവുകളുണ്ടാക്കി. അങ്ങനെയാണ് പ്രകൃതി എന്നത് മനുഷ്യനൊഴികെയുള്ള വെറും 'ചുറ്റുവട്ടം' എന്നാശയം വരുന്ന കേവലം 'പരിസ്ഥിതി' മാത്രമായി ചുരുങ്ങിയത്!
ഭൂമിയിലെ സവിശേഷമായ ജൈവവൈവിധ്യ സമ്പന്നതയാൽ ആഗോളതലത്തിൽ 'മെഗാഡൈവേഴ്സിറ്റി'ഉള്ള 17 രാജ്യങ്ങളിൽ ഒന്നാണ് നമ്മുടെ രാജ്യം. പരിസ്ഥിതി പ്രാധാന്യത്തിന്റെ കാര്യത്തിൽ പശ്ചിമഘട്ടത്തിന്റെ കാവലുള്ള കേരളം അതിലും സവിശേഷമായ ഒരു ഭൂമികയാണ്. എന്നാൽ, മനുഷ്യൻ മാത്രം ബാക്കിയാകുന്ന വികസന സ്വപ്നങ്ങളിലേക്ക് നാം മാറിയപ്പോൾ, വിഭവങ്ങൾ കൊള്ളയടിക്കാനുള്ള ഒരു സംവിധാനം മാത്രമായി ഇന്ന് പരിസ്ഥിതി മാറിപ്പോയി.
ജീവന്റെ താളമായിരുന്ന മഴയും വേനലുമൊക്കെ ഇന്ന് 'പ്രകൃതിദുരന്തങ്ങളുടെ' പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നു എന്നത് ഏറെ ആശങ്കയോടെ കാണണം. മഴക്കാലമായാൽ അതിതീവ്രമഴിയും ചുഴലിക്കാറ്റുകളും, ഉരുൾപൊട്ടലുകളും വേനൽക്കാലത്ത് അതിശക്തമായ ചൂടും തുടങ്ങി എക്സ്ട്രീം വെതർ പാറ്റേണിലേക്ക് കേരളവും മാറിക്കൊണ്ടിരിക്കുകയാണ്. 2026 ൽ പെസഫിക്കിൽ സംഭവിച്ച സൂപ്പർ സൈക്ലോൺ വരുത്തിവെക്കാനിടയുള്ള പ്രതിസന്ധികളും ഇപ്പോൾ നമുക്ക് മുന്നിലുണ്ട്. മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ ഭീതിദമായ വയനാട് ദുരന്തത്തിന്റെ ഓർമ്മകളിൽ നിന്നും നമ്മളിനിയും മുക്തമായിട്ടില്ല. ദുരന്തബാധിതരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇനിയൊരു ദുരന്തം താങ്ങാനുള്ള ശേഷി നമ്മുടെ കേരളത്തിനില്ല. അതുകൊണ്ട് തന്നെ, കേരളത്തിന്റെ ഭാവി വികസനം പരിസ്ഥിതിയോട് ചേർന്നുനിന്നുകൊണ്ട് മാത്രമായിരിക്കണം മുന്നോട്ട് പോകേണ്ടതെന്ന് ഭരണകൂടങ്ങൾ നിർബന്ധം പിടിക്കണം. ആ ഉത്തരവാദിത്തം അവർ കാണിച്ചേ മതിയാകൂ.
പരിസ്ഥിതി എന്നത് ഇന്ന് കേവലം ഒരു വാക്കോ പദപ്രയോഗമോ അല്ല, അതൊരു ജീവൽപ്രശ്നമാണ്! അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ഉച്ചകോടികളും ഫ്രെയിംവർക്കുകളുമൊക്കെ വികസിത രാജ്യങ്ങളുടെ മലിനീകരണ പങ്കിനെ മറച്ചുവെച്ച്, അതിന്റെ ഉത്തരവാദിത്തം പലപ്പോഴും മൂന്നാം ലോക രാജ്യങ്ങളുടെ (Developing Nations) തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം (Climate Change) സംഭവിച്ചുകഴിഞ്ഞു എന്ന കയ്പ്പുള്ള സത്യം ശാസ്ത്രലോകം എപ്പോഴോ സ്ഥിരീകരിച്ചതാണ്.
ഐക്യരാഷ്ട്രസഭ (UN) 2015-ൽ പ്രഖ്യാപിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (SDGs) കാലാവധി 2030-ൽ അവസാനിക്കാൻ ഇനി ഏതാനും വർഷങ്ങൾ മാത്രമാണ് ബാക്കി. എന്നാൽ, പല ആഗോള ലക്ഷ്യങ്ങളുടെയും (Targets) അരികിൽപ്പോലും എത്തിനോക്കാൻ പല രാജ്യങ്ങൾക്കും ഇനിയും കഴിഞ്ഞിട്ടില്ല!
വീടിനു മുന്നിലും നഗരപ്രദേശങ്ങളിലും ചെടിച്ചട്ടികൾ വെച്ചുപിടിപ്പിക്കുന്ന കേവലമൊരു 'പൂന്തോട്ട പരിസ്ഥിതിബോധത്തിൽ' നിന്നും, ജി.ഡി.പി (GDP) മാത്രം അളന്ന് പുരോഗതി കണക്കാക്കുന്ന വിനാശകരമായ വികസന നയങ്ങളിൽ നിന്നും നമ്മൾ മാറിയേ തീരൂ. പ്രകൃതിയെ മനുഷ്യന്റെ അജൈവമായ ശരീരമായി കാണാൻ നമുക്ക് കഴിയണം; അതിനേൽക്കുന്ന ഓരോ പോറലും നമ്മുടെ സ്വന്തം ശരീരത്തിലേൽക്കുന്ന മുറിവാണെന്ന് തിരിച്ചറിയണം.
പരിസ്ഥിതി പ്രശ്നങ്ങളുടെ യഥാർത്ഥ പരിഹാരം തുടങ്ങേണ്ടത് നമ്മൾ ഓരോരുത്തരിൽ നിന്നുമാണ്. ഏറ്റവും മനോഹരമായ ഈ ഭൂമിയുടെ നിലനിൽപ്പിനായി, വരുംതലമുറകൾക്കായി പരസ്പരം കൈകോർത്ത് നിൽക്കാം. ഈ പരിസ്ഥിതി ദിനത്തിൽ നമുക്കോരോരുത്തർക്കും ഇതാവട്ടെ പ്രതിജ്ഞ!

ഓപ്പറേഷൻ തൂഫാൻ;പ്രതീക്ഷയുടെ ജനകീയ പ്രതിരോധംകേരളത്തിന്റെ സാമൂഹിക ഭദ്രതയെയും വരുംതലമുറയുടെ ആരോഗ്യത്തെയും കാർന്നുതിന്നുന്ന ...
02/06/2026

ഓപ്പറേഷൻ തൂഫാൻ;
പ്രതീക്ഷയുടെ ജനകീയ പ്രതിരോധം

കേരളത്തിന്റെ സാമൂഹിക ഭദ്രതയെയും വരുംതലമുറയുടെ ആരോഗ്യത്തെയും കാർന്നുതിന്നുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാൻ’ അത്യന്തം പ്രസക്തവും കാലോചിതവുമായ ചുവടുവെപ്പാണ്. ഒരു ജനതയുടെ സാംസ്‌കാരിക ബോധ്യങ്ങളെയും ധാർമിക അടിത്തറയെയും ഒരുപോലെ ശ്വാസംമുട്ടിക്കുന്ന ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് മോചനം നേടുക എന്നത് കേവലം ഒരു ഭരണകൂട ബാധ്യതയല്ല. ഒരു നാഗരികതയുടെ ആത്മവീര്യം വീണ്ടെടുക്കാനുള്ള പോരാട്ടം കൂടെയാണ്. വിദ്യാലയങ്ങൾ അറിവിന്റെ അക്ഷരമുറ്റങ്ങളിലേക്ക് കുട്ടികളെ സ്വീകരിക്കുന്ന ഈ വേളയിൽ തന്നെ ഇത്തരമൊരു ശുദ്ധീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത് സർക്കാരിന്റെ നിശ്ചയദാർഢ്യത്തെയാണ് അടയാളപ്പെടുത്തുന്നത്. അറിവ് വെളിച്ചമാണെങ്കിൽ, ലഹരി എന്നത് ആ വെളിച്ചത്തെ വിഴുങ്ങുന്ന അന്ധകാരമാണ്. ഈ അന്ധകാരത്തെ മുറിച്ചുനീക്കാൻ പ്രഖ്യാപിച്ച പദ്ധതി പുതിയ കാലത്തിന്റെ അനിവാര്യതയാണ്.

നന്മയുള്ള വിദ്യാർഥി സമൂഹത്തെക്കുറിച്ച് വലിയ സ്വപ്നങ്ങൾ കാണുകയും ആ വലിയ ദൗത്യത്തിൻ്റെ കർമനൈരന്തര്യത്തിൽ മുന്നോട്ട് പോവുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമെന്ന നിലയ്ക്ക് എസ് എസ് എഫിന് വലിയ സന്തോഷമുണ്ട്. സമൂഹത്തിന് സംഭവിച്ചേക്കാവുന്ന സകല അപചയങ്ങൾക്കും മുന്നിൽ നിതാന്ത ജാഗ്രതയോടെ ഈ പ്രസ്ഥാനം കണ്ണുതുറന്നിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. തൊള്ളായിരത്തി എഴുപതുകൾക്ക് ശേഷം കാമ്പസിലെ യുവത്വവും വിദ്യാർഥി പ്രസ്ഥാനങ്ങളും കേരളത്തിൻ്റെ സംസ്കാരിക നിലവാരങ്ങൾക്ക് കുറുകെ ഒരു സമാന്തര ഭീഷണിയായി വളർന്ന ഘട്ടത്തിലും സാഹസികമായ ഉത്തരവാദിത്വങ്ങളുമായി മുന്നിൽ നടക്കാൻ എസ് എസ് എഫിന് കഴിഞ്ഞിട്ടുണ്ട്. ഈ വിദ്യാർഥികളെ, അവരുടെ സമ്പന്നമായ വിഭവശേഷിയെ കാണാൻ കഴിഞ്ഞതും അവയെ സമർത്ഥമായി ഈ രാജ്യത്തിൻ്റെ നിർമാണാത്മക മുന്നേറ്റങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ കഴിയുമെന്ന പ്രതീക്ഷയുമാണ് എസ് എസ് എഫിനെ നയിച്ചത്. കൃത്യമായ ഘട്ടങ്ങളിൽ ലഹരി വിരുദ്ധ ക്യാമ്പയിനുകളുമായി സംഘടന രംഗത്തുണ്ടായിരുന്നു.
പാൻ മസാലക്കെതിരെ തീർത്ത പ്രതിരോധവും,
‘ലഹരി-അധികാരികളേ,നിങ്ങളാണ് പ്രതി’ എന്ന പ്രമേയത്തിൽ കഴിഞ്ഞ വർഷം നടത്തിയ വിദ്യാർത്ഥി പ്രക്ഷോഭ പരിപാടികളും അവയിൽ ചിലതു മാത്രമാണ്.
അതിനേക്കാളുപരി, സാമൂഹികമായ മൂലധനങ്ങളായി ഈ വിദ്യാർഥികളുടെ പ്രയോഗങ്ങളെക്കുറിച്ചുള്ള സാധ്യതകളെയാണ് സംഘടന അന്വേഷിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട്, മറ്റാരേക്കാളും എസ് എസ് എഫിന് ഈ പദ്ധതിയെ സ്വീകരിക്കാൻ കഴിയും.

ലഹരി മാഫിയകൾ വിദ്യാലയ മുറ്റങ്ങളിലേക്ക് വിഷത്തിന്റെ വലയെറിയുന്ന ഈ സന്നിഗ്ധ ഘട്ടത്തിൽ, കേവലം നിയമപാലനം കൊണ്ട് മാത്രം ഈ വിപത്തിനെ നേരിടാനാവില്ല എന്ന തിരിച്ചറിവാണ് ഓപ്പറേഷൻ തൂഫാൻ മുന്നോട്ട് വെക്കുന്നത്. ലഹരി കേവലം ഒരു രാസവസ്തു മാത്രമല്ല. മറിച്ച് മനുഷ്യമനസ്സുകളുടെ സർഗാത്മകതയെയും ആത്മബോധത്തെയും തളർത്തുന്ന ഒരു പ്രതിസംസ്കാരം കൂടിയാണ്. ചിന്താശേഷിയുള്ള ഒരു തലമുറയെ വെറും ജഡങ്ങളാക്കി മാറ്റുന്ന ഈ കച്ചവടതന്ത്രത്തെ പരാജയപ്പെടുത്താൻ നിയമപുസ്തകങ്ങളിലെ വകുപ്പുകൾക്കപ്പുറം മനുഷ്യത്വത്തിന്റെ വലിയൊരു കവചം നമുക്ക് ആവശ്യമുണ്ട്. ശിക്ഷയേക്കാൾ ജാഗ്രതയ്ക്കും കുറ്റപ്പെടുത്തലിനേക്കാൾ കരുതലിനും മുൻഗണന നൽകുന്ന നിർമാണാത്മകമായ ഒരു തലത്തിലാണ് ഈ പദ്ധതി നിലയുറപ്പിക്കുവാൻ കഴിയുക.

ഈ ദാർശനിക പശ്ചാത്തലത്തിലാണ് ‘കൗമാരം കരുതലിലാവണം’ എന്ന മുദ്രാവാക്യം പ്രസക്തമാകുന്നത്. നഗര കേന്ദ്രീകൃതമായ അധോലോകങ്ങളിൽ നിന്ന് ഗ്രാമീണ വിശുദ്ധിയിലേക്ക് പടരുന്ന ഈ വിഷം, വാസ്തവത്തിൽ നമ്മുടെ വീടുകളിലെ വിളക്കുകളെയാണ് കെടുത്തുന്നത്. ഗ്രാമങ്ങളിലെ സാധാരണക്കാരായ മനുഷ്യരുടെ ആകുലതകളെ കേൾക്കാനും അവരുടെ മക്കളെ മരണത്തിന്റെ വ്യാപാരികളിൽ നിന്ന് സംരക്ഷിക്കാനും ഈ നാർക്കോ ഹണ്ടിന് കഴിയേണ്ടതുണ്ട്. വേട്ടയാടപ്പെടേണ്ടത് ഇരകളായ കുട്ടികളല്ല, മറിച്ച് ലഹരിയുടെ വിത്തുവിതയ്ക്കുന്ന ഇരുട്ടിന്റെ ശക്തികളാണ്.

ലഹരിയുടെ വിതരണ ശൃംഖലയെ കേവലം മുറിച്ചുമാറ്റുകയല്ല, മറിച്ച് അതിന്റെ വേരുകൾ ആഴ്ന്നിറങ്ങിയ മണ്ണിൽ നിന്ന് അതിനെ പിഴുതെറിയുകയാണ് വേണ്ടത്. വിദ്യാലയ പരിസരങ്ങളെ തങ്ങളുടെ വിപണിയാക്കുന്ന ഏജന്റുമാരെ നിയമത്തിന് മുന്നിലെത്തിക്കുമ്പോൾ, നാം യഥാർഥത്തിൽ ചെയ്യുന്നത് ഒരു തലമുറയുടെ സ്വപ്നങ്ങൾക്ക് കാവൽ നിൽക്കുകയാണ്. ലഹരി നൽകുന്ന താൽക്കാലികമായ ഉന്മാദം ശാശ്വതമായ നാശമാണെന്ന ബോധ്യം ഓരോ കുഞ്ഞുമനസ്സിലും ഉറപ്പിക്കാൻ നമുക്ക് സാധിക്കണം. ഈ ബോധവൽക്കരണം ഒരു ഔദ്യോഗിക ചടങ്ങല്ല. മറിച്ച് വരുംതലമുറയോടുള്ള നമ്മുടെ ചരിത്രപരമായ കടമയാണ്. വിദ്യാലയ മുറ്റങ്ങളിലേക്ക് ലഹരി മാഫിയകൾ കണ്ണെറിയുന്ന ഈ കാലഘട്ടത്തിൽ, നിയമപാലകരും പൊതുസമൂഹവും ഒരേ മനസ്സോടെ പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്.

ലഹരിക്ക് അടിമപ്പെട്ടവരെ വെറുമൊരു കുറ്റവാളിയായി കാണാതെ, അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ തദ്ദേശീയമായ സർക്കാർ അംഗീകൃത കൗൺസിലിംഗ് സെൻ്ററുകൾ ആരംഭിക്കുക. നിലവിൽ ഇത്തരം കാര്യങ്ങളിൽ വെഫി പോലെയുള്ള സംഘങ്ങളെ പ്രതിരോധ ചലനങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താം. ലഹരിക്ക് പകരമായി സാമൂഹികമായ പദ്ധതികളെ ടാർഗറ്റ് ചെയ്യുന്ന ക്ലബ്ബുകൾ, പ്രസ്ഥാനങ്ങൾ എന്നിവയെ പ്രോത്സാഹിപ്പിക്കുക. വൈകുന്നേരങ്ങളിൽ കുട്ടികളെ സർഗാത്മകമായി തിരക്കുള്ളവരാക്കി മാറ്റുന്നത് ലഹരിയിലേക്കുള്ള ആകർഷണം കുറയ്ക്കും. മക്കളുടെ സ്വഭാവ മാറ്റങ്ങൾ തിരിച്ചറിയാൻ രക്ഷിതാക്കളെ, പ്രത്യേകിച്ച് അമ്മമാരെ ബോധവൽക്കരിക്കുന്ന സെഷനുകൾ സംഘടിപ്പിക്കുക.

ഇന്ന് ലഹരി ഇടപാടുകൾ പലതും സോഷ്യൽ മീഡിയ വഴിയും ഡാർക്ക് വെബ് വഴിയുമാണ് നടക്കുന്നത്. ഇത് തടയാൻ പോലീസിൻ്റെ സൈബർ വിംഗ് വിപുലീകരിക്കുകയും ലഹരി വിരുദ്ധ സ്ക്വാഡുമായി ചേർന്ന് പ്രവർത്തിപ്പിക്കുകയും ചെയ്യുക.
വിദ്യാലയങ്ങളുടെ 500 മീറ്റർ ചുറ്റളവ് സീറോ ടോളറൻസ് സോൺ ആയി പ്രഖ്യാപിക്കുക. ഇവിടങ്ങളിൽ ലഹരി വസ്തുക്കളോ പുകയില ഉൽപ്പന്നങ്ങളോ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കടകളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുക. ഓരോ സ്‌കൂളിലും കോളേജിലും വിദ്യാലയ പരിസരത്തെ അസ്വാഭാവിക ചലനങ്ങൾ നിരീക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരും പോലീസും വിദ്യാർഥി പ്രതിനിധികളും അടങ്ങുന്ന ജാഗ്രത സമിതികൾ രൂപീകരിക്കാം. വിവരങ്ങൾ നൽകുന്നവരുടെ പേരോ ഐഡൻ്റിറ്റിയോ വെളിപ്പെടുത്താതെ ലഹരി ഇടപാടുകളെ കുറിച്ച് പോലീസിനെ അറിയിക്കാൻ ഒരു പ്രത്യേക മൊബൈൽ ആപ്പ് അല്ലെങ്കിൽ വാട്സാപ്പ് നമ്പർ സജ്ജമാക്കുക. വിദ്യാർഥികൾക്ക് പേടി കൂടാതെ വിവരങ്ങൾ കൈമാറാൻ ഇത് സഹായിക്കും.

ലഹരിക്കെതിരെയുള്ള പോരാട്ടം സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല. മാതാപിതാക്കൾ, അധ്യാപകർ, സാംസ്‌കാരിക പ്രവർത്തകർ,വിദ്യാർഥി സംഘടനകൾ എന്നിവർ ഒരേ മനസ്സോടെ പ്രവർത്തിച്ചാൽ മാത്രമേ ലഹരിമുക്ത കേരളം എന്ന സ്വപ്നം യാഥാർഥ്യമാകൂ എന്ന തിരിച്ചറിവ് ഇപ്പോൾ അനിവാര്യമായും മലയാളിക്കുണ്ടായിരിക്കണം. ഇത്തരം മുന്നേറ്റങ്ങൾക്ക് കൂടെ നിൽക്കാൻ കഴിയാതെ നമ്മളോട് തന്നെ തോറ്റവരായി മാറരുത് നമ്മൾ.

(സിറാജ് ദിനപത്രത്തിൽ വന്ന ലേഖനം )

പ്രിയപ്പെട്ട കൂട്ടുകാരേ,ഈ പുതിയ അധ്യയനവർഷം നിങ്ങളുടെ സ്വപ്നങ്ങൾക്ക് കൂടുതൽ തെളിച്ചമുണ്ടാകും. കാണാത്ത ലോകങ്ങളെ അറിയാനും, ...
01/06/2026

പ്രിയപ്പെട്ട കൂട്ടുകാരേ,
ഈ പുതിയ അധ്യയനവർഷം നിങ്ങളുടെ സ്വപ്നങ്ങൾക്ക് കൂടുതൽ തെളിച്ചമുണ്ടാകും. കാണാത്ത ലോകങ്ങളെ അറിയാനും,
പുതിയ ചിന്തകളെ നെഞ്ചേറ്റാനും,
നിങ്ങൾക്ക് മാത്രമായി ഒരു ആകാശം നിർമ്മിച്ചെടുക്കാനും ഈ വിദ്യാലയമുറ്റത്ത് നിങ്ങൾക്ക് കഴിയും.
ക്ലാസ് മുറികൾ പുതിയ ചിന്തകളുടെ, വിവേചനമില്ലാത്ത സ്നേഹത്തിന്റെ, മനുഷ്യത്വത്തിന്റെ പരീക്ഷണശാലകളാകട്ടെ. ഓരോ വിദ്യാർത്ഥിയും അവരുടെ ഉള്ളിലെ ആകാശത്തെ തൊട്ടറിയട്ടെ.

ചോദ്യങ്ങൾ ചോദിക്കുന്ന ഒരൊറ്റ കുട്ടിയിൽ നിന്നാണ് ലോകം എന്നും മാറിത്തുടങ്ങിയിട്ടുള്ളത്.
കണ്ടുപിടിക്കപ്പെട്ട ഉത്തരങ്ങളേക്കാൾ മൂല്യം കൗതുകത്തോടെ ചോദിക്കപ്പെടുന്ന ആ ചോദ്യങ്ങൾക്കാണ്.
തെറ്റുകൾ വരുത്താനും, അതിൽ നിന്ന് സ്വയം തിരുത്താനും, പരാജയപ്പെടുമ്പോൾ സാരമില്ലെന്ന് സ്വയം തോളിൽ തട്ടാനും പഠിക്കുന്നിടത്താണ് ജനാധിപത്യപരമായ ഒരു വിദ്യാലയം ജനിക്കുന്നത്.

ഒരു വിദ്യാലയം തുറക്കുക എന്നാൽ കുറേ വാതിലുകൾ തുറക്കുന്നതിനുമപ്പുറത്ത് മനുഷ്യസാധ്യതകളുടെ ഒരു പ്രപഞ്ചത്തെ അതിന്റെ എല്ലാ സ്വതന്ത്ര്യത്തോടെയും തുറന്നുവിടുകയാണ്.

അതിരുകളില്ലാത്ത പ്രതീക്ഷകളോടെ,
പുതിയ സ്വപ്നങ്ങളോടെ പുതിയ അധ്യയന വർഷത്തിലേക്ക് ചുവടുവെക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അഭിവാദ്യങ്ങൾ. ആകാശത്തോളം വളരുക.

വല്ലാത്തൊരു വികാരമാണ് ഓരോ പെരുന്നാളും ലോകത്തിന് നൽകുന്നത്. സ്നേഹിക്കുക,സ്നേഹിക്കുക,സ്നേഹിച്ചു കൊണ്ടേയിരിക്കുക എന്നതാണ് പ...
28/05/2026

വല്ലാത്തൊരു വികാരമാണ് ഓരോ പെരുന്നാളും ലോകത്തിന് നൽകുന്നത്.
സ്നേഹിക്കുക,സ്നേഹിക്കുക,സ്നേഹിച്ചു കൊണ്ടേയിരിക്കുക എന്നതാണ് പെരുന്നാളിൻ്റെ വേര്.
പെരുന്നാളിൻ്റെ ഓരോ സ്മരണകളും പ്രധാനമാകുന്നത്,അതിൽ തെളിമയുള്ള സ്നേഹത്തിൻ്റെയും നിസ്വാർത്ഥമായ സമർപ്പണ വിചാരത്തിൻ്റെയും നീരൊഴുക്കുള്ളത് കൊണ്ടാണ്.
ഉടയോനും പടപ്പുകളുമായും അപാരമായ പാരസ്പര്യത്തിൻ്റെ നൂലുകൾ ചേർത്തുകെട്ടുന്ന നേരം എന്ന് നമുക്കാ മുഹൂർത്തങ്ങളെ അനുഭവിക്കാൻ കഴിയുന്നു.
സഹനമാണ് പെരുന്നാളിൻ്റെ ആഘോഷം. നന്മയ്ക്കും നേരിനും സ്നേഹത്തിനും വേണ്ടി സർവ്വം സഹിക്കുക.ഓരോ പെരുന്നാളും നിരന്തരം ഇത് പറഞ്ഞുകൊണ്ടിരിക്കുന്നു. അങ്ങനെയാണ് ഓരോ വിശ്വാസിക്കും തനിക്കു മുകളിൽ മറ്റൊരാളെ,മറ്റനേകം പേരെ കാണാനും കൂടെ കൂട്ടാനും കഴിയുന്നത്.
പിന്നെങ്ങനെയാണ് പെരുന്നാളിന് ഇത്ര പെരുപ്പവും മധുരവും ഇല്ലാതിരിക്കുക. കൂടെയുള്ളവരുടെ ആഘോഷങ്ങൾക്ക് കൂടെ നിറവും വലിപ്പവും നൽകുന്ന പെരുന്നാളിന് എത്ര ഹൃദ്യതയുണ്ടാകും.

നമ്മുടെ ചുറ്റും മനുഷ്യരുണ്ട്.
പലയർത്ഥത്തിൽ,
പലയാവശ്യങ്ങൾ ഉള്ളവർ.
അവരുടെ കൂടെയിരിക്കാനും അവരെ കേൾക്കുവാനും നമുക്കീ പെരുന്നാളിൽ കഴിയണം.
ഒരു വാക്ക് കൊണ്ടെങ്കിലും,ഒരു പുഞ്ചിരി കൊണ്ടെങ്കിലും പ്രതീക്ഷകളുടെ വലിയ വെളിച്ചം പകരാൻ കഴിയണം.
നന്മകളുടെ വലിയ പ്രയോഗങ്ങൾ സാധ്യമാകണം.
ഉള്ളിൽ നന്മയുള്ള മനുഷ്യരുടെ അകമേ സുഗന്ധവും കാണും.
അവിടെ പൂക്കളും പൂമ്പാറ്റകളും കാണും. മനുഷ്യർ പൂത്തുനിൽക്കുന്ന വസന്തകാലവും കാണും.
സ്നേഹം പകുത്തു നൽകി മനുഷ്യരായിടാം നമുക്ക്!

ഏവർക്കും പെരുന്നാൾ സന്തോഷങ്ങൾ.

വിദ്യാഭ്യാസത്തിന്റെ ആത്മാന്വേഷണം:കേരളത്തിനിത് പരിവർത്തന ഘട്ടമാണ്കേരളത്തിന്റെ സാമൂഹിക പരിസരം ഇന്ന് ഒരു വലിയ  പരിവർത്തന ഘട...
26/05/2026

വിദ്യാഭ്യാസത്തിന്റെ
ആത്മാന്വേഷണം:
കേരളത്തിനിത് പരിവർത്തന ഘട്ടമാണ്

കേരളത്തിന്റെ സാമൂഹിക പരിസരം ഇന്ന് ഒരു വലിയ പരിവർത്തന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വിജ്ഞാനത്തോടുള്ള നമ്മുടെ അടങ്ങാത്ത താല്പര്യത്തിൽ നിന്നാണ് നമ്മുടെ സാമൂഹിക ബോധം പരുവപ്പെട്ടത്. എന്നാൽ ഇന്ന് നമ്മുടെ കലാലയങ്ങൾ നിശബ്ദമായ വിവരക്കടത്തുകാരുടെ താവളങ്ങളായി മാറുന്നുണ്ടോ എന്ന് നാം സന്ദേഹിക്കേണ്ടിയിരിക്കുന്നു. കാലഹരണപ്പെട്ട വ്യവസ്ഥിതിയുടെ അടിത്തറ ഇളക്കാൻ പോന്നതാകണം നമ്മുടെ സാമൂഹിക വിചാരങ്ങളും അവയെ രൂപപ്പെടുത്തുന്ന ഘടകങ്ങളും. പക്ഷേ, നിലവിലെ നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതി പലപ്പോഴും കൊളോണിയൽ കാലഘട്ടത്തിന്റെ ബാക്കിപത്രമായ ക്ലറിക്കൽ മനോഭാവത്തിൽ നിന്ന് മുക്തമായിട്ടില്ല.അക്കാദമിക് പക്വതയും പാഠ്യപദ്ധതിയുടെ രാഷ്ട്രീയവുംവിദ്യാഭ്യാസം എന്നത് കേവലം തൊഴിൽ നേടാനുള്ള ഒരു ഉപാധിയിൽ നിന്നും മാറി ഒരു വ്യക്തിയെ സാമൂഹിക പ്രതിബദ്ധതയുള്ള പൗരനാക്കി മാറ്റുന്ന സംസ്കരണ പ്രക്രിയയാണ്. നമ്മുടെ പാഠ്യപദ്ധതികൾ ആഗോള നിലവാരത്തിലേക്ക് ഉയരുമ്പോഴും, അതിൽ മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം നഷ്ടപ്പെടരുത്. ശാസ്ത്ര സാങ്കേതിക വിദ്യകളിൽ നാം മുന്നേറുമ്പോൾ തന്നെ, മാനവികതയുടെയും ധാർമികതയുടെയും പാഠങ്ങൾ വിസ്മരിക്കപ്പെടരുത്. വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമായ ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലത്ത്, വിവരങ്ങളെ എങ്ങനെയൊക്കെ വിവേചനബുദ്ധിയോടെ ഉപയോഗിക്കാം എന്ന വിവേകമാണ് വിദ്യാർഥികൾക്ക് പകർന്നു നൽകേണ്ടത്. വിദ്യാർഥിയുടെ ചിന്താശേഷിയെയും സ്വഭാവത്തെയും ഉദ്ദീപിപ്പിക്കുന്നതാകണം പഠിക്കുന്ന അറിവ്.നിലവിലെ നമ്മുടെ വിദ്യാഭ്യാസ രീതി പലപ്പോഴും ഒരു ബാങ്കിങ് സംവിധാനം പോലെയാണ് പ്രവർത്തിക്കുന്നത്. അവിടെ അധ്യാപകർ വിവരങ്ങൾ നിക്ഷേപിക്കുകയും വിദ്യാർഥികൾ അത് പരീക്ഷാ ഹാളുകളിൽ വെച്ച് പിൻവലിക്കുകയും ചെയ്യുന്നു. ഇതിൽ നിന്ന് മാറി, ചിന്തയെ ഉത്തേജിപ്പിക്കുന്നതും സർഗാത്മകതയെ തൊട്ടുണർത്തുന്നതുമായ ഒരു ജൈവിക പ്രക്രിയയായി വിദ്യാഭ്യാസം മാറേണ്ടതുണ്ട്. കേവലം ഡിഗ്രികൾ വിതരണം ചെയ്യുന്ന ഫാക്ടറികളായി കലാലയങ്ങൾ മാറാതിരിക്കാൻ, ഗവേഷണാധിഷ്ഠിതവും അന്വേഷണാത്മകവുമായ ഒരു രീതിശാസ്ത്രം പ്രൈമറി തലം മുതൽക്കേ ആരംഭിക്കേണ്ടതുണ്ട്.മാനവികതയും ദാർശനികമായ ഉള്ളടക്കവുംവിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം വിമോചനമാണ്. വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും രാഷ്ട്രീയത്തിന് വേരോട്ടം കിട്ടാത്ത വിധം മതേതരവും ദാർശനികവുമായ ഒരു അടിത്തറ നമ്മുടെ യുവതലമുറയ്ക്ക് ആവശ്യമാണ്. പാരമ്പര്യത്തെയും ആധുനികതയെയും വിവേകപൂർവം വിളക്കിച്ചേർക്കാൻ കഴിയണം. ഏറ്റവും പ്രധാനമായി, വിദ്യാഭ്യാസം എന്നത് മൂല്യങ്ങളിൽ അധിഷ്ഠിതമായിരിക്കണം. വിവരങ്ങൾ സമ്പാദിക്കുന്ന യന്ത്രങ്ങളെയല്ല, മറിച്ച് സഹാനുഭൂതിയുള്ള മനുഷ്യരെയാണ് നമുക്ക് ആവശ്യം. കേവലം യന്ത്രങ്ങളെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസത്തിന് പകരം, ആർദ്രതയുള്ള ഹൃദയങ്ങളെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസത്തിനാണ് നമ്മൾ മുൻഗണന നൽകേണ്ടത്. കലാലയങ്ങൾ കേവലം പ്രകടനപരതയുടെ ഇടങ്ങളാകാതെ, ആശയങ്ങളുടെയും സംവാദങ്ങളുടെയും സർഗാത്മക വേദികളായി മാറണം. അവിടെ വിയോജിപ്പുകൾക്ക് മാന്യമായ ഇടമുണ്ടാകണം, അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും പൂർണ സ്വാതന്ത്ര്യമുണ്ടാകണം. മതേതരത്വം, സാമൂഹിക നീതി, ലിംഗനീതി, പരിസ്ഥിതി അവബോധം തുടങ്ങിയ മൂല്യങ്ങൾ സിലബസിന്റെ ഭാഗമായല്ല, മറിച്ച് ജീവിതചര്യയുടെ ഭാഗമായി പഠിപ്പിക്കപ്പെടണം. ആത്മീയവും ഭൗതികവുമായ അറിവുകളെ സമന്വയിപ്പിക്കാൻ കഴിയുന്ന ഒരു ഹോളിസ്റ്റിക് വിദ്യാഭ്യാസ രീതിയെക്കുറിച്ച് നാം ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.തൊഴിൽ നൈപുണ്യവും പ്രായോഗിക ജ്ഞാനവുംപഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ഒരു വിദ്യാർഥി തൊഴിൽ വിപണിയിൽ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി പ്രായോഗിക ജ്ഞാനത്തിന്റെ അഭാവമാണ്. തിയറികൾക്കപ്പുറം തൊഴിൽ മേഖലയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഇന്റേൺഷിപ്പ് സംവിധാനങ്ങൾ നിർബന്ധിതമാക്കണം. സ്വയം തൊഴിൽ കണ്ടെത്താനുള്ള സംരംഭകത്വ ചിന്തകൾ വിദ്യാർഥികളിൽ വളർത്തണം. സർക്കാർ ജോലിയെന്ന പരമ്പരാഗത മോഹത്തിനപ്പുറം, ലോകം കാൽക്കീഴിലാക്കാൻ പോന്ന ആത്മവിശ്വാസമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ സഹായിക്കണം. അതിനുള്ള ശേഷിയും പാകതയുമുള്ള അനേകം വിദ്യാർഥികൾ നമ്മുടെ ഇടയിലുണ്ട്. ദൗർഭാഗ്യവശാൽ, വളരുവാനുള്ള ആകാശങ്ങൾ കാണാതെ അവർ മുരടിച്ചുപോകുന്നു. കൃഷിയും പരിസ്ഥിതിയും മുതൽ ഐ ടി വരെയുള്ള മേഖലകളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ തക്കവണ്ണം തൊഴിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ പഞ്ചായത്ത് തലത്തിൽ തന്നെ ആരംഭിക്കണം. ഇതിനായി, തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്കൂളുകളോടൊപ്പം തന്നെ ചെറിയ നൈപുണ്യ വികസന കേന്ദ്രങ്ങളും വർക്ക്‌ഷോപ്പുകളും പ്രാദേശികാടിസ്ഥാനത്തിൽ വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള ശ്രമങ്ങളെക്കുറിച്ച് ആലോചിക്കാം.സിലബസിലെ കാലഹരണപ്പെടലും ആവർത്തനങ്ങളുടെ അലോസരങ്ങളും സിലബസ് എന്നത് കല്ലിൽ കൊത്തിയ ഒന്നാകരുത്; അത് ഒരു നദി പോലെ ഒഴുകുന്നതാകണം. ആഗോളതലത്തിൽ വിജ്ഞാനം കുതിച്ചുചാട്ടങ്ങൾ നടത്തുമ്പോൾ, നമ്മുടെ കുട്ടികൾ ദശകങ്ങൾ പഴക്കമുള്ള സിദ്ധാന്തങ്ങളിൽ തളച്ചിടപ്പെടുന്നത് ഒരുതരം വിദ്യാഭ്യാസപരമായ അനീതിയാണ്. സിലബസ് ഓഡിറ്റിംഗ് എന്നത് സാങ്കേതികമായ മാറ്റം മാത്രമല്ല, അതൊരു ദാർശനികമായ ശുദ്ധീകരണം കൂടിയാകണം. നമ്മുടെ പാഠ്യപദ്ധതികൾ പലപ്പോഴും മാറുന്ന ലോകത്തിന്റെ വേഗതയ്ക്കൊപ്പം സഞ്ചരിക്കാൻ പരാജയപ്പെടുന്നു. വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമായ ഈ കാലത്ത്, തീയതികളും വിവരങ്ങളും മനപ്പാഠമാക്കുന്ന രീതിയിൽ നിന്ന് മാറി, കാര്യങ്ങളെ അപഗ്രഥിക്കാനും വിമർശനാത്മകമായി ചിന്തിക്കാനുമുള്ള ശേഷിയാണ് വിദ്യാർഥികളിൽ വളർത്തേണ്ടത്. ആഗോളതലത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകളും മാനവിക ശാസ്ത്രത്തിലെ പുതിയ കണ്ടെത്തലുകളും ഉൾപ്പെടുത്തി സിലബസുകൾ ചുരുങ്ങിയത് ഓരോ മൂന്ന് വർഷം കൂടുമ്പോഴെങ്കിലും സമഗ്രമായ ഓഡിറ്റിംഗിന് വിധേയമാക്കണം. അക്കാദമിക് ലോകവും തൊഴിൽ വിപണിയും തമ്മിലുള്ള വിടവ് നികത്താൻ പ്രായോഗിക ജ്ഞാനത്തിന് പ്രാമുഖ്യം നൽകുന്ന രീതിയിലേക്ക് പാഠ്യപദ്ധതികളെ ഉടച്ചുവാർക്കേണ്ടതുണ്ട്. അതോടൊപ്പം അതിന് പ്രായോഗിക ജീവിതവുമായും മൂല്യബോധങ്ങളുമായും സംവദിക്കുന്ന ജീവിതോന്മുഖത ഉണ്ടായിരിക്കണം. ഓരോ വിഷയത്തെയും അതിന്റെ സാമൂഹിക പശ്ചാത്തലത്തിൽ പഠിപ്പിക്കാൻ നമുക്ക് കഴിയണം. ചരിത്രം പഠിക്കുമ്പോൾ അത് കേവലം യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും കണക്കെടുപ്പാകാതെ, സാധാരണക്കാരന്റെ അതിജീവനത്തിന്റെ കഥയാകണം. ശാസ്ത്രം പഠിക്കുമ്പോൾ അത് പ്രകൃതിയോടുള്ള യുദ്ധമല്ല, മറിച്ച് പ്രകൃതിയുമായുള്ള പൊരുത്തപ്പെടലാണെന്ന തിരിച്ചറിവ് വിദ്യാർഥിക്കുണ്ടാകണം.പരീക്ഷാ സമ്പ്രദായം: മൂല്യനിർണയത്തിന്റെ മനോരോഗങ്ങൾവർഷാവസാനം നടത്തുന്ന മൂന്ന് മണിക്കൂർ പരീക്ഷയിലൂടെ ഒരു വിദ്യാർഥിയുടെ സർവതോന്മുഖമായ കഴിവുകളെ അളക്കാൻ കഴിയുമെന്നത് വെറും മിഥ്യയാണ്. പരീക്ഷകൾ എന്നത് ഒരു ഭീതിയോ കടമ്പയോ ആകാതെ, പഠന പ്രക്രിയയുടെ ഭാഗമായുള്ള സ്വാഭാവിക വിലയിരുത്തലായി മാറണം. കേവലം മാർക്കുകൾക്ക് വേണ്ടിയുള്ള നെട്ടോട്ടം വിദ്യാർഥികളുടെ സർഗാത്മകതയെ കൊല്ലുകയാണ് ചെയ്യുന്നത്. ഗ്രേഡിംഗ് സമ്പ്രദായത്തിൽ മാറ്റം വരുത്തി, വിദ്യാർഥിയുടെ അഭിരുചി, ഗവേഷണ താല്പര്യം, പ്രായോഗിക നൈപുണ്യം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന തുടർച്ചയായ മൂല്യനിർണയ (Continuous and Comprehensive Evaluation) രീതിക്ക് കൂടുതൽ ശാസ്ത്രീയമായ മുഖം നൽകണം. സെമസ്റ്റർ സമ്പ്രദായങ്ങളിലെ കാലതാമസവും ഫലപ്രഖ്യാപനത്തിലെ അനിശ്ചിതത്വവും പരിഹരിക്കാൻ സാങ്കേതിക വിദ്യയുടെ പരമാവധി സഹായം ഉറപ്പുവരുത്തണം. സുദീർഘമായ പരീക്ഷാ കാലയളവും ഓരോ പരീക്ഷകളുടെയും ഇടയിലെ അനാവശ്യവും അശാസ്ത്രീയവുമായ ഇടവേളകളെയും വിമർശനാത്മകമായി പുനർപരിശോധിക്കേണ്ടതുണ്ട്. സ്കൂൾ കാലഘട്ടത്തിലേ ഇത് ശീലിക്കുക വഴി, ഉന്നതവിദ്യാഭ്യാസ തലങ്ങളിലും ഈ നിർജീവതയെ നിരുപാധികം സ്വീകരിക്കേണ്ട ഒരു ഗതികേട് നിലനിൽക്കുന്നുണ്ട്.അവധി ദിനങ്ങളും പഠന ക്രമവും: ജൈവികമായപുനക്രമീകരണംനമ്മുടെ വെക്കേഷൻ കാലയളവുകൾ പലപ്പോഴും കാലാവസ്ഥാ വ്യതിയാനങ്ങളെയും വിദ്യാർഥികളുടെ മാനസികാരോഗ്യം പരിഗണിച്ചുള്ള പഠനഭാരത്തെയോ അടിസ്ഥാനമാക്കിയുള്ളതല്ല എന്നത് ഗൗരവതരമായി ആലോചിക്കേണ്ട ഒരു വിഷയമാണ്. ഒരു ജനപക്ഷ സർക്കാരിന്, സാമ്പ്രദായികതയുടെ അനാവശ്യമായ കീഴ്‌വഴക്കങ്ങളിൽ നിന്നും വിടുതി നേടി, വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യസുരക്ഷക്കും താത്പര്യത്തിനുമൊപ്പം നിൽക്കാൻ സാധിക്കണം. വേനൽക്കാലത്തെ കഠിനമായ ചൂടിൽ അടച്ചിട്ട ക്ലാസ് മുറികളിലിരുന്ന് പഠിക്കുന്നത് വിദ്യാർഥികളുടെ ഏകാഗ്രതയെ ബാധിക്കുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തിൽ ക്വാർട്ടർ സെമസ്റ്ററുകളോ മറ്റോ ആലോചിക്കാവുന്നതാണ്. പഠനകാലയളവിനിടയിൽ കൃത്യമായ ഇടവേളകൾ നൽകുന്നതിലൂടെ വിജ്ഞാനത്തെ ഉൾക്കൊള്ളാനുള്ള മസ്തിഷ്കത്തിന്റെ ശേഷി വർധിപ്പിക്കാൻ സാധിക്കും. വെക്കേഷൻ എന്നത് പഠനത്തിൽ നിന്നുള്ള പൂർണമായ വിച്ഛേദമാകരുത്, മറിച്ച് അത് പാഠ്യേതര വിഷയങ്ങളിലും സാമൂഹിക സേവനങ്ങളിലും ഏർപ്പെടാനുള്ള സർഗാത്മകമായ ഇടവേളകളായി മാറണം.ഡിജിറ്റൽ നീതിയും അക്കാദമിക് ജനാധിപത്യവുംവിദ്യാഭ്യാസം എന്നത് ഒരു പൊതുമുതലാണ്. ആധുനികമായ എല്ലാ പഠന സൗകര്യങ്ങളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കും പ്രാപ്യമാകുന്ന രീതിയിൽ അക്കാദമിക് സോഷ്യലിസം നടപ്പിലാക്കണം. സ്മാർട്ട് ക്ലാസ് റൂമുകൾ എന്നത് കേവലം പ്രൊജക്ടറുകളിൽ ഒതുങ്ങരുത്. ലോകത്തിലെ ഏറ്റവും മികച്ച ലൈബ്രറികളും ജേണലുകളും എല്ലാ വിദ്യാർഥികൾക്കും സൗജന്യമായി ലഭ്യമാക്കുന്ന ഡിജിറ്റൽ ഹബ്ബുകളായി കലാലയങ്ങൾ മാറണം. അതോടൊപ്പം, കാമ്പസുകളിലെ ജനാധിപത്യം എന്നത് കേവലം രാഷ്ട്രീയ സംഘർഷങ്ങളല്ല, മറിച്ച് അക്കാദമിക് സംവാദങ്ങളുടെയും വിയോജിപ്പുകളുടെയും സുന്ദരമായ ഇടങ്ങളായിരിക്കണം.പുതിയ കാലം ആവശ്യപ്പെടുന്നത് സാങ്കേതികമായ തികവാണ്. എന്നാൽ സാങ്കേതിക വിദ്യ എന്നത് ഒരു ഉപരിവർഗ ആഡംബരമായി മാറാതെ, ഗ്രാമങ്ങളിലെ സാധാരണക്കാരനായ വിദ്യാർഥിയിലേക്കും അതിന്റെ ഗുണഫലങ്ങൾ എത്തുന്ന ഡിജിറ്റൽ സമത്വം ഉറപ്പുവരുത്തണം. ഡിജിറ്റൽ സാക്ഷരതയ്ക്കപ്പുറം, വിവരങ്ങളുടെ അതിപ്രസരത്തിൽ സത്യമേത്, മിഥ്യയേത് എന്ന് തിരിച്ചറിയാനുള്ള മീഡിയ ലിറ്ററസി പാഠ്യപദ്ധതിയുടെ ഭാഗമാകണം. സാങ്കേതിക വിദ്യയെ ഒരു ഉപകരണമായി മാത്രം കാണാതെ, അതിനെ എങ്ങനെ സർഗാത്മകമായും ധാർമികമായും ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഏറ്റെടുക്കാനുള്ള ശേഷി വിദ്യാർഥി പ്രസ്ഥാനങ്ങൾക്കുണ്ടാകണം. ലോകനിലവാരത്തിലുള്ള കോഴ്സുകളും വിദേശ സർവകലാശാലകളിലെ അറിവുകളും നമ്മുടെ വിരൽത്തുമ്പിലേക്ക് എത്തിക്കുന്ന തരത്തിലുള്ള ഡിജിറ്റൽ ലൈബ്രറികളും പ്ലാറ്റ്‌ഫോമുകളും സർക്കാർ തലത്തിൽ തന്നെ വിപുലീകരിക്കപ്പെടണം. അത്തരം സംവിധാനങ്ങളെയും സാധ്യതകളെയും വിദ്യാർഥികളെ നന്നായി ബോധ്യപ്പെടുത്തുകയും ക്രിയാത്മകമായി അവരുടെ വിഭവശേഷി പ്രയോഗിക്കുകയും വേണം.നമ്മുടെ കുട്ടികൾ പഠിക്കുന്നത് അറിയാനല്ല, മറിച്ച് പരീക്ഷ എഴുതാനാണ്, എന്നൊരു ഭാവം അദൃശ്യമായെങ്കിലും നിലനിൽക്കുന്നുണ്ട്. അപകടകരമായ ഈ മനോഭാവം മാറണം. പരീക്ഷാ ഫലങ്ങളേക്കാൾ ജ്ഞാനാർജന പ്രക്രിയയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു രീതി നാം അവലംബിക്കണം. പ്രായോഗികമായ പ്രോജക്ടുകൾ, സാമൂഹികാന്വേഷണങ്ങൾ, ഫീൽഡ് വർക്കുകൾ എന്നിവയ്ക്ക് തിയറി പരീക്ഷകളേക്കാൾ വെയ്റ്റേജ് നൽകണം. പരാജയപ്പെടുമെന്ന ഭയമില്ലാതെ അറിവിനെ ആസ്വദിക്കാൻ കുട്ടികൾക്ക് കഴിയണം. തോൽവി എന്നത് ഒരു അന്ത്യമല്ലെന്നും അത് പഠനത്തിന്റെ മറ്റൊരു ഘട്ടം മാത്രമാണെന്നും ബോധ്യപ്പെടുത്തുന്ന ഒരു മനഃശാസ്ത്രപരമായ സമീപനം വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണം.മാനസികാരോഗ്യം: അവഗണിക്കപ്പെട്ട അധ്യായംഅധ്യാപകൻ എന്നത് വിവരം വിതരണം ചെയ്യുന്ന ഒരു യന്ത്രമല്ല. അയാൾ ഒരു വഴികാട്ടിയും പ്രചോദകനുമാകണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ചെയ്യാൻ കഴിയാത്ത ഒന്നേയുള്ളൂ, അത് മനുഷ്യസ്പർശം ആണ്. ഈ സ്പർശമാണ് വിദ്യാഭ്യാസത്തിന്റെ ആത്മാവ്. അധ്യാപകർക്ക് പുതിയ കാലത്തെ സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകുന്നതോടൊപ്പം തന്നെ, വിദ്യാർഥികളുടെ മാനസിക വ്യാപാരങ്ങളെ തിരിച്ചറിയാനുള്ള എംപതി പരിശീലനവും നൽകേണ്ടതുണ്ട്. കലാലയങ്ങളിലെ ലിംഗവിവേചനവും വരേണ്യബോധവും അവസാനിപ്പിക്കാൻ അധ്യാപകർക്ക് ജനാധിപത്യപരമായ ഒരു കാഴ്ചപ്പാടുണ്ടാകണം.വിദ്യാർഥികൾക്കിടയിൽ വർധിച്ചു വരുന്ന മാനസിക സമ്മർദ്ദങ്ങളും ആത്മഹത്യാ പ്രവണതകളും അതീവ ഗൗരവത്തോടെ കാണണം. ഓരോ വിദ്യാലയത്തിലും പ്രൊഫഷണൽ കൗൺസിലിംഗ് സംവിധാനങ്ങൾ ഉറപ്പാക്കണം. മത്സരബുദ്ധിയല്ല, മറിച്ച് സഹകരണമാണ് വളരേണ്ടതെന്ന ബോധം കുട്ടികളിൽ വളർത്തണം. കലാലയങ്ങൾ മാനസിക ഉല്ലാസത്തിന്റെയും ആത്മപ്രകാശനത്തിന്റെയും ഇടങ്ങളായി മാറണം.കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഒരു സമ്പൂർണ ശസ്ത്രക്രിയയാണ് കാലം ആവശ്യപ്പെടുന്നത്. അത് കേവലം ഭരണപരമായ മാറ്റങ്ങളല്ല, മറിച്ച് ബോധപരമായ ഒരു മാറ്റമാണ്. അറിവിനെ അധികാരത്തിന്റെ ഉപകരണമായി കാണാതെ, അത് സ്നേഹത്തിന്റെയും സമത്വത്തിന്റെയും വിളക്കായി മാറ്റാൻ നമുക്ക് കഴിയണം.

(പുതിയ ലക്കം രിസാലയിൽ എഴുതിയ ലേഖനം )

പരീക്ഷയ്ക്ക് മുൻപേ ചോദ്യപേപ്പർ ചോരുകയും ലക്ഷങ്ങൾ വാങ്ങി അത് വിതരണം ചെയ്യുകയും ചെയ്തു. പരീക്ഷാ കേന്ദ്രങ്ങളിലെ സമയനഷ്ടം എന...
12/05/2026

പരീക്ഷയ്ക്ക് മുൻപേ ചോദ്യപേപ്പർ ചോരുകയും ലക്ഷങ്ങൾ വാങ്ങി അത് വിതരണം ചെയ്യുകയും ചെയ്തു.
പരീക്ഷാ കേന്ദ്രങ്ങളിലെ സമയനഷ്ടം എന്ന സാങ്കേതിക കാരണം പറഞ്ഞ് 1563 വിദ്യാർത്ഥികൾക്ക് എൻ.ടി.എ ഏകപക്ഷീയമായി ഗ്രേസ് മാർക്ക് നൽകി. ഇതിൻ്റെ കൃത്യമായ മാനദണ്ഡം ഇന്നും വ്യക്തമല്ല.
ഈ ഗ്രേസ് മാർക്ക് പരീക്ഷയുടെ റാങ്ക് പട്ടികയെ അട്ടിമറിച്ചു.
ഒരേ പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷ എഴുതിയ എട്ട് വിദ്യാർത്ഥികൾക്ക് വരെ ഒന്നാം റാങ്ക് ലഭിച്ചു.

ഇത്,
നീറ്റ് പരീക്ഷയെക്കുറിച്ചുള്ള കഴിഞ്ഞ വർഷങ്ങളിലെ നമ്മുടെ അനുഭവങ്ങളാണ്. എൻ.ടി.എ എന്ന കേന്ദ്ര ഏജൻസിയുടെ സുരക്ഷാ സംവിധാനങ്ങളെ ഒരു മാഫിയാ സംഘം പൂർണ്ണമായും കീഴ്പ്പെടുത്തി എന്നതിൻ്റെ തെളിവാണ്.
അറിവിനെ ജനാധിപത്യ വൽക്കരിക്കുന്നതിന് പകരം,അറിവിൻ്റെ മുകളിൽ ഒരു പുതിയ തരം ഫ്യൂഡലിസം അടിച്ചേൽപ്പിക്കപ്പെടുകയാണ്.
പണമില്ലാത്തവന് അറിവ് നിഷേധിക്കപ്പെടുന്ന,
അല്ലെങ്കിൽ അറിവ് മോഷ്ടിക്കപ്പെടുന്ന ഒരു ദുരവസ്ഥ രൂപപ്പെടുന്നു.
മെറിറ്റ് എന്നത് കഠിനാധ്വാനത്തിൻ്റെ ഫലമല്ല, കൃത്യമായ പ്ലാനിംഗിലൂടെ വാങ്ങാൻ കഴിയുന്ന ഒരു ചരക്കാണ് എന്ന അദൃശ്യ സമവാക്യം ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്നുണ്ട്. ലക്ഷക്കണക്കിന് കുട്ടികൾ ഒരു മുറിയിൽ അടച്ചിരുന്ന് പഠിക്കുമ്പോൾ, അധികാരത്തിൻ്റെ ഇടനാഴികളിൽ ചോദ്യപേപ്പറുകൾ ലേലം വിളിക്കപ്പെടുന്നു.

നമ്മുടെ നഗരങ്ങളിൽ തഴച്ചുവളരുന്ന ബ്രാൻഡ് ചെയ്യപ്പെട്ട കോച്ചിംഗ് കേന്ദ്രങ്ങൾ യഥാർത്ഥത്തിൽ സമാന്തര ഭരണകൂടങ്ങളായി മാറിയിരിക്കുന്നു. അവർക്കുവേണ്ടി നിയമങ്ങൾ നിർമ്മിക്കപ്പെടുകയും അവർക്കുവേണ്ടി പരീക്ഷാ തീയതികൾ പോലും നിശ്ചയിക്കപ്പെടുകയും ചെയ്യുന്നു. ഈ സമാന്തര സാമ്രാജ്യമാണ് യഥാർത്ഥത്തിൽ ജനാധിപത്യപരമായ വിദ്യാഭ്യാസത്തെ ശ്വാസം മുട്ടിക്കുന്നത്.കോടിക്കണക്കിന് രൂപ മറിയുന്ന കോച്ചിംഗ് മാഫിയകളും പരീക്ഷാ മാഫിയകളും ഒരേ ദിശയിലേക്കാണ് നടക്കുന്നത്.

വിദ്യാർത്ഥികൾക്ക് പരീക്ഷാപ്പേടിക്കു പുറമേ, വ്യവസ്ഥിതിയോടുള്ള കടുത്ത അവിശ്വാസത്തെ കൂടെ അതിജീവിക്കേണ്ടി വരുന്നു.അറിവ് നേടാനുള്ള അവകാശം അക്കൗണ്ടിലെ ബാലൻസിന് അനുസരിച്ചായി മാറുമ്പോൾ,നമ്മൾ സ്വപ്നം കാണുന്ന ഭാവി എത്ര ഭീകരമായിരിക്കും.
പണമുള്ളവന് ഡോക്ടറാകാൻ വഴിവിട്ട മാർഗങ്ങൾ തുറന്നുകൊടുക്കുന്നതിലൂടെ നാം നിർമ്മിച്ചെടുക്കുന്ന ആരോഗ്യരംഗം എത്രമാത്രം അപകടകരമായിരിക്കും എന്നത് ആലോചിക്കേണ്ടതുണ്ട്.

'ഒരൊറ്റ രാജ്യം, ഒരൊറ്റ പരീക്ഷ' എന്ന മുദ്രാവാക്യം ഭരണപരമായി നടപ്പിലാക്കുമ്പോൾ,
ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ഒരു കേന്ദ്രീകൃത സർവ്വറിലോ ഓഫീസിലോ ബന്ധിപ്പിക്കുവാനുള്ള ശ്രമമായിരുന്നു. അവിടെയുണ്ടാകുന്ന ഒരു ചെറിയ അഴിമതി പോലും രാജ്യം മുഴുവൻ ബാധിക്കുന്ന മഹാമാരിയായി മാറുന്നു. സംസ്ഥാനങ്ങളുടെ അധികാരത്തെ ഇല്ലാതാക്കിയതിലൂടെ അഴിമതി കണ്ടെത്താനുള്ള പ്രാദേശിക സാധ്യതകളെ സർക്കാർ തന്നെ അടച്ചു കളയുകയായിരുന്നു.
പരീക്ഷാ നടത്തിപ്പിൻ്റെ മുഴുവൻ ഉത്തരവാദിത്തവും പേറുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഒരു സ്വതന്ത്ര ഭരണഘടനാ സ്ഥാപനമല്ല,മറിച്ച് സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഒന്നാണ്. ആർക്കും ചോദ്യം ചെയ്യാൻ പറ്റാത്ത വിധം സുതാര്യതയില്ലാത്ത ഈ സംവിധാനം ജനാധിപത്യപരമായ ഓഡിറ്റിംഗിന് വിധേയമാകുന്നില്ല എന്നതാണ് യഥാർത്ഥ ദുരന്തം.

പരീക്ഷാ ക്രമക്കേടുകൾ നടത്തുന്നവർക്കെതിരെ കർശനമായ നിയമങ്ങൾ നടപ്പിലാക്കണം. അന്വേഷണം സ്വതന്ത്രമായ ഏജൻസികളെ ഏൽപ്പിക്കണം. ആവശ്യമെങ്കിൽ,
പരീക്ഷാ നടത്തിപ്പിൻ്റെ അധികാരം സംസ്ഥാനങ്ങൾക്കും സർവ്വകലാശാലകൾക്കും തിരിച്ചുനൽകണം. കേന്ദ്രീകൃത സംവിധാനങ്ങളെക്കാൾ പ്രാദേശികമായ മേൽനോട്ടമാണ് സുതാര്യത ഉറപ്പാക്കുക.
വിദ്യാഭ്യാസം എന്നത് ഒരു വിപണന ചരക്കല്ല, മറിച്ച് ഒരു സമൂഹത്തിൻ്റെ സാംസ്കാരിക മൂലധനമാണ്.
അത് മോഷ്ടിക്കുന്നവർ വരുംതലമുറയുടെ ഭാവി മാത്രമല്ല,രാജ്യത്തിൻ്റെ നട്ടെല്ലാണ് തകർക്കുന്നത്.മസ്തിഷ്കങ്ങളെ വിൽപനയ്ക്ക് വച്ചിരിക്കുന്ന ഈ ചന്തയിൽ നിന്ന് അറിവിനെ മോചിപ്പിക്കുക എന്നത് ഒരു രാഷ്ട്രീയ അനിവാര്യതയാണ്.

Address

Calicut
673004

Alerts

Be the first to know and let us send you an email when General Secretary, SSF Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share