20/05/2026
ജനസംഖ്യാ നിയന്ത്രണവും ജെൻഡർ പൊളിറ്റിക്സും: വൈകി ഉദിക്കുന്ന വിവേകങ്ങൾ!
➖➖➖➖➖➖➖➖➖➖➖
ഒരു കാലത്ത് വലിയൊരു 'പുരോഗമന' മുദ്രാവാക്യമായി ലോകം കൊണ്ടാടിയ ഒന്നായിരുന്നു ജനസംഖ്യാ നിയന്ത്രണം. എന്നാൽ, അന്ധമായ ഈ നിയന്ത്രണങ്ങൾ വരുംതലമുറകളെ എങ്ങനെ ബാധിക്കുമെന്ന് അന്നുതന്നെ ദീർഘവീക്ഷണത്തോടെ ചിലർ ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ, ആ വിവേകപൂർണ്ണമായ മുന്നറിയിപ്പുകളെ അന്നത്തെ 'പുരോഗമനവാദികൾ' പരിഹസിച്ചു; അത്തരം നിലപാടുകളുള്ളവരെ പ്രാകൃതരായി ചിത്രീകരിച്ച് മുദ്രകുത്താനാണ് അവർ ശ്രമിച്ചത്.
വർഷങ്ങൾ കുറച്ചപ്പുറത്തേക്ക് കടന്നപ്പോൾ ആ കെടുതി ലോകം നേരിട്ട് അനുഭവിച്ചു തുടങ്ങി. പ്രായമായവർ ഒറ്റപ്പെടുന്നതും, രാജ്യത്തിന്റെ ഉൽപ്പാദന-വളർച്ചാ മേഖലകളെ മുന്നോട്ട് നയിക്കേണ്ട മനുഷ്യവിഭവശേഷി (Human Resource) അപകടകരമാംവിധം കുറയുന്നതുമാണ് നാം ഇന്ന് കാണുന്നത്. ജനസംഖ്യാ നിയന്ത്രണം കർശനമായി നടപ്പാക്കിയ ചൈന അടക്കമുള്ള പല രാജ്യങ്ങളും ഇന്ന് എന്തുചെയ്യണമെന്നറിയാതെ വലിയ പ്രതിസന്ധിയിലാണ്.
അതിന്റെ പ്രത്യാഘാതങ്ങൾ നമ്മുടെ രാജ്യത്തും ദൃശ്യമായിക്കഴിഞ്ഞു എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഈ പുതിയ പ്രഖ്യാപനം (കുട്ടികൾ മൂന്നായാൽ 30,000, നാലായാൽ 40,000 രൂപ സഹായം). ഇതിനു മുൻപ് തമിഴ്‌നാട് മുഖ്യമന്ത്രിയും സമാനമായ ആശങ്ക പങ്കുവെച്ചിരുന്നു. കേരളവും സഞ്ചരിക്കുന്നത് ഇതേ ജനസംഖ്യാ പ്രതിസന്ധിയിലേക്കാണ്. എന്നിട്ടും, 'ഫാമിലി പ്ലാനിംഗ്' എന്നത് ഇപ്പോഴും എന്തോ വലിയ പുരോഗമന ചിന്തയാണെന്ന് ധരിച്ചുവെച്ചിരിക്കുന്നവർ നമ്മുടെ നാട്ടിൽ കുറവല്ല.
ഇതേ അവസ്ഥ തന്നെയാണ് ഇപ്പോൾ കൊണ്ടാടപ്പെടുന്ന 'ജെൻഡർ പൊളിറ്റിക്സി'ന്റെ (Gender Politics) കാര്യത്തിലുമുള്ളത്. ജെൻഡർ എന്നത് വെറുമൊരു സാമൂഹിക നിർമ്മിതി മാത്രമാണെന്ന അശാസ്ത്രീയമായ വാദങ്ങൾ മുൻനിർത്തിക്കൊണ്ടുള്ള പദ്ധതികളും നയങ്ങളുമാണ് ഇപ്പോൾ ഇവിടെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. പ്രകൃതിവിരുദ്ധമായ ഈ നിലപാടുകളുടെ പ്രത്യാഘാതം വരാനിരിക്കുന്നതേയുള്ളൂ.
ജനസംഖ്യാ നിയന്ത്രണത്തിന്റെ കാര്യത്തിൽ സംഭവിച്ചത് പോലെ, ഈ ജെൻഡർ രാഷ്ട്രീയത്തിന്റെ കാര്യത്തിലും തെറ്റ് തിരുത്തി 'യു-ടേൺ' എടുക്കേണ്ടി വരുന്ന ഒരു കാലം അതിവിദൂരമല്ല. പക്ഷേ, അപ്പോഴേക്കും നമ്മുടെ ഒരു തലമുറയെത്തന്നെ വികലമായ ചിന്തകൾ നൽകി നാം നശിപ്പിച്ചു കഴിഞ്ഞിരിക്കും!
എത്ര നേരത്തെ വിവേകം ഉദിക്കുന്നുവോ, അത്രയും നല്ലത്.
✍️ ടി കെ അഷ്‌റഫ്
(ജനറൽ സെക്രട്ടറി,
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ)