14/06/2025
*കന്യാദാനം*
👉 "വിവാഹം വിനോദത്തിനല്ല"
"ലൗകീക ജീവിതത്തിൽ വിവാഹം എന്നത് കേവലം വിനോദത്തിനു വേണ്ടി മാത്രമാണെന്നും, സുഖത്തിനു വേണ്ടിയുള്ള കർമമാണെന്നും വിചാരിക്കരുത്", ശ്രീ നാരായണഗുരുവിൻ്റെ വാചകങ്ങൾ ആണ് ഇത് .
സ്വയംവരം, കന്യാദാനം എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോൾ നമ്മളുടെ ഇടയിൽ നടക്കുന്ന വിവാഹങ്ങൾ "കന്യാദാനം" ആണ്.
👉"കന്യാദാനം" മഹത്തരമാണ്, ദാനങ്ങളിൽ വച്ച് സ്രേഷ്ഠമാണ്. പെണ്മക്കളുള്ള ഏതൊരു മാതാപിതാക്കൾക്കും അറിയാം അവരെ നാളെ മറ്റൊരാൾക്ക് വിവാഹം ചെയ്തു കൊടുക്കാനുള്ളതാണെന്ന്. തങ്ങൾക്കുള്ളതല്ല എന്നറിഞ്ഞിട്ടും "നിസ്വാർത്ഥമായ" സ്നേഹത്തോടെ, തങ്ങൾക്കുള്ളതെല്ലാം നൽകി, ഏറ്റവും നല്ല രീതിയിൽ, ധർമാധർമങ്ങൾ വിവേചിച്ചറിഞ്ഞു ഒരു കുടുംബത്തെ ധർമത്തിൽ നയിക്കാൻ പ്രാപ്തയാക്കി വളർത്തി വലുതാക്കി ഒരു പുരുഷന് "ദാനമായി" നൽകുന്നു. അതാണ് കന്യാദാനം. ഇവിടെ അവർ തിരികെ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഭാര്യാധർമം പാലിച്ച് ധർമപത്നിയായി സ്വന്തം ഡ്യൂട്ടി നിർവഹിച്ച് മനസമാധാനമുള്ള ഒരു ജീവിതം മകൾക്കുണ്ടാകണേ എന്നൊരു പ്രാർത്ഥന മാത്രമേ അവർക്ക് എപ്പോഴും ഉള്ളിന്റെയുള്ളിൽ ഉണ്ടാവുകയുള്ളു. (ഭാര്യാധർമം എന്ന കൃതിയിലൂടെ ഒരു ഭാര്യയുടെ ധർമം എന്താണെന്നു ശ്രീ നാരായണ ഗുരുദേവൻ പറഞ്ഞു തരുന്നുണ്ട്.)
“ദാനം” എന്നത് വെറും കൊടുക്കൽ വാങ്ങൽ അല്ല. ദാനം കൊടുക്കുന്നവനും, സ്വീകരിക്കുന്നവനും, ദാനമായി നൽകുന്നതെന്താണോ അതും മഹത്തരമായിരിക്കണം. എല്ലാത്തിനും ഒരു ക്വാളിറ്റി ഉണ്ടാവണം. “ദാനം കൊടുക്കുന്നവൻ” തിരികെ ഒന്നും പ്രതീക്ഷിക്കാതെ അത്രമാത്രം നിസ്വാർത്ഥമായി നൽകണം. “ദാനമായി നൽകുന്ന മകൾ” ധർമപത്നിയായി ജീവിക്കാൻ ക്വാളിറ്റിയുള്ളവളായിരിക്കണം. ഏറ്റവും നല്ലതിനെയാണ് ദാനമായി നൽകേണ്ടത്. “ദാനം സ്വീകരിക്കുന്നവനും” ഒന്നും ആഗ്രഹിക്കാതെ അത്രമാത്രം നിസ്വാർത്ഥമായി സ്വീകരിക്കണം. അതായത് ധർമപത്നിയായി വരിക്കുന്ന സ്ത്രീയുടെ ശരീരംപോലും മോഹിക്കാതെ വേണം അവരെ സ്വീകരിക്കാൻ. ധർമപത്നിയെ സംരക്ഷിക്കേണ്ടതും, അവർ ഒന്നും ചോദിക്കാതെ തന്നെ അവർക്കു വേണ്ടത് എന്താണെന്നറിഞ്ഞു നൽകേണ്ടതും ഭർത്താവിന്റെ കടമയാണ്. അങ്ങനെ ധർമപത്നിയായി ജീവിക്കുന്ന സ്ത്രീയുടെ കണ്ണുനീർ കുടുംബത്തിന് ശോഭയേകുന്നതല്ല.
👉"ദമ്പതികളെ അനുഗ്രഹിക്കാൻ പക്വതയും യോഗ്യതയുമുള്ളവർ മാത്രം പങ്കെടുക്കേണ്ട ഒരു ചടങ്ങാണ് കന്യാദാനം." കാരണം പുതിയ ജീവിതത്തിലേക്ക് കടക്കുന്നവർക്ക് അനുഗ്രഹാശംസകളാണ് വേണ്ടത്. ഗുരുദേവനും ഇത് പറഞ്ഞു തന്നിട്ടുണ്ട്.
എന്നാൽ ഇന്നത്തെ വിവാഹമോ? പണത്തിന്റെ ആർഭാടവും, കൊല്ലും കൊലയും, കൂടാതെ മദ്യപിച്ച് സ്വബോധമില്ലാതെ കാട്ടി കൂട്ടുന്ന കോലാഹലങ്ങളും... കല്യാണം കൂടാൻ വരുന്നവരിൽ ഒരു വിഭാഗം പെണ്ണിന്റെയും ചെറുക്കന്റെയും കുറ്റവും കുറവുകളും കണ്ടുപിടിക്കും, സദ്യക്ക് ഉപ്പില്ല മുളകില്ല അങ്ങിനെ മറ്റൊരു വിഭാഗം... ഒരു വിഭാഗം പരാതികളും പരദൂഷണവുമായി നടക്കുന്നത് കാണാം.. ഇവിടെ എവിടെയാണ് വധൂവരന്മാർക്കുള്ള അനുഗ്രഹങ്ങൾ....!!! എന്നിട്ട് അടുത്തതലമുറ എന്തിനെന്നുപോലും അറിയില്ലാതെ മക്കൾക്കും ജന്മം നൽകുന്നു... പണംകൊണ്ട് നേടാനാവാത്ത ഒരുപാട് കാര്യങ്ങൾ ഈ പ്രപഞ്ചത്തിലുണ്ട്...
❓"അനേകം ജീവികളുടെ ജീവനെടുത്ത് ആ മിണ്ടാപ്രാണികളുടെ ശാപവുമായി പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ദമ്പതികൾക്ക് മനസമാധാനമുള്ള ഒരു ജീവിതം ലഭിക്കുമോ?"
“അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരേണം” എന്നാണ് ഗുരുദേവൻ പറഞ്ഞുതന്നത്. ഒരു ജീവിയെ കൊല്ലുമ്പോൾ ആ ജീവിക്ക് ആത്മസുഖമല്ല ലഭിക്കുന്നത്, മറിച്ച് പ്രാണവേദനകൊണ്ട് പുളയുകയാണ്... അൽപനേരം വായും മൂക്കും പൊത്തിപിടിച്ചാൽ ഉള്ള ബുദ്ധിമുട്ട് അല്ലെങ്കിൽ സ്വന്തം മക്കളുടെ ഒരു വിരൽ ചെറുതായൊന്നു മുറിഞ്ഞാൽ നമ്മൾ അനുഭവിക്കുന്ന വേദന എന്തായിരിക്കും…? അപ്പോൾ കൊന്നു നുറുക്കി കൂട്ടുമ്പോൾ ആ ജീവികൾ അനുഭവിക്കുന്ന വേദന എന്തേ നമുക്ക് മനസിലാവുന്നില്ല?. പുതിയ ജീവിതത്തിലേക്ക് കടക്കുന്ന നമ്മുടെ മക്കളെ ഒരിക്കലും അവർ അനുഗ്രഹിക്കില്ല… മറിച്ച് പ്രപഞ്ചത്തിന്റെയും ഗുരുക്കന്മാരുടെയും ശാപമായിരിക്കും ആ മക്കൾക്ക് ലഭിക്കുന്നത്. (***ഏതൊരു ജീവിക്കും സ്വന്തം പ്രാണനേക്കാൾ വലുതായി ഒന്നുമില്ല. പ്രാണവേദന എല്ലാവർക്കും ഒരുപോലെ തന്നെയാണെന്ന സത്യം നമ്മൾ മറക്കുന്നു***).
വിവാഹ ജീവിതത്തിൽ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും വന്ന് മനസമാധാനം നഷ്ടമാകുമ്പോൾ വീട്ടുകാരോ, കൂട്ടുകാരോ, ബന്ധുക്കളോ, നാട്ടുകാരോ ആരും കൂടെയുണ്ടാവില്ല... കൂടാതെ "അധർമത്തിന്" കൂട്ടുനിൽക്കുന്ന നമ്മളെ നമ്മൾ അതുവരെ പൂജിച്ചാരാധിച്ച ദൈവങ്ങളും സഹായിക്കില്ല… എല്ലാം സ്വയം അനുഭവിക്കണം… ഇവിടെയാണ് “ആത്മീയതയുടെ പ്രാധാന്യം”... ആത്മീയതയുണ്ടെങ്കിൽ ജീവിതത്തിൽ ഓരോ ഘട്ടത്തിലും നമ്മുടെ ഉള്ളിൽ നിന്നും പ്രപഞ്ചം നമ്മളെ ഗൈഡ് ചെയ്യും... അതിനു ഗുരുദേവൻ ഉൾപ്പെടെയുള്ള ഗുരുപരമ്പര പറഞ്ഞതുതന്നതുപോലെ “സത്യവും ധർമവും” മുൻനിർത്തി ജീവിതം നയിക്കണം. അധർമത്തിലുള്ളതെല്ലാം ത്യാഗം ചെയ്യണം... (പ്രപഞ്ചത്തിലെ സകലത്തിനോടും സ്നേഹവും ബഹുമാനവും ആദരവും ഒക്കെ തോന്നിക്കുന്ന മനോഭാവം ആണ് ആത്മീയത... അതിന് ഏതെങ്കിലും മതവുമായി ബന്ധമില്ല. ഒന്നിനെയും ഉപേക്ഷിക്കൽ അല്ല മറിച്ച് എല്ലാത്തിനെയും ഉൾക്കൊള്ളലാണ് ആത്മീയത.)
👉നമുക്ക് സ്വയം നമ്മളോട് ആത്മാർത്ഥതയുണ്ടെങ്കിൽ സ്വന്തം മക്കളുടെ വിവാഹമെങ്കിലും ആ മഹാഗുരു പറഞ്ഞുതന്നതുപോലെ നടത്തും. ഗുരുനിന്ദ നാശമാണ്…!. നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തിയുടെയും കർമഫലങ്ങൾ 7 തലമുറ നിലനിൽക്കും എന്ന യാഥാർഥ്യം ഓർമിക്കേണ്ടതാണ്.
മക്കളുടെ സമാധാനപൂർണമായ ജീവിതമാണ് ആഗ്രഹിക്കുന്നതെങ്കിൽ സ്വത്തും പണവും സമ്പാദ്യങ്ങളും അല്ല മക്കൾക്ക് കൊടുക്കേണ്ടത്.. നമ്മുടെ കർമഫലങ്ങൾ നമ്മൾ സ്വയം എരിയിച്ചു കളഞ്ഞു നമ്മളെ ശുദ്ധമാക്കി നല്ല മനുഷ്യനായി മാറി, അത്രയും കർമഫലങ്ങൾ അടുത്തതലമുറക്ക് കുറച്ചുകൊടുക്കുക എന്നതാണ് മക്കൾക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്പാദ്യം. “കർമഫലങ്ങൾ എരിയിച്ചു കളയാൻ ഈ പ്രപഞ്ചത്തിൽ സൂര്യന് മാത്രമേ സാധിക്കൂ…” ഇതും ഗുരുദേവൻ ഗദ്യപ്രാർത്ഥനയിൽ എഴുതി വച്ചിട്ടുണ്ട്.
ഇത്രയും കാലം നമ്മൾ അറിയാതെ തെറ്റ് ചെയ്തു. ചെയ്തുപോയതെറ്റുകൾക്ക് നിരന്തരപശ്ചാത്താപം മാത്രമേ പരിഹാരമുള്ളു. "ചെയ്തതിലുള്ള പശ്ചാത്താപം മതി പ്രായശ്ചിത്തം." – ഇതും ഗുരുദേവന്റെ വാചകങ്ങൾ ആണ്. സ്വയം നീറി നീറി പശ്ചാത്തപിച്ച് നമ്മൾ മാറുമ്പോൾ നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുന്നത് സ്വയം അനുഭവിച്ചറിയാൻ സാധിക്കും. സമാധാനവും സുഖവും അനുഭവിച്ചറിയാൻ സാധിക്കും. വിവാഹിതരാകാൻ പോകുന്ന സ്ത്രീയും പുരുഷനും, രണ്ടു പേരുടെയും മാതാപിതാക്കളും SMS മെഡിറ്റേഷൻ ചെയ്ത് അവനവന്റെ കാർമിക് അക്കൗണ്ട് ക്ലോസ് ചെയ്താൽ സമാധാനപൂർണമായ ഒരു ജീവിതം ഉണ്ടാകും.