Sree Vidyadhiraja Gurukulasramam Ayiroor

Sree Vidyadhiraja Gurukulasramam Ayiroor Sree Vidyadhiraja Gurukulasramam on the bank of Pampa River in Ayiroor , Pathanamthitta was established by Sri Theerthapada Paramahamsa swamikal.

Sree Vidyadhiraja Gurukulasramam
https://maps.app.goo.gl/btFSgru2pz2Ck2EC7

Mandukya Upanishad Part 7|Karika|SankaraBhashyam|Shri Chidvilasini|Sree VidyadhirajaGurukulasramamഅയിരൂര്‍ ശ്രീ വിദ്യാധി...
05/06/2026

Mandukya Upanishad Part 7|Karika|SankaraBhashyam|Shri Chidvilasini|Sree VidyadhirajaGurukulasramam
അയിരൂര്‍ ശ്രീ വിദ്യാധിരാജ ഗുരുകുലാശ്രമത്തില്‍ നടന്നു വരുന്ന പ്രതിമാസ സത്സംഗത്തിലെ മാണ്ഡൂക്യോപനിഷത്ത് ക്ലാസ്സില്‍ നിന്നും..

listen@ https://youtu.be/V_ap_BgYNqk

അയിരൂര്‍ ശ്രീ വിദ്യാധിരാജ ഗുരുകുലാശ്രമത്തില്‍ നടന്നു വരുന്ന പ്രതിമാ...

🕉️അയിരൂർ ശ്രീ വിദ്യാധിരാജ ഗുരുകുലാശ്രമത്തിൽ ഇന്ന്  (31-5-2026 ) നടന്ന സത്സംഗം.  ജപം, പൂജ എന്നിവയും മാണ്ഡൂക്യോപനിഷത്ത്  ശ...
31/05/2026

🕉️അയിരൂർ ശ്രീ വിദ്യാധിരാജ ഗുരുകുലാശ്രമത്തിൽ ഇന്ന് (31-5-2026 ) നടന്ന സത്സംഗം. ജപം, പൂജ എന്നിവയും മാണ്ഡൂക്യോപനിഷത്ത് ശാങ്കരഭാഷ്യം, പഞ്ചദശി, തീർത്ഥവാണി എന്നിവയുടെ പഠനവും ചർച്ചയും നടന്നു. 🙏🏻🕉️

ശ്രീവിദ്യാനന്ദതീര്‍ത്ഥപാദാഖ്യംശ്രീവിദ്യാനന്ദസംയുതംശ്രീവിദ്യാനന്ദപ്രദായിനംശ്രീവിദ്യാഗുരുമാശ്രയേഇന്നു ഇടവത്തിലെ വിശാഖം. തീ...
30/05/2026

ശ്രീവിദ്യാനന്ദതീര്‍ത്ഥപാദാഖ്യം
ശ്രീവിദ്യാനന്ദസംയുതം
ശ്രീവിദ്യാനന്ദപ്രദായിനം
ശ്രീവിദ്യാഗുരുമാശ്രയേ

ഇന്നു ഇടവത്തിലെ വിശാഖം. തീര്‍ത്ഥപാദപരമ്പരയുടെ പരമാചാര്യനായിരുന്ന ശ്രീ വിദ്യാനന്ദതീര്‍ത്ഥപാദ സ്വാമികളുടെ മഹാസമാധിദിനം

1911 ജനുവരി അഞ്ചിനു ആറന്മുളയ്ക്കടുത്ത് പുല്ലാട് തെങ്ങിന്‍തോട്ടത്തില്‍ കുടുംബത്തിലാണ് സ്വാമിജി ഭൂജാതനായത്‌. കൃഷ്ണന്‍ നായര്‍‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പൂര്‍വ്വാശ്രമനാമം. ബാല്യം മുതല്ക്കേ ആത്മാന്വേഷണതത്പരനായിരുന്ന അദ്ദേഹം തന്റെ‍ പന്ത്രണ്ടാം വയസ്സില്‍ ആത്രപ്പള്ളില്‍ ശ്രീ നാരായണന്‍ നമ്പൂതിരിയില്‍ നിന്നും മന്ത്രദീക്ഷ നേടി. ശ്രീശങ്കരപരമ്പരയില്‍പ്പെട്ട അച്യുതാനന്ദപരമഹംസസ്വാമികളില്‍ നിന്നും ആദ്ധ്യാത്മികസാധനകള്‍ പരിശീലിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം പുല്ലാട്ട് പൌരസ്ത്യകലാലയത്തില്‍ സംസ്കൃതം, വ്യാകരണം, തര്‍ക്കം, സാഹിത്യം, ജ്യോതിഷം എന്നിവയില്‍ ഉപരിപഠനം നടത്തി. തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും അദ്ദേഹത്തിനു പ്രാവീണ്യമുണ്ടായിരുന്നു. ഇരുപത്തിനാലാമത്തെ വയസ്സില്‍ വാഴൂര്‍‍‍‍ തീര്‍‍ത്ഥപാദാശ്രമത്തില്‍ എത്തിയ അദ്ദേഹം ശ്രീ തീര്‍‍ത്ഥപാദസ്വാമികളില്‍ നിന്നും ജ്ഞാനദീക്ഷാപൂര്‍വ്വകമായ സന്ന്യാസം സ്വീകരിച്ച് അനുഗൃഹീതനായി. സ്വാമികളില്‍ നിന്നും യോഗജ്ഞാനവിഷയങ്ങളില്‍ സാമ്പ്രദായികമായ അറിവു വിപുലീകരിച്ചു. ശ്രീ ആത്മയോഗിനിയമ്മയില്‍ നിന്നും ഖേചരിവിദ്യ മുതലായ യോഗവിദ്യകള്‍ അഭ്യസിക്കുകയും ശ്രീ പന്നിശ്ശേരി നാണുപിള്ളയില്‍ നിന്നും സാമ്പ്രദായികവിദ്യകളില്‍ ദാര്‍ഢ്യം വരുത്തുകയും ചെയ്തു. തീര്‍‍‍ത്ഥപാദസ്വാമികളുടെ മഹാസമാധിക്കു ശേഷം തീര്‍‍‍ത്ഥപാദപരമ്പരയുടെ പരമാചാര്യനും കുലപതിയും ആയി. വാഴൂരിന്റെ‍ ആദ്ധ്യാത്മികവും സാമൂഹികവുമായ വികസനത്തിനു സ്വാമിജി വഹിച്ച പങ്ക് വളരെ വലുതാണ്‌. ഗ്രന്ഥരചന, ശിഷ്യോപദേശം, പ്രഭാഷണങ്ങള്‍ എന്നിവയിലൂടെ സനാതനധര്‍മ്മം കേരളത്തിലുടനീളം അദ്ദേഹം പ്രചരിപ്പിച്ചു. സന്ന്യാസിമാരും ഗൃഹസ്ഥരുമായ നിരവധി ശിഷ്യരും സ്വാമിജിക്കുണ്ട്. ശ്രീതീര്‍‍ത്ഥപാദപരമഹംസ സ്വാമികള്‍ (ജീവചരിത്രം), ഭഗവദ്ദര്‍ശനം, ഒരാഴ്ച ശ്രീ തപോവനസ്വാമിസന്നിധിയില്‍. ബ്രഹ്മവിദ്യ, പ്രണവോപാസന, ബ്രഹ്മദര്‍ശനം, ശാന്തിമന്ത്രങ്ങള്‍ (വ്യാഖ്യാനം), ഭക്തിസാധനകള്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ പ്രധാനകൃതികള്‍ നിരവധി ഗ്രന്ഥങ്ങള്‍ക്ക് പ്രൌഢഗംഭീരമായ അവതാരികകളും അദ്ദേഹം എഴുതിയിട്ടുണ്ട്. സ്വാമിജിയുടെ ജീവചരിത്രം ‘ഗുരുപാദസപര്യ’ എന്ന പേരിലും അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ സമാഹാരം ‘തീര്‍‍ത്ഥവാണി’ എന്ന പേരിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1984 ജൂണ്‍ 11നു വാഴൂര്‍ തീര്‍‍ത്ഥപാദാശ്രമത്തില്‍ വച്ച് അദ്ദേഹം മഹാസമാധിയായി.
സ്വാമിജിയുടെ വിദേഹകൈവല്യത്തെക്കുറിച്ച് ജീവചരിത്രമായ ഗുരുപാദസപര്യയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരു ഭാഗം വായിക്കാം.
"ഞായറാഴ്ച രാത്രിയിലും സ്വാമിജിക്ക് ചുമ കാരണം ഉറങ്ങാനായില്ല. ‘വേദന വന്നാല്‍ സാധാരണ അങ്ങ് സംയമനം ചെയ്തുറങ്ങുകയാണല്ലോ പതിവ്.അങ്ങനെ ചെയ്താല്‍ അങ്ങയുടെ ക്ഷീണം മാറുമല്ലോ’ എന്നു ശിഷ്യര്‍ ചോദിച്ചെങ്കിലും സ്വാമിജി അതു ചെയ്തില്ല. ഞായറാഴ്ചയും ഉറങ്ങാതിരുന്നത് മലമൂത്രവിസര്‍ജ്ജനം നടക്കാത്തതുകൊണ്ടായിരിക്കാം എന്നു തെറ്റിദ്ധരിച്ച അന്തേവാസികള്‍ സ്വാമിജിയെ തിങ്കളാഴ്ച രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുവാന്‍ തുനിഞ്ഞു. അവരോടായി സ്വാമിജി ഇങ്ങനെ പറഞ്ഞു.
“ നിങ്ങള്‍ക്ക് നിര്‍ബന്ധമാണമെങ്കില്‍ കൊണ്ടുപൊയ്ക്കൊള്ളൂ. പക്ഷേ എന്‍റെ ജഡമേ തിരിച്ചുകൊണ്ടുവരികയുള്ളൂ”
പിന്നീട് ആരും സ്വാമിജിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന കാര്യം സംസാരിച്ചില്ല. തിങ്കളാഴ്ച രാവിലെ എട്ടു മണിയായപ്പോള്‍ “ഡോക്ടര്‍ പറഞ്ഞതുകൊണ്ടു കുളിക്കുന്നില്ല” എന്നു പറഞ്ഞു സ്വാമിജി കുളിമുറിയില്‍ പോയി കൈകാലുകളും മുഖവും കഴുകി തിരിച്ചു വന്നു. അതിനു ശേഷം
“സര്‍വ്വദ്വാരാണി സംയമ്യ മനോഹൃദി നിരുദ്ധ്യ ച
മൂര്‍ദ്ധ്ന്യാധായാത്മനഃ പ്രാണമാസ്ഥിതോ യോഗധാരണാം”
എന്ന ഗീതാവാക്യത്തെ അനുസ്മരിപ്പിക്കും വിധം സ്വാമിജി പറഞ്ഞു
“ഇപ്പോള്‍ എന്‍റെ തലയ്ക്ക് നല്ല കുളിര്‍മ്മ തോന്നുന്നു. എന്‍റെ പ്രാണന്‍ മൂര്‍ദ്ധാവിലേക്ക് കേന്ദ്രീകരിക്കുന്നു”.
പിന്നീട് അദ്ദേഹം നനച്ചുണക്കിയിട്ടിരിക്കുന്ന വസ്ത്രങ്ങള്‍ ആവശ്യപ്പെട്ടു. വസ്ത്രം മാറിയ ശേഷം തന്‍റെ നെറ്റിയില്‍ ഭസ്മം തൊടീക്കാന്‍ സ്വാമിജി ആവശ്യപ്പെട്ടു. ശിഷ്യര്‍ അപ്രകാരം ചെയ്യുകയും ചെയ്തു. പിന്നീട് കുറേ ഭസ്മം എടുത്തു വച്ചിട്ട് ആശ്രമത്തില്‍ ഉള്ള എല്ലാവരെയും വിളിക്കുവാന്‍ സ്വാമിജി ആവശ്യപ്പെട്ടു. സ്വാമിജിയുടെ അടുക്കല്‍ വന്ന എല്ലാവരോടുമായി ആശ്രമത്തിന്‍റെ ഭാവികാര്യങ്ങളെക്കുറിച്ച് സ്വാമിജി സംസാരിക്കുകയും എല്ലാവര്‍ക്കും ഭസ്മം നല്‍കി അനുഗ്രഹിക്കുകയും ചെയ്തു. പിന്നീട് എല്ലാവരെയും അവരവരുടെ ജോലിക്ക് സ്വാമിജി പറഞ്ഞുവിട്ടു.
അതിനുശേഷം സ്വാമിജി ശ്രീ ചിദ്വിലാസിനിയമ്മയെ വിളിച്ചു കുറേ പേരുകള്‍ പറഞ്ഞിട്ട് അവര്‍ക്കെല്ലാം തന്‍റെ “അന്ത്യമായി” എന്നു കമ്പിയടിക്കണം എന്നു പറഞ്ഞു. അസുഖം കൂടുതലെന്ന് എഴുതിയാല്‍ പോരെ എന്നു ചോദിച്ചപ്പോള്‍ അതു പോരെന്നും പറഞ്ഞതുപോലെ തന്നെ എഴുതിയാല്‍ മതിയെന്നും സ്വാമിജി പറഞ്ഞു.
ഈ സമയത്ത് ആശ്രമത്തിലെ ക്ഷേത്രത്തില്‍ ആത്മാനന്ദസ്വാമികള്‍ പൂജ നടത്തുകയായിരുന്നു. ഒന്‍പതുമണിയോടു കൂടി പൂജ കഴിയുകയും സ്വാമിജി അദ്ദേഹത്തെ വിളിപ്പിക്കുകയും ചെയ്തു. സ്വാമിജിയുടെ സന്നിധിയില്‍ എത്തിയ ആത്മാനന്ദസ്വാമികളോടെ ഇരിക്കുവാന്‍ പറഞ്ഞിട്ട് സ്വാമിജി ഇപ്രകാരം പറഞ്ഞു
“ഞാന്‍ യാത്ര പറയാന്‍ വിളിച്ചതാണ്”
സ്വാമിജിക്ക് അനാരോഗ്യം ഉണ്ടായിരുന്നെങ്കിലും ഗൌരവമായ അസ്വാസ്ഥ്യം ആര്‍ക്കും കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഈ പറഞ്ഞതു അവര്‍ക്കു വിശ്വസ്യമായില്ല. യാത്ര പറഞ്ഞതു കേട്ട് ആത്മാനന്ദസ്വാമികള്‍ പറഞ്ഞു.
“ഞങ്ങളെ വിഷമിപ്പിക്കുവാന്‍ ആണല്ലോ ഇതു പറയുന്നത്”
അതിനു ശേഷം സ്വാമിജി എല്ലാവരോടുമായി ചോദിച്ചു.
“പ്രാണന്‍ മുകളിലേക്കു സഞ്ചരിക്കുന്ന ശബ്ദം നിങ്ങള്‍ കേള്‍ക്കുന്നില്ലേ”.
എന്നാല്‍ കൂടി നിന്നവര്‍ക്ക് ഒന്നും കേള്‍ക്കാനായില്ല. അപ്പോഴേക്കും ഏകദേശം പത്തര മണിയായി. വാഴൂര്‍ എന്‍.എസ്.എസ് കോളേജ് പ്രിന്‍സിപ്പല്‍ ശ്രീ വാസുദേവന്‍ ഉണ്ണിത്താന്‍, പ്രൊഫ. ഗോപിനാഥന്‍ നായര്‍ എന്നിവര്‍ സ്വാമിജിയുടെ അസുഖവിവരം അറിഞ്ഞെത്തി. കുശലപ്രശ്നം നടത്തിയ ശേഷം സ്വാമിജി അവരോടു പറഞ്ഞു“ഞാന്‍ യാത്ര പറയുകയാണ്‌”.
പിന്നീട് സ്വാമിജി എല്ലാവരോടുമായി പറഞ്ഞു.
“മാറുന്ന പ്രപഞ്ചം മിഥ്യയാണ് ; തുടര്‍ന്നു നില്‍ക്കുന്ന സാക്ഷി മാത്രമാണ് സത്യം. ഈ സാക്ഷി കേവലബോധസ്വരൂപമാണ്. അങ്ങനെയറിയുന്ന ആളിന്‍റെ ജിവിതം ധന്യമാണ്; ഞാന്‍ ധന്യനാണ്. ധന്യോഹം ധന്യോഹം ധന്യോ ധന്യഃ പുനഃപുനര്‍ ധന്യഃ”.
സാക്ഷ്യമായ ദേഹത്തിന്‍റെ നാശം സാക്ഷീഭാവത്തില്‍ ദര്‍ശിച്ചുകൊണ്ടിരുന്ന ആ മഹാത്മാവ് തന്‍റെ സ്വതസിദ്ധമായ മന്ദഹാസത്തോടെ പറഞ്ഞു.
“പ്രാണന്‍മാര്‍ ഓരോന്നായാണ് ശരീരത്തില്‍ നിന്നും പോകുന്നത്. ഓരോ പ്രാണനും ഓരോ താളമാണ്; ഓരോരുത്തര്‍ വന്നുപോകുമ്പോള്‍ താളം മാറിവീഴുന്നത് നിങ്ങള്‍ കാണുന്നില്ലേ? അനേകനാളത്തെ മമതകൊണ്ടാണ് പ്രാണനു ശരീരം വിട്ടുപോകാന്‍ പ്രയാസം.”
അപ്പോഴേക്കും പാലായില്‍ നിന്നും ഡോക്ടര്‍ ചിദംബരമെത്തി. സ്വാമിജി ഡോക്ടറോട് പറഞ്ഞു.
“നമ്മള്‍ ഇന്നലെ പറഞ്ഞ കാര്യം ഇതാ സാധിക്കാന്‍ പോകുന്നു”.
ഡോക്ടര്‍ സ്വാമിജിയുടെ രക്തസമ്മര്‍ദ്ദം പരിശോധിക്കുകയും കുറവാണെന്നു കണ്ട് പരിഭ്രമിക്കുകയും ചെയ്തു. ശ്രീ ചിദംബരത്തിന്‍റെ പരിഭ്രമം കണ്ട സ്വാമിജി ചിരിച്ചുകൊണ്ടു പറഞ്ഞു
“ഒന്നും ഒളിക്കേണ്ട, ഇനി എത്ര സമയം ഉണ്ടെന്നു പറഞ്ഞാല്‍ മതി. മലമൂത്രവിസര്‍ജ്ജനം ഉണ്ടാകാത്തതുകൊണ്ടാണ് ചെറിയ വിമ്മിട്ടം”.
“അതിനു എനിമാ എടുക്കാം.” ഡോക്ടര്‍ പറഞ്ഞു.
“അതുകൊണ്ടു പ്രയോജനമില്ല” സ്വാമിജി മറുപടി നല്‍കി.
“ഞങ്ങള്‍ക്ക് ചെയ്യാനുള്ളത് ചെയ്യാന്‍ സ്വാമിജി അനുവദിക്കണമെന്നു” പറഞ്ഞ ഡോക്ടറോട് “എന്നാല്‍ അങ്ങനെയാകട്ടെ” എന്ന് സ്വാമിജി പറഞ്ഞു. അതനുസരിച്ച് ഡോക്ടര്‍ എനിമാ വയ്ക്കുവാന്‍ മരുന്നു തയ്യാറാക്കിക്കൊണ്ടുവന്നു.
ഈ സമയമെല്ലാം സ്വാമിജി രണ്ടു കയ്യും പുറകോട്ടു കുത്തി കട്ടിലില്‍ ഇരിക്കുകയായിരുന്നു. അദ്ദേഹം എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ താഴെ വീഴുമോ എന്ന് അവിടെ നിന്നവര്‍ ഭയപ്പെട്ടു. അവരെ നോക്കി “എനിക്കു നിങ്ങളെക്കാള്‍ ബലമുണ്ട്” എന്നു പറഞ്ഞ് സ്വാമിജി എഴുന്നേറ്റു നിന്ന് കണ്ണുകള്‍ ഊര്‍ദ്ധ്വമുഖമാക്കി അടച്ചു രണ്ടുനിമിഷം അനങ്ങാതെ നിന്നു. സമയം അപ്പോള്‍ പകല്‍ പതിനൊന്നേമുക്കാലിനോട് അടുത്തിരുന്നു സ്വാമിജി കട്ടിലില്‍ നിവര്‍ന്നിരുന്ന് ‘ഓം’ എന്നു ദീര്‍ഘമായി ഉച്ചരിച്ചുകൊണ്ട് താഴെപ്പറയുന്ന ശ്ലോകം ചൊല്ലി.
‘ഒമിത്യേകാക്ഷരം ബ്രഹ്മ
വ്യാഹരന്‍ മാമനുസ്മരന്‍
യഃ പ്രയാതി ത്യജന്‍ ദേഹം
സ യാതി പരമാം ഗതിം”അതിനു ശേഷം ‘ഓം...’ ‘ഓം...’ ‘ഓം...’ എന്നു ഒരു അലൌകികസ്വരത്തില്‍ ഉച്ചരിച്ചു. ഒടുവില്‍ ആ ദിവ്യമായ ധ്വനിയും അടങ്ങി. നിത്യശുദ്ധബുദ്ധമുക്തത്മായ ആത്മചൈതന്യവുമായി ഐക്യപ്പെട്ടിരുന്ന ആ ജീവന്‍ തന്‍റെ അവസാനത്തെ ഉപാധിയേയും ഉപേക്ഷിച്ചു വിദേഹകൈവല്യമടഞ്ഞു."

സ്വാമിജിയുടെ ജീവചരിത്രം വാങ്ങിക്കാന്‍ https://gurukulasramam.org/product/gurupadasaparya/ സന്ദര്‍ശിക്കുക

🕉️അയിരൂർ ശ്രീ വിദ്യാധിരാജ ഗുരുകുലാശ്രമത്തിൽ ഈ മാസത്തെ സത്സംഗം 31-5-2026 ഞായറാഴ്ചയാണ്. അന്നേ ദിവസം ജപം, പൂജ എന്നിവയും മാണ...
29/05/2026

🕉️അയിരൂർ ശ്രീ വിദ്യാധിരാജ ഗുരുകുലാശ്രമത്തിൽ ഈ മാസത്തെ സത്സംഗം 31-5-2026 ഞായറാഴ്ചയാണ്. അന്നേ ദിവസം ജപം, പൂജ എന്നിവയും മാണ്ഡൂക്യോപനിഷത്ത് ശാങ്കരഭാഷ്യം, പഞ്ചദശി, തീർത്ഥവാണി എന്നിവയുടെ പഠനവും ശ്രീ തീർത്ഥപാദ പരമഹംസ സ്വാമികളുടെ ജീവചരിത്രപാരായണവും ചർച്ചയും ഉണ്ടായിരിക്കും. 🙏🏻🕉️

അയിരൂർ ശ്രീവിദ്യാധിരാജ ഗുരുകുലാശ്രമത്തിൽ പൂരം നാളിൽ നടന്നുവരുന്ന വിഷ്ണുസഹസ്രനാമപഠന ക്ലാസ്സിന്റെ തുടർച്ച ...... (ശ്ലോകങ്ങ...
28/05/2026

അയിരൂർ ശ്രീവിദ്യാധിരാജ ഗുരുകുലാശ്രമത്തിൽ പൂരം നാളിൽ നടന്നുവരുന്ന വിഷ്ണുസഹസ്രനാമപഠന ക്ലാസ്സിന്റെ തുടർച്ച ...... (ശ്ലോകങ്ങൾ :- 73,, 74)

ശ്ലോകം: 73

സ്തവ്യഃ സ്തവപ്രിയഃ സ്തോത്രം സ്തുതിഃ സ്തോതാ രണപ്രിയഃ
പൂർണ്ണഃ പൂരയിതാ പുണ്യഃ പുണ്യകീർത്തിരനാമയഃ

679. സ്തവ്യഃ
= സർവൈഃ സ്തൂയതേ ന സ്തോതാ കസ്യ ചിത് ഇതി : -- എല്ലാവരാലും സ്തുതിക്കപ്പെടാൻ യോഗ്യൻ, എന്നാൽ സ്വയം ആരേയും സ്തുതിക്കുന്ന പതിവില്ലെന്നു ഭാവം. അതുകൊണ്ടു ഭഗവാൻ സ്തവ്യൻ ആണ്.

680. സ്തവപ്രിയഃ
= അത ഏവ സ്തവപ്രിയഃ
: -- എല്ലാവരും സ്തുതിക്കുന്നതു കൊണ്ട് ഭഗവാൻ സ്തുതിപ്രിയനാണ് . സ്‌തോത്രംകൊണ്ടു പ്രസാദിക്കുന്നവൻ.

681 . സ്തോത്രം
= യേന സ്തൂയതേ തത് ഗുണ കീർത്തനാത്മകം തദ്ധരിരേവ :-- ഭഗവാനേ സ്തുതിക്കുന്ന ഗുണസങ്കീർത്തനങ്ങൾ തന്നെയാണ് സ്തോത്രം. അതു ഹരി തന്നെയാകുന്നു.

682. സ്തുതിഃ
= സ്തവനക്രിയാ :-- ഭഗവാന്റെ ഗുണങ്ങളെ വാഴ്ത്തുന്നതു സ്തുതിഃ ഭക്തന്മാരാൽ പല പ്രകാരത്തിൽ പുകഴ്ത്തപ്പെട്ടവൻ.

683. സ്തോതാ
= സ്തുതിക്കുന്ന ഭക്തൻ .
ഭഗവാൻ സർവരൂപനായതുകൊണ്ടു സ്തുതിയും സ്തുതിക്കപ്പെടുന്നവനും ഭഗവാൻ തന്നെയാകുന്നു.

684.രണപ്രിയഃ
= പ്രിയോ രണോ യസ്യ . യതഃ പഞ്ചമഹായുധാനി ധത്തേ സതതം ലോക രക്ഷണാർത്ഥം :-- യുദ്ധം ഭഗവാനു പ്രിയമാണ്. ഭഗവാൻ ലോകരക്ഷയ്ക്കു വേണ്ടി അഞ്ചു മഹായുധങ്ങൾ എപ്പോഴും ധരിക്കുന്നു. പാഞ്ചജന്യം എന്ന ശംഖ് , സുദർശനം എന്ന ചക്രം , കൌമോദകീ എന്ന ഗദ , ശാർഗം എന്ന വില്ല് , നന്ദകം എന്ന ഖഗ്ഡം ഇവയാണ് അഞ്ചു മഹായുധങ്ങൾ. ദുഷ്ടനിഗ്രഹവും ശിഷ്‌ടപരിപാലനും ചെയ്ത് ലോകരെ രക്ഷിക്കുന്നതിന്നുവേണ്ടി ഭഗവാൻ രണപ്രിയനായി വർത്തിക്കുന്നു.

685 . പൂർണ്ണഃ
= സകലൈഃ കാമൈഃ സകലാഭിഃ
ശക്തിഭിശ്ച സമ്പന്ന ഇതി :-- സമസ്ത കാമങ്ങളാലും ശക്തികളാലും സമ്പൂർണ്ണനായതുകൊണ്ടു ഭഗവാൻ പൂർണ്ണൻ ആണ്.

686. പൂരയിതാ
= ന കേവലം പൂർണ്ണ ഏവ, പൂരയിതാ ച സർവേഷാം സമ്പദ്‌ഭിഃ
:-- പൂർണ്ണനാണ് , എല്ലാവരെയും പൂർണ്ണരാക്കുന്നവനുമാകുന്നു. ഭക്തന്മാർക്കു സകല സമ്പത്തുകളെയും പൂരണം ചെയ്യുന്നവൻ.

687 . പുണ്യഃ
= സ്മൃതിമാത്രേണ കല്മഷാണി ക്ഷപയതി ഇതി :-- സ്മരണകൊണ്ടു തന്നെ പാപങ്ങൾ ഇല്ലാതാകുന്നതിനാൽ പുണ്യഃ


688. പുണ്യകീർത്തിഃ
= പുണ്യാ കീർത്തിരസ്യ യതഃ പുണ്യമാവഹസ്തസ്യ കീർത്തിർനൃണാമിതി :-- ഭഗവാന്റെ കീർത്തി പുണ്യമയമാണ്. കാരണം ഭഗവാന്റെ കീർത്തി മനുഷ്യനെ പുണ്യവാനാക്കുന്നു. അതായത് ആരുടെ കീർത്തിയെ ശ്രവിക്കുന്നത് പുണ്യമാകുന്നുവോ ആ ഈശ്വരൻ പുണ്യകീർത്തി .

689. അനാമയഃ
= ആന്തരൈർബാഹ്യൈർ വ്യാധിഭിഃ
കർമജൈർ ന പീഡ്യത ഇതി
:-- കർമ്മങ്ങൾ കൊണ്ടുണ്ടാകുന്ന ആന്തരമോ ബാഹ്യമോ ആയ വ്യാധികൾ ഭഗവാനെ പീഡിപ്പിക്കുന്നില്ല. അതുകൊണ്ടു ഭഗവാൻ അനാമയൻ ആകുന്നു .

ശ്ലോകം: 74

മനോജവവസ്തീർത്ഥകരോ വസുരേതാ വസുപ്രദഃ
വസുപ്രദോ വാസുദേവോ വസുർവ്വസുമനാ ഹവിഃ

690. മനോജവഃ
= മനസോ വേഗ ഇവ വേഗോഽസ്യ സർവഗതത്വാത് :-- സർവഗതനായ ഭഗവാന്റെ വേഗം മനസ്സിന്റെ വേഗം പോലെ ആയതിനാൽ ഭഗവാന് മനോജവൻ എന്ന പേരുണ്ടായി. ആത്മാവ് എപ്പോഴും എവിടെയും ഉള്ളതിനാൽ മനോജവത്വം സിദ്ധിക്കുന്നു.

691. തീർത്ഥകരഃ
= ചതുർദ്ദശവിദ്യാനാം ബാഹ്യ വിദ്യാ സമയാനാം പ്രണേതാ പ്രവക്താ ച. ഹയഗ്രീവ രൂപേണ മധു കൈടഭൌ ഹത്വാ വിരിഞ്ചായ സർഗാദൌ സർവാഃ ശ്രുതീരന്യാശ്ച വിദ്യാ ഉപദിശൻ വേദബാഹ്യാ വിദ്യാഃ സുരവൈരിണാം വഞ്ചനായ ചോപദിദേശ ഇതി പൗരാണികാഃ കഥയന്തി .
:-- തീർത്ഥമെന്നാൽ വിദ്യ. പതിനാലു വിദ്യകളുടെയും വേദ ബാഹ്യങ്ങളായ വിദ്യകളുടെയും കർത്താവും വക്താവും
ഭഗവാൻ തന്നെ. അതുകൊണ്ടാണ് ഭഗവാനു തീർത്ഥകരൻ എന്ന പേരുണ്ടായത്. സർഗ്ഗാദിയിൽ ഭഗവാൻ
ഹയഗ്രീവനായവതരിച്ച് മധുകൈടഭന്മാരെ വധിക്കുകയും അസുരന്മാരെ വഞ്ചിക്കുന്നതിനായി എല്ലാ ശ്രുതികളും അന്യ വിദ്യകളും ബ്രഹ്മാവിനുപദേശിക്കുകയും ചെയ്തു എന്നു പൗരാണികന്മാർ പറയുന്നു.

692 . വസുരേതാ
= വസു സുവർണം രേതോ അസ്യേഽതി
ദേവഃ പൂർവമപഃ സൃഷ്ട്വാ
താസു വീര്യമപാസൃജത്
തദണ്ഡമഭവദ്ധൈമം
ബ്രഹ്മണഃ കാരണം പരം.
:-- ഭഗവാന്റെ വീര്യം സുവർണ്ണമാണ്.
ഭഗവാൻ ജലത്തെ സൃഷ്ടിച്ചിട്ട് അതിൽ വീര്യം നിക്ഷേപിച്ചു. അതാണു ബ്രഹ്മാവിന്റെ ഉത്പത്തിക്കു കാരണമായത് (വ്യാസഭഗവാൻ ) .
അങ്ങനെ ഭാഗവാന് വസുരേതസ് എന്നു പേരുണ്ടായി. “അപ ഏവ സസർജ്ജാ ദൗ താസു വീര്യമവാ സുജൽ” ഇത്യാദികൾ ഇതിന്നു പ്രമാണം.

693. വസുപ്രദഃ
= വസു ധനം പ്രകർഷേണ ദദാതി.
സാക്ഷാദ്ധനാധ്യക്ഷോഽയം ഇതരസ്തു തത്പ്രസാദാദ് ധനാധ്യക്ഷ ഇതി
:-- ഭഗവാൻ ധാരാളം ധനം നൽകുന്നതിനാൽ അവിടുന്ന് ധനാധ്യക്ഷനാണ്. കുബേരൻ മുതലായവർ ഭഗവാന്റെ പ്രസാദം കൊണ്ടാണു ധനാധ്യക്ഷരായിരിക്കുന്നത് .

694 . വസുപ്രദഃ
= വസു പ്രകൃഷ്ടം മോക്ഷാഖ്യം ഫലം ഭക്തേഭ്യഃ പ്രദദാതി ഇതി. "വിജ്ഞാനമാനന്ദം ബ്രഹ്മ രാതിർ ദാതുഃ പരായണം തിഷ്ഠമാനസ്യ തദ്വിദഃ
(ബൃ .ഉ. ) സുരാരീണാം വസൂനി പ്രകർഷേണ
ഖണ്ഡയൻ വാ :-- വസുപ്രദഃ എന്നു വീണ്ടും പറഞ്ഞതുകൊണ്ട് , ഭക്തന്മാർക്ക് മോക്ഷരൂപമായ ഉത്കൃഷ്ടഫലത്തെ കൊടുക്കുന്നവൻ എന്നർത്ഥം.
ദുഷ്ടന്മാരുടെ ധനത്തെ ഇല്ലാതാക്കുന്നവൻ എന്നും അർത്ഥം പറയാം.

695 . വാസുദേവഃ
= വസുദേവസ്യാപത്യം :-- വസുദേവന്റെ പുത്രനായതുകൊണ്ട് ഭഗവാന് വാസുദേവൻ എന്നു പേര്.
പ്രസിദ്ധമായ ദ്വാദശാക്ഷരമന്ത്രം ഈ വാസുദേവമൂർത്തിയെ ഉദ്ദേശിച്ചുള്ളതാണ്.

696. വസുഃ
= വസന്തി ഭൂതാനി തത്ര തേഷ്വയമപി
വസതീതി :-- സകലഭൂതങ്ങളും ഭഗവാനിൽ വസിക്കുന്നു,സകലഭൂതങ്ങളിലും ഭഗവാനും വസിക്കുന്നു. അതുകൊണ്ട് ഭഗവാൻ വസു ആകുന്നു.

697 . വസുമനാഃ
= അവിശേഷേണ സർവേഷു വിഷയേഷു വസതി ഇതി വസുഃ താദൃശം മനോഽസ്യേതി
:-- എല്ലാ പദാർത്ഥങ്ങളിലും ഭഗവാൻ
സാമാന്യ ഭാവത്തിൽ വസിക്കുന്നു. അതിനാൽ വസു. ഇപ്രകാരമുള്ള മനസ്സുളളതുകൊണ്ട് ഭഗവാൻ വസുമനസ്സാകുന്നു. സർവ്വവിഷയങ്ങളിലും ശ്രദ്ധയുള്ളവൻ.

698. ഹവിഃ
= ബ്രഹ്മം തന്നേയാണ് ഹവിസ്സ്. "ബ്രഹ്മാർപ്പണം ബ്രഹ്മ ഹവിഃ ബ്രഹ്മാഗ്നൗ ബ്രഹ്മണാ ഹുതം " എന്നിങ്ങനെ ഹോമിക്കപ്പെടുന്ന ഹവിസ്സു ബ്രഹ്‌മംതന്നെയാണെന്നു ഭഗവാൻ ഗീതയിൽ അരുളിയിട്ടുണ്ട്.

വൈക്കം സ്വദേശിനിയായ ശ്രീമതി ജി. ഭവാനിയമ്മ എന്ന വിദ്യാർത്ഥിനിയുടെ പേർക്ക്  ശ്രീ തീർത്ഥപാദപരമഹംസസ്വാമികൾ അയച്ച ഒരെഴുത്തിലെ...
18/05/2026

വൈക്കം സ്വദേശിനിയായ ശ്രീമതി ജി. ഭവാനിയമ്മ എന്ന വിദ്യാർത്ഥിനിയുടെ പേർക്ക് ശ്രീ തീർത്ഥപാദപരമഹംസസ്വാമികൾ അയച്ച ഒരെഴുത്തിലെ ഒരു ഭാഗം. (ഈ വിദ്യാർത്ഥിനി ചേർത്തലയിലെ സുപ്രസിദ്ധ വക്കീലും തിരുവിതാംകൂർ പ്രജാസഭാമെമ്പറുമായിരുന്ന ശ്രീ മാധവൻകർത്താവിന്റെ മൂത്ത മകളും വേദാന്തനിഷ്ഠയും ഒരു മതപ്രവാചികയുമായ ഡോ: ജി. രുദ്രാണിയമ്മയുടെ മൂത്ത സഹോദരിയുമാണ്.)

"ഞാൻ ആദ്യമായി അവിടെ വന്നപ്പോൾ ഏർപ്പെടുത്തിയിരുന്ന ഈശ്വരാരാധനാക്രമം ഇപ്പോഴും നടത്തിവരുന്നുണ്ടോ? ആ മുറി ഇപ്പോഴും അതിലേക്കായിത്തന്നെ ശുദ്ധമാക്കി വച്ചിരിക്കുകയാണോ? നിങ്ങളെല്ലാപേരും ദിവസത്തിലൊരിക്കലെങ്കിലും അതിൽ പോയിരുന്ന് ഈശ്വരധ്യാനം ചെയ്യാറുണ്ടോ? ഭഗവന്നാമങ്ങളെ ഉച്ചരിക്കയും ധൂപദീപങ്ങൾ കാണിക്കയും ചെയ്യുമോ? നിങ്ങളുടെ എല്ലാപേരുടെയും ക്ഷേമൈശ്വര്യങ്ങൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന ആ പാവനമായ മതാനുഷ്ഠാനക്രമത്തെ നിങ്ങൾ ഒരിക്കലും ഉപേക്ഷിക്കയില്ലെന്നാണ് ഞാൻ വിശ്വസിച്ചിരിക്കുന്നത്.

നിങ്ങൾ മറ്റു മതങ്ങളുടെ ചരിത്രങ്ങളേയോ അനുഷ്ഠാനരീതികളേയോ കാര്യവശാൽ മനസ്സിലാക്കുവാന്‍ നിർബന്ധിതരായിവന്നാലും പരിപാവനമായ നിങ്ങളുടെ സ്വന്തം മതത്തെ അനാദരിക്കുകയോ നിന്ദിക്കുകയോ ചെയ്യത്തക്ക ഭോഷത്തം ഒരിക്കലും ഉണ്ടാകരുതെന്ന് ഞാൻ ഹൃദയപൂർവ്വം ഉപദേശിച്ചുകൊള്ളുന്നു. പരിതാപകരമായ മതപരിവർത്തനം എന്ന വ്യാപത്ത് ഹിന്ദുസമുദായത്തിലെ പല സന്താനങ്ങളേയും പിടികൂടിയിട്ടുള്ളതായി എനിക്കറിവുണ്ട്. അങ്ങനെ ഹിന്ദുസന്താനങ്ങളെ വഴിതെറ്റിച്ചുകൊണ്ടുപോകുന്നതിന് പൈശാചികങ്ങളായ പല കൗശലങ്ങളും പ്രയോഗിച്ചുകൊണ്ട് കൊട്ടാരംമുതൽ കുടിൽവരെയുള്ള എല്ലാ സ്ഥലങ്ങളിലും ഒരുതരം ദുരാത്മാക്കൾ പല വേഷത്തിൽ സഞ്ചരിച്ചു വരുന്നുണ്ട്. എന്നാൽ, എന്റെ സഹോദരരെ! അങ്ങനെയുള്ള ദുരാത്മാക്കളുടെ കൗശലവലയിൽ അകപ്പെടാതിരിക്കുവാന്‍ നിങ്ങൾ പ്രത്യേകം സൂക്ഷിച്ചുകൊള്ളണേ! നിങ്ങൾ സ്വന്തം മതത്തിൽ നിഷ്ഠയും അഭിമാനവും ഉള്ളവരായിരിക്കണമെന്നാണ് ഞാൻ ഉപദേശിക്കുന്നത്. എന്നാൽ, അന്യമതത്തെ ദുഷിക്കുവാൻ നിങ്ങൾ ഒരിക്കലും ആഗ്രഹിക്കയുമരുത്.

പരിശുദ്ധവും ശാസ്ത്രീയസിദ്ധാന്തങ്ങളാൽ ബലിഷ്ഠവുമായ ഹിന്ദുമതമാണ് നിങ്ങളുടേത്. അതിലെ പരമാദർശങ്ങൾ നിങ്ങൾക്കു മാർഗ്ഗദർശകങ്ങളുമാണ്. അവയെ ദുഷിക്കുകയും അവയിലധികവും വഷളായ ഭാഗങ്ങളാണെന്ന് നിങ്ങളെ സമ്മതിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഏവനേയും നിങ്ങൾ വിട്ടൊഴിയേണ്ടതാണ്. എന്തെന്നാൽ, അങ്ങനെയുള്ളവർ നിങ്ങളുടെ ശത്രുക്കളാകുന്നു. അവർ പരിശുദ്ധങ്ങളായ നിങ്ങളുടെ മതസിദ്ധാന്തങ്ങളെ ദുഷിച്ചിട്ട് അതിനു പകരം അതിഹീനങ്ങളായ മതസമ്പ്രദായങ്ങളെയാണ് നിങ്ങൾക്കു കാണിച്ചുതരുന്നത്. അതിനാൽ, നിങ്ങളുടെ സ്വന്തമായ മതത്തെ അപലപിക്കുവാന്‍ വരുന്ന ഒരുത്തനേയും അനുകൂലിക്കാതിരിക്കുവിൻ!

ഞാനിങ്ങനെ എഴുതുന്നതില്‍ അന്യഥാശങ്കിക്കരുത്. ഇത് എന്റെ സ്ഥാനയോഗ്യമായ കർത്തവ്യമാകുന്നു. അതിനാൽ, ഞാൻ തെറ്റായി ധരിച്ചിരിക്കുന്നു എന്ന് തെറ്റായി ധരിക്കരുത്. എങ്കിലും ഞാൻ ഇത്രയും എഴുതിയിട്ടുള്ളതിന് തക്കകാരണമില്ലാതെയുമല്ല ഇരിക്കുന്നത്. അത് എന്താണെന്ന് അവരവരുടെ ചെവികളെ പരിശോധിച്ചാൽ മനസ്സിലാകും. ഏതായാലും നിങ്ങളുടെ മതസിദ്ധാന്തങ്ങളെ ദുഷിച്ചു പറയുന്നവരുടെ അടുക്കൽ നിങ്ങളുടെ മതസിദ്ധാന്തങ്ങളിലും മതാദര്‍ശങ്ങളിലും കൂടുതല്‍ ആദരവും ആസക്തിയും കാണിച്ചുകൊൾവിന്‍! അപ്പോൾ അവർ സ്വയം ലജ്ജിച്ചുകൊള്ളും.......

''ഓം സംഗച്ഛദ്ധ്വം സംവദദ്ധ്വം സം വോ മനാംസി ജാനതാംദേവാ ഭാഗം യഥാ പൂര്‍വ്വേ സംജാനാനാ ഉപാസതേ.''എന്നാണ് ഋഗ്വേദം മാനവസമുദായത്തോ...
11/05/2026

''ഓം സംഗച്ഛദ്ധ്വം സംവദദ്ധ്വം സം വോ മനാംസി ജാനതാം
ദേവാ ഭാഗം യഥാ പൂര്‍വ്വേ സംജാനാനാ ഉപാസതേ.''

എന്നാണ് ഋഗ്വേദം മാനവസമുദായത്തോടുപദേശിക്കുന്നത്. അല്ലയോ മനുഷ്യരേ, നിങ്ങള്‍ ഒരേ ആത്മാവിന്റെ വിഭിന്ന ഭാവങ്ങളെന്നോ ഒരേ ഈശ്വരന്റെ അംശങ്ങളെന്നോ ഒരേ പിതാവിന്റെ പുത്രരെന്നോ അറിഞ്ഞ് പരസ്പരം ഒരുമിച്ചു കൂടുവിന്‍. പരസ്പരമുള്ള ഉച്ചനീചഭാവങ്ങളും അഭിപ്രായഭിന്നതകളും പറഞ്ഞു തീര്‍ത്ത് ഒരേ അഭിപ്രായത്തില്‍ എത്തിച്ചേരുവിന്‍. നിങ്ങള്‍ ഓരോരുത്തരും മറ്റുള്ളവരുടെ മനോഭാവം കൂടി അറിയുവിന്‍. പൂര്‍വ്വന്മാരായ ദേവന്മാര്‍ അഥവാ വിദ്വാന്മാര്‍ സമൂഹത്തില്‍ നിന്ന് അവര്‍ക്കു ചെല്ലേണ്ടതായ ഓഹരി മാത്രമെടുത്ത് ബാക്കി മുഴുവന്‍ സമൂഹത്തിനു വിട്ടുകൊടുത്തു. അതു മനസ്സിലാക്കി നിങ്ങളും നിങ്ങളുടെ ഓഹരിമാത്രമെടുത്ത് സന്തുഷ്ടരാകുവിന്‍. ഇന്നു മനുഷ്യമൂല്യങ്ങളെ ഉപേക്ഷിച്ച് മൃഗങ്ങളെപ്പോലെ പ്രാകൃതമായും ശാസ്ത്രീയമായും വിപ്ലവത്തിന്റെയും യുദ്ധത്തിന്റേയും പേരില്‍ നരഹത്യ നടത്തുന്ന കാലമാണല്ലോ. മനുഷ്യന് തന്റെ ജീവിതലക്ഷ്യത്തെക്കുറിച്ചും ധര്‍മ്മത്തെക്കുറിച്ചും ഈശ്വരനെക്കുറിച്ചും ഉള്ള ബോധമില്ലായ്മയാണ് ഈ ക്രുരതയ്ക്ക് അവനെ പ്രേരിപ്പിക്കുന്നത്. അതിനുള്ള പരിഹാരമാണ് ഹിന്ദുദാര്‍ശനികന്മാര്‍ ഈ സൂക്തത്തില്‍ കൂടി വെളിപ്പെടുത്തിയിരിക്കുന്നത്.

''ഓം സമാനീ വാ ആകൂതിഃ സമാനാ ഹൃദയാനി വഃ
സമാനമസ്തു വോ മനോ യഥാ വഃ സുസഹാസതി.''

അല്ലയോ മനുഷ്യരേ, നിങ്ങളുടെ സാഹിത്യം എങ്ങനെയിരിക്കുന്നുവോ അതുപോലെ നിങ്ങളുടെ ഹൃദയവും സങ്കല്പവും അറിവും ഒരേ മട്ടിലിരിക്കട്ടെ! ദര്‍ശനസാഹിത്യത്തിനനുസരിച്ച് ഹൃദയവും സങ്കല്പവും ശുദ്ധമാക്കി ഉല്‍കൃഷ്ടമായ ജ്ഞാനം സമ്പാദിച്ച് യോഗ്യന്മാരായിതീരണം, എന്നാണിതിന്റെ സാരം. ഉത്തമങ്ങളായ ശാസ്ത്രങ്ങളും സാഹിത്യങ്ങളും എഴുതി ജനസാമാന്യത്തിനിടയില്‍ പ്രചരിപ്പിച്ച് ശരിയായ ജീവിതമാതൃക കാണിച്ചുകൊടുത്താല്‍ സമുദായത്തിലെ ഇന്നത്തെ വിപരീതപരിതഃസ്ഥിതി മാറും.
നാം അന്യന്റെ മഹത്ത്വം മനസ്സിലാക്കി അന്യരെ സ്‌നേഹിച്ചാല്‍ അവര്‍ നമ്മേയും സ്‌നേഹിക്കും. ഇങ്ങനെ വ്യക്തികള്‍, തങ്ങളുടെ സ്വരൂപവും കര്‍ത്തവ്യവും ജീവിതലക്ഷ്യവും മനസ്സിലാക്കി സമൂഹത്തേയും ആ വഴിക്ക് നയിച്ചാല്‍ നാളെത്തെ സമൂഹം ഉത്കൃഷ്ടമായിത്തീരും. അതിനുള്ള ഉപായം വേദത്തില്‍ പറയുന്നതിങ്ങനെയാണ്:

''ഓം ദൃതേ ദൃംഹ മാ മിത്രസ്യ മാ ചക്ഷുഷാ
സര്‍വ്വാണി ഭൂതാനി സമീക്ഷന്താം
മിത്രസ്യാഹം ചക്ഷുഷാ സര്‍വ്വാണി ഭൂതാനി
സമീക്ഷേ മിത്രസ്യ ചക്ഷുഷാ സമീക്ഷേ.''

ശുക്ലയജ്ജുര്‍വേദത്തിലെ മന്ത്രമാണിത്. അല്ലയോ പൂജനീയനായ പരമേശ്വരാ, ഞാന്‍ എല്ലാറ്റിലും ദാര്‍ഢ്യമുള്ളവനായിത്തീരണേ! എല്ലാം പ്രാണികളും സ്‌നേഹപൂര്‍ണ്ണമായ കണ്ണുകള്‍കൊണ്ട് എന്നെ നോക്കുമാറാകട്ടെ! എല്ലാ പ്രാണികളേയും ഞാനും സ്‌നേഹപൂര്‍ണ്ണമായ കണ്ണുകള്‍കൊണ്ട് നോക്കുമാറാകട്ടെ! ഇതാണ് ഭാരതീയ ദര്‍ശനത്തിന്റെ വ്യാവഹാരികമായ സന്ദേശം. അതനുസരിച്ച് ജീവിച്ചാല്‍ നാളത്തെ സമൂഹം സ്‌നേഹപൂര്‍ണ്ണമായ ജീവിതചര്യകൊണ്ട് ലോകത്തിന് ശാന്തിയും ക്ഷേമവും നല്‍കുന്ന ഉത്തമപൗരന്മാരെക്കൊണ്ട് നിറയുന്നതാണ്.

- ശ്രീ വിദ്യാനന്ദ തീർത്ഥപാദസ്വാമികൾ

ഭാരതീയ ദർശനങ്ങൾ | ശ്രീ വിദ്യാനന്ദ തീർത്ഥപാദസ്വാമികൾ Listen @ https://youtu.be/xjZTktoTvYI?si=BF4dlommXzLeVnGO1980കളില്‍ ...
03/05/2026

ഭാരതീയ ദർശനങ്ങൾ | ശ്രീ വിദ്യാനന്ദ തീർത്ഥപാദസ്വാമികൾ

Listen @ https://youtu.be/xjZTktoTvYI?si=BF4dlommXzLeVnGO

1980കളില്‍ ശ്രീ വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികള്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തില്‍ നടത്തിയ ക്ലാസ്സില്‍ നിന്നും.

ഭാരതീയ ദർശനങ്ങൾ | ശ്രീ വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികള്‍

Mandukya Upanishad Part 6|Karika|SankaraBhashyam|Shri Chidvilasini|Sree VidyadhirajaGurukulasramamഅയിരൂര്‍ ശ്രീ വിദ്യാധി...
01/05/2026

Mandukya Upanishad Part 6|Karika|SankaraBhashyam|Shri Chidvilasini|Sree VidyadhirajaGurukulasramam

അയിരൂര്‍ ശ്രീ വിദ്യാധിരാജ ഗുരുകുലാശ്രമത്തില്‍ നടന്നു വരുന്ന പ്രതിമാസ സത്സംഗത്തിലെ മാണ്ഡൂക്യോപനിഷത്ത് ക്ലാസ്സില്‍ നിന്നും..

listen@ https://youtu.be/PC8F3HBH8Q8

Mandukya Upanishad Part 6|Karika|SankaraBhashyam|Shri Chidvilasini|Sree VidyadhirajaGurukulasramam

🕉️അയിരൂർ ശ്രീ വിദ്യാധിരാജ ഗുരുകുലാശ്രമത്തിൽ ഇന്ന്  (26-4-2026 ) നടന്ന സത്സംഗം.  ജപം, പൂജ എന്നിവയും മാണ്ഡൂക്യോപനിഷത്ത്  ശ...
26/04/2026

🕉️അയിരൂർ ശ്രീ വിദ്യാധിരാജ ഗുരുകുലാശ്രമത്തിൽ ഇന്ന് (26-4-2026 ) നടന്ന സത്സംഗം. ജപം, പൂജ എന്നിവയും മാണ്ഡൂക്യോപനിഷത്ത് ശാങ്കരഭാഷ്യം, പഞ്ചദശി എന്നിവയുടെ പഠനവും ചർച്ചയും നടന്നു. 🙏🏻🕉️

Address

Kanjeettukara
Aranmula
689611

Alerts

Be the first to know and let us send you an email when Sree Vidyadhiraja Gurukulasramam Ayiroor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sree Vidyadhiraja Gurukulasramam Ayiroor:

Share