22/08/2026
പ്രാർത്ഥനയും ചിന്തയും കാരുണ്യവും പ്രവൃത്തിയും ഒരേപോലെ സമന്വയിക്കുന്ന വ്യക്തിത്വത്തിന്റെ പേരാണ് മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുടേത്. മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച്ബിഷപ്പ്, ഇന്റർ ചർച്ച് കൗൺസിൽ ചെയർമാൻ, മുൻ കെ.സി.ബി.സി., സി.ബി.സി.ഐ. പ്രസിഡൻ്റ് എന്നീ നിലകളിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ ശ്രദ്ധേയമായ സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനും അദ്ദേഹം വഹിച്ച നേതൃത്വപരമായ പങ്ക് അഭിനന്ദനാർഹമാണ്. സഭയുടെ കീഴിലുള്ള കോളേജുകളുടെയും പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വികസനത്തിലും വിദ്യാർത്ഥികളുടെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിലും ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകൾ ക്ലീമിസ് ബാവ നടത്തിയിട്ടുണ്ട്.
അഭിവന്ദ്യ തിരുമേനിയുടെ മെത്രാഭിഷേക രജതജൂബിലിയുടെ സമാപന ചടങ്ങുകൾ ഇന്ന് നടക്കുകയാണ്. വിശ്വാസത്തിന്റെയും സേവനത്തിന്റെയും വഴിയിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്ന ഈ സുദീർഘ യാത്ര സമൂഹത്തിനും സഭയ്ക്കും വലിയ മാതൃകയാണ്. മെത്രാഭിഷേക രജതജൂബിലി ആഘോഷിക്കുന്നത് തന്നെ ജന്മനാട്ടിൽ പിതൃസ്വത്തായി ലഭിച്ച സ്ഥലത്ത് പാവങ്ങൾക്ക് വീടുകൾ വെച്ച് നൽകിയാണ് എന്നത് അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ മറ്റൊരു ഉദാഹരണമായി മാറുന്നു.
സഭയ്ക്കും സമൂഹത്തിനും സ്തുത്യർഹമായ സേവനം നടത്തി തന്റെ അജപാലന യാത്ര തുടരുന്നതിന് അഭിവന്ദ്യ തിരുമേനിക്ക് തുടർന്നും സാധിക്കട്ടെ.
പ്രാർത്ഥനാശംസകൾ….