08/12/2024
ഔവ്വർ സാഹിത്യ പുരസ്ക്കാരം- അരുൺകുമാറിന്.............................
മുപ്പത്തിയൊന്നാമത് ഔവ്വർ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു. അരുൺകുമാർ അന്നൂറിന്റെ 'വാക്ക് ' എന്ന കവിതയ്ക്കാണ് ഇത്തവണത്തെ പുരസ്ക്കാരം. പ്രമുഖ കവി ഡോ. സി രാവുണ്ണി ജൂറിചെയർമാനും വീരാൻകുട്ടി, ഡോ.അമ്യത എന്നിവർ അംഗങ്ങളുമായുള്ള സമിതിയാണ് അവാർഡ് നിർണ്ണയം നടത്തിയത്.അവാർഡിനായി പരിഗണിക്കപ്പെട്ട 171 കവിതകളിൽ നിന്നുമാണ് വാക്ക് മികച്ച കവിതയായി തെരഞ്ഞെടുക്കപ്പെട്ടത്. വാക്കിന്റെ കരുത്തു വിളിച്ചോതുന്ന എഴുത്തിന്റെ ലാവണ്യം നിറഞ്ഞ കവിതയാണ് അരുൺ കുമാറിന്റേത് എന്ന് ജൂറി ചെയർമാൻ ഡോ.സി രാവുണ്ണി അഭിപ്രായപ്പെട്ടു.
മത്സരത്തിനെത്തിയ പല കവിതകളിലും എഴുത്തുകാരന് അനിവാര്യമായ പരന്ന വായനയുടെ അഭാവം പ്രകടമാണെന്ന് ജൂറി അംഗങ്ങൾ വിലയിരുത്തി ഡിസംബർ 15-ന് ആലപ്പുഴ ഔവ്വർ ലൈബ്രറിയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പ്രമുഖ എഴുത്തുകാരൻ ഡോ.സി രാവുണ്ണി ഔവ്വർ സാഹിത്യ പുരസ്ക്കാരം സമ്മാനിക്കും. 11,111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ചെട്ടികാട് ഔവ്വർ ലൈബ്രറിയാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്
കൊട്ടാരക്കരയ്ക്കടുത്ത് അന്നൂർ സ്വദേശിയായ അരുൺകുമാർ കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം.കരസ്ഥമാക്കിയിട്ടുണ്ട് . ട്രഷറി വകുപ്പിൽ ജോലി ചെയ്യുന്നു. കവിത, കഥ, ദർശനം, ബാലസാഹിത്യം എന്നീ ശാഖകളിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓ.എൻ.വി യുവസാഹിത്യ പുരസ്കാരം, പ്രഥമ ഡി.വിനയചന്ദ്രൻ പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.
അച്ഛൻ: ഹരിദാസൻ നായർ, അമ്മ: ലീലാമണിയമ്മ
ഭാര്യ: ആതിര വി ആർ, മകൻ: മൈത്രേയൻ, മകൾ: ചിന്മയ