02/06/2025
ഒരു ചിങ്ങവനത്തുകാരന് ഉപാധികളില്ലാതെ പ്രണയം പകർന്നു നൽകിയ, ഭസ്മ സുഗന്ധമുള്ള ഒരു പെൺകുട്ടിയെ വായിച്ചറിയുകയായിരുന്നു ഞാൻ.
ആരുഷി.
വാരാണസിയിൽ, ഗംഗയുടെ തീരത്തെ പടവുകളിൽ, അസിഘട്ടിൽ അവർ മാംസനിബദ്ധമല്ലാത്ത പ്രണയം അനുഭവിച്ചു.
അയാൾ അവളെ അമ്മു എന്ന് വിളിച്ചു.
സ്വന്തമാക്കൽ മാത്രമല്ല, ഒരാളെ അയാളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ വിടുന്നതും സ്നേഹമാണെന്ന് മനസ്സിലാക്കിയ പെൺകുട്ടിയായിരുന്നു ആരുമില്ലാത്ത ആരുഷി !
ആരുമില്ല എന്ന് പറയുന്നത് ശരിയല്ല.
അവൾക്ക് വീട്ടിൽ കൂട്ടായി മൂന്നു പേരുണ്ട് !
അവളുടെ പ്രിയതമനായ രാമൻ , പിന്നെ നീൽ , ശംഭു.
രാമൻ തത്തയും നീൽ പൂച്ചയും ശംഭു നായയും ആണെന്ന് മാത്രം!
എന്തിനാണ് അയാൾ വാരാണസിയിൽ എത്തിപ്പെട്ടത്?
എങ്ങനെയാണ് അയാൾ ആരുഷിയെ കണ്ടത് ?
അയാൾക്കൊരു പ്രണയം ഉണ്ട് എന്ന് അറിഞ്ഞിട്ടും എന്തിനാണ് ആരുഷി ഉപാധികളില്ലാതെ അയാളെ പ്രണയിച്ചത്?
പ്രണയത്തിൽ എന്തെല്ലാമാണ് അവർ പങ്കുവെച്ചത് ?
ഒടുവിൽ പിരിഞ്ഞു പോകുമ്പോൾ , അവൾക്ക് താൻ വെറുതെ നൽകിയ ജ്ഞാനാംബിക എന്ന പേര് സത്യമാകുമെന്ന് അയാൾ വിചാരിച്ചിരുന്നോ ?
പിന്നീട് അയാൾ ആരുഷിയെ കണ്ടോ ?
സിജു ജേക്കബ് 65 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്!
ഇപ്പോൾ ഓസ്ട്രേലിയയിലെ ഓറഞ്ച് എന്ന സ്ഥലത്ത് താമസം.
ഭാര്യയും മകനും ഉണ്ട്.
ഓഫ് റോഡ് ഡ്രൈവിംഗ് രംഗത്ത് പ്രശസ്തൻ.
ഒരു അൻറാർട്ടിക്ക സന്ദർശനത്തിന് പുറപ്പെടുമ്പോഴാണ് അമ്മുവിൻറെ ഓർമ്മകൾ അയാളിലേക്ക് വീണ്ടും എഴുത്തിന്റെ രൂപത്തിൽ കടന്നുവരുന്നത്!
അതുവരെയും അയാൾ ഗൗരവമായി എഴുത്തിലേക്ക് തിരിയാതിരുന്നതും എഴുതുമ്പോൾ അത് അമ്മുവിനെപ്പറ്റി ആയിരിക്കണമെന്നും സത്യസന്ധമായിരിക്കണമെന്നും കരുതിയിരുന്നത് കൊണ്ടാണ് .
എത്ര ശക്തവും മനോഹരവുമായ ഭാഷയിലാണെന്നോ സിജു ജേക്കബ് അമ്മുവിൻറെ ഓർമ്മകളും യാത്രയിൽ കണ്ടുമുട്ടിയ മറ്റു പല മനുഷ്യരുടെ ഓർമ്മകളും പങ്കുവയ്ക്കുന്നത്!
ഇതിനെ ഒരു യാത്രാവിവരണമെന്നോ , കേവലം അനുഭവങ്ങൾ പങ്കുവെക്കൽ എന്നോ വിശേഷിപ്പിക്കുന്നത് ക്രൂരതയാകും!
ഇത് ശരിക്കും ഒരു നോവൽ പോലെ മനോഹരമാണ് !
അല്ല ഒരു യഥാർത്ഥ ജീവിതത്തിൻറെ ആവിഷ്കാരമായ നോവൽ തന്നെയാണ് !
മറ്റന്നാൾ തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ പുസ്തകം പ്രകാശനം ചെയ്യുന്നത് പ്രശസ്ത സാഹിത്യകാരൻ ബെന്യാമിനും ഏറ്റുവാങ്ങുന്നത് ഞാനുമാണ്.
ഈ ഒരവസരത്തിന് നന്ദി സിജു , നന്ദി മഞ്ജു.
രണ്ടു പേരെയും എനിക്ക് പരിചയപ്പെടുത്തിയ എഫ് ബി ക്കും നന്ദി!
ഇത് വായിക്കുന്നവർ തീർച്ചയായും പുസ്തകം വാങ്ങണം എന്ന് അപേക്ഷിക്കുക മാത്രം ചെയ്യുന്നു. ഈയിടെയായി എഴുത്ത് മാത്രമുള്ളതുകൊണ്ട് വായന നടക്കാത്ത ഒരാളാണ് ഞാൻ.
പക്ഷേ ഒറ്റയിരിപ്പിൽ ഞാനിത് വായിച്ചു തീർത്തു.
അത്ര സുന്ദരമായ ഭാഷ!
നമുക്കും പരിചിതമല്ലാത്ത സന്ദർഭങ്ങൾ!
നമുക്കൊട്ടും പരിചിതമല്ലാത്ത പ്രണയം!
സത്യസന്ധമായ ആവിഷ്കാരം.
ആത്മ ബുക്ക്സ് ആണ് പ്രസാധകർ.
വില Rs. 260
പ്രശാന്ത് വാസുദേവ്
മുൻ ഡെപ്യൂട്ടി ഡയറക്ടർ
ടൂറിസം വകുപ്പ്