14/06/2026
ജീവിത വെളിച്ചമാണ് ഖുർആൻ; ഖത്തർ ക്യു.എൽ.എസ് സംഗമം സമാപിച്ചു
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന് കീഴിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ വർഷങ്ങളായി നടന്നുവരുന്ന ഖുർആൻ ലേണിംഗ് സ്കൂൾ (QLS) പഠിതാക്കളുടെയും ഖുർആൻ പഠനാന്വേഷികളുടെയും സംഗമം മദീന ഖലീഫയിലെ QIIC ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കപ്പെട്ടു.
"നിശ്ചയമായും ഈ ഖുർആൻ ഏറ്റവും നേരായ മാർഗത്തിലേക്ക് വഴി കാണിക്കുന്നു" എന്ന ദിവ്യവചനത്തെ അന്വർത്ഥമാക്കുംവിധം, ജീവിതത്തിന്റെ എല്ലാ വഴിത്തിരിവുകളിലും ഖുർആനെ വഴികാട്ടിയാക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു സംഗമം. കുടുംബജീവിതത്തിൽ സമാധാനവും സമൂഹത്തിൽ നീതിയും ഹൃദയത്തിൽ ശാന്തിയും പകർന്നുനൽകുന്ന ദിവ്യഗ്രന്ഥം കേവലമൊരു പാരായണ ഗ്രന്ഥമല്ല, മറിച്ച് ജീവിതത്തിന്റെ വെളിച്ചമാണെന്ന് പരിപാടി ഓർമ്മിപ്പിച്ചു.
സംഗമത്തോടനുബന്ധിച്ച് നടന്ന "ടോക്ക് ഷോ" ചോദ്യങ്ങളുടെ വൈവിധ്യം കൊണ്ടും പണ്ഡിതന്മാരുടെ മറുപടികൾ കൊണ്ടും ഏറെ ശ്രദ്ധേയമായി.
ഖത്തറിലെ വിവിധ ഖുർആൻ പഠന കേന്ദ്രങ്ങളിൽ ഇൻസ്‌ട്രക്ടർമാരായ സിറാജ് ഇരിട്ടി, അബ്ദുൽ ലത്തീഫ് നല്ലളം, മുഹമ്മദ് അലി ഫാറൂഖി,
അബ്ദുൽ കരീം ആക്കോട്
എന്നിവർ ഖുർആനിലെ വ്യത്യസ്‌തമായ ചോദ്യങ്ങൾക്ക് മറുപടി നൽകി. ഖുർആനിൽ നിന്ന് ഹിദായത്ത് ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെ ഖുർആനിനെ പഠിക്കണമെന്നും, പരിഭാഷ വായനയേക്കാൾ ഒരു ഗുരുനാഥനിൽ നിന്ന് അർത്ഥവും ആശയവും പഠിച്ചെടുക്കേണ്ടതാണ് ഖുർആൻ എന്നും, അല്ലാഹുവിലുള്ള വിശ്വാസകാര്യങ്ങൾ ഖുർആൻ അതീവ ഗൗരവത്തോടെ പഠിപ്പിക്കുന്നുവെന്നും ഏത് കാലത്തും ഏത് ജനറേഷനും ഖുർആനിൽ നിന്ന് പാഠങ്ങൾ ഉൾകൊള്ളാനുണ്ടെന്നും, നിത്യ ജിവിതത്തിൽ മറക്കാതെ പാരായണം ചെയ്യേണ്ട ഖുർആൻ സൂക്തങ്ങളെ കുറിച്ചുമെല്ലാം പണ്ഡിതൻമാർ അവരുടെ സംസാരത്തിൽ ഓർമിപ്പിച്ചു.
Dr. സൽമാനുൽ ഫാരിസി ടോക്ക് ഷോയുടെ മോഡറേറ്റർ ആയിരുന്നു.
വിശുദ്ധ ഖുർആൻ വ്യത്യസ്ത തലങ്ങളിൽ വായിക്കപ്പെടുന്ന ഗ്രന്ഥമാണ് എന്ന് ആമുഖഭാഷണം നിർവഹിച്ച ഷമീർ വലിയവീട്ടിൽ പറഞ്ഞു. ആഴത്തിലുള്ള പഠനത്തിനും ഗവേഷണങ്ങൾക്കും വിശുദ്ധ ഖുർആനിന്റെ ആശയപ്രപഞ്ചം വിപുലമാണ്. ഖുർആൻ ലേണിംഗ് സ്കൂളിന്റെ പഠിതാക്കൾ സാമാന്യമായ ഖുർആൻ പഠനത്തിനുപരിയായി ഖുർആനിന്റെ ജീവിത ബന്ധിയായ പഠനമാണ് നടത്തേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ക്യൂ. എൽ. എസ്. ചെയർമാൻ മുജീബ് റഹ്മാൻ മദനി സമാപന ഭാഷണം നിർവഹിച്ചു.
ഖുർആൻ പഠിക്കാൻ ഒരു പ്രത്യേക പ്രായമോ സമയമോ ഇല്ലെന്നും, താമസം വിനാ ആ പഠനത്തിലേക്ക് ഇറങ്ങിത്തിരിക്കാൻ ഏവർക്കും സാധിക്കണമെന്നും പ്രോഗ്രാമിൽ പങ്കെടുത്തവർ ആഹ്വാനം ചെയ്തു.
ഖത്തറിലെ വിവിധ കേന്ദ്രങ്ങളിലെ ഖുർആൻ പഠിതാക്കൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചത് സദസ്സിന് പ്രോത്സാഹനമേകി. ഖുർആൻ വിജ്ഞാന പരീക്ഷ വിജയികൾക്കുള്ള സമ്മാന വിതരണം പ്രോഗ്രാമിന് മികവ് പകർന്നു. പരിപാടിക്ക് QLS കൺവീനർ നൗഷാദ് ചാലിൽ, മൊയ്ദീൻ ഷാ, അഹമ്മദ് മുസ്തഫ, റിയാസ് വാണിമേൽ, ആഷിഖ് ബേപ്പൂർ, അസ്‌ലം വി ടി എന്നിവർ നേതൃത്വം നൽകി.